Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്തത്തിലുള്ളത്, പോരാട്ടവീര്യം

kannur-candidates

ഇടത്തും വലത്തും എഴുതാവുന്ന പേരാണ് കണ്ണൂരിന്റേത്. ഇടതുപക്ഷത്തിന്റെ ചെങ്കോട്ടയാണു ജില്ലയെങ്കിൽ കണ്ണൂർ നിയമസഭാ മണ്ഡലത്തിന് കാലങ്ങളായി മറുഭാഗത്തേക്കാണ് ചായ്‌വ്. ചരിത്രവും കണക്കും യുഡിഎഫിനൊപ്പം നിൽക്കുമ്പോഴും മണ്ഡലത്തിലെ രണ്ടു തദ്ദേശ സ്ഥാപനങ്ങളിലും ഇടതിനാണു ഭരണം. ചെങ്കടലിനു നടുവിലെ യുഡിഎഫിന്റെ ഈ തുരുത്ത് ഇക്കുറി പച്ചത്തലപ്പുകാട്ടി ഇരുകൂട്ടരെയും കൊതിപ്പിക്കുന്നു.

ഇടംവലം നോക്കാതെയുള്ള പോരാട്ടത്തിനിറങ്ങുന്നതാകട്ടെ ഇടതുപക്ഷത്തെ കോൺഗ്രസുകാരൻ രാമചന്ദ്രൻ കടന്നപ്പള്ളിയും കമ്യൂണിസ്റ്റ് കുടുംബത്തിൽ പിറന്നു കോൺഗ്രസിലെത്തിയ സതീശൻ പാച്ചേനിയും !

മൂന്നരപ്പതിറ്റാണ്ടായി യുഡിഎഫിനെ മാത്രം തുണച്ചതാണ് മണ്ഡലം. പക്ഷേ ഈ കോട്ടയ്ക്കുള്ളിലുണ്ടാക്കിയ കോർപറേഷനിലെ പ്രഥമ തിരഞ്ഞെടുപ്പിൽതന്നെ വിമതപ്പട വിള്ളൽ വീഴ്ത്തി. വിമതന്റെ പിന്തുണയോടെ കോർപറേഷനിൽ എൽഡിഎഫ് അധികാരവും പിടിച്ചു. കോർപറേഷനിലെ കോൺഗ്രസ് വിമതർക്കു സ്വാധീനമുള്ള പള്ളിക്കുന്ന്, പുഴാതി മേഖലകൾ അഴിക്കോട് മണ്ഡലത്തിന്റെ ഭാഗമായതിനാൽ കണ്ണൂരിൽ കാര്യമായ ഭീഷണിയില്ല. എങ്കിലും കണ്ണൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന വാർഡുകളിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്! കോർപ്പറേഷനു പുറമെ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഏക പഞ്ചായത്തിലാകട്ടെ ഇടതു ഭരണവും. തദ്ദേശ തിരഞ്ഞെടുപ്പിലെ ഈ കണക്കുകളിലാണ് എൽഡിഎഫിന്റെ പ്രതീക്ഷ നാമ്പിടുന്നത്. എന്നാൽ പി.കെ. ശ്രീമതി വിജയിച്ച 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പോലും കണ്ണൂർ നിയമസഭാമണ്ഡലം പരിധിയിൽ കെ. സുധാകരനു ലഭിച്ച 8057 വോട്ടിന്റെ ഭൂരിപക്ഷം ചൂണ്ടിക്കാട്ടി യുഡിഎഫ് ആ പ്രതീക്ഷയുടെ വേരറുക്കുന്നു.

കരുത്തരെത്തന്നെ ഇരുപക്ഷവും കളത്തിലിറക്കിയിട്ടുണ്ട് തലയെടുപ്പുള്ള രണ്ടു നേതാക്കളെ ചെറുപ്പത്തിന്റെ ചോരത്തിളപ്പുകൊണ്ട് വിറപ്പിച്ച പാരമ്പര്യമുണ്ട് കണ്ണൂരിലെ ഇരു സ്ഥാനാർഥികളും. 26 വയസുള്ളപ്പോൾ ഇ.കെ. നായനാരെ കാസർകോട് ലോക്സഭാ മണ്ഡലത്തിൽ കടന്നപ്പള്ളി തോൽപ്പിച്ചെങ്കിൽ 2001ൽ മലമ്പുഴയിൽ വി.എസ്. അച്യുതാനന്ദന്റെ ഭൂരിപക്ഷം വെട്ടിക്കുറച്ചിട്ടുണ്ട് പാച്ചേനി.

പറഞ്ഞുവരുമ്പോൾ രണ്ടുപേരും കോൺഗ്രസുകാർ. രാമചന്ദ്രൻ കടന്നപ്പള്ളി കോൺഗ്രസ് എസിന്റെ സംസ്ഥാന പ്രസിഡന്റ്. സതീശൻ പാച്ചേനി കെപിസിസി ജനറൽ സെക്രട്ടറി. വിദ്യാർഥി രാഷ്‌ട്രീയത്തിലൂടെ തുടങ്ങി, വിദ്യാർഥി സംഘടനയുടെ സംസ്‌ഥാന പ്രസിഡന്റ് പദം വരെ വഹിച്ചവർ. ഉടവുതട്ടാത്ത ആദർശമുടുക്കുന്നവർ; അഴിമതിയാരോപണങ്ങളുടെ കറപുരളാത്ത ഖദർ ധരിക്കുന്നവർ. പരസ്പരം വ്യക്തിപരമായ ഒരാരോപണം പോലുമുയരുന്നില്ല. ബിജെപി സ്ഥാനാർഥിയായി സാമൂഹിക പ്രവർത്തകനായ കെ.ജി. ബാബു കൂടിയെത്തുമ്പോൾ മാന്യതയുടെ വെൺമയുള്ള മൽസരമാകുന്നു കണ്ണൂരിലേത്.

ചാവേറാകാനായിരുന്നു ഇതേവരെ പാച്ചേനിയുടെ നിയോഗം. തോൽക്കുമെന്നുറപ്പുള്ളിടത്തും പക്ഷേ വീറോടെ പടനയിച്ചു. കാരണം ജൻമിത്വത്തിനെതിരെ പടനയിച്ച് മാവിച്ചേരി കൊലക്കേസിൽ കെ.പി.ആർ. ഗോപാലനൊപ്പം ജയിലിൽ കഴിഞ്ഞ സഖാവ് പാച്ചേനി ഉറുവാടന്റെ കൊച്ചുമകൻ സതീശനു പോരാട്ടം രക്തത്തിലുണ്ട്. മാരാരിക്കുളത്തെ പാലംവലി പേടിച്ചു മലമ്പുഴയിലെത്തിയ വിഎസിനെ 2001ൽ വെള്ളംകുടിപ്പിച്ച പാച്ചേനി, 2009 ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ഇഞ്ചോടിഞ്ചു പോരാടി. കഴിഞ്ഞ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പക്ഷേ അവസാനനിമിഷം വരെ പറഞ്ഞുകേട്ട സതീശന്റെ പേര് ഒടുവിൽ വെട്ടിമാറ്റപ്പെട്ടു. ഇക്കുറിയും അതാവർത്തിക്കുമെന്ന ഘട്ടമെത്തിയപ്പോഴാണു എ ഗ്രൂപ്പുകാരനായ പാച്ചേനിയെ കെ. സുധാകരൻ ഒപ്പം ചേർത്തുപിടിച്ചു കണ്ണൂരിലേക്ക് നിയോഗിച്ചത്. കണ്ണൂർക്കോട്ട പാച്ചേനിയെ ഏൽപ്പിച്ച് സിറ്റിങ് എംഎൽഎ അബ്ദുല്ലക്കുട്ടി തലശേരിയിലേക്കും കെ. സുധാകരൻ ഉദുമയിലേയും ഇടതുകോട്ടകളിലേക്കു പോയി. മൂന്നരപ്പതിറ്റാണ്ടായി ഇടതുപക്ഷത്തോടൊപ്പമാണു കടന്നപ്പള്ളിയുടെ മനസ്സ്. കോൺഗ്രസിൽ നിന്ന് ഒപ്പം വന്നവരെല്ലാം മാതൃസംഘടനയിലേക്ക് മടങ്ങിയപ്പോഴും കടന്നപ്പള്ളി ഇടത്തുറച്ചുനിന്നത് അധികാരം കൊതിച്ചിട്ടല്ല; ആശയദാർഢ്യം കൊണ്ടാണ്. ആ പരിഗണണ എല്ലാക്കാലത്തും ഇടതുമുന്നണിയിൽ കിട്ടിയിട്ടുമുണ്ട് . ഏകാംഗകക്ഷിയായിട്ടും വിഎസ് മന്ത്രിസഭയിൽ കടന്നപ്പള്ളി അംഗമായതങ്ങനെയാണ്. കോൺഗ്രസ് എസിനല്ല; കടന്നപ്പള്ളിക്കാണു എൽഡിഎഫ് സീറ്റ് കൊടുക്കുന്നത്. ഇക്കുറി കണ്ണൂർ മണ്ഡലം ഏറ്റെടുക്കാനുള്ള തീരുമാനത്തിൽ നിന്നു സിപിഎം പിൻമാറിയതും ജില്ലയിൽ തന്നെ അദ്ദേഹത്തിനു സീറ്റ് നൽകാൻ വേണ്ടിയാണ്. 1971ൽ കാസർകോട് ലോക്സഭാ മണ്ഡലത്തിൽ നടത്തിയ അട്ടിമറി 71–ാം വയസ്സിൽ കണ്ണൂരിലും നടത്താമെന്നാണു കടന്നപ്പള്ളിയുടെ പ്രതീക്ഷ.

പയ്യാമ്പലം പൊതുശ്‌മശാനത്തെത്തുന്ന മൃതദേഹങ്ങൾ ദഹിപ്പിക്കുന്നത് മൂന്നുപതിറ്റാണ്ടിലേറെക്കാലമായി ഒരു ജീവിത വ്രതമായി കരുതുന്ന സാമൂഹിക പ്രവർത്തകൻ കെ.ജി. ബാബുവിനെയാണ് എൻഡിഎ കളത്തിലിറക്കിയിരിക്കുന്നത്. കണ്ണൂർ റെഡ്‌ക്രോസ് സൊസൈറ്റിയുടെ ചെയർമാൻ, സേവാഭാരതി സെക്രട്ടറി, രക്തദാന സമിതി സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്ന ബാബുവിന്റെ പൊതുസമ്മതി വോട്ടായി മാറുമെന്നു ബിജെപി കണക്കുകൂട്ടുന്നു. ഓരോ തിരഞ്ഞെടുപ്പിലും വർധിക്കുന്ന വോട്ടുകണക്കുമുണ്ട് കൂട്ടിന്.

Your Rating: