Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഏറ്റു’ എന്നു പറയാറായിട്ടില്ല..

by എ.എസ്.ഉല്ലാസ്
Etmanr

ഒന്നും ആരും ‘ഏറ്റു’ എന്നു പറഞ്ഞുതുടങ്ങിയിട്ടില്ല ഏറ്റുമാനൂരിൽ. ഒരു പ്രചാരണവും ഇതുവരെ ‘ഏറ്റു’ എന്നും പറയാനുമാവില്ല. മൂന്നു മുന്നണികളും ഒരു പോലെ വെല്ലുവിളി ഏറ്റെടുത്തതോടെ കഴിഞ്ഞകുറി കേരളത്തെ മുൾമുനയിൽ നിർത്തിയ ഏറ്റുമാനൂരിന്റെ ട്വന്റി ട്വന്റി ഇൗ വട്ടം കൂടി ആവർത്തിക്കുമെന്നുറപ്പാണ്... അവസാനപന്തിൽ വിജയിയെ തീരുമാനിക്കുന്നത് ഇക്കുറിയും കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളായിരിക്കും. കഴിഞ്ഞതവണ ഇൗ തേർഡ് അംപയറാണ് കെ.സുരേഷ് കുറുപ്പിനെ നിയമസഭയിലേക്കും അത്രയും കാലം സഭയ്ക്കുള്ളിൽ മിന്നിയ തോമസ് ചാഴികാടനെ പുറത്തേക്കും പറഞ്ഞുവിട്ടത്. ഏറ്റുമാനൂർ കുടുംബത്തിലേക്കു പുതുതായെത്തിയ കുമരകം തിരുവാർപ്പ് പഞ്ചായത്തുകളാണ് അന്നു സിപിഎമ്മിന് അനുകൂലമായി വിധിച്ചതെങ്കിൽ ആ പാർട്ടികേന്ദ്രങ്ങളിൽ ബിഡിജെസ് വരുത്തിയിരിക്കുന്ന രൂപാന്തരമാണ് ഏറ്റുമാനൂരിന്റെ ദിശ നിശ്ചയിക്കുന്നത്.

ആർക്കും മുൻകൂട്ടി കാണാനാകാത്ത നീക്കങ്ങളിലൂടെയാണ് 2011ൽ ഏറ്റുമാനൂർ ഫലം പറഞ്ഞതെങ്കിൽ 2016 മേയ് 19 കഴിഞ്ഞതിനെക്കാൾ ഉദ്വേഗജനകമായ ദിനമായിരിക്കുമെന്നു പറയാൻ ഏറ്റുമാനൂർ മടിക്കുന്നില്ല. കാരണം ഇത്തവണ ത്രികോണമൽസരം പഠിക്കാൻ ഏറ്റവും മികച്ച ഒരു ക്ലാസ് മുറിയായി മാറിയിരിക്കുന്നു ഏറ്റുമാനൂർ.

മാന്യതയിലും വിനയംനിറ‍ഞ്ഞ പെരുമാറ്റത്തിലും മണ്ഡലത്തിലെ പരിചിതവലയത്തിലും തുല്യരാണ് മുന്നണി സ്ഥാനാർഥികൾ. ഇടതിനു സിറ്റിങ് എംഎൽഎ കെ.സുരേഷ് കുറുപ്പ്, യുഡിഎഫിന് മുൻ എംഎൽഎ കേരള കോൺഗ്രസിന്റെ (എം) തോമസ് ചാഴിക്കാടൻ, ബിഡിജെസ് സ്ഥാനാർഥിയായി എസ്എൻഡിപിയുടെ താലൂക്ക് യൂണിയൻ സെക്രട്ടറിയും ബിഡിജെസ് സംസ്ഥാന ട്രഷററുമായ എ.ജി.തങ്കപ്പൻ. മൂന്നുപേരും വോട്ടുപിടിക്കാൻ അഗ്രഗണ്യർ. വിജയം വരേണ്ടതു രാഷ്ട്രീയത്തിന്റെ മുറുക്കത്തിലും അടിയൊഴുക്കിലും കൂടിയാണ്. അടിയൊഴുക്ക് എന്ന തേഞ്ഞപ്രയോഗം ഏറ്റുമാനൂരിൽ പറയാതിരിക്കാനാവില്ല. കാരണം അനക്കമില്ലാത്ത ഒരുപാടു നീക്കങ്ങൾ ഏറ്റുമാനൂരിൽ നടക്കുന്നു. കേരള കോൺഗ്രസ് എമ്മിൽ നിന്ന് വിമത സ്ഥാനാർഥിയും വന്നത് ഇൗ കണക്കിൽ കൂട്ടാം.

മൽസരിച്ചതു കൂടിപ്പോയെന്നുപറഞ്ഞ് ആദ്യം കെ.സുരേഷ് കുറുപ്പ് എംഎൽഎയ്ക്കു മൽസരിക്കാൻ അനുമതികൊടുക്കാൻ സിപിഎം മടിച്ചുനിന്നു. കർക്കശക്കാരനായ പാർട്ടിക്കാരനല്ലെന്നൊക്കെയുള്ള സന്ദേഹം പാർട്ടിക്കുണ്ടെങ്കിലും കുറുപ്പിന്റെ ജയിക്കാനുള്ള കഴിവ് നന്നായറിയാമെന്നതിനാൽ കുറുപ്പിനിട്ട ഫുൾസ്റ്റോപ്പ് മേൽഘടകം ഇടപെട്ടു മായ്ച്ചു. പലപേരുകൾ തിരഞ്ഞ് ഒടുവിൽ അനിവാര്യനായ ഒരാൾ അവതരിക്കുന്നു എന്ന മട്ടിലായിരുന്നു സുരേഷ് കുറുപ്പിന്റെ മണ്ഡലത്തിലേക്കുള്ള രണ്ടാംവരവ്.

Etumanoor


ജയിക്കാൻ മൂന്നല്ല മുപ്പത്തിയാറുവഴികൾ കുറുപ്പു പറയുന്നു. യുഡിഎഫ് ഭരണമായിട്ടുപോലും മണ്ഡലത്തിൽ 195 കോടിയുടെ 334 പദ്ധതികൾ കൊണ്ടുവന്നു. പാർലമെന്റിലെ തന്റെ പഴയ സുഹൃത്തുക്കളായ ഡോ.കപില വാൽസ്യായനൻ എംപി, ശ്യാം ബെനഗൽ, എച്ച്.കെ. ദുവ ഉൾപ്പെടെ ഏഴ് രാജ്യസഭാ എംപിമാരുടെ ഫണ്ടുപയോഗിച്ചും കോടികളുടെ റോഡു നിർമാണം പൂർത്തിയാക്കിയാണു കുറുപ്പ് മണ്ഡലം നോക്കിയത്.

തോൽവിയറിയാതെ 20 വർഷവും നിന്ന കേരള കോൺഗ്രസിന്റെ (എം) തോമസ് ചാഴിക്കാടന് കഴിഞ്ഞതവണ തോൽവി പിണഞ്ഞെങ്കിലും പിണക്കമില്ലാതെ ഒരു മന്ദസ്‌മിതത്തിന്റെ അകലത്തിലാണു മണ്ഡലത്തെ കൂടെ നിർത്തിയത്. തോമസ് ചാഴിക്കാടനും ഏറ്റുമാനൂരിനും ഇഴപിരിയാനാകാത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണ് അദ്ദേഹം ഇനി പറയുന്ന കണക്കുകൾ.

തോറ്റിട്ടും മണ്ഡലത്തിൽനിന്നു മാറാതെനിന്ന തോമസ് ചാഴിക്കാടൻ പാർട്ടി ചെയർമാൻ കെ.എം.മാണി ധനമന്ത്രിയായിരുന്നപ്പോൾ മണ്ഡലത്തിലേക്ക് 210 കോടി രൂപയുടെ വികസനമാണു കൊണ്ടുവന്നത്. ഒരുപക്ഷേ, എംഎൽഎ അല്ലാതിരുന്നിട്ടും ഇത്രയും തുകയുടെ വികസനം മണ്ഡലത്തിൽ എത്തിച്ച മറ്റൊരാൾ കേരളത്തിലുണ്ടാകുകയുമില്ല... സഹോദരൻ ബാബു ചാഴിക്കാടൻ തന്റെ ആദ്യമൽസരത്തിന്റെ പ്രചാരണത്തിനിടെ ഇടിമിന്നലേറ്റു മരിച്ചപ്പോൾ സഹോദരന്റെ കുഴിമാടത്തിൽനിന്ന് ഉയിരെടുത്തതാണു തോമസ് ചാഴിക്കാടന്റെ രാഷ്ട്രീയം... കേരള കോൺഗ്രസിന്റെ മുൻനിര നേതൃത്വത്തിലെത്തിച്ചതു പ്രവർത്തന മികവാണ്. പാർട്ടി തോമസ് ചാഴിക്കാടനിൽ കാണുന്ന വിജയപ്രതീക്ഷയും അതിലാണ്.

എസ്എൻഡിപി യൂണിയന്റെ താലൂക്ക് യൂണിയൻ സെക്രട്ടറിയെന്ന നിലയിൽ വർഷങ്ങളായി താഴെത്തട്ടിൽ പുലർത്തുന്ന അടുപ്പമാണു ബിഡിജെസ് സ്ഥാനാർഥി എ.ജി.തങ്കപ്പൻ മണ്ഡലത്തിൽ മുന്നോട്ടുവച്ച ശക്തമായ ത്രികോണമൽസരത്തിന് അടിക്കല്ല്. മണ്ഡലത്തിൽ ബിജെപിക്കുള്ള വോട്ടടിത്തറ കൂടി ചേരുമ്പോൾ അത്ഭുതങ്ങളാണ് എൻഡിഎ ഏറ്റുമാനൂരിൽ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ 22,000 വോട്ടുകൾ ബിജെപി–ബിഡിജെസ് സഖ്യത്തിനു ലഭിച്ചു. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച 5540 വോട്ടിൽ നിന്നായിരുന്നു ഇൗ കുതിപ്പ്. ഏറ്റുമാനൂർ നഗരസഭയിലുൾപ്പെടെ ബിജെപിക്ക് കാര്യമായ നേട്ടവുമുണ്ടായി.

എൻഡിഎ പ്രചാരണം ആർഎസ്എസ് പരിരക്ഷയിൽ മണ്ഡലത്തിൽ കാര്യമായി വളരുന്നു. മണ്ഡലത്തിൽ ഏറ്റുമാനൂർ നഗരസഭയും മൂന്നു പഞ്ചായത്തുകളും യുഡിഎഫ് ഭരിക്കുന്നു. ഇത്തവണ തിരഞ്ഞെടുപ്പിൽ അടിത്തറ വിപുലമാക്കിയ എൽഡിഎഫ് മൂന്നു പഞ്ചായത്തുകൾ ഭരിക്കുന്നു.

ബിജെപി 14 വാർഡുകൾ പിടിച്ചെടുത്തു. പഞ്ചായത്തിന്റെ ഇൗ കണക്കുകൾ നിയമസഭയിൽ സീറ്റായി പരിണമിക്കുമോ? ആരാകും ഏറ്റുമാനൂരിന്റെ നായകൻ... ഉത്തരം ക്യാമറയ്ക്കു പിന്നിലാണ്.  

Your Rating: