Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കഴിവുള്ള കൂട്ട’ത്തിൽനിന്ന് ആരു വരും..?

kazhakoottam

എട്ടുവീട്ടിൽപിള്ളമാരിൽ മുഖ്യനായ കഴക്കൂട്ടത്ത് ഉഗ്രൻപിള്ളയുടെ സ്വന്തം നാട്ടിൽ ഉഗ്രമായ പോരാട്ടം കൂടിയേ തീരൂ. എംഎൽഎയും മുൻ ജില്ലാ സെക്രട്ടറിയും മുൻ സംസ്ഥാന പ്രസിഡന്റും കേരളത്തിലെ മറ്റൊരു മണ്ഡലത്തിലും ഏറ്റുമുട്ടുന്നില്ല. അങ്ങനെ പോരാട്ടം പൊടിപൂരം.

കഴക്കൂട്ടം എന്നു കേട്ടാൽ ടെക്നോപാർക്കെന്നും ടെക്കികളെന്നുമുള്ളതാണ് ഇന്നത്തെ ചിത്രം. എന്നാൽ ഏറ്റുമുട്ടുന്നത് ന്യൂജെൻ രാഷ്ട്രീയക്കാരല്ലെങ്കിലും കരുത്തൻമാരാണ്. മുന്നണികളെ കടപുഴക്കി സ്വതന്ത്രനായി ജയിച്ച്, ശേഷം കോൺഗ്രസിന്റെ താരമായ സിറ്റിങ് എംഎൽഎ എം.എ. വാഹിദ്, 1996ൽ കഴക്കൂട്ടത്ത് വൻ ഭൂരിപക്ഷം നേടുകയും ശേഷം ജില്ലാനേതൃത്വം തന്നെ കൈപ്പിടിയിലാക്കുകയും ചെയ്ത കടകംപള്ളി സുരേന്ദ്രൻ, രണ്ടുതവണ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന, സംസ്ഥാന നേതൃത്വത്തിൽ വലിയ സ്വാധീനമായി തുടരുകയും ചെയ്യുന്ന വി. മുരളീധരൻ. കേരളം തന്നെ ഉറ്റുനോക്കുന്ന ത്രികോണ മത്സരങ്ങളിലൊന്ന്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ എസ്. അജയകുമാറിനെ വാഹിദ് തോൽപ്പിച്ചത് 2196 വോട്ടിന്. ലോക്സഭാ തിരഞ്ഞെടുപ്പായപ്പോൾ ഒ. രാജഗോപാലിനു കഴക്കൂട്ടം നൽകിയ ഭൂരിപക്ഷം 7609. തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നിലെത്തിയതോ? 13511 വോട്ടുമായി എൽഡിഎഫ്. ഇതു കഴക്കൂട്ടമല്ല, കുഴപ്പിക്കുന്ന കൂട്ടമാണ് എന്നു പറഞ്ഞുപോകും. മൂന്നു കൂട്ടർക്കുമുണ്ട് സാധ്യതയും പ്രതീക്ഷയും.

ഹാട്രിക് തികച്ചു നാലാം വിജയം വാഹിദ് മോഹിക്കുന്നു. കഴക്കൂട്ടത്തിന്റെ ഏതു മുക്കിലും മൂലയിലും അദ്ദേഹം തനിയെ പോകുകയും ഓരോരുത്തരേയും പേരെടുത്തു വിളിച്ച് കൂടെ കൂട്ടുകയും ചെയ്യും. ഇവിടംവിട്ടൊരു കളിക്ക് കഴിഞ്ഞ പതിനഞ്ച് വർഷമായി വാഹിദ് മുതിർന്നിട്ടില്ല. ഇക്കാലയളവിലെ വികസനക്കുതിപ്പിൽ തന്റ സംഭാവന വിവരിച്ചുകൊണ്ട് വീണ്ടും ഒരു അവസരം തേടുകയാണ് അദ്ദേഹം. 1996ൽ കാൽ ലക്ഷത്തോളം വോട്ടിന്റെ തകർപ്പൻ ഭൂരിപക്ഷത്തിന് കഴക്കൂട്ടത്തുനിന്നു വിജയിച്ച കടകംപള്ളിയെ, 2001ൽ സിപിഎം മാറ്റിയതോടെയാണ് വാഹിദിന്റെ ആരോഹണം. മുസ്‌ലിം വനിത ഈ മേഖലയിൽ മത്സരിക്കണമെന്നു സിപിഎം സംസ്ഥാനനേതൃത്വം തീരുമാനിച്ചപ്പോൾ മണ്ഡലം ബിന്ദു ഉമ്മറിനു പോയി. ആറ്റിങ്ങലിലേക്കു മാറിയ കടകംപള്ളിയും തോറ്റു; ബിന്ദുവും തോറ്റു. ഇരുമുന്നണികളെയും അട്ടിമറിച്ച വാഹിദ് പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല.

പറ്റിയ തെറ്റ് തിരുത്തി 2006ൽ സിപിഎം കടകംപള്ളിക്കു തന്നെ സീറ്റ് നൽകിയെങ്കിലും 215 വോട്ടിനു തോൽവി. കഴിഞ്ഞതവണ തന്റെ വിശ്വസ്തനായ അജയകുമാറിനെ കടകംപള്ളി തന്നെ നിർത്തിയെങ്കിലും രക്ഷയുണ്ടായില്ല.

ഇക്കാലയളവിലൊക്കെ ബിജെപിയുടെ മത്സരം പേരിനു മാത്രമായിരുന്നുവെങ്കിൽ മുരളീധരൻ വന്നതോടെ ചിത്രം മാറി. ബിജെപിയുടെ മുൻനിര നേതാക്കൾ ഏതെങ്കിലും ഒരു മണ്ഡലം കേന്ദ്രീകരിച്ച് മുൻകൂട്ടി പ്രവർത്തിക്കണമെന്ന നിർദേശപ്രകാരം ആറുമാസത്തോളം മുൻപുതന്നെ വീടെടുത്ത് ‘കഴക്കൂട്ടത്തുകാരനായി’ നിലയുറപ്പിച്ചിരിക്കുകയാണ് മുരളി. വാഹിദ് കൊണ്ടുവന്നു എന്ന് അവകാശപ്പെടുന്ന വികസനത്തിലേറെയും എൽഡിഎഫ് സർക്കാരുകളുടെ സംഭാവനയാണ് എന്നാണ് കടകംപള്ളി അവകാശപ്പെടുന്നത്. എൽഡിഎഫ് അധികാരത്തിലേറുകയും ജനപ്രതിനിധിയായി താനുണ്ടാകുകയും ചെയ്താൽ കഴക്കൂട്ടം വാനോളം വളരുമെന്ന പ്രത്യാശ അദ്ദേഹം പകരുന്നു. കേന്ദ്രസർക്കാരിന്റെ അകമഴിഞ്ഞ പിന്തുണയോടെ കഴക്കൂട്ടത്തെ മാറ്റിമറിക്കാൻ തനിക്കു കഴിയുമെന്നാണ് മുരളി ചൂണ്ടിക്കാട്ടുന്നത്. കഴക്കൂട്ടത്തുകാർക്കുവേണ്ടി നല്ലതുമാത്രം ചെയ്യുന്ന തന്നെ വോട്ടർമാർ ഇതിനകംതന്നെ മനസ്സിൽ നിശ്ചയിച്ചുകഴിഞ്ഞുവെന്നു വാഹിദും അവകാശപ്പെടുന്നു.

ഉത്സവമെന്നോ പെരുന്നാളെന്നോ ഉള്ള വകഭേദം ഒട്ടുമില്ല വാഹിദിന്. സഖാക്കളുടെ കടുകട്ടി രീതിയൊന്നുമില്ലാതെ എല്ലാവരോടും അടുത്ത് ഇടപഴകുന്ന ശൈലിയാണ് കടകംപള്ളിയുടേതും. ബിജെപി വോട്ടുകൾ മുൻകാലങ്ങളിൽ ഇരുമുന്നണികൾക്കും പോയിട്ടുണ്ടാകുമെങ്കിൽ ഇക്കുറി അതിനുള്ള സാധ്യത തീരെയില്ല. മൂന്നു മുന്നണികളും എല്ലാ ശക്തിയും സമാഹരിച്ച് സ്വന്തം വോട്ടുകൾ ഉറപ്പിക്കും. കോൺഗ്രസിലും സിപിഎമ്മിലും മുൻകാലത്തേതെന്നപോലെ പ്രശ്നങ്ങൾ ഇല്ലെങ്കിലും എല്ലാം സുഖകരമാണെന്നും പറയാൻ കഴിയില്ല. പക്ഷേ വോട്ടുകൾ ബോധപൂർവം ചോർത്തുന്നതിലേക്ക് ആ വിള്ളലുകൾ വളരണം എന്നുമില്ല.

കേരളത്തിന്റെ നാനാഭാഗങ്ങളിൽനിന്നുള്ളവരോ അടുത്ത തലമുറക്കാരോ പരിചയക്കാരോ ആരെങ്കിലുമൊക്കെ ഇന്ന് കഴക്കൂട്ടത്തുള്ളതാണ് സാഹചര്യം. അങ്ങനെ ഒരു ‘കൂട്ടം’ കൂടി ഇന്നു കഴക്കൂട്ടത്തുണ്ട്.

കഴിവുള്ളവരുടെ കൂട്ടമാണ് കഴക്കൂട്ടം എന്നു പുതിയ നിർവചനമുണ്ട്. ഈ പുതിയ വോട്ടുകളും നിർണായകം. നിങ്ങളിലാര് ഞങ്ങളുടെ കഴക്കൂട്ടത്തെ തിരുവനന്തപുരത്തിനൊപ്പം പോന്ന നഗരമാക്കും എന്നതാണ് അവരെല്ലാം ഈ മൂന്നു സ്ഥാനാർഥികളോടും ചോദിക്കുന്നത്. രാഷ്ട്രീയത്തിന് ഉപരിയായി, ആ പ്രതീക്ഷ നിറവേറ്റുമെന്നു കരുതുന്നവർക്ക് കൂടിയാകാം ഇവിടത്തെ വോട്ട്.

Your Rating: