Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേടിക്കണം, ജലത്തെ!

bleeching-03 ആലപ്പുഴ ചുങ്കം പള്ളാതുരുത്തിയിലെ കടവിൽ ആരോഗ്യവകുപ്പ് ജലശുദ്ധീകരണത്തിനായി സ്ഥാപിച്ചിരിക്കുന്ന ബ്ലീച്ചിങ് പൗഡർ ചാക്ക് നവാസ് ഉയർത്തുന്നു. ഇവിടെ കുളിക്കുമ്പോൾ മൂക്കിലൂടെ അമീബ നെഗ്ലേറിയ ശിരസ്സിലെത്തിയതിനെ തുടർന്നു നവാസിന്റെ മകൻ അക്ബർ മരിച്ചിരുന്നു.

സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ട ആ വാർത്ത കണ്ടു പലരും ചിരിച്ചു. ഇന്ത്യയിൽ ഓക്സിജൻ കുപ്പിയിലാക്കി വിൽക്കാൻ ബഹുരാഷ്ട്രക്കമ്പനികൾ ശ്രമിക്കുന്നുവത്രേ. പരിഹസിക്കാൻ വരട്ടെ. കുപ്പിയിൽ വെള്ളം വിൽക്കുന്നു എന്നു രണ്ടര പതിറ്റാണ്ടു മുൻപേ കേട്ടപ്പോൾ മലയാളികൾ ചിരിച്ചതാണ്.

മുറ്റത്തെ കിണറ്റിൽ നിന്നു ബക്കറ്റിൽ കോരി നേരിട്ടു വെള്ളം കുടിച്ച മലയാളികൾ, പുഴയിൽ നിന്നു കൈക്കുമ്പിളിൽ വെള്ളം കുടിച്ച മലയാളികൾ, ഇന്ന് അതേ വെള്ളം കുടിക്കാൻ മടിക്കുന്നു, പേടിക്കുന്നു. രോഗങ്ങളുടെ ഒളിഞ്ഞിരിക്കുന്ന കൂടാരമായി മുറ്റത്തെ വെള്ളത്തെ കാണുന്നു. മലയാളിയുടെ ഈ ആശങ്ക തെറ്റല്ല. ഇന്നലെ നമ്മുടെ മുന്നിലെ വെള്ളം മാലിന്യമയമായിരുന്നു. അൽപം അതിശയോക്തി കലർത്തി പറഞ്ഞാൽ ഇന്ന് അവ വിഷം കൂടിയാണ്. 

ഈ സമരം പനിക്കെതിരെ  

മലപ്പുറം ജില്ലയിൽ കൊണ്ടോട്ടിയിലെ കുന്നത്തുപറമ്പുകാർക്കു സമരം നടത്തേണ്ടി വന്നതു സ്വന്തം നാട്ടിലെ വെള്ളം പോലും വിശ്വസിച്ചു കുടിക്കാൻ വയ്യ എന്ന സ്ഥിതി വന്നപ്പോഴാണ്. കുന്നത്തുപറമ്പുകാർ നടത്തിയ സമരം ഇനി കേരളത്തിൽ എല്ലായിടത്തും വേണ്ടി വരുമോ? കുന്നത്തുപറമ്പിൽ ഒത്തുകൂടിയത് ഒരുകൂട്ടം സമരക്കാർ മാത്രമായിരുന്നില്ല. ആയിരത്തോളം രോഗികളായിരുന്നു. ഒരുതരം പനി ബാധിതർ.

കഴിഞ്ഞ മാർച്ചിൽ ഒരു സൽക്കാരം കഴിഞ്ഞു മടങ്ങിയതായിരുന്നു കുന്നത്തുപറമ്പുകാർ. രണ്ടു ദിവസം കഴിഞ്ഞപ്പോൾ പലർക്കും പനി തുടങ്ങി. ദിവസങ്ങൾ പിന്നിട്ടതോടെ പനി പല രോഗങ്ങളായി.  രോഗികളുടെ എണ്ണം ആയിരം പിന്നിട്ടു. വെറുംപനിയെന്നു പറഞ്ഞ് ആരോഗ്യവകുപ്പ് കൈ കഴുകാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ കുന്നത്തുപറമ്പ് പനിബാധിതരുടെ സമരസമിതി രൂപവൽക്കരിച്ചു. പ്രതിഷേധ സംഗമം നടത്തിയപ്പോൾ അധികൃതർ ഉണർന്നു. അതിഗുരുതരമായ ‘പാര ടൈഫോയ്ഡാണ്’ രോഗമെന്ന് ആരോഗ്യവകുപ്പു സ്ഥിരീകരിച്ചു. രോഗം വന്നതു വെള്ളത്തിൽ നിന്നു തന്നെ. വെള്ളം കൊണ്ടുവന്നവർക്കെതിരെ പൊലീസ് കേസെടുത്തു.

എന്നാൽ ഒരു കേസിലും, ആരോഗ്യവകുപ്പിന്റെ പരിശോധനയിലും, ഏതാനും ആന്റിബയോട്ടിക്കുകളിലും ഒതുങ്ങുന്നതാണോ കുന്നത്തുപറമ്പിലെ പനിബാധ? കേരളത്തിന്റെ ഏതു ഭാഗത്തും കുന്നത്തുപറമ്പുകൾ ആവർത്തിക്കപ്പെടാം. അതു തടയാൻ അധികൃതർക്കു കഴിയണം – സമരസമിതി നേതാവ് കെ.പി. ഫിറോസ് പറയുന്നു. നമുക്ക് അന്വേഷിക്കേണ്ടതു വെള്ളം എങ്ങനെ മലിനപ്പെട്ടുവെന്നാണ്. നടപടി എടുക്കേണ്ടതു വെള്ളം വിഷമാക്കിയവർക്കെതിരെയാണ്.

മരണം മാടി വിളിക്കുന്ന കുളിക്കടവ് 

ആലപ്പുഴയിൽ ചുങ്കം പള്ളാതുരുത്തി അഴിമുഖത്തെ ഓട്ടോപോസ്റ്റ് കടവിൽ ഇപ്പോൾ നാട്ടുകാരിൽ അധികമാരും കുളിക്കാറില്ല. കുളിക്കുന്നവർ തന്നെ വെള്ളത്തിൽ തല മുക്കാറുമില്ല. എന്തോ പന്തികേടുണ്ട് എന്ന സൂചനയായി കടവിൽ കയറിൽ കെട്ടിത്തൂക്കിയ ഒരു ചാക്ക് ക്ലോറിൻ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നുണ്ട്. 

ഈ കടവ് നാട്ടുകാർക്കു വെറും കുളിക്കടവല്ല. ഇവിടെ വച്ചാണു നാട്ടുകാരുടെ പൊന്നോമനയായിരുന്ന അക്ബറിനെ നഷ്ടപ്പെട്ടത്. പരീക്ഷ കഴിഞ്ഞ് വീടിനു മുന്നിലെ കടവിൽ ഒന്നു മുങ്ങിക്കുളിച്ചു കയറി വന്ന അക്ബറിനു രണ്ടാംദിവസം കലശലായ തലവേദന വന്നു.

ഒപ്പം മൂക്കിൽ നിന്ന് എന്തോ വലിക്കുന്നതു പോലെയും. തലവേദന പനിയായി അക്ബർ അബോധാവസ്ഥയിൽ ആശുപത്രിയിലായി. തലച്ചോറിനെ തിന്നുന്ന അമീബ മൂലം വരുന്ന മസ്തിഷ്ക ജ്വരമായിരുന്നു അക്ബറിന്. മുങ്ങിക്കുളിച്ചപ്പോൾ മൂക്കിലൂടെ അമീബ ശിരസ്സിൽ എത്തി. നെഗ്ലേറിയ ഫൗളേറി എന്ന അമീബ പരത്തുന്ന ‘പ്രൈമറി അമീബിക് മെനിഞ്ജോ എൻസഫലൈറ്റിസി’നു ചികിൽസയില്ല. തലച്ചോറിന്റെ ഒരു ഭാഗം അമീബ തിന്നുകഴിഞ്ഞു. മണിക്കൂറുകൾക്കുള്ളിൽ അക്ബറിനെ നഷ്ടപ്പെട്ടു.

അദൃശ്യനായി വന്നു തലച്ചോറിനെ കാർന്നു തിന്നുന്ന അമീബ തങ്ങളുടെ മുന്നിൽ ഒളിച്ചിരിക്കുന്നുവെന്ന സത്യം നാട്ടുകാരെ വേട്ടയാടിത്തുടങ്ങി. പാഞ്ഞെത്തിയ ആരോഗ്യവകുപ്പുകാർ ഒരു ചാക്ക് ക്ലോറിൻ വെള്ളത്തിൽ കലക്കി സ്ഥലം വിട്ടു. ഈ നാട്ടുകാർക്കു മുന്നിൽ പള്ളാതുരുത്തി കായലും വാണിജ്യ കനാലും ചേരുന്ന അഴിമുഖത്തിനു മരണത്തിന്റെ മുഖമാണ്, മണമാണ്.

കഴിഞ്ഞ വേനലിൽ വേമ്പനാട്ടു കായലിലെ വെള്ളത്തിന്റെ താപനില ഉയർന്നതാണു തലച്ചോറിനെ തിന്നുന്ന അമീബ വളരാൻ കാരണമെന്നു ശാസ്ത്രസംഘം പറയുന്നു. ഇ കോളിയാണ് അമീബയുടെ ഭക്ഷണം. അതാകട്ടെ വേമ്പനാട്ടു കായലിൽ ഇഷ്ടം പോലെയുണ്ട്.

ശാസ്ത്ര സംഘത്തിന്റെ കണ്ടെത്തലിലും കൂടുതൽ വസ്തുതകളുണ്ട് നാട്ടുകാരുടെ വാക്കുകളിൽ: ‘‘എന്നും ഞാൻ പറയും, മോനേ ഇവിടെ കുളിക്കരുതെന്ന്. പക്ഷേ, പിള്ളേർ കേൾക്കില്ല’’ – അക്ബറിന്റെ പിതാവ് ഉമ്മാപറമ്പിൽ നവാസ് പറയുന്നു. അത്ര അഴുക്കാണ് ഈ വെള്ളം. നോക്കൂ, ഇവിടെ മീൻ പോലുമില്ല. നഗരത്തിലെ എല്ലാ അഴുക്കുകളെയും വഹിച്ചുകൊണ്ടു വരുന്ന കനാൽ ഇവിടെയാണു പുഴയിലേക്കു ചേരുന്നത്. വെള്ളത്തിനു കറുത്ത നിറമാണ്. പണ്ടൊക്കെ ഇവിടം തെളിനീരായിരുന്നു. ഈ വെള്ളം നാട്ടുകാർ കുടിച്ചിരുന്നു.’’

എല്ലാ വർഷവും പകർച്ചവ്യാധികൾ കേരളത്തെ അടിമുടി വിറപ്പിക്കുമ്പോൾ ആയുസ്സെടുക്കുന്നതിൽ മുന്നിൽ ജലം വഴി വരുന്ന രോഗങ്ങൾ തന്നെ. സംശയമുണ്ടെങ്കിൽ ആരോഗ്യവകുപ്പിന്റെ അഞ്ചു വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ മാത്രം മതി. വെള്ളത്തിന്റെ ഗുണനിലവാരം എത്രത്തോളം പ്രാധാന്യമർഹിക്കുന്നു എന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് ആരോഗ്യവകുപ്പിന്റെ കണക്കുപുസ്തകം. ഓരോ വർഷത്തെയും പകർച്ചവ്യാധികളിൽ 13 ശതമാനം ജലം മൂലമുള്ള രോഗങ്ങളാണ്. അതായതു കൊതുകും വെള്ളത്തിലൂടെയുള്ള അണുക്കളും മൂലം വരുന്ന അസുഖങ്ങൾ.

വെറും 13 ശതമാനമോ എന്നു കരുതി ആശ്വസിക്കേണ്ട. ഇതു രോഗബാധിതരുടെ കണക്കാണ്. പകർച്ചവ്യാധി മൂലം മരിക്കുന്നവരിൽ‌ 70 ശതമാനവും ജലജന്യരോഗങ്ങൾ ബാധിച്ചവരാണ്. അതും മാരകമായ എലിപ്പനിയും മഞ്ഞപ്പിത്തവും കോളറയും മൂലം. തൊട്ടടുത്ത് ഡെങ്കിപ്പനിക്കാണു സ്ഥാനം. കഴിഞ്ഞ വർഷം മാരകമായ ഷിഗല്ല വയറിളക്കം പടർന്നതിനെ തുടർന്ന് ആരോഗ്യവകുപ്പ് മാസങ്ങളോളം ഭീതിയിലായിരുന്നു.

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പകർച്ചവ്യാധികൾ മൂലം 742 പേരാണു മരിച്ചത്. ഇതിൽ 529 പേരും ജലജന്യ രോഗങ്ങൾ മൂലമാണു മരിച്ചത്. ഒരുപക്ഷേ, വെള്ളം തിളപ്പിച്ചു കുടിക്കുകയും കൊതുകു വളരാനുള്ള സാഹചര്യം ഒഴിവാക്കുകയും ചെയ്താൽ ഇത്രയും ജീവൻ നമുക്കു രക്ഷിക്കാമായിരുന്നു.

ഒന്നുകൂടി പറയാം. കണക്കുകൾ അനുസരിച്ച് ജലം വഴിയുള്ള രോഗങ്ങളുടെ എണ്ണം വർധിക്കുകയാണ്. 2011ൽ പകർച്ചവ്യാധിയിൽ 12 ശതമാനവും ജലജന്യരോഗങ്ങളാണെങ്കിൽ 2015ൽ ഇതു 14 ശതമാനമായി ഉയർന്നു. രണ്ടു ശതമാനം വളർച്ചയെന്നാൽ ആയിരങ്ങളുടെ ജീവനാണെന്നു കൂടി ഓർക്കാം. ജലം കുറച്ചുകൂടി മലിനമായെന്നും. 

ഇതാണോ നിർമല നഗരം ?

alappuzha-waste-disposal-03 ആലപ്പുഴ നഗരസഭയിൽ മാലിന്യങ്ങൾ ആളൊഴിഞ്ഞ പറമ്പിൽ രഹസ്യമായി കുഴിച്ചുമൂടുന്നു.

കിഴക്ക് വെള്ളകീറുന്നതേയുള്ളൂ. മലയോളം കൂമ്പാരമായിക്കിടക്കുന്ന മാലിന്യം കുഴിച്ചുമൂടുകയാണു മണ്ണുമാന്തി യന്ത്രം. പ്ലാസ്റ്റിക് മുതൽ ഇലക്ട്രോണിക് മാലിന്യങ്ങൾ വരെയുണ്ട് ഈ കൂമ്പാരത്തിൽ. അര മണിക്കൂറിനകം നഗരഹൃദയത്തിൽ ഇരുചെവിയറിയാതെ മാലിന്യം കുഴിച്ചുമൂടി മണ്ണുമാന്തി സ്ഥലംവിട്ടു. ആലപ്പുഴ നഗരസഭയുടെ ഔദ്യോഗിക മണ്ണുമാന്തിയാണു മാലിന്യം കുഴിച്ചുമൂടിയത്. മാസങ്ങൾക്കു മുൻപു മികച്ച മാലിന്യ സംസ്കരണ പ്രവർത്തനത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ പുരസ്കാരം നേടിയ ആലപ്പുഴ നഗരസഭയുടെ മണ്ണുമാന്തി തന്നെ.

ഉറവിട മാലിന്യ സംസ്കരണം, എയ്റോബിക് മാലിന്യ സംസ്കരണം എന്നിവയിലൂടെ ‘നിർമല ഭവനം നിർമല നഗരം’ എന്നു കൊട്ടിഘോഷിക്കുന്ന നഗരസഭയിൽ ഇരുട്ടിന്റെ മറവിൽ നടക്കുന്നത് ഇത്തരം കുഴിച്ചുമൂടലുകളാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ എയ്റോബിക് കംപോസ്റ്റ് യൂണിറ്റുകൾ എല്ലാ മാലിന്യവും സുരക്ഷിതമായി സംസ്കരിക്കുന്നുവെന്നു വിശ്വസിച്ച് ആലപ്പുഴക്കാർ കിടന്നുറങ്ങുന്നു.

ആലപ്പുഴ നഗരസഭയിലെ ജനപ്രതിനിധി രഹസ്യമായി പറഞ്ഞ വാക്കുകൾ കേൾക്കുക: ‘‘എയ്റോബിക് യൂണിറ്റിലൊന്നും മാലിന്യം മുഴുവനായി സംസ്കരിക്കാൻ സാധിക്കില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ, ശാന്തിമന്ദിരം, ടൗൺഹാൾ, ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ ഒരു ഭാഗം കുഴിച്ചിടും. ബാക്കിയുള്ളവ ലോറിയിൽ കൊണ്ടുപോയി കിഴക്കൻ മലയിൽ കുഴിച്ചിടും’’.  

അതിലെന്താണ് അപകടം എന്നു ചോദിക്കുന്നവർ അറിയാൻ:

ഏതാനും മാസങ്ങൾക്കു മുൻപു കോഴിക്കോടിനടുത്തുള്ള ഒരു പഞ്ചായത്തിലെ കിണറുകൾ മലിനമായി. മലിനീകരണ നിയന്ത്രണ ബോർഡ്, എൻഐടി, സിഡബ്ല്യുആർഡിഎം എന്നീ ശാസ്ത്ര ഏജൻസികൾ അന്വേഷണം നടത്തി. എവിടെനിന്നോ കൊണ്ടുവന്ന നഗരമാലിന്യങ്ങൾ മലയുടെ പല ഭാഗത്തായി കുഴിച്ചിട്ടിരിക്കുന്നു. അതിലുള്ളതോ, മാരകമായ ബാക്ടീരിയകൾ, ലോഹങ്ങൾ, ഇലക്ട്രോണിക് മാലിന്യങ്ങൾ തുടങ്ങിയവ. കണ്ടെത്തിയ മാലിന്യം എങ്ങനെ സംസ്കരിക്കും എന്നറിയാതെ പകച്ചു നിൽക്കുകയാണു ശാസ്ത്ര സംഘം. ഇത് ആലപ്പുഴയുടെയും കോഴിക്കോടിന്റെയും മാത്രം കഥയല്ല. കേരളത്തിന്റെ പല ഭാഗത്തും ഇത്തരം സംഭവങ്ങൾ നടക്കുന്നു. കുടിവെള്ളം വിഷമാകാൻ ഒരു വഴി കൂടി.

നാളെ: നമ്മുടെ സ്വന്തം വെള്ളത്തിന് എന്തു സംഭവിക്കുന്നു ?

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.