Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരൾച്ചക്കാലവർഷം

BOAT-LANDING മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 111.8 അടിയായി താഴ്ന്നപ്പോൾ. തേക്കടി തടാകത്തിൽ ബോട്ട് ലാൻഡിങ്ങിൽ നിന്നുള്ള ദൃശ്യം.

മുൻവർഷങ്ങളിൽ മഴക്കാലത്തു കേരളം പ്രളയദുരിതാശ്വാസത്തെക്കുറിച്ചാണു തലപുകച്ചിരുന്നത്. അതുപോലൊരു യോഗം ഉടനുണ്ടാകും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ. ചർച്ചാവിഷയം ഈ വർഷത്തെ വരൾച്ചയെ എങ്ങനെ നേരിടുമെന്ന്. കേരളത്തിൽ കഴിഞ്ഞ കാലവർഷം ശരാശരിയെക്കാൾ 20% കുറവായിരുന്നു. വയനാട് ജില്ലയിൽ മഴ 60 ശതമാനത്തിലേറെ കുറഞ്ഞു. സംസ്ഥാനത്തെ ജലവിഭവ വകുപ്പിന്റെ 89 അണക്കെട്ടുകളിൽ 36% വെള്ളം കുറവ്. തുലാവർഷം അധികമഴ നൽകിയില്ലെങ്കിൽ ഇക്കുറി വരൾച്ച കടുക്കും. ജലവിഭവ വകുപ്പു സർക്കാരിനു നൽകിയിരിക്കുന്ന മുന്നറിയിപ്പാണിത്.

സെപ്റ്റംബർ 30നു കാലവർഷം പെയ്തൊഴിയുമ്പോൾ അണക്കെട്ടുകൾ മുക്കാൽഭാഗത്തിലേറെ നിറയേണ്ടതാണ്. ഈ വെള്ളമാണു വേനലിൽ ജലസേചനത്തിനും കുടിവെള്ളത്തിനും നൽകുന്നത്. ഭാരതപ്പുഴ അടക്കമുള്ള നദികളിൽ ജലനിരപ്പു താഴോട്ടാണ്. ശാസ്താംകോട്ട ശുദ്ധജല തടാകത്തിലും നീരൊഴുക്കില്ല. പതിവിലും കൂടുതൽ തുലാമഴ ലഭിച്ചില്ലെങ്കിൽ കേരളം ശുദ്ധജലക്ഷാമത്തിലേക്കു നീങ്ങും. ഏകപരിഹാരം താൽക്കാലിക തടയണ കെട്ടുക മാത്രമാണ്; അതും ഡിസംബറിൽത്തന്നെ. പ്രധാന കുടിവെള്ള പദ്ധതികൾ ആശ്രയിക്കുന്ന നദികളിൽ തടയണ കെട്ടണം.

കാലവർഷത്തിനും തുലാമഴയ്ക്കും ഇടയിൽ നമ്മുടെ നാടു വരൾച്ച അനുഭവിക്കുന്നു. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന റേസ് കോഴ്സിൽ ഓഗസ്റ്റിൽ ആവശ്യത്തിനു ജലനിരപ്പുണ്ടായിരുന്നില്ല. അയിരൂർ ജലോൽസവം മാറ്റിവയ്ക്കേണ്ടിവന്നു. തേക്കടിയിൽ ജലനിരപ്പ് 110 അടിയിലേക്കു താഴുന്നു. നെല്ലറയായ പാലക്കാട്ട് ഒന്നാംവിളയ്ക്ക് ആവശ്യത്തിനു വെള്ളമില്ല. അൽപം മഴ കിട്ടിയതുകൊണ്ടു മാത്രമാണ് ഒന്നാംവിള കരിയാതെ രക്ഷപ്പെട്ടത്. രണ്ടാം വിളയ്ക്ക് ആവശ്യത്തിനു വെള്ളമുണ്ടാകില്ലെന്നു സൂചന ലഭിച്ചതിനെ തുടർന്നു പദ്ധതി ഉപദേശക സമിതി യോഗം വിളിക്കാൻ ജലവിഭവ വകുപ്പു കത്തു നൽകി.

മാവിൻതോട്ടങ്ങളുടെ നാടാണു പാലക്കാട് ജില്ലയിലെ മുതലമട. രണ്ടാഴ്ച മുമ്പു മാവിന്റെ ഇലകളിലെല്ലാം മഞ്ഞളിപ്പ്. കാർഷിക സർവകലാശാലാ വിദഗ്ധ സംഘം വന്നു പരിശോധന നടത്തിയിട്ടും കാരണം അജ്ഞാതം. ഒടുവിൽ നാട്ടുകാർ കണ്ടെത്തി കാരണം: വെള്ളക്കുറവ്. മുതലമടയുടെ ചരിത്രത്തിൽ ആദ്യമായി മഴക്കാലത്തു മാവിൻതോട്ടങ്ങളിൽ കുഴൽക്കിണറിൽനിന്നുള്ള വെള്ളം ഉപയോഗിച്ചു നനയ്ക്കുകയാണ്. വയനാട്ടിൽ അടക്കം വനമേഖലകളിൽ വരൾച്ച ബാധിച്ചുകഴിഞ്ഞു. മൃഗങ്ങൾ വെള്ളം തേടി നാട്ടിൻപുറങ്ങളിലേക്ക് ഇറങ്ങിത്തുടങ്ങി.

2012ൽ സംസ്ഥാനത്തെ വരൾച്ചബാധിതമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സർക്കാരിന്റെ പ്രതിനിധികൾ കേന്ദ്ര കൃഷിവകുപ്പു സെക്രട്ടറിയെ സന്ദർശിച്ചു. നിവേദനവും കണക്കുകളും വായിച്ചുനോക്കിയശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു:

ഞാൻ‌ രാജസ്ഥാൻ സ്വദേശിയാണ്. ഞങ്ങൾക്ക് അവിടെ ലഭിക്കുന്നതു കേവലം 300 മില്ലീമീറ്റർ മഴയാണ്. അവിടെ വരൾച്ചയില്ല. പ്രഖ്യാപിക്കേണ്ട ആവശ്യവുമില്ല. 1200 മില്ലീമിറ്റർ മഴ ലഭിക്കുന്ന നിങ്ങളുടെ കേരളം വരൾച്ചാബാധിതമാണെന്നു പ്രഖ്യാപിക്കേണ്ട കാര്യമെന്താണ്? ആരാണ് അതിന് ഉത്തരവാദി? കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനു മുന്നിൽ തല കുമ്പിട്ടിരുന്ന മലയാളി ഉദ്യോഗസ്ഥർ ഇങ്ങനെ പറഞ്ഞിട്ടുണ്ടാകണം: ഞങ്ങൾതന്നെ ഉത്തരവാദികൾ.

വരൾച്ചകൾ പെരുകുന്നു

ഇഷ്ടംപോലെ വെള്ളവും 44 നദികളുമുണ്ടെന്ന് അഹങ്കരിക്കുന്ന മലയാളി ഈ കണക്കുകൾ കേൾക്കുക: 1880നുശേഷം സംസ്ഥാനത്ത് 62 വരൾച്ചക്കാലം ഉണ്ടായി. എല്ലാ മേഖലകളെയും ബാധിക്കുന്ന വരൾച്ച ദൃശ്യമായാൽ മാത്രമാണു സർക്കാർ ഗസറ്റിൽ വരൾച്ചബാധിത പ്രദേശമായി വിജ്ഞാപനം ചെയ്യുക. ഇക്കാലയളവിൽ ചെറിയ തോതിലുള്ള വരൾച്ചകൾ വേറെയുമുണ്ടായെന്നു ചുരുക്കം.

ഈയിടെയായി വരൾച്ചാവർഷങ്ങളുടെ എണ്ണം കൂടിവരികയാണ്. 2012, 2010, 2004, 2003, 2002, 1998, 1997, 1992, 1987, 1986, 1983 എന്നീ വർഷങ്ങളിൽ കേരളത്തിൽ വരൾച്ച അനുഭവപ്പെട്ടു. 20% മഴ കുറഞ്ഞാലാണു വരൾച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കുക. 2012ൽ 29% മഴയാണു കുറഞ്ഞത്.

2003ൽ ഏഴു ജില്ലകളെയും ഏഴു താലൂക്കുകളെയും 119 വില്ലേജുകളെയും വരൾച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചിരുന്നു. 2012ൽ സംസ്ഥാനം മുഴുവൻ വരൾച്ചബാധിതമായി പ്രഖ്യാപിക്കേണ്ടിവന്നു. 2012ൽ കാസർകോട്, പാലക്കാട് ജില്ലകളെ ഊഷരഭൂമിയായി കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിക്കുകയും പ്രത്യേക ഭൂപടം തയാറാക്കുകയും ചെയ്തു.

കേരളത്തിന്റെ ഈ യാത്ര മരുഭൂമിയിലേക്കാണോ? ഇത് അതിശയോക്തിയല്ല, ന്യായമായ ആശങ്കതന്നെ. ഭൂമിയിൽ ഇതേ അക്ഷാംശത്തിൽ കിടക്കുന്ന മറ്റു രാജ്യങ്ങളിലെ മേഖലകൾ എല്ലാംതന്നെ മരുഭൂമിയാണ്. കേരളത്തെ മരുഭൂമിയാക്കാതെ കാവൽ നിൽക്കുന്നതു സഹ്യപർവതവും.

ആറു മാസം ജീവിതം ഏഴ് ശതമാനം മഴവെള്ളത്തിൽ

മഴ കിട്ടിയതുകൊണ്ടു മാത്രം വരൾച്ചയും കുടിവെള്ളക്ഷാമവും മാറുകയില്ലെന്നതാണു സത്യം. ആ സത്യം ഇതുവരെ നാം തിരിച്ചറിഞ്ഞിട്ടുമില്ല. ‌44 നദികളും ഇഷ്ടംപോലെ മഴയും മരങ്ങളുമുള്ള കേരളത്തെ പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ടെന്നതു സത്യംതന്നെ. ആ അനുഗ്രഹത്തിലും ചില കുരുക്കുകൾ പ്രകൃതി കരുതിവച്ചിട്ടുണ്ട്.

മലയിൽ പെയ്യുന്ന വെള്ളം വെറും മണിക്കൂറുകൾകൊണ്ടു കടലിൽ പതിക്കുന്നു. കേരളത്തിന്റെ ചെരിവാണു പ്രശ്നം. ലഭിക്കുന്ന മഴയുടെ 93 ശതമാനവും ആറുമാസംകൊണ്ടു കടലിൽ എത്തും. നല്ല മഴക്കാലമാണ് ഈ ആറു മാസം മുഴുവനും. ബാക്കിയുള്ള ഏഴു ശതമാനം വെള്ളമാണു ബാക്കിയുള്ള ആറു മാസത്തെ ജീവിതത്തിനുള്ളത്.

ആ കണക്കു നോക്കിയാൽ രാജസ്ഥാനും കേരളവും തമ്മിൽ വലിയ വ്യത്യാസമില്ലതാനും. ഈ പ്രശ്നത്തിനുള്ള പരിഹാരം മഴ പെയ്യുമ്പോൾ കിട്ടുന്ന വെള്ളം സംഭരിക്കുക എന്നതു മാത്രം.
അക്കാര്യം ചിന്തിച്ചാൽ മലയാളി ലജ്ജിച്ചു തല താഴ്ത്തും. വർഷം 89,000 ദശലക്ഷം ഘനമീറ്റർ വെള്ളം നമുക്കു ലഭിക്കുന്നുണ്ട്. നാം സംഭരിക്കുന്നതാകട്ടെ, വെറും 6000 ദശലക്ഷം ഘനമീറ്റർ മാത്രം. അതായത് വെറും 6.7% മാത്രം.

water-pipe കൊല്ലങ്കോടു മേഖലയിൽ മാവിൻതോട്ടം നനയ്ക്കുന്നു. ഈ വർഷം 18 ദിവസം മാത്രമാണ് ഇവിടെ മഴ പെയ്തത്.

സംഭരണത്തോതു നോക്കിയാൽ കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ വളരെ പിന്നിലാണ്. ആവശ്യത്തിന് അണക്കെട്ടുകളും അവ നിർമിക്കാനുള്ള ഭൂപ്രകൃതിയും ഇല്ലെന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. ഒന്നുകൂടി പറയാം: നമുക്കു ലഭിക്കുന്ന മഴയുടെ അളവു വർഷംതോറും കുറഞ്ഞുവരികയാണ്. കൂടുന്നത് ഒന്നു മാത്രം – ജനസംഖ്യ. 1900ൽ 65 ലക്ഷം പേരുണ്ടെങ്കിൽ ഇന്നു നാം 343 ലക്ഷം പേരാണ്. അതിനിടെ ഈയിടെയായി വേനൽമഴയിൽ ഗണ്യമായ കുറവും സംഭവിക്കുന്നു.

വരണ്ട കേരളം ഇരുണ്ടിരിക്കും

വരൾച്ച വന്നാൽ കേരളത്തിന്റെ വെള്ളംകുടി മുട്ടുക മാത്രമല്ല, കണ്ണിൽ ഇരുട്ടും കയറും. കാലവർഷം കഴിഞ്ഞിട്ടും സംസ്ഥാനത്തു വൈദ്യുതി വകുപ്പിന്റെ പക്കലുള്ള ജലവൈദ്യുത പദ്ധതികളിൽ 53% മാത്രമാണു വെള്ളമുള്ളത്. മാത്രമല്ല, അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ഓരോ വർഷവും കുറഞ്ഞുവരുന്നുവെന്നു കണക്കുകൾ സൂചിപ്പിക്കുന്നു.
കുറഞ്ഞ നിരക്കിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഈ ജലവൈദ്യുത പദ്ധതികൾ എത്രകാലം പ്രവർത്തിക്കുമെന്നു ബോർഡിനുതന്നെ ഉറപ്പില്ല. നിലവിൽ ശേഷിയുടെ 60% മാത്രമാണ് ഉൽപാദനം. വെള്ളമില്ല എന്നതുതന്നെ കാരണം.

2013ൽ സെപ്റ്റംബറിൽ 4050 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം അണക്കെട്ടുകളിൽ എത്തിയിരുന്നു. ഈ വർഷം ഇതുവരെ എത്തിയത് 2226 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം. കഴിഞ്ഞ വർഷം 2326 ദശലക്ഷം യൂണിറ്റിനുള്ള വെള്ളവും. വരൾച്ച പല രൂപത്തിൽ സംസ്ഥാനത്തെ ബാധിക്കുന്നുവെന്നു ചുരുക്കം.

കേരളം ചൂടാകുന്നു

ആഗോള താപനത്തെക്കുറിച്ചു ലോകം മുഴുവൻ ചർച്ച നടക്കുമ്പോൾ പൊതുവേ മലയാളികൾക്ക് ഒരു കുലുക്കവും വരാറില്ല. വേനലിൽ എന്തൊരു ചൂടെന്നും മഴക്കാലത്ത് എന്തൊരു തണുപ്പെന്നും പരാതി പറഞ്ഞു ചർച്ച ചെയ്യുന്നതിലാണു നമുക്കു താൽപര്യം.
ലോകം മുഴുവൻ ചർച്ചചെയ്യുന്ന ആഗോളതാപനം കേരളത്തിലും തുടങ്ങിക്കഴിഞ്ഞു; നല്ല രീതിയിൽത്തന്നെ. കാലാവസ്ഥാവിഭാഗം ഈയിടെ ആഗോളതാപനം സംബന്ധിച്ചു പഠനം നടത്തി. തിരുവനന്തപുരം ജില്ലയിലെ 60 വർഷത്തെ കണക്ക് അടിസ്ഥാനമാക്കിയായിരുന്നു പഠനം.

പുറത്തു വന്ന വിവരങ്ങൾ അൽപം ചൂടുള്ളതുതന്നെയാണ്: തിരുവനന്തപുരത്തെ അന്തരീക്ഷത്തിലെ ചൂട് ഒരു പതിറ്റാണ്ടിനിടെ 0.15 എന്ന ക്രമത്തിൽ കൂടുന്നു. അതായത്, ഒരു നൂറ്റാണ്ടിൽ ഒന്നര ഡിഗ്രി സെൽഷ്യസ് വർധന. സമുദ്രത്തിലെ ചൂട് 0.5 ഡിഗ്രി സെൽഷ്യസ് വർധിക്കുന്നതിന്റെ ചർച്ചയാണു ലോകത്തു നടക്കുന്നതെന്നോർക്കുക. കേരളം ലോകത്തെ കടത്തിവെട്ടുമോ എന്നു മാത്രമേ ഇനി അറിയാനുള്ളു.

കാവേരി കേരളത്തെ തിരിഞ്ഞു കൊത്തുമോ ?

കാവേരിപ്രശ്നത്തിൽ കേരളത്തിനും പങ്കുണ്ട്. കബനി നദിയിൽ വെള്ളമില്ലാത്തതാണു കാവേരിപ്രശ്നത്തിന്റെ അടിസ്ഥാനം. കബനി വെള്ളം കിട്ടാത്തതിനാലാണു തമിഴ്നാട് കൂടുതൽ വെള്ളം ചോദിക്കുന്നത്. കബനിയിൽ വെള്ളമില്ലാത്തതിന് ഒരു കാരണം വയനാട്ടിൽ മഴ കുറഞ്ഞതാണ്. 47 ശതമാനമാണു വയനാട്ടിലെ വരൾച്ച.

കാവേരിപ്രശ്നം കേരളത്തെയും തിരിഞ്ഞു കൊത്തും. കേരളവും തമിഴ്നാടും വെള്ളം പങ്കിടുന്നതാണു കാരണം. പറമ്പിക്കുളത്തെ വെള്ളം പാലക്കാടിനു നൽകാതെ തിരുമൂർത്തിയിലേക്കു തമിഴ്നാട് മാറ്റുന്നു. ഇതു പാലക്കാടിനെ വരൾച്ചയിലാക്കും. പറമ്പിക്കുളം പദ്ധതിയുടെ ഭാഗമായ ചാലക്കുടിപ്പുഴയിലേക്കുള്ള വെള്ളവും തമിഴ്നാട് കുറച്ചു.

നാളെ: തെളിനീരുറവ എങ്ങനെ അഴുക്കുചാലായി

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.