Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരുമിച്ചു നിന്നവർ എതിരാളികൾ; സൗഹൃദ പോരാട്ടത്തിന് തടസമില്ലെന്ന് പ്രഖ്യാപനം

candidates-changanassery

മൂന്നര പതിറ്റാണ്ടായി ഒറ്റ ക്ലൈമാക്സിലെത്തുന്ന ചങ്ങനാശേരി ചിത്രത്തിന്റെ ഷൂട്ടിങ് ഇത്തവണ അൽപം വൈകിയാണു തുടങ്ങിയത്. ആളെക്കൊല്ലുന്ന ചൂടല്ല കാരണം. കേരള കോൺഗ്രസ് തറവാട്ടിൽ ഒരുമിച്ച് ഒരു ഇലയിൽ നിന്ന് ഉണ്ടിരുന്ന രണ്ടുപേർ നേർക്കുനേർ വരുന്ന തിരക്കഥ തയാറാകാൻ അൽപം കാലതാമസം വന്നു. നാട്ടുപ്രകൃതവും സൗമ്യസ്വഭാവവും സൂക്ഷിക്കുന്ന ഖദർധാരികളാണ് ഈ മുഖ്യകഥാപാത്രങ്ങൾ. കേരള കോൺഗ്രസിനെ പിടിച്ചുകുലുക്കിയ അന്തർ നാടകങ്ങൾക്കൊടുവിലാണു ഡോ. കെ.സി.ജോസഫ് ഇടതുസ്ഥാനാർഥിയായി കേരള കോൺഗ്രസ് ഡപ്യുട്ടി ചെയർമാൻ സി.എഫ്.തോമസിന്റെ എതിരാളിയായി വന്നത്. രാഷ്ട്രീയ വാസം ഒരുമിച്ചായിരുന്നതിനാൽ അങ്ങോട്ടും ഇങ്ങോട്ടും എറിയാൻ കല്ലുകൾ കുറവാണ്. കഴിഞ്ഞ ദിവസം പ്രചാരണവഴിയിൽ ഇരുവരും കണ്ടുമുട്ടിയപ്പോൾ ആഴമുള്ള നിശ്ശബ്ദതയ്ക്കു ശേഷം ഏറെ നേരം സംസാരിച്ചു നിന്നു. ചങ്ങനാശേരിയുടെ നായകനെ നിശ്ചയിക്കുന്നതിനുള്ള പോരാട്ടത്തിൽ പക്ഷേ, ഇൗ സൗഹ്യദത്തിനു സ്ഥാനമില്ല.

എൻഎസ്‌എസ് ആസ്‌ഥാനവും കത്തോലിക്കാ അതിരൂപതയുടെ ആസ്‌ഥാനവും ഒത്തുചേരുന്ന മണ്ഡലത്തിലെ സ്ഥാനാർഥികളുടെ കൈത്തഴക്കം ആർക്കും ചോദ്യംചെയ്യാൻ പറ്റില്ല. യുഡിഎഫ് സ്ഥാനാർഥി സി.എഫ്.തോമസ് തന്റെ ഒൻപതാം മൽസരത്തിനാണ് ഇറങ്ങുന്നത്. ഒരു തവണപോലും തോൽവിയറിയാത്ത ആൾ. യുഡിഎഫിനൊപ്പമുള്ള രാഷ്ട്രീയവാസം വിട്ട് ചുവപ്പൻ ഇടനാഴിയിലൂടെ ഡോ.കെ.സി. ജോസഫ് എത്തുന്നതു പത്താം മൽസരത്തിനാണ്. ആറു ജയമുണ്ട് സമ്പാദ്യമായി. ആർഎസ്എസിലൂടെ ബിജെപിയിലെത്തിയ ഏറ്റുമാന്നൂർ രാധാകൃഷ്ണൻ തന്റെ അഞ്ചാം പോരിനാണ് എത്തിയിരിക്കുന്നത്.

കഴിഞ്ഞദിവസം യുഡിഎഫ് നിയോജകമണ്ഡലം കൺവൻഷനിൽ സ്ഥാനാർഥി സി.എഫ്.തോമസ് പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ പ്രഖ്യാപിച്ചു. ഇൗ ഉൗഴംകൂടി മാത്രമേ താനുള്ളൂവെന്ന്. ആദ്യം ചില മുറുമുറുപ്പൊക്കെ ഉയർന്നെങ്കിലും സിഎഫ്.തോമസിന് ഒരു അവസരം കൂടി കെ.എം.മാണി നൽകിയത് വിജയം കൊണ്ടുവരുമെന്നതിൽ പാർട്ടിക്കു സംശയമില്ലാത്തതിനാലാണ്. ഈ പരിഗണന കിട്ടിയതോടെ സ്ഥാനാർഥിയായപ്പോഴേ താൻ ജയിച്ചുവെന്നാണു സി.എഫ്. തോമസ് പറഞ്ഞത്. അവസാന മൽസരത്തിന് വോട്ടഭ്യർഥിക്കുമ്പോൾ മണ്ഡലത്തിന്റെ സ്നേഹവും ഒപ്പം ഭൂരിപക്ഷവും ഉയരുമെന്നു സിഎഫിനുറപ്പുണ്ട്. ചങ്ങനാശേരിയുടെ രാഷ്ട്രീയ ഗണിതം അത്ര കണിശമായി അറിയാവുന്ന പഴയ ഗണിതശാസ്ത്ര അധ്യാപകനാണു സി.എഫ്. മൂന്നര പതിറ്റാണ്ടാണു ചങ്ങനാശേരിയെ തനിക്കൊപ്പം ചേർത്തുനിർത്തിയത്. മണ്ഡലത്തിൽ നടത്തിയ വികസനവും മണ്ഡലത്തിലെ 20 വീടുകളെടുത്താൽ കുറഞ്ഞത് പത്തു വീടുകളിലെങ്കിലും സർക്കാരിന്റെ സഹായം നേരിട്ടെത്തിച്ചെന്ന കണക്കുകളുമാണു സിഎഫ്. തോമസിന്റെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. മണ്ഡലം നിറയുന്ന പരിചിതവലയങ്ങളാണു വിജയമന്ത്രം.

