Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തര കൊറിയ: ലോകത്തെ ഭയാശങ്കകളിലാഴ്ത്തുന്ന ദുരൂഹരാജ്യം

kim-jong-un

ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങളാണ് ഉത്തര കൊറിയ എന്ന രാജ്യം. ആണവമിസൈലുകളും ഹൈഡ്രജൻ ബോംബുകളും പരീക്ഷിച്ച് ഇടയ്ക്കിടെ ലോകത്തെ ഞെട്ടിക്കുന്ന ഈ രാജ്യത്തെക്കുറിച്ച് ആർക്കും കൃത്യമായ വിവരങ്ങളില്ല. കമ്യൂണിസത്തിൽ തുടങ്ങി ഏകാധിപത്യത്തിലെത്തിയ ഉത്തര കൊറിയയ്ക്ക് ഇപ്പോൾ ഒരു പ്രത്യയശാസ്ത്രമേയുള്ളു. അത് തീരുമാനിക്കുന്നത് ഒരു മുപ്പത്തിമൂന്നുകാരനാണ്. യുവാവായ ആ ഭരണാധികാരിയുടെ പേര് കിങ് ജോങ് ഉൻ.

missile

എന്തൊരു പരീക്ഷണം !

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ആണവ പരീക്ഷണങ്ങൾ നടത്തിയ ഏകരാജ്യമാണ് ഉത്തരകൊറിയ. ഈ വർഷം മാത്രം രണ്ട് ആണവ പരീക്ഷണങ്ങൾ – അവസാനത്തേത് ഈ മാസം ഒൻപതിന്. ഇന്നലെയും നടത്തി മിസൈൽ പരീക്ഷണം. അണ്വായുധരാജ്യങ്ങൾ പലതുണ്ട്. പാക്കിസ്ഥാൻ അടക്കമുള്ള ഇന്ത്യയുടെ ശത്രുരാജ്യങ്ങൾക്കു പോലുമുണ്ട് അവ. എന്നിട്ടും ഉത്തര കൊറിയയെ മാത്രം എന്തിനു ഭയപ്പെടണം? മറ്റു രാജ്യങ്ങൾ (കൂടിയോ കുറഞ്ഞോ അളവിൽ) രാജ്യാന്തര നിയമങ്ങളെ ഗൗനിക്കുമ്പോൾ ഉത്തരകൊറിയയ്ക്ക് അത് ബാധകമേയല്ല എന്നതാണു പേടിക്കാനുള്ള ഒരു കാരണം. അതു മാത്രമാണോ? അല്ല...

north-korea-map

മുകളിലെ ഭൂപടത്തിൽ മധ്യത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നതാണ് ഉത്തര കൊറിയ. അവരുടെ ആണവമിസൈലുകൾ എത്താവുന്ന സ്ഥലങ്ങളാണ് വൃത്തങ്ങൾക്കുള്ളിൽ. ഇന്ത്യയും ഗൾഫ് രാജ്യങ്ങളും റഷ്യയും എന്തിന്, അമേരിക്ക വരെ ഇതിനുള്ളിലുണ്ട്. ഈ രാജ്യങ്ങളിലേക്ക് ആണവ മിസൈൽ അയയ്ക്കാൻ ഉന്നിനു തോന്നിയാൽ....? അങ്ങനെയൊരു പേടി ആവശ്യമുണ്ടോ എന്നാണോ? എങ്കിൽ ചോക്ലേറ്റ് മുഖമുള്ള ഈ ഭരണാധികാരിയുടെ ചില വിക്രിയകൾ ആദ്യം വായിക്കൂ....

ഉറങ്ങിപ്പോയാൽ പിന്നെ ഉണരേണ്ടി വരില്ല !

കിം ജോങ് ഉന്നിന്റെ അപ്രീതി എപ്പോൾ, എന്തു കാരണത്തിന്റെ പേരിൽ ഉണ്ടാകുമെന്നു പറയാനാകില്ല. അപ്രീതി വന്നാൽ പിന്നെ മുന്നിൽ മരണം മാത്രം. എങ്ങനെ മരിക്കുന്നു എന്നതിൽ ചിലപ്പോൾ ഒരു വ്യത്യസ്തത പ്രതീക്ഷിക്കാമെന്നു മാത്രം. ഉന്നതർക്കുള്ള വധശിക്ഷ മിക്കപ്പോഴും വിമാനവേധ തോക്ക് ഉപയോഗിച്ചാണ്.

kim-jong-punishment

ഇങ്ങനെ എത്രയെത്ര പേർ. പുറംലോകം അറിഞ്ഞതും അറിയാത്തതും, ഒറ്റയ്ക്കും കൂട്ടമായും. സമാനതകളില്ലാത്ത ക്രൂരതയുടെ പേടിപ്പിക്കുന്ന കഥകളാണ് ഉത്തരകൊറിയ പുറംലോകത്തിനു നൽകുന്നത്.

വധശിക്ഷ: ഉൻ സ്റ്റൈൽ

kim-jong-un1

യുദ്ധവിമാനങ്ങൾ വെടിവച്ചിടാൻ ശേഷിയുള്ള റഷ്യൻനിർമിത സെഡ്പിയു–4 യന്ത്രത്തോക്ക് ഉപയോഗിച്ചാണ് പ്രതിരോധമന്ത്രി ചോലിനെ വെടിവച്ചുകൊന്നത് – അതും തോക്കിൽനിന്ന് 100 അടി മാത്രം അകലത്തിൽ നിർത്തി.

∙ ഉന്നതരെ വധിക്കുമ്പോഴാണ് ഈ തോക്കെടുക്കുന്നത്. ചിലപ്പോഴൊക്കെ വിഡിയോയിൽ ചിത്രീകരിക്കുകയും ചെയ്യും.

Read More: കടലിനടിയിലും വലവിരിച്ച് ഉത്തരകൊറിയ; പേടിച്ച് അമേരിക്ക

∙ 2013ൽ 80 പേരുടെ വധശിക്ഷ ഷിങ്പുങ് സ്പോർട്സ് സ്റ്റേഡിയത്തിൽവച്ച് നടപ്പാക്കി. ഇതു നേരിട്ടു കാണാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 10,000 പേരെ സ്റ്റേഡിയത്തിലെത്തിച്ചു.

ഉത്തര കൊറിയ കരയുന്നു

kim-jong-un4

ക്രൂരനായ ഭരണാധികാരികൾ എന്നു പുറംലോകം വിളിക്കുന്ന കിം ജോങ് ഉന്നിനെ അവിടുത്തെ ജനങ്ങൾ എത്ര ‘സ്നേഹിക്കുന്നു’ എന്നറിയാമോ? ഉത്തര കൊറിയയിലെ ജനങ്ങൾ കിം ചിരിക്കുമ്പോൾ കൂടെച്ചിരിക്കും, വാക്കുകൾക്കു കയ്യടിക്കും, സങ്കടം കൊണ്ടും സന്തോഷം കൊണ്ടും കരയും... ഇതിനു താഴെയുള്ള മൂന്നു ചിത്രങ്ങൾ കണ്ടാൽ മതി:

kim-jong-un3

2011ൽ കിം ജോങ് ഇൽ മരിച്ചപ്പോൾ വിലപിക്കുന്ന ജനങ്ങൾ. കൂട്ടനിലവിളിയുടെ ഇത്തരം ചിത്രങ്ങളും വിഡിയോകളുമാണ് അന്ന് ഉത്തര കൊറിയ പുറത്തുവിട്ടത്. പക്ഷേ, ഇവയൊക്കെ സ്വാഭാവികമല്ലെന്നും കൃത്യമായ പരിശീലനം നൽകിയും ഭയപ്പെടുത്തിയും കരയിച്ചതാണെന്നുമാണ് ‘അസൂയാലുക്കളായ’ രാജ്യങ്ങൾ പറയുന്നത്. വേണ്ട വിധത്തിൽ കരയാതിരുന്നവരെ ലേബർ ക്യാംപിൽ തടവിലിട്ടതായും വാർത്ത പുറത്തുവന്നു.

kim-jong-un2

കിം ജോങ് ഉന്നിനെ കണ്ടതിന്റെ സന്തോഷത്തിൽ കയ്യടിച്ചു കരയുന്ന കുട്ടികൾ. ‘ലോകത്തെ ഏറ്റവും സന്തോഷമുള്ള കുട്ടികൾ’ സന്തോഷം കൊണ്ടു കരയുന്നുവെന്നാണ് ഔദ്യോഗിക ഭാഷ്യം.

Read More: ഇതു ലോകം വേറെ: ഉത്തര കൊറിയയിൽ എല്ലാം വ്യത്യസ്തം; ‘അടി’ മുതൽ മുടി വരെ...

ഇത് സൈന്യത്തിലെ വനിതാ വിഭാഗത്തിന്റെ സന്തോഷക്കണ്ണീർ. സൈന്യത്തിന് ഊർജവും പ്രസരിപ്പും നൽകുകയാണ് ഈ സുന്ദരിപ്പട്ടാളത്തിന്റെ ദൗത്യം. ഉന്നിനു വേണ്ടി കരയുകയും ചിരിക്കുകയും ചെയ്യണമെന്നു മാത്രം. പക്ഷേ, കിം നേതൃത്വത്തോടു ജനങ്ങൾ കാണിക്കുന്ന ഈ ആദരം തോക്കുചൂണ്ടി സൃഷ്ടിക്കുന്നതല്ലെന്നാണു വർഷങ്ങളായി അവിടെ പ്രവർത്തിക്കുന്ന രാജ്യാന്തര റെഡ്ക്രോസ് പ്രതിനിധി ജാപ് ടിമർ പറയുന്നത്. ഉത്തര കൊറിയയിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ആരും മറിച്ചുപറയില്ലെന്നാണു ടിമറുടെ നല്ല സർട്ടിഫിക്കറ്റിനെപ്പറ്റിയുള്ള മറുവാദം.

ബ്രസീൽ ഒളിംപിക്സിൽ ഉത്തര കൊറിയയിൽ നിന്ന് 31 താരങ്ങൾ പങ്കെടുത്തു. 2 സ്വർണവും 3 വെള്ളിയും 2 വെങ്കലവും അവർ നേടി. മെഡലുകൾ നേടാൻ പറ്റാതെ പോയവർക്കും കിട്ടി ഒരു ‘സമ്മാനം’. അവർക്കെന്തു പറ്റി... പരമ്പര തുടരും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.