Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിക്ക് രണ്ടാമങ്കം, താമര ഹിറ്റാക്കാൻ രാജസേനൻ, കണക്കുകൾ നിരത്തി റഷീദ്; അരുവിക്കര ആരെ കൊള്ളും

aruvikara1

മാസങ്ങൾക്കു മുമ്പ് അരുവിക്കര ഉപതിരഞ്ഞെട‌ുപ്പിൽ ചാനലുകളുടെ ഒബി വാനുകൾ നിറഞ്ഞ ആര്യനാട് ജംഗ്ഷൻ ആളനക്കമില്ലാതെ ചുട്ടുപഴുത്ത് കിടക്കുന്നു. ജംഗ്ഷനു നടുവിലെ ഗാന്ധി പ്രതിമയിൽ ആരോ വെള്ളമൊഴിക്കുന്നു. ഫോട്ടോയെടുക്കാൻ അടുത്തു ചെന്നപ്പോൾ പ്രതിമയുടെ പിന്നിൽനിന്ന് ശബ്ദമുയർന്നു. ‘ഗാന്ധിയുടെ കണ്ണട വച്ചിട്ടില്ല. പ്രതിമ കഴുകാനായി മാറ്റിയതാണ്. അതൂടെ വച്ചിട്ട് എടുക്കാമണ്ണാ’. കോൺഗ്രസ് പ്രവർത്തകരാണ്. തിരഞ്ഞെടുപ്പ് പ്രമാണിച്ച് പ്രതിമ വൃത്തിയാക്കൽ തകൃതിയായി നടക്കുന്നു.

aruvikara4

കോൺഗ്രസ് സ്ഥാനാർഥിയും എംഎൽഎയുമായ ശബരിനാഥന്റെ തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങുന്നത് ആര്യനാട് ജംഗ്ഷനിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ്്. മണ്ഡല പര്യടനത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചിട്ടില്ലെങ്കിലും മണ്ഡലത്തിലെ മുക്കിലും മൂലയിലും ഓടിയെത്തുന്ന തിരക്കിലാണ് ശബരിനാഥൻ.

വെള്ളനാട് ദേവീഷേത്രത്തിലെ പൊങ്കാല സ്ഥലത്തുനിന്ന് ശബരിനാഥനെ കണ്ടെത്താൻ ബുദ്ധിമുട്ടേണ്ടിവന്നില്ല. സ്ഥലം എംഎൽഎയ്ക്ക് ചുറ്റും നാട്ടുകാരുടെ വലിയകൂട്ടം. തിരഞ്ഞെടുപ്പിലെ വിജയ സാധ്യതയെക്കുറിച്ച് സ്ഥാനാർഥിയോട് നേരിട്ടു ചോദിച്ചു. ‘എട്ടുമാസമെന്നത് ഒരു ജനപ്രതിനിധിയെ സംബന്ധിച്ച് ചെറിയ കാലയളവാണ്. എന്നാൽ, ഇതുപറഞ്ഞ് മ‌‌ടിപിടിച്ചിരിക്കാതെ കഴിയാവുന്നതെല്ലാം മണ്ഡലത്തിനായി ചെയ്തിട്ടുണ്ട്. ജനങ്ങളുടെ ഈ സ്നേഹം അതിന് തെളിവാണ്.’-ചിരിയോടെ ശബരി പറയുന്നു.

aruvikara

കഴിഞ്ഞ ഉപതിരഞ്ഞെ‌ട‌ുപ്പിൽ, 2011ലെ 7,694 വോട്ടിൽനിന്ന് 34,145 വോട്ടിലേക്കു ബിജെപിയുടെ ലീഡ് ഉയർത്തിയതിൽ ചെറുതല്ലാത്ത പങ്ക് വഹിച്ച സ്ഥലമാണ് വെള്ളനാട്. സൂപ്പർസ്റ്റാർ സുരേഷ്ഗോപി ബിജെപിക്കായി തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ സ്ഥലം. ഇത്തവണ ബിജെപി പച്ചപിടിക്കുമോ? ചോദ്യം അവസാനിക്കുന്നതിന് മുൻപ് വെള്ളനാട്ടെ ബേക്കറി ഉടമ സനീഷിന്റെ വക പഞ്ച് ഡയലോഗെത്തി, ഹിറ്റായ പുകയില നിരോധന പര്യത്തിലെ വാചകം പോലെ-‘ ഈ തിരഞ്ഞെടുപ്പിൽ ബിജെപി വലിയവില കൊടുക്കേണ്ടിവരും, സംവിധായകൻ രാജസേനനും’.

ബിജെപി സ്ഥാനാർഥിയാക്കിയിരിക്കുന്നത് സംവി‌ധായകൻ രാജസേനനെയാണ്. രാഷ്ട്രീയവുമായി ബന്ധമില്ലാത്ത രാജസേനന് ബിജെപിക്കാർപോലും വോട്ടുചെയ്യില്ലെന്ന് ചുറ്റുമിരിക്കുന്നവർ തീർത്തു പറയുന്നു. എന്നാൽ, അതുപെട്ടെന്ന് അംഗീകരിക്കാൻ ബിജെപി പ്രവർത്തകനായ രമേശ് തയ്യാറല്ല. രാജഗോപാലിന് കിട്ടിയ വോട്ടിനേക്കാൽ കൂടുതൽ വോട്ട് ഇത്തവണ നേടുമെന്നാണ് രമേശിന്‍റെ അവകാശവാദം.

പൊരിവെയിലിൽ തിളച്ചു മറിയുകയാണ് അരുവിക്കര മണ്ഡലത്തിലെ ബോണക്കാട്. ടൂറിസ്റ്റ് കേന്ദ്രമായ പൊൻമുടിയുടെ സാമീപ്യമൊന്നും വെയിലിന്റെ കാഠിന്യം കുറയ്ക്കുന്നില്ല. എൽഡിഎഫിന്റെ സ്ഥാനാർഥി എ.എ.റഷീദിന്റെ തിരഞ്ഞെടുപ്പ് പ്രചരണം ബോണക്കാടാണ്. പ്രചരണ പരിപാടിക്കെത്തിയ തോട്ടം തൊഴിലാളികളോടായി റഷീദ് ചോദിക്കുന്നു- തോട്ടം തൊഴിലാളികളുടെ ലയങ്ങൾ നവീകരിക്കുമെന്നു പറഞ്ഞുപോയ കോൺഗ്രസ് പാർട്ടിക്കാർ എവി‌‌ടെ? അവർക്ക് തൊഴിലാളികളുടെ ക്ഷേമത്തിൽ താത്പര്യം ഇല്ലെന്നതിന് തെളിവാണ് തകർന്ന ലയങ്ങൾ. തിരഞ്ഞെട‌ുപ്പിൽ മികച്ച വിജയം നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് റഷീദ്.

aruvikara2

കേരളത്തിലെ രാഷ്ട്രീയക്കാരെല്ലാം അരുവിക്കരയിൽ കേന്ദ്രീകരിച്ച ഉപതിരഞ്ഞെടുപ്പിൽ മാധ്യമങ്ങൾ ഹിറ്റാക്കിയ ചിക്കൻതോരനും, സ്പെഷ്യൽ കപ്പയും ചമ്മന്തിയുമെല്ലാം ആളെ കാത്തിരിപ്പാണ്. അരുവിക്കരയിലെ കോഴികളെല്ലാം ‘കടുത്ത ഭീഷണി’ നേരിട്ട കഴിഞ്ഞ ഉപതിരഞ്ഞെടുപ്പു കാലമായിരുന്നു സാമ്പത്തികമായി ഏറ്റവും നേട്ടം സമ്മാനിച്ചതെന്ന് ഹോട്ടൽ വ്യാപാരികൾ ഒറ്റസ്വരത്തിൽ പറയുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കച്ചവടം കൂടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

aruvikara3

കേരളത്തിൽതന്നെ ഏറ്റവും കൂടുതൽ വ്യാജവാറ്റ് നടന്നിരുന്ന പറണ്ടോട്ടെ കോട്ടയ്ക്കകം ശാന്തമാണ്. തിരക്കെല്ലാം ആര്യനാട്ടെ ബിവറേജസ് ഷോപ്പിലാണ്. പുതിയ സർക്കാരിന്റെ മദ്യനയവും ബാർകോഴയുമെല്ലാം ഉപഭോക്താക്ളുടെ കമന്റുകളായി അന്തരീക്ഷത്തിൽ ഒഴുകി ന‌‌ടക്കുന്നു.

കഴിഞ്ഞ ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ സിപിഎമ്മിലെ സമ്പത്തിന് മണ്ഡലത്തിൽ ലഭിച്ചത് 4,164 വോട്ടിന്റെ ഭൂരിപക്ഷമാണ്. ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടികൾക്കുശേഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ മുന്നേറ്റം സാധ്യമായി. എട്ടുപഞ്ചായത്തുകളിൽ ആര്യനാട്, വെള്ളനാട് പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫിന് മുന്നേറാനായത്. ഈ കണക്കുകളിലാണ് എൽഡിഎഫ് വിശ്വാസമർപ്പിക്കുന്നത്. ശബരിനാഥിന്റെ വ്യക്തിപ്രഭാവത്തിൽ മണ്ഡലം നിലനിർത്താമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. കനത്ത പോരാട്ടം കാഴ്ച്ചവയ്ക്കാമെന്ന പ്രതീക്ഷയിൽ ബിജെപിയും.

Your Rating: