Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എം.എ. ബേബിയെ ജയിപ്പിക്കുകയും തോൽപ്പിക്കുകയും ചെയ്ത കുണ്ടറ

Kundara

ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്തുണ്ടായ പരാജയം സിപിഎമ്മിനു നൽകിയ പ്രഹരം ചെറുതല്ല. അരയും തലയും മുറുക്കി രംഗത്തിറങ്ങിയിട്ടും ആർഎസ്പിയിലെ പ്രേമചന്ദ്രന്റെ വിജയത്തെ തടയാൻ എൽഡിഎഫിനായില്ല. സ്വന്തം നിയമസഭാ മണ്ഡലമായ കുണ്ടറയിൽപോലും പിന്നിലായ എം.എ. ബേബി രാജിക്ക് തയ്യാറെടുത്തു. ഒടുവിൽ മുതിർന്ന നേതാക്കൾക്ക് ഇടപെട്ടാണ് തീരുമാനം മാറ്റിയത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയത്തിൽ കുറഞ്ഞതൊന്നും എൽഡിഎഫ് ചിന്തിക്കുന്നില്ല. ബേബി വീണ്ടും മത്സരിക്കുമോയെന്ന ചോദ്യവും സീറ്റ് നിലനിർത്താൻ കഴിയുമോയെന്ന ചോദ്യവും പാർട്ടിക്കുള്ളിൽ ഉയരുന്നു. ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ബേബി വീണ്ടും കുണ്ടറയിൽ മത്സരിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. മണ്ഡലത്തിനുണ്ടായ മാറ്റവും ഈ തീരുമാനത്തിനു പിന്നിലുണ്ട്.

മണ്ഡലത്തിന്റെ ചരിത്രം ഇങ്ങനെ: 1982ൽ കോൺഗ്രസിലെ തോപ്പിൽ രവി 4,199 വോട്ടുകൾക്ക് സിപിഎമ്മിലെ വി.വി. ജോസഫിനെ പരാജയപ്പെടുത്തി. 1987ൽ സിപിഎമ്മിലെ ജെ. മേഴ്സിക്കുട്ടിയമ്മ തോപ്പിൽ രവിയെ 6,964 വോട്ടുകൾക്ക് പരാജയപ്പെടുത്തി മണ്ഡലം പിടിച്ചു. 1991ൽ കോൺഗ്രസിലെ അൽഫോൺസാ ജോൺ മേഴ്സിക്കുട്ടിയമ്മയെ 1,372 വോട്ടുകൾക്ക് തോൽപ്പിച്ചു. 1996ൽ മേഴ്സികുട്ടിയമ്മ അൽഫോൺസാ ജോണിനെ 6,476 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2001ൽ കടവൂർ ശിവദാസൻ, മേഴ്സികുട്ടിയമ്മയെ 4,467 പരാജയപ്പെടുത്തി. 2006ൽ എം.എ ബേബി കടവൂർ ശിവദാസനെ 14,869 വോട്ടിനു പരാജയപ്പെടുത്തി. 2011ലും വിജയം ആവർത്തിച്ചു.

ഇളമ്പല്ലൂർ, കൊറ്റംകര, കുണ്ടറ, നെടുംപന, പേരയം, പെരിനാട്, തൃക്കോവിൽവട്ടം പഞ്ചായത്തുകൾ അടങ്ങുന്നതാണ് മണ്ഡലം. ഇതിൽ പേരയത്തുമാത്രമാണ് യുഡിഎഫിന് മുന്നേറ്റം സാധ്യമായത്. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയമുണ്ടായെങ്കിലും എൽഡിഎഫിന് പൂർണമായി അനുകൂലമല്ല കാര്യങ്ങൾ.

Kundara-info

2006ലും 2011ലും തിരഞ്ഞെടുപ്പിൽ ബേബിക്ക് ഏറെ വിയർപ്പൊഴുക്കേണ്ടിവന്നില്ല. കോൺഗ്രസ് സ്ഥാനാർഥി ജർമ്മിയാസിന് മണ്ഡലത്തിൽ വലിയ സ്വാധീനമില്ലാത്തത് കഴിഞ്ഞതവണത്തെ വിജയം എളുപ്പമാക്കി. സ്ഥാനാർഥി നിർണയത്തിലെ പാളിച്ചയാണ് പരാജയത്തിന് കാരണമെന്ന് യുഡിഎഫിൽ വിമർശനമുയർന്നു. ക്രിസ്ത്യൻ വിഭാഗത്തിന്റെ പിൻതുണയും ബേബിയുടെ പ്രതിച്ഛായയും മികച്ച വിജയം സമ്മാനിച്ചു.

എന്നാൽ, പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഈ ഘടകങ്ങൾ ബേബിയെ പിൻതുണച്ചില്ല. ക്രിസ്ത്യൻ വിഭാഗത്തിന്റെ വോട്ട് കോൺഗ്രസ്- ആർഎസ്പി കൂട്ടുകെട്ടിന് ലഭിച്ചു. ബേബിക്ക് നിയമസഭയിൽ വലിയ ഭൂരിപക്ഷം ലഭിച്ച കുണ്ടറയിലെ പഞ്ചായത്തുകളിൽ പ്രേമചന്ദ്രന് വലിയ ഭൂരിപക്ഷം ലഭിച്ചു. മുന്നണിവിട്ട ആർഎസ്പിയെ തോൽപ്പിക്കാൻ വളരെ ജാഗ്രതയോടെ എൽഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടും വലിയ തിരിച്ചടി ഉണ്ടായി. ഇക്കാരണത്താൽ കരുതലോടെയാണ് എൽഡിഎഫ് ഈ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

വ്യവസായ കേന്ദ്രമായി അറിയപ്പെട്ടിരുന്ന കുണ്ടറയ്ക്കിപ്പോൾ പഴയപ്രതാപമില്ല. വികസനക്കുതിപ്പിന് കാതോർക്കുകയാണ് മണ്ഡലം. കെഇഎല്‍, കേരളാ സിറാമിക്, അലുമിനിയം ഇന്‍ഡസ്ട്രീസ്, ലക്ഷ്മി സ്റ്റാര്‍ച്ച് കമ്പനി തുടങ്ങിയ ഒട്ടനവധി വ്യവസായസ്ഥാപനങ്ങള്‍ കുണ്ടറയില്‍ ഉണ്ടായിരുന്നു. ഇതിൽ കേരളാ സിറാമിക് ഉള്‍പ്പെടെയുള്ളവ പൂട്ടിപ്പോയി. ടെക്‌നോപാര്‍ക്ക് മാത്രമാണ് ഇപ്പോഴുള്ളത്.

ടെക്‌നോപാര്‍ക്ക് സ്ഥാപിക്കാൻ മുൻകൈ എടുത്തെങ്കിലും പൂട്ടിപ്പോയ വ്യവസായങ്ങളുടെ പുനരുദ്ധാരണത്തിന് ബേബിയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. കുണ്ടറ സ്‌റ്റേഷന്‍ വികസനവും നടപ്പിലായില്ല. ബേബി മത്സരിക്കാനില്ലെങ്കിൽ മുന്‍ എംഎല്‍എ ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്ക് സാധ്യതയുണ്ട്. അച്യുതാനന്ദന്‍ പക്ഷക്കാരിയായ മേഴ്‌സിക്കുട്ടിയമ്മക്കു നിലവിലെ സാഹചര്യത്തില്‍ ഭീഷണിയില്ല. വിഭാഗീയത ഏറെക്കുറെ അവസാനിച്ചതും സാധ്യത വര്‍ധിപ്പിക്കുന്നു. പി. ജര്‍മിയാസിന് സീറ്റ് ലഭിയ്ക്കാന്‍ സാധ്യത കുറവാണ്. കൂടുതൽ കരുത്തനായ സ്ഥാനാർഥിയെയാണ് കോൺഗ്രസ് നോക്കുന്നത്.

Your Rating: