Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രകൃതിയുടെ മുന്നറിയിപ്പുകൾ

water-series-image-08

കശ്മീരിലെ തീവ്രവാദഭീഷണിയെപ്പറ്റി വിദേശരാജ്യങ്ങളുടെ എംബസികൾ സഞ്ചാരത്തിനു വരുന്ന തങ്ങളുടെ പൗരൻമാർക്കു മുന്നറിയിപ്പു നൽകാറുണ്ട്. മറ്റൊന്നുകൂടി മുന്നറിയിപ്പിലുണ്ട്: കേരളത്തിൽ പോയാൽ പച്ചവെള്ളം കുടിക്കരുത്. പത്തു ജലജന്യരോഗങ്ങളെപ്പറ്റി ജാഗ്രത പാലിക്കുക. വിദേശരാജ്യങ്ങൾ നൽകുന്ന ഇത്തരം മുന്നറിയിപ്പുകളെ നാം വിമർശിക്കുകയും അതിനെതിരെ പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇതിനെക്കാളും ഗൗരവമാണു പ്രകൃതി നൽകുന്ന മുന്നറിയിപ്പുകളും താക്കീതുകളും.

മഴദിനങ്ങൾ കുറഞ്ഞു. പുഴകൾ ഒഴുക്കു നിലച്ചു മലിനമായി. മണൽ വാരൽ അവശേഷിക്കുന്ന ജീവനും കവർന്നു. മൽസ്യലഭ്യതയും കുറഞ്ഞു. മലേറിയയും കോളറയും അടക്കമുള്ള രോഗങ്ങൾ വീണ്ടും ശക്തിയാർജിക്കുന്നു. ഇക്കുറി മാരകമായ ഷിഗല്ല ബാക്ടീരിയ മൂലമുള്ള കോളറയും കേരളത്തിൽ ദൃശ്യമായി.

നദീസംരക്ഷണ ഫണ്ട് വാഹനം വാങ്ങാനോ?

നമ്മുടെ ഈ അവസ്ഥയ്ക്ക് ആരാണ് ഉത്തരവാദി? 300 മില്ലീമീറ്റർ മാത്രം മഴ ലഭിക്കുന്ന രാജസ്ഥാനിൽ ഇത്ര വരൾച്ചയില്ല. മഹാരാഷ്ട്രയിലെ ധാരേവാടിയിൽ ചെന്ന നമ്മുടെ പഞ്ചായത്ത് പ്രസിഡന്റുമാരെ അവിടത്തെ ഗ്രാമത്തലവൻ വെല്ലുവിളിച്ചു. ഒരീച്ചയെ കാണിച്ചുതരാൻ, ഒരു കുഴൽക്കിണർ കാണിച്ചുതരാൻ. നമ്മുടേതിനെക്കാൾ നാലിലൊന്നു മഴയാണ് അവർക്കു ലഭിക്കുന്നതെന്നോർക്കുക. ലോകത്തുതന്നെ ഭൂമിക്ക് ഏറ്റവും വിലയുള്ള ജപ്പാനിലാണ് ഏറ്റവും ഉയർന്ന ശതമാനം വനമുള്ളത്. കേരളത്തിന്റെ അഞ്ചിലൊന്നു മഴ ലഭിക്കുന്ന ഇസ്രയേൽ ലോകത്തിലെ ഏറ്റവും വലിയ പൂക്കൃഷി രാജ്യമാണ്.

44 നദികളും 3000 മില്ലിമീറ്റർ മഴയും ലഭിക്കുന്ന കേരളം പച്ചവെള്ളം കുടിക്കാൻ ഭയപ്പെടുമ്പോൾ വിദേശരാജ്യങ്ങളിൽ പൈപ്പിൽനിന്നു നേരിട്ടു വെള്ളം കുടിക്കുന്നു. നദീസംരക്ഷണത്തിനുള്ള ഫണ്ട് ഉപയോഗിച്ചു റവന്യു ഉദ്യോഗസ്ഥർക്കു വാഹനം വാങ്ങുന്നതും ഇവിടെ മാത്രമാണ്. മണൽ മാഫിയയെ പിടികൂടാനാണു വാഹനം എന്നാണു വിശദീകരണം. വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയും നിയമം നടപ്പിലാക്കാൻ‌ തടസ്സമാകുന്നു. മാലിന്യ സംസ്കരണ ശ്രമങ്ങൾക്കു മൂന്നും നാലും സർക്കാർ വകുപ്പുകൾ മേൽനോട്ടം വഹിക്കുന്നു. ആൾ കൂടിയാൽ പാമ്പു ചാവില്ല എന്ന സ്ഥിതി.

കണ്ടറിയാം നല്ലവെള്ളം

കുടിവെള്ളത്തിന്റെ ശുദ്ധി ഉറപ്പാക്കുക. ജല അതോറിറ്റിയുടെ ജില്ലകളിലെ ലാബിൽ പരിശോധിക്കാം. മെഡിക്കൽ ഷോപ്പിൽ കിട്ടുന്ന പരിശോധനക്കുപ്പിയിൽ വെള്ളം എടുത്തുവയ്ക്കുക. 24 മണിക്കൂറിനുള്ളിൽ‍ കറുത്ത നിറം വന്നാൽ കോളിഫോം അടക്കമുള്ള ബാക്ടീരിയയുണ്ട്.  കുളിക്കുന്ന തോർത്തിന്റെ നിറം മാറുന്നുണ്ടോ, ബാക്ടീരിയയുടെ സാന്നിധ്യമുണ്ട്. ചോറ് പെട്ടെന്നു കേടായാലും വെള്ളം മോശമെന്നുറപ്പിക്കാം. നല്ല വെള്ളത്തിനു മണമില്ല. സ്ഫടികം പോലെ തിളങ്ങും. നന്നായി അലക്കിത്തേച്ച കോട്ടൻ തുണിയിൽ അരിച്ചാൽ ഒരുവിധം മാലിന്യം പോകും. അഞ്ചു  മിനിറ്റു തിളപ്പിക്കുക കൂടി ചെയ്യുക.

well-07 പുരപ്പുറത്തു വീഴുന്ന മഴവെള്ളം കുഴലുകൾ ‌വഴി ടാങ്കിലെത്തിച്ചു ശുദ്ധീകരിച്ച് കിണറ്റിലിറക്കാം.

മാലിന്യം സംസ്കരിക്കുക

മാലിന്യമാണു നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വീട്ടിലെ മാലിന്യം വേർതിരിക്കുക. ജൈവസ്വഭാവമുള്ളവ സംസ്കരിക്കുക.

വീണ്ടെടുക്കാം പ്രകൃതിയെ

ഒന്നാമതായി പ്രകൃതിയെ സംരക്ഷിക്കണം, അടുത്തതായി ജലം സംരക്ഷിക്കണം. കേരളത്തിന്റെ വെള്ളംകുടി മുട്ടിക്കുന്ന പ്രശ്നങ്ങൾക്കു വിദഗ്ധരും ശാസ്ത്രജ്ഞരും മുന്നോട്ടുവയ്ക്കുന്ന ഒറ്റമൂലി ഇതു മാത്രമാണ്. വിദഗ്ധരുടെ അഭിപ്രായങ്ങളിൽ പ്രധാനപ്പെട്ടവ ചുവടെ. 

∙ തുലാമഴ കേരളത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്. കിണറുകളും ജലാശയങ്ങളും പരമാവധി റിചാർജ് ചെയ്യാൻ ഈ മഴ ഉപയോഗപ്പെടുത്താം. 

∙ തുലാമഴ പൂർണമായി ലഭിച്ചാൽപോലും വരൾച്ചയ്ക്കു സാധ്യതയുണ്ട്. അതിനാൽ കാർഷിക മേഖലയിലെ ജലത്തിന്റെ ഉപയോഗം ബുദ്ധിപൂർവമാക്കുക. ചാലുകൾ വഴിയുള്ള ജലസേചനത്തിനു പകരം ഡ്രിപ്പ് ജലസേചനം പോലുള്ള മാർഗങ്ങളിലേക്കു മാറുന്നതും പരിഗണിക്കുക.

∙ മണ്ണ് ഇളക്കിയിടുക. കൃഷിയിടങ്ങളിൽ വെള്ളം ഭൂമിക്കടിയിലേക്കു പോകട്ടെ. തീരദേശങ്ങളിൽ പ്രത്യേകിച്ചും. 

∙ നദികളെയും കനാലുകളെയും അഴുക്കുചാലുകളാക്കുന്ന ഇപ്പോഴത്തെ രീതി മാറ്റുക. നഗരങ്ങൾക്കു ഫലവത്തായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തുക. വ്യവസായ സ്ഥാപനങ്ങളും മറ്റും മാലിന്യ സംസ്കരണം നടത്തുന്നുണ്ടെന്ന് ഉറപ്പാക്കുക.

∙ തീർഥാടന കേന്ദ്രങ്ങൾ അടക്കം ജനങ്ങൾ ഒത്തുചേരുന്ന സ്ഥലങ്ങളിൽ കാര്യക്ഷമമായ ശുചീകരണ സംവിധാനം ഏർപ്പെടുത്തുക. 

∙ ഏറ്റവും അധികം മലിനീകരണമുണ്ടെന്നു പഠനങ്ങൾ കണ്ടെത്തിയ പമ്പ, പെരിയാർ നദികളിലും വേമ്പനാട്ടു കായലിലും സംരക്ഷണ പദ്ധതി ആവിഷ്കരിക്കുക. ഇവിടെ ജലത്തിന്റെ സുരക്ഷാ ഓഡിറ്റ് നടത്തുക.

∙ ദീർഘകാലാടിസ്ഥാനത്തിലുള്ള ജലപദ്ധതികൾ നടപ്പാക്കുക. മഴയിൽ ലഭിക്കുന്ന വെള്ളത്തിന്റെ ആറുശതമാനം മാത്രമാണു നിലവിൽ സംഭരിക്കുന്നത്. കേരളത്തിന്റെ സംഭരണശേഷി വർധിപ്പിക്കുക.

വീട്ടിലെ ശുചിമുറി സുരക്ഷിതമാണോ?

septic-tank-model-07 സുരക്ഷിതമായ സെപ്റ്റിക് ടാങ്ക് മാതൃക

കേരളത്തിലെ കോളിഫോം ബാക്ടീരിയയുടെ വരവ് നമ്മുടെ അശാസ്ത്രീയമായ ശുചിമുറിയിൽനിന്നാണ്. ശുചിമുറിയുടെ കുഴിയുടെ ആഴം നാലടിയിൽ കൂടരുത്. കിണറും ശുചിമുറിയും തമ്മിൽ 10 മീറ്റർ എങ്കിലും ദൂരം വേണം. സോപ്പ്, ഡിറ്റർജന്റുകൾ ഇടരുത്.

അവസാനിച്ചു

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.