Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരേ കളരിയിൽ നിന്ന്; പുത്തനടവുകളുമായി

vadakara2

അടവുകൾ പതിനെട്ടും മനഃപാഠമാക്കിയ കടത്തനാട്ടുകാർക്ക് എതിരാളിയുടെ കണ്ണിലൊന്നു നോക്കിയാൽ അറിയാം അടുത്ത ചുവട്, ഒരേ കളരിയിൽ അഭ്യസിച്ചവർ കൂടിയാകുമ്പോൾ വിശേഷിച്ചും.

ഒരുകാലത്ത് എതിരാളികളെ ഒരുമിച്ചെതിർത്തവരാണ് ഒരു പതിറ്റാണ്ടിനിപ്പുറം വടകരയിൽ പരസ്പരം എതിർക്കുന്നത്. സി.കെ. നാണുവും മനയത്ത് ചന്ദ്രനും കെ.കെ. രമയും 2006ൽ എൽഡിഎഫ് സ്ഥാനാർഥി എം.കെ. പ്രേംനാഥിന് വോട്ടു ചോദിച്ചു വടകരയിൽ ഇറങ്ങിയിട്ടുണ്ട്. പത്തു കൊല്ലത്തിനിപ്പുറം മൂവരും വീണ്ടും ഇറങ്ങുമ്പോൾ സി.െക. നാണു എൽഡിഎഫിലും മനയത്ത് ചന്ദ്രൻ യുഡിഎഫിലും കെ.കെ. രമ ആർഎംപിയിലുമാണ്.

വടകരയുടെ മനമറിഞ്ഞ ഇവർക്കു പുറമേ എൻഡിഎയുടെ സ്ഥാനാർഥിയായി എം. രാജേഷ്കുമാർ കൂടിയാകുമ്പോൾ വടകര പിടിക്കാൻ നാലുപാടും കൈകളായി. സോഷ്യലിസ്റ്റുകളെ എന്നും നെഞ്ചോടു ചേർക്കുന്ന വടകര ഈ നാലിൽ ആരുടെ കൈപിടിച്ചാകും അടുത്ത അഞ്ചു കൊല്ലം നടക്കുക?

Vadakara

മണ്ഡല പുനർ നിർണയത്തോടെ വൻസാധ്യതയാണ് വടകരയിൽ യുഡിഎഫ് കാണുന്നത്. വോട്ടുകൾ എങ്ങനെ കൂട്ടിക്കിഴിച്ചാലും നിയമസഭയിലേക്കു കണ്ണുംപൂട്ടി ജയിക്കാം എന്ന കണക്കിലെ മേൽക്കൈ പക്ഷേ, ഫലം വരുമ്പോൾ ഉണ്ടായിക്കൊള്ളണമെന്നില്ല. മണ്ഡല പുനർ നിർണയത്തിനു ശേഷം ആദ്യം നടന്നതു 2009–ലെ ലോക്സഭാ തിരഞ്ഞെടുപ്പാണ്. അന്നു കോൺഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രനു മണ്ഡലം നൽകിയത് 24,756 വോട്ടിന്റെ ഭൂരിപക്ഷമാണ്. പക്ഷേ, 2011ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ 847 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫിലെ സി.കെ. നാണു (ജെഡിഎസ്) ജയിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് വിജയം ആവർത്തിച്ചു. 2014ൽ മുല്ലപ്പള്ളി രാമചന്ദ്രനു മണ്ഡലം നൽകിയത് 15341 വോട്ടിന്റെ ഭൂരിപക്ഷമാണ്. 2015 തദ്ദേശ തിരഞ്ഞെടുപ്പിലും മോശമല്ലാത്ത പ്രകടനമായിരുന്നു യുഡിഎഫിന്.

ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവും മണ്ഡലത്തിൽ സ്വാധീന ശക്തിയായി ആർഎംപി വളർന്നതും വടകരയിലെ ജനഹിതത്തെ നേരിട്ടു സ്വാധീനിക്കും. ടിപിയുടെ ഭാര്യ കെ.കെ. രമ സ്ഥാനാർഥിയായി എത്തുമ്പോൾ പ്രത്യേകിച്ചും. ഘടകകക്ഷി മണ്ഡലങ്ങളിൽ പലപ്പോഴും കൈയിടാറുള്ള സിപിഎം വടകരയുടെ കാര്യത്തിൽ സുരക്ഷിതമായ അകലം പാലിക്കുന്നതാണ് കീഴ്‌വഴക്കം. അവിടെ ഘടകകക്ഷിയായ ജെഡിഎസിനെ മൽസരത്തിനയച്ച് ഫലത്തിനായി സിപിഎം കാത്തുനിൽക്കും. മറ്റു മണ്ഡലങ്ങളിൽ തോൽക്കും പോലെയല്ല വടകരയിൽ. വടകരയിൽ തോൽക്കുക എന്നാൽ, ആർഎംപിയോടു തോൽക്കുക എന്നാണ്. അതുകൊണ്ടു തന്നെയാണ് പാർട്ടിയും സ്ഥാനാർഥിയും ആരായാലും അരയും തലയും മുറുക്കി സിപിഎം അങ്കത്തിനിറങ്ങുന്നത്.

സിറ്റിങ് എംഎൽഎ സി.കെ. നാണു തന്നെ വീണ്ടും ഇറങ്ങുമ്പോൾ പഠിച്ചു പരീക്ഷ പാസായ കുട്ടി വീണ്ടും അതേ പരീക്ഷ എഴുതുമ്പോഴുള്ള ആത്മവിശ്വാസമാണ് ഇടതു മുന്നണിക്ക്. വടകരയിൽ മൽസരിച്ചപ്പോഴൊന്നും തോറ്റ ചരിത്രം നാണുവിനില്ല. ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടി പലരും നിരുൽസാഹപ്പെടുത്തിയപ്പോൾ പോലും വടകരയിലെ നാലാം മൽസരത്തിനിറങ്ങാൻ നാണുവിനെ പ്രേരിപ്പിച്ചത് ഈ ആത്മവിശ്വാസമാണ്. എംഎൽഎ ആയിരുന്നപ്പോഴെല്ലാം മണ്ഡലത്തിനു സമ്മാനിച്ച നേട്ടങ്ങൾ തിരഞ്ഞെടുപ്പിൽ കൂട്ടാകുമെന്നും നാണു ഉറച്ചു വിശ്വസിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ എതിർ സ്ഥാനാർഥി എം.കെ. പ്രേംനാഥ് ഇപ്പോൾ സ്വന്തം പാളയത്തിലാണെന്നതും നാണുവിനു ബലമാണ്.

നാണുവിനു വേണ്ടി പല തിരഞ്ഞെടുപ്പുകളിലും വോട്ടഭ്യർഥിച്ചിട്ടുണ്ട് യുഡിഎഫ് സ്ഥാനാർഥി െജഡിയുവിലെ മനയത്ത് ചന്ദ്രൻ. അതുകൊണ്ടു തന്നെ എതിർ സ്ഥാനാർഥിയെ ആകെ മൊത്തം അറിഞ്ഞുള്ള അടവുകളാണു നിയമസഭയിലേക്കുള്ള കന്നി മൽസരത്തിൽ ചന്ദ്രൻ ഇറക്കുന്നത്. കഴിഞ്ഞ സ്ഥാനാർഥി പ്രഖ്യാപനം വൈകിയെങ്കിലും വടകരയിൽ സ്ഥാനാർഥിത്വം ഉറപ്പിച്ച ചന്ദ്രൻ നേരത്തേ പരോക്ഷ പ്രചാരണം തുടങ്ങിയിരുന്നു. മണ്ഡലത്തിലെ യുഡിഎഫ് അനുകൂല കാറ്റു കൂടിയാകുമ്പോൾ അധികം വിയർക്കാതെ കയറിപ്പോകാമെന്നും അദ്ദേഹം കണക്കു കൂട്ടുന്നു.

ബിജെപിയെ പോലെ തന്നെ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ജനങ്ങൾക്കു മുന്നിൽ അപേക്ഷ നൽകി കാത്തിരിക്കുന്ന പാർട്ടിയാണ് ആർഎംപിയും. വടകര കോ– ഓപ്പറേറ്റിവ് റൂറൽ ബാങ്ക് അഴിയൂർ ബ്രാ‍ഞ്ച് മാനേജർ എന്ന നിലയിൽ ഒരുപാട് അക്കൗണ്ടുകൾ തുറന്നിട്ടുള്ള കെ.കെ. രമയിലൂടെ നിയമസഭയിലേക്കുള്ള അക്കൗണ്ട് തുറക്കാനാകുമെന്നാണ് ആർഎംപിയുടെ പ്രതീക്ഷ. നാലാൾ പോരിൽ എൽഡിഎഫിനെ രണ്ടാം സ്ഥാനത്തേക്ക് വലിച്ചു താഴ്ത്താൻ കഴിഞ്ഞാൽ പോലും പാതി അക്കൗണ്ട് തുറന്നതിന്റെ മനഃസുഖം കിട്ടും ആർഎംപിക്ക്. ഒന്നാം സ്ഥാനത്ത് എത്തിയാൽ, പുതിയ രാഷ്ട്രീയ ചരിത്രപ്പിറവിയായി വാഴ്ത്തപ്പെടുകയും ചെയ്യും. വോട്ടുകൾ നാലായി പിളരുമ്പോൾ നടുമുറി തന്നെ കിട്ടുമെന്ന പ്രതീക്ഷയാണു ബിജെപി സ്ഥാനാർഥി എം. രാജേഷ്കുമാറിന്. പാർട്ടി വോട്ടുകളിൽ ഉണ്ടായ വർധന പ്രതീക്ഷ വർധിപ്പിക്കുകയും ചെയ്യുന്നു.

കളരി പരമ്പര ദൈവങ്ങളും ലോകനാർകാവിലമ്മയും വാഴുന്ന വടകരയിൽ അടവും ചുവടും മാറ്റാതെയുള്ള പയറ്റാണ് എൽഡിഎഫിന്റേത്. മാറ്റച്ചുരികയ്ക്കായി കാത്തു നിൽക്കുകയാണ് യുഡിഎഫും ആർഎംപിയും ബിജെപിയും, മറന്നു പോയെന്ന് ആരും പറയരുതേയെന്ന പ്രാർഥനയോടെ.

Your Rating: