Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നേം സിനിമേലെടുത്തേ! പക്ഷേ...

കുളിപ്പിക്കുമ്പോൾ ആന്റി പറഞ്ഞു: ‘‘കൊച്ചുകള്ളൻ! സിനിമേൽ അഭിനയിക്കാൻ പൂവ്വാ... മിടുക്കനാ... കുസൃതി കാണിക്കാതെ അടങ്ങിയൊതുങ്ങി നിന്നു ബിഹേവ് ചെയ്താൽ മതി... ബാക്കി ഞങ്ങളേറ്റു!’’ 

ഒരു തെരുവുബാലന്റെ റോളാണ്. അച്ഛനമ്മമാർ റോഡിൽ ഉപേക്ഷിച്ച ബാലൻ. കരിപുരണ്ടു വികൃതനായി, അങ്ങിങ്ങു മുറിവേറ്റു കഴിയുന്ന അവനെ ഒരു സാമൂഹികപ്രവർത്തക കണ്ടെടുത്തു സ്വന്തം ഓമനയെപ്പോലെ വളർത്തുന്നു – അതാണു രംഗം. സിനിമയെടുക്കുന്നത് ഒരു ക്ലബ്ബിനുവേണ്ടിയാണ്. ആന്റിയുടെ കയ്യിൽ മൂവായിരം രൂപയുടെ ചെക്കും കൊടുത്തു; എന്റെ ആദ്യപ്രതിഫലം.

കുളി കഴിഞ്ഞു വന്നപ്പോഴേക്കും സിനിമാക്കാർ എത്തി. മേയ്ക്കപ്പ്മാൻ എന്റെ ദേഹത്ത് അവിടവിടെ കറുത്ത ചായവും ചെളിയും പുരട്ടി. കൈമുട്ടിലും കാൽമുട്ടിലും ചോരപ്പെയിന്റുമടിച്ചു. രണ്ടു ദിവസമായി ‘ഡയറ്റ്’ ആയിരുന്നു. എന്റെ വാരിയെല്ലുകൾ മുഴച്ചുനിന്നു.

തലേൽ തൊപ്പി വച്ച ആൾ (ഡയറക്ടർ) ആന്റിയോടു പറഞ്ഞു: ‘‘വലിയ ആൾത്തിരക്കും കടകളുമില്ലാത്ത ഒരു റോഡ് സൈഡിൽ കുട്ടനെ കൊണ്ടുപോയി നിർത്തിയിട്ട് ആന്റി പോകണം. നമ്മുടെ സാമൂഹികപ്രവർത്തക വരും. കാറിൽനിന്നിറങ്ങി അവർ മോനെ കോരിയെടുക്കും. അപ്പോഴേക്കും ടിവി ചാനലുകാരും പത്രക്കാരും ഷൂട്ടുചെയ്യും. എന്നിട്ടവർ മോനെ വീട്ടിൽ കൊണ്ടുപോകും. മേയ്ക്കപ്പ്മാനും ആന്റീംകൂടി അവനെ കുളിപ്പിച്ചു റെഡിയാക്കണം. പിന്നെ വീണ്ടും ഷൂട്ട്. സാമൂഹികപ്രവർത്തക ‘ചക്കരക്കുട്ടാ’ എന്നു പറഞ്ഞു താലോലിക്കുന്ന കുറെ സീൻ.’’

പറഞ്ഞതുപോലെ ആന്റി എന്നെയുംകൊണ്ടു കാറിൽ പുറപ്പെട്ടു. ചപ്പുചവറൊക്കെയുള്ള ഒരു റോഡരികിൽ എന്നെ ഇറക്കിയിട്ട് ആന്റി പറഞ്ഞു: ‘‘മോൻ സമാധാനമായിട്ട് ഇവിടെ അടങ്ങി നിൽക്കണം. ദാ, ഈ മുട്ടായി കഴിക്ക്...ബോറടിക്കാതിരിക്കാനാ. മറ്റേ ചേച്ചി ഇപ്പോൾ വരും.’’ 

ആന്റി തന്ന മുട്ടായി കിട്ടിയപാടേ ഞാൻ ചവച്ചു. ചവയ്ക്കുന്തോറും, എന്റെ പല്ലുകൾ തമ്മിൽ ഒട്ടിപ്പോയി.

വൈകാതെ അടുത്ത കാർ വന്നു. അതിൽനിന്നു സാമൂഹികപ്രവർത്തക ഇറങ്ങിവന്ന് എന്നെ കോരിയെടുത്ത് ഒക്കത്തിരുത്തി. ചുറ്റും ടിവി ക്യാമറകളുടെ ബഹളം. അവർ പറഞ്ഞു: ‘‘ഞാനീ പാവം കുട്ടിയെ തെരുവിൽനിന്നു കണ്ടെടുത്തു. ഇവനെ ഞാൻ രക്ഷിക്കും...വളർത്തും. ഇതെന്റെ സാമൂഹികസേവനമാണ്; കാരുണ്യപ്രവൃത്തിയാണ്.’’ 

പിന്നെ വീട്ടിൽ ചെന്നു മേയ്ക്കപ്പ്മാൻ എന്റെ മേയ്ക്കപ്പൊക്കെ തുടച്ചുമാറ്റി. ആന്റി വീണ്ടും എന്നെ കുളിപ്പിച്ചു. വീണ്ടും ഞാൻ പഴയ ഞാനായി. 

സോഫയിൽ എന്നെ മടിയിലിരുത്തി സാമൂഹികപ്രവർത്തക ലാളിക്കുന്ന രംഗവും ഷൂട്ട് ചെയ്തു. ടിവിക്കാർ പോയപ്പോൾ അവരെന്നെ സോഫയിൽ കിടത്തി. അവർ വാഷ്ബേസിനിൽ പിന്നെയും പിന്നെയും കൈ കഴുകി.

ക്ഷീണം കാരണം ഞാൻ സോഫയിൽ കിടന്നു മയങ്ങി. അതിനിടെ ആന്റി വന്നു. സാമൂഹികപ്രവർത്തകയോടുള്ള സംഭാഷണം മയക്കത്തിലും ഞാൻ കേട്ടു. 

സാമൂഹികപ്രവർത്തക: ‘‘ആന്റി ഒരു മിടുക്കിയാ. ച്യൂയിങ് ഗം കൊടുത്ത് അവന്റെ താടികൾ തമ്മിൽ ഒട്ടിച്ചുകളഞ്ഞല്ലോ...ഗ്രേറ്റ്!’’ 

ആന്റി: ‘‘ഡയറക്ടർ പറഞ്ഞത് അവന്റെ നാലു തേറ്റപ്പല്ലുകൾ രാകി മിനുക്കണമെന്നാ. കൊച്ചല്ലേ എന്നു കരുതി ഞാനതു വേണ്ടെന്നു പറഞ്ഞു.’’ 

സാമൂഹികപ്രവർത്തക: ‘‘ഞാൻ അവനെ ഉമ്മവയ്ക്കുന്നതു ഷൂട്ട് ചെയ്താരുന്നു...ആന്റി വരുന്നതിനു മുൻപ്. അവന്റെ വായ മൊത്തം പൊത്തിപ്പിടിച്ചു ഞാൻ എന്റെ കയ്യിൽത്തന്നെയാ ഉമ്മവച്ചത്. അതാർക്കും മനസ്സിലാവത്തുമില്ല!’’ രണ്ടുപേരും കുടുകുടെ ചിരിച്ചു.

ആന്റി: ‘‘എപ്പഴാ ഇവൻ കടിക്കുന്നതെന്നു പറയാൻ പറ്റില്ല. കടിച്ചില്ലേലും കയ്യിലും മുഖത്തും നക്കുന്ന സ്വഭാവമുണ്ട് ഇവന്. എന്തായാലും അങ്ങനെ ഉമ്മവച്ചതു നന്നായി.’’ 

സാമൂഹികപ്രവർത്തക: ‘‘ആന്റിക്കു ‘വൈറ്റി’ എന്നൊരു മോളുണ്ടായിരുന്നെന്നു ഡയറക്ടർ പറഞ്ഞല്ലോ. യൂ ഹാവ് ത്രോൺ ഹെർ ടു ദ് സ്ട്രീറ്റ്?’’ 

ഇംഗ്ലിഷ് എനിക്കു മനസ്സിലായില്ല. 

ആന്റി: ‘‘ഓ, അവൾക്ക് എല്ലാ വാക്സിനും കൊടുത്തതാ. പക്ഷേ, പെട്ടെന്നു വല്ലാത്തൊരു ചൊറീം ചെരങ്ങും വന്നു. ചികിത്സിച്ചിട്ടും ഫലമുണ്ടായില്ല. ഇന്ന് ഇവനെ നിർത്തിയില്ലേ, അതിനപ്പുറത്തു മുനിസിപ്പാലിറ്റിയുടെ വേസ്റ്റ് ബിൻ ഉണ്ടായിരുന്നു...അടപ്പില്ലാത്ത ഒരു വീപ്പ. ഞാനൊരു രാത്രി അതിനെ അതിൽ കൊണ്ടു തള്ളി!’’ 

കണ്ണടച്ചു കിടക്കുമ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. എന്റെ കളിക്കൂട്ടുകാരിയായ വൈറ്റിയെ ഈ പിശാച് റോഡിൽ കൊണ്ടു കളയുകയായിരുന്നോ? ചിന്തകളെ മുറിച്ചു സാമൂഹികപ്രവർത്തകയുടെ ശബ്ദം മുഴങ്ങി: ‘‘നാളെ മൃഗസ്നേഹി ക്ലബ്ബിന്റെ ചടങ്ങിൽവച്ച് ഇവന് ആന്റി റാബീസ് വാക്സിൻ കൊടുക്കുന്നുണ്ട്. നാളെ മൂന്നു ച്യൂയിങ് ഗം കൊടുക്കണം.’’ പിന്നെയും പൊട്ടിച്ചിരി.

ആന്റി: ‘‘കാര്യമൊക്കെ ശരി, ഇവനും ആ നശിച്ച സ്കിൻ ഡിസീസ് വന്നാൽ...ചൊറി വന്നാൽ ഇവനെയും ഞാൻ ആ വീപ്പയിൽ തള്ളും!’’ 

ഒരു നായയുടെ ജന്മം ഇങ്ങനെയൊക്കെയാണെന്ന് എനിക്കു മനസ്സിലായി. നായയ്ക്കും ഒരു ദിവസമുണ്ട്. നാളത്തെ ചടങ്ങിൽവച്ചു ഞാൻ ഇവരുടെ ച്യൂയിങ് ഗം തുപ്പിക്കളഞ്ഞ് ഒന്നു റെഡിയാകും. ആദ്യം സാമൂഹികപ്രവർത്തകയുടെ മുഖം. ഉമ്മ വയ്ക്കാൻ വരട്ടെ...അന്നേരം കടിച്ചു ശരിയാക്കും. ‘നിൽക്കു ബ്രൗണീ’ എന്നു വിളിച്ച് ആന്റിയെന്ന പിശാചും വരും. അവരെ ശരിക്കു കടിച്ചു കുടയും. ഇത്തരം കള്ളനാണയങ്ങളുടെ മുഖംമൂടി വലിച്ചുകീറാൻ മുഖത്തുതന്നെ കടിക്കണം !

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.