Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടിവെള്ളം മലിനം, വിഷമയം

pampa-river-colour-change ശബരിമല ആറാട്ടുകടവിനു താഴെ പമ്പ, ഞുണങ്ങാർ നദികളുടെ സംഗമം. ഞുണങ്ങാറിൽ നിന്ന് പമ്പയിൽ ലയിക്കുന്ന കലക്കവെള്ളവും പമ്പാനദിയിലെ തെളിഞ്ഞ വെള്ളവും വേർതിരിച്ചു കാണാം. ശബരിമല തീർഥാടന കാലത്തു പമ്പാനദിയിൽ അയ്യപ്പന്മാർ ഉപേക്ഷിച്ച വസ്ത്രങ്ങൾ ശേഖരിച്ചു നീക്കം ചെയ്യാതെ നദിയുടെ‌ കരയിൽ തന്നെ ഇട്ടിരിക്കുന്നു. മഴ പെയ്ത് ജലനിരപ്പ് ഉയർന്നതോടെ തുണികൾ വീണ്ടും നദിയിലേക്കെത്തുന്ന നിലയിൽ. ചിത്രം: നിഖിൽരാജ്

കേരളത്തിലെ നദികൾ മരിക്കുകയാണോ? 

ഓക്സിജന്റെ സാന്നിധ്യമാണു ജീവന്റെ ലക്ഷണം. എങ്കിൽ, ആ ഓക്സിജന്റെ സാന്നിധ്യം നദികളിൽ ഇല്ലാതായിരിക്കുന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കേരളത്തിലെ ജലസ്രോതസ്സുകളിൽ നടത്തിയ പഠനത്തിൽ ഏതാനും നദികളുടെ സംഗമസ്ഥാനങ്ങളിൽ ജലത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള ഓക്സിജന്റെ അളവ് പൂജ്യം എന്നു കണ്ടെത്തി. ഓക്സിജൻ ഇല്ലെങ്കിൽ ജീവനില്ല. ജീവികളില്ല. പിന്നെയെന്തു ജീവജലം.

ജീവനില്ലാത്ത വെള്ളം മറ്റുള്ളവരുടെ ജീവനും ഭീഷണിയാകുന്നു. ഈ മുന്നറിയിപ്പു നോക്കുക. ‘‘സംസ്ഥാനത്തു ജലജന്യ രോഗങ്ങൾ പകർച്ചവ്യാധിയായി മാറാനുള്ള സാധ്യത വർധിക്കുന്നു. ഇതിനു കാരണം ജലമലിനീകരണം.’’ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സർക്കാരിനു സമർപ്പിച്ചിരിക്കുന്ന ജലശുദ്ധി പഠന റിപ്പോർട്ടിലെ മുന്നറിയിപ്പാണിത്. സംസ്ഥാനത്തെ 43 നദികൾ, ആറ് അരുവികൾ, മൂന്നു ശുദ്ധജലതടാകങ്ങൾ, ഏഴു തടാകങ്ങൾ, 11 ജലാശയങ്ങൾ, 32 കിണറുകൾ എന്നിവിടങ്ങളിലെ വെള്ളത്തിന്റെ പരിശോധനാ ഫലം ഞെട്ടിപ്പിക്കുന്നതു മാത്രമല്ല, അറപ്പുളവാക്കുന്നതു കൂടിയാണ്.

നദികളുടെ പ്രഭവസ്ഥാനങ്ങളിൽ താരതമ്യേന നല്ല വെള്ളമാണെങ്കിൽ ജനവാസ മേഖലകളായ താഴ്ന്ന മേഖലകളിൽ ജലം മലിനമാണ്. എല്ലാ നദികളിലും മനുഷ്യവിസർജ്യത്തിന്റെ അംശങ്ങളും അതിൽ വളരുന്ന കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യവുമുണ്ട്. അഴുക്കുചാലുകളിലെ വെള്ളവും ശുചിമുറി മാലിന്യവും നേരിട്ടു നദികളിലും കനാലുകളിലും അതുവഴി ജലാശയങ്ങളിലും എത്തുന്നു. വേനലിൽ ഭൂരിപക്ഷം നദികളിലും ഉപ്പുവെള്ളത്തിന്റെ സാന്നിധ്യമുണ്ട്. നല്ല വെള്ളം എന്നു മലിനീകരണ ബോർഡ് രേഖപ്പെടുത്തുന്ന എ ക്ലാസിൽ പെടുന്ന നദികൾ കേരളത്തിൽ ഒന്നു പോലും ഇല്ല.

ഭൂഗർഭ ജലത്തിനും രക്ഷയില്ല. ഭൂഗർഭ ജലം ബാക്ടീരിയ നിറഞ്ഞു മലിനമായി. കോളിഫോം ബാക്ടീരിയ കിണറുകളിലും ഇഷ്ടം പോലെ. അശാസ്ത്രീയമായ സെപ്റ്റിക് ടാങ്ക് നിർമാണം തന്നെ കാരണം. ഇക്കാരണത്താൽ ഏതു ജലജന്യരോഗവും പകർച്ചവ്യാധിയായി പടർന്നുപിടിക്കാൻ അധികം സമയം വേണ്ട. ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനായി മലിനീകരണ നിയന്ത്രണ ബോർഡ് ഒരു നിർദേശം കൂടി നൽകുന്നു: വെള്ളം അഞ്ചു മിനിറ്റ് തുടർച്ചയായി തിളപ്പിക്കുക. ആ വെള്ളം മാത്രം കുടിക്കാനും കുളിക്കാനും പല്ലുതേക്കാനും ഭക്ഷ്യവസ്തുക്കൾ കഴുകാനും ഉപയോഗിക്കുക. അതുകൊണ്ടു മലയാളികൾ തിളപ്പിച്ച വെള്ളം മാത്രം കുടിക്കുന്ന ശീലം മാറ്റുക. പകരം എല്ലാറ്റിനും തിളപ്പിച്ച വെള്ളം ഉപയോഗിക്കുക. ഇനി മുതൽ നമുക്കു ശുദ്ധജലമെന്നാൽ തിളപ്പിച്ചാറ്റിയ വെള്ളമാണ്.

കുടിക്കുന്ന വെള്ളത്തിൽ ഒരു കോളിഫോം ബാക്ടീരിയയും ഉണ്ടാകാൻ പാടില്ലെന്നാണു നിയമം. അതു സാധ്യമല്ലെന്ന ബോധ്യം വന്നതോടെ 100 മില്ലിലീറ്ററിൽ പത്തു ബാക്ടീരിയ വരെ ആകാമെന്നു നാം തിരുത്തി. സംസ്ഥാനത്തെ നദികളിൽ 71 സ്ഥലത്തു നടത്തിയ പഠനത്തിൽ കോളിഫോം ബാക്ടീരിയ ഇല്ലാത്ത ഒരു സ്ഥലം പോലുമില്ല. കല്ലായി പുഴയിൽ പാലത്തിനു താഴെ ഇത് ഒരു ലക്ഷമാണ്. കരമനയാറ്റിൽ മൂന്നാറ്റുമുഖത്ത് കോളിഫോം 39500 എണ്ണമാണ്. പമ്പ, ഭാരതപ്പുഴ, പെരിയാർ എന്നിവിടങ്ങളിലും കോളിഫോം ഇഷ്ടംപോലെ.

പുഴവെള്ളത്തിൽ ലെഡ്, കാഡ്മിയം പോലുള്ള മാരകങ്ങളായ ലോഹങ്ങളുമുണ്ട്. ചാലിയാർ ചുങ്കപ്പള്ളി, കല്ലായി പാലം, വളപട്ടണം പുഴ, കോരപ്പുഴ എന്നിവിടങ്ങളിൽ നിക്കലുണ്ട്. കല്ലായിയിലും കുപ്പം പുഴയിലും കാഡ്മിയമാണു കണ്ടെത്തിയത്. ഹോസ്ദുർഗ്, നീലേശ്വരം, ചന്ദ്രഗിരിപ്പുഴ, മോഗ്രൽ, ഉപ്പള എന്നീ നദികളിൽ നിക്കലിന്റെ സാന്നിധ്യം ക്രമാതീതമായി കണ്ടെത്തി.

മലിനീകരണത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നതു പമ്പയും പെരിയാറും തന്നെ. ഇരുകരകളിലും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പമ്പയിൽ മനുഷ്യർ തള്ളുന്ന മാലിന്യങ്ങൾ തന്നെ കൂടുതൽ. ഒഴുക്കു നിലച്ചു പ്രാണവായു ഇല്ലാതെ പമ്പ മരണശ്വാസം വലിക്കുന്നു. വ്യവസായ മാലിന്യങ്ങളാണു പെരിയാറിന്റെ ശാപം. ഈയിടെ കുറച്ചു കുറഞ്ഞിട്ടുണ്ടെന്നു മാത്രം. കരമനയും കല്ലായിയും മലിനീകരണം മൂലം ഈയിടെ വലിയ തകർച്ചയാണു നേരിട്ടത്. കനോലി കനാലിലൂടെ കോഴിക്കോട് നഗരത്തിലെയും പാർവതി പുത്തനാറിലൂടെ തിരുവനന്തപുരത്തെയും അഴുക്കുചാലുകൾ ഇരു നദികളെയും വിഷമയമാക്കി. അതേസമയം, മലബാറിലെ നദികൾ താരതമ്യേന മികച്ചതാണെന്ന സൂചന നമുക്കാശ്വസിക്കാനുണ്ട്.

താഴ്‌വാരങ്ങൾ മാത്രമാണു വെള്ളത്തെ മലിനപ്പെടുത്തുന്നതെന്നു കരുതേണ്ട. കീടനാശിനികളുടെ സാന്നിധ്യം പുഴകളിൽ കണ്ടെത്തിയിരിക്കുന്നത് ഇടുക്കി, പാലക്കാട്, വയനാട് മേഖലകളിൽ നിന്നാണ്. കാഡ്മിയം, ലെഡ്, നിക്കൽ, ക്രോമിയം പോലുള്ള ഘന ലോഹങ്ങൾ തലച്ചോറിനെ വരെ ബാധിക്കുന്നതാണ്. നദികളിലും വേമ്പനാട്ടു കായലിലും എന്തിന്, കുട്ടനാട്ടിലെ വയലുകളിൽ നിന്നു വരെ അവ കണ്ടെത്തിക്കഴിഞ്ഞു. എൻഡോസൾഫാൻ മുതൽ ഫ്യൂറിഡാൻ വരെയുള്ള കീടനാശിനികളും വെള്ളത്തിലുണ്ട്. കാൻസർ അടക്കമുള്ള രോഗങ്ങളാണ് ഈ വെള്ളം സമ്മാനിക്കുക. 

കണ്ണുതുറക്കൂ, കണ്ണില്ലാത്ത ഇവർ പറയുന്നു

‘നിങ്ങൾ ഞങ്ങളെ അന്ധരാക്കി...’ – സംസാരിക്കാൻ കഴിഞ്ഞെങ്കിൽ കണ്ണില്ലാത്ത ഈ കൊച്ചുമീൻ ഇങ്ങനെ പറയുമായിരുന്നു. പെരിയാറിൽ ജലപ്പരപ്പിൽ കാഴ്ചയില്ലാതെ തപ്പിനീന്തുന്ന ഈ മീൻകൂട്ടങ്ങളെ കാണുമ്പോഴെങ്കിലും നമ്മുടെ കണ്ണുതുറക്കേണ്ടതല്ലേ. ശരീരം വളഞ്ഞും, വാലില്ലാതെയും വളർച്ചയില്ലാതെയും വളരുന്ന മീൻതലമുറയെ പെരിയാറിലും വേമ്പനാട്ടിലും കണ്ടെത്തിയത് ഫിഷറീസ് സർവകലാശാലയാണ്.

പെരിയാറിൽ മൽസ്യങ്ങൾ കൂട്ടമായി ചത്തുപൊങ്ങിയപ്പോഴാണു സർവകലാശാലയിലെ ശാസ്ത്രസംഘം അന്വേഷണം നടത്തിയത്. വ്യവസായ മാലിന്യവും കീടനാശിനികളും ലോഹങ്ങളും അടക്കമുള്ള മാലിന്യം മൽസ്യങ്ങളുടെ വളർച്ചയെ ബാധിക്കുന്നു. ജനിതക ഘടനയ്ക്കു വരെ മാറ്റം. വാക വരാലും മുഷിയും അടക്കമുള്ള മീനുകൾ വംശനാശത്തിന്റെ ഭീഷണിയിലാണെന്നു ഫിഷറീസ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ബി. മധുസൂദനക്കുറുപ്പ് പറയുന്നു.

നാളെ: വരൾച്ചയുടെ മുന്നിൽ

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.