Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉൻ ഉന്നമിടുന്നത് ആരെയൊക്കെ ?

kim-jong-un

ഒരു അവിശുദ്ധ ബന്ധത്തിന്റെ കഥയാണ് ഇന്ന് പറയേണ്ടത്. പക്ഷേ, അതുപറയും മുൻപ് ഇന്നലെ വാഗ്ദാനം ചെയ്തതു പോലെ ഇന്ത്യയും ഉത്തര കൊറിയയും തമ്മിലുള്ള ഇരിപ്പുവശത്തെപ്പറ്റി പറയാം. കിം ജോങ് ഉൻ എന്ന ഉത്തര കൊറിയൻ ഏകാധിപതിക്ക് നമ്മുടെ മൻമോഹൻ സിങ്ങുമായി എങ്ങനെയായിരുന്നു ബന്ധം? ഇപ്പോൾ നരേന്ദ്ര മോദിയുമായോ? ഉത്തര കൊറിയയ്ക്ക് ഇന്ത്യയോടു പ്രത്യേകിച്ചു പിണക്കമൊന്നുമില്ല. എന്നു മാത്രമല്ല, ചൈന കഴിഞ്ഞാൽ അവർക്ക് ഏറ്റവും കൂടുതൽ വാണിജ്യബന്ധങ്ങളുള്ള രാജ്യം ഇന്ത്യയാണു താനും. താഴെ കൊടുത്തിരിക്കുന്ന കണക്കുകൾ ഇതു വ്യക്തമാക്കും.

korea-export

ആ രഹസ്യ ബന്ധം

‌കച്ചവടക്കാര്യത്തിൽ അവർക്ക് ഇന്ത്യയെ കൂട്ടിനു വേണമെന്നുണ്ടെങ്കിലും നമുക്കു പക്ഷേ, അവരോടു ചില പരിഭവങ്ങളുണ്ട്. ഉത്തരകൊറിയയുടെ ഉറ്റ സുഹൃത്തും സഹായിയും ചൈനയാണ്. കച്ചവടത്തിനപ്പുറം സൈനിക സഹായവും രാഷ്ട്രീയ പിന്തുണയും എല്ലാം നൽകുന്നതു ചൈന തന്നെ. അതു സഹിക്കാം. കാരണം, എല്ലാവരും അറിഞ്ഞുള്ള ഒരു ഇടപാടാണത്. പക്ഷേ, ഇരുട്ടിന്റെ മറവിലൂടെ അവർ ഒരു രഹസ്യബന്ധം ഉണ്ടാക്കിയെടുക്കുന്നുണ്ട്. അത് നമ്മുടെ ശത്രുവായ അയൽക്കാരനുമായാണ് എന്നറിയുമ്പോൾ എങ്ങനെ സമാധാനത്തോടെ മൂടിപ്പുതച്ചു കിടന്നുറങ്ങാനാകും?

Read More: ഇതു ലോകം വേറെ: ഉത്തര കൊറിയയിൽ എല്ലാം വ്യത്യസ്തം; ‘അടി’ മുതൽ മുടി വരെ...

ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങൾക്ക് സഹായം നൽകുന്നതു പാക്കിസ്ഥാൻ ആണെന്നു രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിക്കഴിഞ്ഞു. സാങ്കേതികവിദ്യയും ഉപകരണങ്ങൾപോലും രഹസ്യമായി കടത്തുന്നു. ഇരു രാജ്യങ്ങളും ഇതു നിഷേധിക്കുന്നുണ്ട്. അല്ലെങ്കിലും ഇത്തരം ഇടപാടുകൾ ആരും പുറത്തുപറയാറില്ലല്ലോ.

കൊറിയൻ യുദ്ധത്തിലും ഒരു മലയാളി !

unni-nair

എവിടെയും ഒരു മലയാളിയെ തിരയും, കേരള ബന്ധം കണ്ടെത്തും എന്നതാണല്ലോ നമ്മുടെ ഒരു ‘കുറ്റം’. കൊറിയൻ യുദ്ധത്തിനുമുണ്ട് ഒരു മലയാളി ബന്ധം; അവിടെയും വീണിട്ടുണ്ട്, മലയാളി രക്തം – കേണൽ എം.കെ. ഉണ്ണി നായർ. 1911ൽ പാലക്കാട് പറളിയിൽ ജനിച്ച മനയ്ക്കമ്പാട്ട് കേശവൻ ഉണ്ണി നായർ മികച്ച പത്രപ്രവർത്തകനായിരുന്നു.

1938ൽ സൈന്യത്തിൽ ചേർന്നു. 1950ൽ കൊറിയ യുദ്ധഭൂമിയിൽ സമാധാനശ്രമങ്ങൾക്ക് ഐക്യരാഷ്ട്ര സംഘടന നിയോഗിച്ച കമ്മിഷനിൽ ഉണ്ണി നായർ ഇന്ത്യയുടെ പ്രതിനിധിയായി. കൊറിയയിൽ ഔദ്യോഗിക സന്ദർശനത്തിനിടെ കുഴിബോംബ് സ്ഫോടനത്തിൽ അദ്ദേഹം രക്തസാക്ഷിയായി – മുപ്പത്തൊൻപതാം വയസിൽ. ഉണ്ണി നായരുടെ പേരിൽ ദക്ഷിണ കൊറിയയിൽ ഒരു സ്‌മാരകമുണ്ട്.

ഉന്നിന്റെ ശത്രുക്കൾ

അതു പ്രത്യേകിച്ചു പറയാനുണ്ടോ? ആദ്യ ശത്രു ദക്ഷിണ കൊറിയ. ഒപ്പം തന്നെ അമേരിക്ക. താഴെ കൊടുത്തിരിക്കുന്ന ചിത്രം ഒരു അമേരിക്കൻ യുദ്ധക്കപ്പലിന്റേതാണ്. ഉത്തര കൊറിയയിൽ ഒരു മ്യൂസിയമായി പ്രവർത്തിക്കുന്നു ഇതിപ്പോൾ.

USS Pueblo

ഒരു അമേരിക്കൻ പടക്കപ്പൽ പിടികൂടി കൈവശം വയ്ക്കുന്ന ഏകരാജ്യമാണ് ഉത്തരകൊറിയ. യുഎസിന്റെ ചാരക്കപ്പലായ യുഎസ്എസ് പ്യൂബ്ലോ 1968 ജനുവരി 23നാണ് പിടികൂടിയത്. യുദ്ധസമയത്തല്ലാതെ ഒരു പടക്കപ്പൽ പിടിച്ചെടുക്കണമെങ്കിൽ എന്തായിരിക്കും പക ! അമേരിക്കയോട് ഉത്തര കൊറിയയ്ക്ക് എന്താണിത്ര ശത്രുത? അതറിയണമെങ്കിൽ അൽപം ചരിത്രമറിയണം.

ചരിത്രമെന്നു കേട്ടു പേടിക്കേണ്ട. കൊറിയയുടെ അഞ്ചു ഭൂപടങ്ങളിലൂടെ കാര്യം എളുപ്പത്തിൽ പറയാം. ആദ്യം താഴെ കൊടുത്തിരിക്കുന്ന ഭൂപടം–1 നോക്കുക. രണ്ടാം ലോക മഹായുദ്ധം വരെ ജപ്പാന്റെ അധീനതയിൽ കൊറിയ കഴിഞ്ഞ കാലമാണത്. ലോകമഹായുദ്ധത്തിൽ ജപ്പാൻ തോറ്റതോടെ കൊറിയയിൽ അവരുടെ അധികാരവും നഷ്ടമായി.

north-korea

പക്ഷേ, വിജയിച്ച സഖ്യകക്ഷികൾ, കൊള്ളമുതൽ വീതിക്കുന്നതു പോലെ കൊറിയയെ മുറിച്ചെടുത്തു – തങ്ങളോടു ചേർന്നു കിടക്കുന്ന വടക്കൻ ഭാഗം സോവിയറ്റ് യൂണിയൻ ഏറ്റെടുത്തു; തെക്കൻ ഭാഗം അമേരിക്കയും. (ഭൂപടം രണ്ടിലെ നിറവ്യത്യാസം ശ്രദ്ധിക്കുക.) 1950 ജൂൺ 25ന് ദക്ഷിണ കൊറിയയിലേക്ക് ഉത്തര കൊറിയ ഇരച്ചുകയറി കൊറിയൻ യുദ്ധത്തിന് തുടക്കമിടുന്നതുവരെ ഈ നില തുടർന്നു.

അടി

ഇനി മൂന്നാം ഭൂപടം. രണ്ടു മാസം കൊണ്ട് ഉത്തര കൊറിയൻ സൈന്യം പിടിച്ചെടുത്ത സ്ഥലങ്ങളാണു ചുവപ്പു നിറത്തിൽ കാണുന്നത്. ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളും പ്രമുഖ നഗരമായ ഇഞ്ചോണും മറ്റുപ്രദേശങ്ങളും പിടിച്ചടക്കി തെക്കേ അറ്റംവരേയെത്തി. ദക്ഷിണ കൊറിയ, പുസാൻ എന്നീ കുഞ്ഞുപ്രദേശത്തേക്ക് ഒതുക്കപ്പെട്ടു.

Read More: ഉത്തര കൊറിയ: ലോകത്തെ ഭയാശങ്കകളിലാഴ്ത്തുന്ന ദുരൂഹരാജ്യം

തിരിച്ചടി

ഭൂപടം 4. യുഎസും യുഎൻ നേതൃത്വത്തിലുള്ള സൈന്യവും ദക്ഷിണകൊറിയയ്ക്കൊപ്പം ചേർന്നു നടത്തിയ തിരിച്ചടിയാണിത്. കരയിലേക്കടിച്ച തിരമാല തിരിച്ചിറങ്ങുന്നപോലെ ഉത്തര കൊറിയ പിന്മാറി. തലസ്ഥാനമായ പ്യോങ്യാങ് കീഴടക്കിയെ സംയുക്തസേന ഒരു ലക്ഷത്തിലേറെ ഉത്തര കൊറിയൻ സൈനികരെ തടവിലാക്കി.

സമനില

അതോടെ, ചൈന രംഗപ്രവേശം ചെയ്തു. ഒപ്പം, റഷ്യൻ പിന്തുണയും. അടിയും തിരിച്ചടിയുമായി മൂന്നു വർഷം നീണ്ട യുദ്ധം 1953 ജൂലൈ 27നാണ് അവസാനിച്ചത്. യുഎൻ മധ്യസ്ഥതയിൽ കൊറിയയെ രണ്ടായി പകുത്തു. (ഭൂപടം 5) രണ്ടു രാജ്യങ്ങളെയും വേർതിരിക്കാൻ 250 കിലോമീറ്റർ നീളത്തിൽ നാലു കിലോമീറ്റർ വീതിയിൽ സൈനികരഹിത മേഖലയും സ്ഥാപിച്ചു.

korea-war

ഭരണാധികാരികളുടെ അധികാരമോഹവും വാശിയും മൂലം മരിച്ചുവീണ സാധാരണക്കാരുടെ എണ്ണം കണ്ടില്ലേ? കൊറിയൻ യുദ്ധത്തിന്റെ ബാക്കി പത്രം.

ഉന്നിനെ പേടിച്ച് അമേരിക്ക

ലോകപൊലീസിനെ ഒട്ടും പേടിയില്ല കിങ് ജോങ് ഉന്നിന്. അതുകൊണ്ടാണല്ലോ യുഎസിനെ ആക്രമിക്കും എന്ന് പരസ്യമായി തന്നെ ഉൻ പലവട്ടം പറഞ്ഞത്. അമേരിക്കയ്ക്ക് ഭയക്കാതെ തരമില്ല. കാരണം. യുഎസ് പ്രദേശമായ അലാസ്‌കയിലെത്താവുന്ന മിസൈലുകൾ ഉത്തര കൊറിയ സ്വന്തമാക്കിക്കഴിഞ്ഞു. എന്നാൽ, അതുകൊണ്ടും തൃപ്തിയില്ല ഉന്നിന്. അമേരിക്കയുടെ ഒരു തുമ്പിൽ കൊണ്ടു മിസൈലിട്ടാൽ പോരാ. വാഷിങ്ടണിലേക്കു തന്നെ മിസൈലെത്തിക്കണം. അതിനായുള്ള ശ്രമങ്ങളിലാണിപ്പോൾ.

military

അസ്വസ്ഥരായ അമേരിക്കയും കൂട്ടരും ഏതു നിമിഷവും തങ്ങളെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് ഉന്നിനു കൃത്യമായി അറിയാം. അമേരിക്കയെ മാത്രമല്ല, ലോകത്തെ മുഴുവൻ ഒറ്റയ്ക്കു നേരിടേണ്ടി വന്നാൽ അതിനും തയാറെന്ന മട്ടിലാണ് ഉത്തരകൊറിയ. മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ നിന്ന് ഏറ്റവുമധികം തുക പ്രതിരോധത്തിനായി ചെലവഴിക്കുന്ന രാജ്യമാണ് ഉത്തര കൊറിയ (22%). ലോകത്ത് ഏറ്റവുമധികം കരുതൽ സൈന്യം ഉള്ള രാജ്യം കൂടിയാണിത്. ജനസംഖ്യയുടെ 40 ശതമാനവും സൈനികർ !

കടലിനടിയിൽ വലവിരിച്ച്

മുങ്ങിക്കപ്പലുകളിലാണ് ഉത്തരകൊറിയയുടെ ഏറ്റവും വലിയ മേധാവിത്വം. ലോകത്ത് ഏറ്റവും കൂടുതൽ മുങ്ങിക്കപ്പലുകളുള്ള (72) രാജ്യം. ഭൂമിയിൽ കുഴിംബോബ് വിതയ്ക്കുന്നപോലെ കടലിനടിയിൽ മുങ്ങിക്കപ്പലുകൾ വിന്യസിച്ചിരിക്കുകയാണ്. ഇവയുടെ കൃത്യമായ സ്ഥാനം ഒരു അമേരിക്കൻ സാറ്റലൈറ്റിനും കണ്ടെത്താനായിട്ടില്ല. ഇനി ഒരു ചിത്രം കാണുക.

metro-station

ഇതു പോങ്യാങ്ങിലെ ഭൂഗർഭ മെട്രോ സ്റ്റേഷൻ. നാലു പതിറ്റാണ്ടിലേറെ മുൻപ് നിർമിച്ചത്. ലോകത്ത് ഏറ്റവും ആഴത്തിലുള്ള ഭൂഗർഭ മെട്രോയാണിത്. ഭൗമോപരിതലത്തിൽനിന്ന് 110 മീറ്റർ താഴ്‌ചയിൽ. ട്രെയിൻ ഓടിക്കുന്നതിനപ്പുറം ഇതിനു മറ്റൊരു ലക്ഷ്യംകൂടിയുണ്ട്. യുദ്ധം ഉണ്ടായാൽ ബോംബാക്രമണങ്ങളിൽ നിന്നു രക്ഷനേടാനുള്ള ഭൂഗർഭ അറകളാണിത് !

മാടിവിളിക്കും, വ്യാജസ്വർഗം

ഉത്തര–ദക്ഷിണ കൊറിയകൾക്കിടയിലെ സൈനികരഹിത മേഖലയിൽ ഉത്തരകൊറിയൻ ഭാഗത്ത് ഒരു സുന്ദരനഗരമുണ്ട് – കിജോങ് ഡോങ്. രാജ്യാന്തര നിരീക്ഷകരും മറ്റും ദക്ഷിണ കൊറിയ അതിർത്തിയിലെത്തിയാൽ കാണുക ഈ നഗരമാണ്.

Hotel-of-Doom

അവിടെയുള്ള 105 നില കെട്ടിടത്തിന്റെ ചിത്രമാണിത്. ഒരു ഹോട്ടലാണ് എന്നാണു വയ്പ്പ്. പക്ഷേ, സത്യത്തിൽ ഈ കെട്ടിടത്തിൽ ആരും താമസിക്കുന്നില്ല. ഈ നഗരം തന്നെ വ്യാജമാണ്. പ്രേതനഗരം ! ദക്ഷിണ കൊറിയക്കാരെ കൊതിപ്പിക്കാൻ വേണ്ടി മാത്രം നിർമിച്ചതാണിത്. പക്ഷേ, സത്യം വൈകാതെ പുറത്തായി. ആൾത്താമസമില്ലാത്ത ലോകത്തെ ഏറ്റവും വലിയ കെട്ടിടം എന്ന റെക്കോർഡ് കിട്ടിയെന്നതു മാത്രമാണ് ഇതു നിർമിച്ചതുകൊണ്ടുണ്ടായ മെച്ചം.

ഇതു സിനിമ വേറെ

ഇന്നലെ ഒരു സിനിമാക്കഥ പറഞ്ഞല്ലോ – പൽഗസാരി എന്ന ഭീകരന്റെ കഥ. കിം ജോങ് ഉന്നും 2014ൽ ഇങ്ങനെയൊരു സിനിമയുടെ പിന്നാലെ പോയി. അതുപക്ഷേ, ഇഷ്ടം കൊണ്ടല്ല. തന്നെ വില്ലനാക്കി ഹോളിവുഡിൽ ദി ഇന്റർ‌വ്യൂ എന്ന സിനിമ ഒരുങ്ങുന്നുവെന്നറിഞ്ഞപ്പോഴേ, ഉൻ മുന്നറിയിപ്പു നൽകിയതാണ്. പക്ഷേ, നിർമാതാക്കളായ കൊളംബിയ പിക്ചേഴ്സ് പിൻമാറിയില്ല. തിയറ്ററുകാർ സിനിമ പ്രദർശിപ്പിക്കാൻ തയാറാകാതിരുന്നപ്പോൾ അവർ വാശിയോടെ സിനിമ ഇന്റർനെറ്റിലൂടെ പുറത്തിറക്കി.

ഏറെ വൈകിയില്ല, കൊളംബിയ പിക്‌ചേഴ്‌സിന്റെ മാതൃസ്ഥാപനമായ സോണിയുടെ വെബ്‌സൈറ്റ് ഉത്തരകൊറിയൻ ഹാക്കർമാർ തകർത്തു. ആ ആക്രമണത്തിന്റെ ക്ഷീണത്തിൽനിന്ന് സോണി ഇന്നും മോചിതമായിട്ടില്ല – പ്രത്യേകിച്ച് അവരുടെ സ്മാർട്‌ഫോൺ വിഭാഗം. ഇന്റർ‌നെറ്റിലെ യുദ്ധത്തിനായി 6000 പേരുള്ള സൈബർ സൈന്യത്തെ ഉത്തര കൊറിയ ഒരുക്കി നിർത്തിയിരിക്കുന്നത് വെറുതെയല്ലെന്ന് ലോകത്തിന് അതോടെ ബോധ്യപ്പെട്ടു.

ഉത്തര കൊറിയയിൽ ആകെയുള്ള വെബ്സൈറ്റുകളുടെ എണ്ണം എത്രയെന്നറിയുമോ? വെറും 38. ഇന്റർനെറ്റ് സൗകര്യം ഉന്നതർക്കു മാത്രം.

ഇതെല്ലാം വായിച്ചിട്ട് ഉത്തര കൊറിയ വരെ ഒന്നു പോയി വരാൻ തോന്നുന്നുണ്ടോ? ധൈര്യമായിട്ട് പൊയ്ക്കോളൂ. ആർക്കും പോകാനാവുന്ന രാജ്യം തന്നെയാണിത്. ടൂറിസം ഈ രാജ്യത്തിന്റെ പ്രധാന വരുമാനമാർഗങ്ങളിലൊന്നാണ് എന്നറിഞ്ഞാൽത്തന്നെ പേടിക്കേണ്ട കാര്യമൊന്നുമില്ലെന്നു വ്യക്തമാകുമല്ലോ. പക്ഷേ, പ്യോങ്യാങ്ങിൽ എത്തുന്നതു മുതൽ തിരിച്ചു വിമാനം കയറുന്നതു വരെ ടൂറിസ്റ്റ് ഗൈഡ് പറയുന്നതിനപ്പുറം ഒന്നും ചെയ്യരുതെന്നു മാത്രം. തോന്നും പോലെ കറങ്ങിനടക്കാനും സെൽഫിയെടുക്കാനും പറ്റില്ലെന്നേയുള്ളു. അതൊരു പ്രശ്നമല്ലെങ്കിൽ പോയി വരാം. പക്ഷേ, ഞങ്ങൾക്കു പോകാനാവില്ല. കാരണം, പത്രപ്രവർത്തകർക്ക് ഈ രാജ്യത്തിലേക്കു പ്രവേശനമില്ല. ദക്ഷിണകൊറിയക്കാർക്കും!

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.