constituency-changanassery

കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതിയിൽ അടുത്തടുത്ത കസേരയിൽ ഇരുന്നവരാണു സി.എഫ്.തോമസും ഡോ.കെ.സി.ജോസഫും. തിരഞ്ഞെടുപ്പു പ്രഖ്യാപനം കഴിഞ്ഞുണ്ടായ കേരള കോൺഗ്രസിനു (ഡി) വേണ്ടി സിപിഎം വാതിലുകൾ തുറന്നിട്ടു കാത്തിരുന്നപ്പോൾ ചങ്ങനാശേരിക്ക് ഒരു ഡോക്ടറുടെ ചികിൽസ വേണമെന്നുകൂടി പാർട്ടിയുടെ മനസ്സിലുണ്ടായിരുന്നു. സമുദായനേതൃത്വങ്ങളുമായുള്ള ഡോ.കെ.സി.ജോസഫിന്റെ അടുപ്പമായിരുന്നു ഇൗ താൽപര്യത്തിനു പിന്നിൽ. 1982 മുതൽ 2006 വരെ തുടർച്ചയായി എംഎൽഎയായിരുന്ന കുട്ടനാട് മണ്ഡലത്തിൽ താൻ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ നിരത്തിയാണ് ഈ ഡോക്ടർ ചങ്ങനാശേരിക്കു മരുന്നു കുറിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ വർധിച്ച വോട്ട് ഓഹരിയിലാണു ബിജെപിയുടെ കണ്ണ്. ചങ്ങനാശേരിയുടെ രാഷ്ട്രീയ അതിർത്തി മാറ്റിവരയ്ക്കാമെന്ന കണക്കുകൂട്ടലിൽ പോരിനിറങ്ങുന്ന ഏറ്റുമാനൂർ രാധാകൃഷ്ണൻ ബിജെപിയുടെ മുൻ ജില്ലാ പ്രസിഡന്റാണ്. 22,000 വോട്ടാണു പഞ്ചായത്തു തിരഞ്ഞെടുപ്പിൽ എൻഡിഎ മണ്ഡലത്തിൽ നിന്നു നേടിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു മൂന്നര ഇരട്ടി വോട്ടുകൾ. മുൻ പ്രചാരകനുവേണ്ടി ആർഎസ്എസ് പ്രവർത്തകരാണ് എല്ലാ വീടുകളിലേക്കും നടന്നെത്തുന്നത്.

യുഡിഎഫിലെ അസ്വസ്ഥതകളെ വോട്ടാക്കാമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് കേന്ദ്രങ്ങൾ. എൽഡിഎഫിനും തലവേദനയായി ചില ചേരായ്മകളുണ്ട്. കഴിഞ്ഞ തിര‍ഞ്ഞെടുപ്പിൽ സിഎഫ്. തോമസിന്റെ ഭൂരിപക്ഷം ഏറ്റവും താഴ്ത്തിയെടുത്ത് 2554 ആയി യുഡിഎഫിനെ ഞെട്ടിച്ചത് സിപിഎമ്മിലെ ഡോ.ബി. ഇക്ബാലാണ്. തോൽവി പിണഞ്ഞെങ്കിലും ഡോ. ഇക്ബാൽ കഴിഞ്ഞ അഞ്ചുവർഷവും ചങ്ങനാശേരിയിൽ നിറഞ്ഞുനിന്നിരുന്നു. പുതിയ സാഹചര്യവും മുന്നണി മാറ്റവും ഡോ. ഇക്ബാലിനു പകരം ഡോ.കെസി ഇടതു സ്ഥനാർഥിയായതും സിപിഎമ്മിന്റെ താഴെത്തട്ടിൽ ഇനിയും ദഹിക്കാതെ കിടക്കുന്നു.

ചങ്ങനാശേരി നഗരസഭയ്ക്കു പുറമേ മാടപ്പള്ളി, വാഴപ്പള്ളി, പായിപ്പാട്, കുറിച്ചി പഞ്ചായത്തുകളിൽ യുഡിഎഫ് ഭരണമാണ്. തൃക്കൊടിത്താനം പഞ്ചായത്തിൽ മാത്രമാണ് ഇടതുഭരണം. എൽഡിഎഫിനൊപ്പമുണ്ടായിരുന്ന കുറിച്ചിയും പായിപ്പാടും ഇൗ തിര‍ഞ്ഞെപ്പിൽ യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. ചങ്ങനാശേരി നഗരസഭയിൽ നാലു സീറ്റുൾപ്പെടെ പിടിച്ച ബിജെപിക്ക് ആകെ 13 പഞ്ചായത്ത് അംഗങ്ങളുണ്ട് മണ്ഡലത്തിൽ. ശീലങ്ങൾ ഇവിടെ മാറ്റിയെഴുതപ്പെടുമോ എന്നത് ആകാംക്ഷയുണർത്തുന്ന ചോദ്യം.

Your Rating: