Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാളിത്യം, പ്രവൃത്തിയിലും ജീവിതത്തിലും

deendayal-upadhyaya-4 ദീൻദയാൽ ഉപാധ്യായ

ഭാഷ ആശയവിനിമയത്തിനുള്ളതായതിനാൽ ഏറ്റവും ലളിതമായ ഭാഷയിൽ‍ സംസാരിക്കുക എന്ന നിഷ്കർഷയായിരുന്നു ദീൻദയാൽ ഉപാധ്യായയുടെ പ്രത്യേകത. ലളിതമായ ഭാഷയിൽ‍ മാത്രം ‘ലാളിത്യം’ അദ്ദേഹം ഒതുക്കി നിർത്തിയില്ല. നടപ്പും എടുപ്പും ജീവിതവുമെല്ലാം അദ്ദേഹം ലളിതമാക്കിയപ്പോൾ അതു മാതൃകയാക്കാനായി കേരളത്തിൽ നിന്ന് അനുയായികളായവർ ഒട്ടേറെയുണ്ട്. ജനസംഘത്തിന്റെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു 41–ാം ദിവസം കൊലചെയ്യപ്പെട്ട ഉപാധ്യായയുടെ 100–ാം ജന്മദിനമാണ് നാളെ. ഒരു വർഷം നീളുന്ന കർമപരിപാടികളാണു ജന്മശതാബ്ദി വർഷത്തിൽ‍ ബിജെപി ആസൂത്രണം ചെയ്യുന്നത്.

ഉത്തരേന്ത്യയിൽ വേരുപിടിച്ചെങ്കിലും കേരളത്തിൽ ജനസംഘ ആശയത്തിനു വളക്കൂറില്ലെന്നു കരുതിയ കാലത്താണ് അദ്ദേഹം ഇവിടേക്കു വണ്ടി കയറിയത്. ആർഎസ്എസിന്റെ പ്രവർത്തകർ മാത്രം പേരിനുണ്ടായിരുന്ന അക്കാലത്ത് അവരെ കൂടെ കൂട്ടി കേരളത്തിൽ ജനസംഘം പ്രവർ‍ത്തനത്തിനു തുടക്കമിട്ടു. 1953ലാണ് അദ്ദേഹം ആദ്യമായി കേരളത്തിലെത്തിയത്. ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന കാലമാണത്. പാലക്കാട്, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ സഞ്ചരിച്ച് സംഘടനയിൽ ആളെ കൂട്ടാൻ തുടങ്ങി. കൂടെ കൂടിയവരെ ജനസംഘത്തിന്റെ ആദർശവും ലക്ഷ്യവും പറഞ്ഞു ബോധ്യപ്പെടുത്തി.

മലബാർ മേഖലയുടെ കൺവീനറായി പി. എൻ. ഭരതനെയും തിരു – കൊച്ചി മേഖലയുടെ കൺവീനറായി മാന്നാർ ഗോപാലൻ‍ നായരെയും നിയമിച്ച ശേഷമായിരുന്നു മടക്കം. 1956ൽ അദ്ദേഹം വീണ്ടുമെത്തി. മലബാറിലെയും തിരു – കൊച്ചിയിലെയും പ്രവർത്തകരെ വിളിച്ചു ചേർത്ത് ആലപ്പുഴയിൽ നടത്തിയ കൊച്ചുസമ്മേളനത്തിൽ സംസ്ഥാന ഭാരവാഹികളെ നിശ്ചയിച്ചു. സർദാർ കെ. എം. പണിക്കരുടെ ജ്യേഷ്ഠൻ ഡോ. കെ.പി. പണിക്കരെ പ്രസിഡന്റായും മാന്നാർ ഗോപാലൻ നായരെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. സംഘടനയുടെ പ്രവർ‍ത്തനം കേരള സംസ്ഥാനം എന്ന നിലയിൽ ഏകീകൃത സ്വഭാവത്തോടെ ആരംഭിച്ചത് ഇവിടെ നിന്നാണ്. കേരളത്തിൽ ജനസംഘം കിളിർത്തു തുടങ്ങിയതിന്റെ സന്തോഷം മനസ്സിൽ നിറച്ചാണ് ദീൻദയാൽ ഉപാധ്യായ അന്നു മടങ്ങിയത്.

1957ൽ സംഘടനയുടെ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറിയായി പി. പരമേശ്വരൻ എത്തി. ദീൻദയാൽ ഉപാധ്യായയുടെ ആശയങ്ങളുമായി അദ്ദേഹം സംസ്ഥാനത്തുടനീളം യാത്ര ചെയ്ത് അടിത്തട്ടിൽ സംഘടനാ പ്രവർത്തനം എത്തിച്ചു. 1958 സെപ്റ്റംബർ 21, 22, 23, 24 തീയതികളിൽ കോഴിക്കോട് ബേപ്പൂരിലെ നടുവട്ടത്ത് സംഘടനാ ക്യാംപ് സംഘടിപ്പിച്ചു. അന്നു കോട്ടയത്തിനു തെക്കു നിന്നു ക്യാംപിൽ പങ്കെടുത്ത ഏക ആൾ കെ. രാമൻപിള്ളയാണ്. കോഴിക്കോട് ജില്ലയിൽ നിന്നായിരുന്നു ക്യാംപിൽ കൂടുതൽ പ്രതിനിധികൾ പങ്കെടുത്തത്. 600 പേർ പങ്കെടുത്ത ക്യാംപിൽ ആദ്യവസാനക്കാരനായി ഉപാധ്യായ ഉണ്ടായിരുന്നു.

പ്രവർത്തകരുടെ ഓരോ സംശയത്തിനും സമയമെടുത്തു തന്നെ അദ്ദേഹം മറുപടി നൽകി. നേതാക്കൾക്ക് ഉണ്ടാവേണ്ട സ്വഭാവ വിശേഷങ്ങളെക്കുറിച്ച് അദ്ദേഹം ദീർഘമായി സംസാരിച്ചു. അധികാര മോഹമില്ലാത്ത, ആദർശനിഷ്ഠയുള്ളവരായിരിക്കണം നേതാക്കൾ എന്ന് ഉറപ്പിച്ചു പറഞ്ഞു. 1960കളിൽ നടന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിലാണു കേരളത്തിൽ ജനസംഘം ആദ്യമായി സ്ഥാനാർഥികളെ നിർത്തിയത്. അതിനു ധൈര്യവും പ്രോൽസാഹനവും നൽകിയതു ദീൻദയാൽ ഉപാധ്യായ ആയിരുന്നുവെന്നു കെ. രാമൻ‍പിള്ള ഓർമിക്കുന്നു. 1964ൽ കോഴിക്കോട് ചാലപ്പുറം ചാക്യാർമഠത്തിൽ നടന്ന ക്യാംപ് പുതിയൊരു നേതാവിനെ പരിചയപ്പെട്ടു – ഒ. രാജഗോപാൽ. ജനസംഘത്തിന്റെ ക്യാംപിൽ‍ ആദ്യമായി പങ്കെടുക്കാൻ രാജഗോപാൽ എത്തിയതായിരുന്നു.

1961ൽ ദീൻദയാൽ ഉപാധ്യായ പാലക്കാടെത്തിയപ്പോഴാണ് അഭിഭാഷകനായിരുന്ന രാജഗോപാൽ അദ്ദേഹത്തെ പരിചയപ്പെടുന്നത്. പരിചയപ്പെടുത്തിയതാകട്ടെ കെ. രാമൻപിള്ളയും. അഭിഭാഷകവൃത്തിയും കർഷക സംഘടനയുടെ നേതൃത്വവുമായി കഴിഞ്ഞിരുന്ന രാജഗോപാൽ ദീൻദയാൽ ഉപാധ്യായയ്ക്കു മുന്നിൽ ഒട്ടേറെ ചോദ്യങ്ങളും സംശയങ്ങളും നിരത്തി. കൂടുതലും കർഷക സംബന്ധമായ ചോദ്യങ്ങളായിരുന്നു. എല്ലാറ്റിനും ലളിതമായ ഭാഷയിൽ തൃപ്തികരമായ മറുപടി ലഭിച്ചു. അതോടെ ജനസംഘത്തിൽ ചേരാൻ രാജഗോപാൽ തീരുമാനിക്കുകയായിരുന്നു.

പിന്നീട് സംഘടനയിൽ സജീവമായി. 65ൽ‍ എറണാകുളം ജില്ലയിലെ വെളിയത്തുനാട് ഗ്രാമത്തിൽ സംഘടിപ്പിച്ച ക്യാംപിലാണു കേരളത്തിൽ ആദ്യമായി ദീൻദയാൽ ഉപാധ്യായ ഏകാത്മമാനവ ദർശനത്തെക്കുറിച്ചു സംസാരിച്ചത്. അതിനും മുൻപ് ഗ്വാളിയറിലാണ് ഈ ദർശനം അദ്ദേഹം ആദ്യമായി മുന്നോട്ടു വച്ചത്. പിന്നീട് വിജയവാഡയിൽ ചേർന്ന ജനസംഘത്തിന്റെ ദേശീയ കൗൺസിൽ യോഗത്തിൽ ഏകാത്മമാനവ ദർശനവും ജനസംഘം തത്വനയവും അദ്ദേഹം അവതരിപ്പിച്ചിരുന്നു. അതിനു മുൻപും തത്വവും നയങ്ങളും സംഘടനയ്ക്ക് ഉണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ വിശദമായ അവതരണം ആദ്യമായിട്ടായിരുന്നു. 1967 ഒക്ടോബറിൽ തൃശൂരിൽ ചേർന്ന ക്യാംപിലാണു ദേശീയ സമ്മേളനം കോഴിക്കോട്ടു നടത്താൻ തീരുമാനമെടുക്കുന്നത്.

സാമ്പത്തിക കാര്യങ്ങളിൽ ഉൾപ്പെടെ ഒട്ടേറെ കാര്യങ്ങളിൽ സംസ്ഥാന നേതാക്കൾക്ക് അന്ന് ആശങ്കയുണ്ടായിരുന്നു. ഭയക്കാതെ സമ്മേളന നടപടികളുമായി മുന്നോട്ടു പോകാനായിരുന്നു ഉപാധ്യായയുടെ നിർദേശമെന്നു രാമൻപിള്ള ഓർക്കുന്നു. സംഘാടനത്തിൽ സഹായിക്കാൻ മഹാരാഷ്ട്രയിൽ നിന്നു പ്രവർത്തകരെ അയച്ചുകൊടുത്തു. സമ്മേളനം വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് 16 വർഷത്തെ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു പാർട്ടിയുടെ അധ്യക്ഷനായി അദ്ദേഹം കേരളത്തിൽ നിന്നു മടങ്ങിയത്. മടക്കമില്ലാത്ത യാത്രയായിരുന്നു അത്. സമ്മേളനം നടന്നു 41–ാം ദിവസം ഉപാധ്യായ കൊല്ലപ്പെട്ടു. കോഴിക്കോട് സമ്മേളനത്തിനു ശേഷമാണ് പി. നാരായണൻ‍ ആർഎസ്എസിൽ‍ നിന്നു ജനസംഘത്തിന്റെ നേതൃനിരയിലേക്കു വളർന്നത്.

പി. പരമേശ്വരൻ ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറിയായി പി. നാരായണനാണു ചുമതലയേറ്റത്. പ്രകടനാത്മകതയില്ലാത്ത, ഹൃദയത്തെ സ്പർശിക്കുന്ന വ്യക്തിത്വമായിരുന്നു ദീൻദയാൽ ഉപാധ്യായ. പുതിയ തലമുറയിലെ നേതാക്കൾക്കു പാഠപുസ്തകമാകേണ്ട വ്യക്തിത്വം. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.