Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറ്റുമൊഴുക്കും, വാശിയോടെ...

Harippad

എള്ളിന് ഏഴു വഴിയെന്ന ചൊല്ലിൽ തന്നെ ആരെയും ഉള്ളു തുറന്നു സ്നേഹിക്കുന്ന ഓണാട്ടുകരയുടെ മനസ്സുണ്ട്. ആവോളമുള്ള എള്ളിൻ പാടങ്ങളിലൂടെ ആർ‌ക്കും ഏതുവഴിയും എപ്പോഴും നടന്നു പോകാമെന്നു ചുരുക്കം. രണ്ട് എള്ളിൻ കതിരുകൾ കൈകൊണ്ടു വകഞ്ഞാൽ ഒരു വഴിയായി.

ഏവരെയും കൈനീട്ടി സ്വീകരിക്കുന്ന ഓണാട്ടുകരക്കാരന്റെ മനസ്സുതന്നെയാണ് ഹരിപ്പാട്ടുകാർക്കും. 1957 മുതൽ എട്ടു വട്ടം യുഡിഎഫും അഞ്ചു വട്ടം എൽഡിഎഫും വിജയിച്ചു. ഓളപ്പരപ്പിനെ കീറിമുറിച്ചു പായുന്ന ചുണ്ടൻ‌വള്ളങ്ങളുടെ നാടാണ് ഹരിപ്പാട്. ഏതു വിശേഷത്തിനും വാശിയേറിയ ഒരു വള്ളംകളിയില്ലാതെ പറ്റുകയുമില്ല. കൂടപ്പിറപ്പായ ഈ പോരാട്ട വീര്യം മൂന്നു മുന്നണികളിലും കാണാം.

അമരക്കാരിൽ ഒരാളായ മന്ത്രി രമേശ് ചെന്നിത്തല തന്നെ കളത്തിലിറങ്ങിയതോടെ യുഡിഎഫിന് മൽസരം നെഹ്റുട്രോഫി വള്ളംകളി പോലെയായെന്നാണ് യുഡിഎഫിന്റെ വിശ്വാസം. റെക്കോർഡ് ഭൂരിപക്ഷത്തിൽ‌ ഫിനിഷിങ് പോയിന്റിലേക്കു പായാൻ തുഴ എറിഞ്ഞു കഴിഞ്ഞു.

എന്നാൽ ഒരു വള്ളപ്പാടകലെയാണ് കഴിഞ്ഞ തവണ കിരീടം പോയതെന്നും ഒത്തു പിടിച്ചാൽ കിരീടം തിരിച്ചു പിടിക്കാമെന്നുമാണ് സിപിഐയുടെ വാശി. വിഐപി മണ്ഡലമായതിനാൽ വെറും സ്ഥാനാർഥി പോരാ സംസ്ഥാന സെന്ററിൽ നിന്നുള്ള പ്രതിനിധി തന്നെ വേണമെന്ന് സിപിഐ തീരുമാനിച്ചതിലെ കാരണവും മറ്റൊന്നുമല്ല. സംസ്ഥാന നിർവാഹക സമിതി അംഗവും പരിസ്ഥിതി പ്രവർത്തകനുമായ പി. പ്രസാദിനെയാണ് സിപിഐ പങ്കായം ഏൽപ്പിച്ചിട്ടുള്ളത്. അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകർ അടക്കമുള്ള സംഘത്തെ രംഗത്തിറക്കി പ്രചാരണം കൊഴുപ്പിക്കുകയാണ് ഇടതു മുന്നണി.

കാറ്റും ഒഴുക്കും നല്ലപോലെ നോക്കിത്തന്നെയാണ് ബിജെപിയും സ്ഥാനാർഥിയെ നിശ്ചയിച്ചത്. ജില്ലാ സെക്രട്ടറിയും കായംകുളം നഗരസഭാ കൗൺസിലറുമായ ഡി. അശ്വിനിദേവിനാണു നറുക്കു വീണത്. വി.വി. രാജേഷിനെ അടക്കമുള്ള സംസ്ഥാന നേതാക്കളെ പരിഗണിച്ച ശേഷമാണ് നാട്ടുകാരനായ അശ്വിനിദേവിനെ തീരുമാനിച്ചത്. നിങ്ങളെന്നെ ഹരിപ്പാട്ടുകാരനാക്കിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞാൽ അതിശയോക്തി ഒട്ടുമില്ല. പേരിന്റെ മുന്നിൽ ചെന്നിത്തലയെന്നുണ്ടെങ്കിലും രമേശിന്റെ ഹൃദയത്തിൽ ഹരിപ്പാടാണുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് എത്തിയപ്പോൾ രമേശ് ചെന്നിത്തല നാട്ടുകാരെക്കണ്ടപ്പോൾ വിതുമ്പിപ്പോയതും അതുകൊണ്ടാണ്. 1982ൽ കന്നി മൽ‌സരത്തിൽ ഇവിടെ നിന്നു ജയിച്ച രമേശ് അന്നു ഗ്രാമവികസന മന്ത്രിയായി. 1987ൽ വിജയം ആവർത്തിച്ചെങ്കിലും പിന്നീട് ലോക്സഭയിലേക്കു കളംമാറ്റി. 2011ൽ തിരിച്ചെത്തിയ രമേശിനൊപ്പം തന്നെ ഹരിപ്പാടും നിന്നു.

കഴിഞ്ഞവട്ടം നാട്ടുകാർക്കു രമേശ് ചെന്നിത്തല ഒരു വാക്കു നൽകിയിരുന്നു. ഹരിപ്പാടിനെ മാതൃകാ മണ്ഡലമാക്കുമെന്ന്. ആ വാക്കു പാലിച്ചുവെന്നതാണ് യുഡിഎഫിന്റെ ആത്മവിശ്വാസം. പുതിയ മെഡിക്കൽ കോളജും നല്ല റോഡുകളും പാലങ്ങളും അടങ്ങുന്ന ഹരിപ്പാട് രമേശിനും ചാരിതാർഥ്യം പകരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ലീഡു ചെയ്ത ജില്ലയിലെ രണ്ടു മണ്ഡലങ്ങളിൽ ഒന്നാണ് ഹരിപ്പാട്. ഹരിപ്പാട് നഗരസഭയിലും ഏഴു പഞ്ചായത്തുകളിലും യുഡിഎഫ് ഭരണമാണ്. രണ്ടിടത്തു മാത്രമാണ് എൽഡിഎഫ് വിജയിച്ചത്.

വള്ളവും വെള്ളവും കാറ്റും തുഴയും തുഴക്കാരും എല്ലാം ഒത്തുവന്നാലേ ചുണ്ടൻ വേണ്ടതുപോലെ ഫിനിഷിങ് പോയിന്റിൽ എത്തൂ എന്ന് വള്ളംകളിക്കാർ പറയും. ഒത്തുപിടിക്കാൻ തന്നെയാണ് സിപിഐയുടെ തീരുമാനം. മികച്ച സ്ഥാനാർഥിയെ കളത്തിലിറക്കിയും നിലവിലെ എംഎൽഎയുടെ വികസനവാദങ്ങൾ നുണയെന്ന് പ്രചാരണം നടത്തിയും കാറ്റ് അനുകൂലമാക്കാമെന്ന് പാർട്ടിക്കുറപ്പുണ്ട്. പി. പ്രസാദിന് മണ്ഡലത്തിൽ നല്ല ബന്ധങ്ങളുള്ളത് അവർക്കു പ്രതീക്ഷ പകരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടു വർധനയാണ് ബിജെപിയുടെ തുറുപ്പു ചീട്ട്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 3145 വോട്ടുകൾ ലഭിച്ച ബിജെപി തദ്ദേശ തിര‍ഞ്ഞെടുപ്പിൽ 13540 ആയി ഉയർത്തി. നഗരസഭയിലടക്കം 11 സീറ്റുകളും നേടി.

സ്റ്റാർട്ടിങ് പോയിന്റിൽ മൂന്നു മുന്നണികളും നിരന്നു കഴിഞ്ഞു. ഇടിയന്റെ താളത്തിൽ മാത്രമാണ് തുഴക്കാരുടെ ശ്രദ്ധയെങ്കിൽ നാട്ടുകാരുടെ കണ്ണ് ഫിനിഷിങ് പോയിന്റിലാണ്. ഏതു ചുണ്ടന്റെ തല ആദ്യമെത്തുമെന്നറിയാൻ കാത്തിരിപ്പു തന്നെ വേണം.

Your Rating: