Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തരം കിട്ടാത്ത ചോദ്യ ചിഹ്നമായി കേരളത്തിന്റെ സിലിക്കൺവാലിയായ കഴക്കൂട്ടം

Kazhakuttom Assembly Constituency

ഏതു സെർച്ച് എഞ്ചിനിൽ പരതിയാലും ഉത്തരംകിട്ടാത്ത ചോദ്യമായി നിൽക്കുകയാണ് കേരളത്തിന്റെ സിലിക്കൺ വാലിയായ കഴക്കൂട്ടത്തിന്റെ മനസ്. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന കടകംപള്ളിയും മൂന്നുവട്ടം തുടർച്ചയായി മണ്ഡലത്തിൽനിന്നു വിജയിച്ച കോൺഗ്രസിലെ എം.എ.വാഹിദും പോരാട്ടത്തിനിറങ്ങിയ കഴക്കൂട്ടത്ത് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരൻ കൂടിയെത്തിയതോടെ കടുത്ത ത്രികോണ മത്സരത്തിന് വഴിയൊരുങ്ങിയിരിക്കുകയാണ്. പക്ഷേ, തുറക്കാനാകാത്ത പാസ് വേഡ് പോലെ നിലകൊള്ളുകയാണ് ടെക്നോപാർക്ക് ഉൾപ്പെടുന്ന ഐടി നഗരമായ കഴക്കുട്ടത്തിന്‍റെ മനസ്.

ശ്രീകാര്യം ഭാഗത്തായിരുന്നു കോൺഗ്രസ് നേതാവും സ്ഥലം എംഎൽഎയുമായ എം.എ. വാഹിദിന്റെ പ്രചരണം. അരശുംമൂട് ജംഗ്ഷനിൽ വോട്ടുതേടി ഓടി നടക്കുകയാണ് വാഹിദ്. ‘നല്ലതേ ചെയ്തിട്ടുള്ളൂ, ഇനിയും നല്ലതേ ചെയ്യൂ, വോട്ട് ചെയ്യണം- വോട്ടർമാരോട് വാഹിദ് പറയുന്നത് ഈ വാചകം മാത്രം. ശ്രീകാര്യത്തെ മഹാദേവ ക്ഷേത്രത്തിന് എതിർവശത്തായാണ് വാഹിദിന്റെ പ്രധാന തിരഞ്ഞെടുപ്പു കമ്മറ്റി ഓഫീസ്. മണ്ഡലത്തിൽ നടത്തിയ വികസന പ്രവര്‍ത്തനങ്ങൾ തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് വാഹിദ്.

Kazhakuttom Assembly Constituency

ഇപ്പോൾ വന്നവരെല്ലാം തിരഞ്ഞെടുപ്പിനായി മാത്രം വന്നവരാണ്. ഞാൻ 15 വർഷത്തോളമായി മണ്ഡലത്തിലെ ജനങ്ങൾക്കൊപ്പമുണ്ട്. അവരാണ് എന്റെ ശക്തി- വാഹിദ് പറയുന്നു. കണിയാപുരം മുസ്‌ലിം ഹൈസ്കൂളിൽ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായി രാഷ്ട്രീയം ആരംഭിച്ച വാഹിദ് അണ്ടൂർകോണം പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ കൗൺസിലറുമായിരുന്നു. മണ്ഡലത്തിലെ ഓരോ ആളിനെയും പേരെടുത്ത് വിളിക്കാനുള്ള പരിചയം വാഹിദിനുണ്ടെന്നാണ് പ്രവർത്തകരുടെ അവകാശവാദം.

സിപിഎം മുൻ ജില്ലാ സെക്രട്ടറിയും കഴക്കൂട്ടം സ്ഥാനാർഥിയുമായ കടകംപള്ളി സുരേന്ദ്രനെ കണ്ടെത്താൻ അൽപം പ്രയാസപ്പെടണ്ടിവന്നു. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ ചടങ്ങുകളിൽ പങ്കെടുക്കാൻ ഓടിനടക്കുകയാണ് കടകംപളളി. ചെമ്പഴന്തി എസ്എൻ കോളേജിന് അടുത്തുള്ള അയ്യങ്കാളി നഗറിലെ ക്ഷേത്ര പരിസരത്തായിരുന്നു രാവിലെ സ്‌ഥാനാർഥി. കടകംപള്ളിയോടൊപ്പം പാർട്ടിക്കാരുടെ വലിയ സംഘം. ഓരോ ചെറിയ ജംഗ്ഷനുകളും കേന്ദ്രീകരിച്ചാണ് പ്രചരണം. ഇടയ്ക്ക് ഭവന സന്ദർശനങ്ങളും. നേരത്തെ രണ്ടു തവണ മണ്ഡലത്തിൽനിന്ന് ജനവി‌ധി തേടിയിട്ടുണ്ട് കടകംപള്ളി. 1996ൽ കടകംപള്ളി സുരേന്ദ്രൻ മുസ്‌ലിം ലീഗിലെ ഇ.എ. ബഷീറിനെ 24,057 വോട്ടുകൾക്കാണ് പരാജയപ്പെ‌ടുത്തിയത്. എന്നാൽ, 2006ൽ 215 വോട്ടുകൾക്ക് വാഹിദിനോട് പരാജയപ്പെട്ടു.

Kazhakuttom Assembly Constituency

കട്ടച്ചൽ കിഴക്കതിൽ ഭഗവതി ക്ഷേത്ര പരിസരത്തെ ചെറു ജംഗ്ഷനിൽ കടകംപള്ളിയെത്തുമ്പോൾ സ്വീകരിക്കാൻ പ്രായമേറിയവർ ഉൾപ്പെടെ ചെറുസംഘം. ഓരോരുത്തരോടും വിശദമായി സംസാരിച്ച് വോട്ടുകൾ ഉറപ്പാക്കുകയാണ് സ്ഥാനാർഥി. ഇതിനിടയിൽ ചെറുപ്പക്കാരുടെ ഒരു സംഘം സ്ഥാനാർഥിയോടൊപ്പം സെൽഫി എടുക്കാനെത്തി. മണ്ഡലത്തിൽ വികസനപ്രവർത്തനം നടന്നത് ഇടതുപക്ഷം ഭരിച്ചപ്പോഴാണെന്നും യുഡിഎഫ് സർക്കാരിന് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും കടകംപള്ളി പറയുന്നു.

ടെക്നോപാർക്ക്, അപ്പാരൽ പാർക്ക്, ടെക്നോ സിറ്റിക്ക് സ്ഥലം ഏറ്റെടുത്തത്, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി സ്ഥലം ഏറ്റെടുത്തതും അവയെ വികസിപ്പിച്ചതും.. കടകംപള്ളിയുടെ വികസന പട്ടിക നീളുകയാണ്.

കഴക്കൂട്ടം കൃ‌ഷ്ണ തിയേറ്ററിൽനിന്നും ‘കലി’ സിനിമ കണ്ടശേഷം പുറത്തേക്കുവരികയാണ് ഒരു സംഘം ടെക്കികൾ. തിരഞ്ഞെടുപ്പ് സമയത്തെ ‘വാഗ്ദാനം മാത്രമേ ഉണ്ടാകൂ, സ്ഥാനാർഥികളെ വീണ്ടും കാണാൻ അടുത്ത തിരഞ്ഞെടുപ്പുവരണം’-ടെക്കികളിലൊരാളുടെ ചൂടുള്ള പ്രതികരണം. ടെക്നോപാർക്കിന് മുന്നിലെ ഗതാഗതക്കുരുക്ക്, കാത്തിരിപ്പ് കേന്ദ്രമില്ലാത്തത്, പേരിനു വേണ്ടിയുണ്ടാക്കിയ ബസ് സ്റ്റേഷൻ.. പരാതികളു‌െട കെട്ടഴിക്കുകയാണ് ടെക്കികൾ.

Kazhakuttom Assembly Constituency

സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നതിനു മുൻപുതന്നെ മണ്ഡലത്തിൽ സജീവമാണ് ബിജെപി മുൻ സംസ്ഥാന പ്രഡിഡന്റ് വി. മുരളീധരൻ. വികസന പ്രവർത്തനങ്ങൾ നടക്കാത്തത് കഴക്കൂട്ടത്തിന്റെ വളർച്ചയെ ബാധിച്ചതായി മുരളീധരൻ പറയുന്നു. ‘തിരുവനന്തപുരം കോർപ്പറേഷനിൽപ്പെട്ടതാണെങ്കിലും തിരുവനന്തപുരം നഗരവാസികളാണെന്ന തോന്നൽ കഴക്കൂട്ടത്തുകാർക്കുണ്ടാകുന്നില്ല. കഴക്കൂട്ടത്തെ ഹൈദരാബാദും സെക്കന്തരാബാദും പോലെ ഇരട്ട നഗരമായാണ് വളർത്തേണ്ടത്’- മുരളീധരൻ പറയുന്നു.

കഴക്കൂട്ടം- കാരോട് ദേശീയപാത വികസനം കഴക്കൂട്ടത്തിന്റെ മുഖ്ചഛായ തന്നെ മാറ്റിയിരിക്കുകയാണ്. ടെക്നോപാർക്കിനോട് ചേർന്ന് വൻ ഹോട്ടലുകളുടേയും മാളുകളുടേയും ഫ്ലാറ്റുകളുടേയും നിർമ്മാണം പുരോഗമിക്കുന്നു. ദേശീയപാതാ വികസനത്തിന്റെ പിതൃത്വം ഏറ്റെ‌ടുക്കാൻ മത്സരിക്കുകയാണ് പാർട്ടികൾ. നിറയെ ടെക്കികളാണെങ്കിലും മിക്കവർക്കും മണ്ഡലത്തിൽ വോട്ടില്ല. അതിനാൽ തിരഞ്ഞെടുപ്പിന്റെ ചൂടൊന്നും ടെക്നോപാർക്കിലില്ല.

രാഷ്ട്രീയ പാർട്ടികളെ മാറി മാറി പിന്തുണച്ചിട്ടുള്ള മണ്ഡലത്തിൽ ഈഴവ, നായർ സമുദായങ്ങൾക്ക് നിർണായക സ്വാധീനമുണ്ട്. ബിജെഡിഎസുമായുള്ള സഹകരണം കഴക്കൂട്ടം മണ്ഡലത്തിൽ സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. സിപിഎമ്മിന് ശക്തിയുള്ള മണ്ഡലമാണ് കഴക്കൂട്ടം. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയം പാർട്ടിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. മണ്ഡലത്തിൽ വാഹിദ് നടത്തിയ വികസന പ്രവർത്തനങ്ങൾ ജയം അനായാസമാക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.

Your Rating: