Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎമ്മിന്റെ തന്റേടമായ ജെ. മേഴ്സിക്കുട്ടിയമ്മയെ നേരിടാൻ കോൺഗ്രസിന്റെ നാവായ രാജ്മോഹൻ ഉണ്ണിത്താൻ

kundara-candidates

അഷ്ടമുടിയുടെ തീരത്തിനൊരീണമുണ്ട്. കായലോളങ്ങൾ പാദസരം തീർക്കുന്ന നാട്ടിറമ്പുകൾ, തൊണ്ടും തോട്ടണ്ടിയും പതം വരുത്താൻ കൈത്താളമുയരുന്ന ഗ്രാമങ്ങൾ, തെങ്ങോലപോലെ ചാഞ്ചാടി നിൽക്കുന്ന ഗ്രാമമനസ്സ്...

പോർക്കളത്തിലിറങ്ങുമ്പോൾ കുണ്ടറയ്ക്കു പക്ഷേ മറ്റൊരു ഭാവം. അടയിരിക്കുന്ന പ്രതീക്ഷകളും പതിയിരിക്കുന്ന പകയും നിറഞ്ഞ കള്ളിമുൾ പ്രദേശം. കുണ്ടറയുടെ ജനപ്രതിനിധിയാകാൻ കാലങ്ങളായി കാത്തിരിക്കുന്നവരുടെ അറ്റുപോകുന്ന പ്രതീക്ഷകൾ. കുണ്ടറ ആരെയും കണ്ണുമടച്ചങ്ങു പിന്താങ്ങില്ലെന്നു തിരഞ്ഞെടുപ്പു ചരിത്രം.

ഒരു തവണ ജയിച്ചയാളെ അടുത്തതവണ കൈവിടുന്നതു കുണ്ടറയുടെ സ്വഭാവം. 1965 മുതൽ നടന്ന ഒരു ഡസൻ തിരഞ്ഞെടുപ്പുകളിൽ രണ്ടുപേർ മാത്രമാണ് ഈ കടമ്പ മറികടന്നത്– കോൺഗ്രസിലെ എ.എ.റഹീമും സിപിഎമ്മിലെ എം.എ.ബേബിയും. പതിനൊന്നിലും കോൺഗ്രസും സിപിഎമ്മും നേരിട്ടേറ്റുമുട്ടി. ആറുതവണ സിപിഎമ്മിനെയും അഞ്ചുതവണ കോൺഗ്രസിനെയും വരിച്ചു.

സിപിഎമ്മിന്റെ തന്റേടവും കോൺഗ്രസിന്റെ നാവും തമ്മിലാണ് ഇക്കുറി പ്രധാന പോര്. മണ്ഡലത്തെ രണ്ടു തവണ പ്രതിനിധീകരിച്ച സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ജെ. മേഴ്സിക്കുട്ടിയമ്മയും കെപിസിസി വക്താവ് രാജ്മോഹൻ ഉണ്ണിത്താനും നേരിട്ടേറ്റുമുട്ടുമ്പോൾ ദക്ഷിണ മേഖലാ ജനറൽ സെക്രട്ടറി എം.എസ്.ശ്യാംകുമാറിനെ രംഗത്തിറക്കി ബിജെപിയും കുണ്ടറപ്പോര് കൊഴുപ്പിക്കുന്നു.

ഒരുകാലത്ത് പരമ്പരാഗത– ആധുനിക വ്യവസായങ്ങളുടെ ആസ്ഥാനമായിരുന്ന മണ്ണാണിത്. കയർ– കശുവണ്ടിത്തൊഴിലാളികൾ സമ്പദ് വ്യവസ്ഥയ്ക്ക് അടിത്തറ പാകിയപ്പോൾ സിറാമിക്സ്, അലിൻഡ്, കെൽ തുടങ്ങിയ വ്യവസായങ്ങൾ നാടിന്റെ മുഖച്ഛായയ്ക്ക് ആഡംബരമിട്ടു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികളുള്ള മണ്ഡലത്തിൽ പുകക്കുഴലുകൾ ആഹ്ലാദം പരത്തിയിരുന്ന കാലമുണ്ടായിരുന്നു. അവയിൽ ഏറെയും പൂട്ടിക്കിടക്കുന്നു. കയർ റാട്ടുകളുടെ താളവും ഏതാണ്ടു നിലച്ചു. ആധുനിക വ്യവസായങ്ങൾ ഊർധ്വശ്വാസം വലിക്കുന്നു. തിരുവനന്തപുരം ടെക്നോപാർക്കിന്റെ തുടർച്ചയായി തുടങ്ങിയ കുണ്ടറ ടെക്നോപാർക്കിന്റെ പ്രവർത്തനവും പേരിലൊതുങ്ങി. സൈറണുകൾ നിശ്ശബ്ദമാകുന്ന മണ്ഡലം കടുത്ത മത്സരത്തിന്റെ കാഹളമൂതുന്നു.

kundara-constituency

നാലാം അങ്കമാണെങ്കിലും കന്നിക്കാരിയുടെ പ്രസരിപ്പോടെ കളം നിറയുന്നു മേഴ്സിക്കുട്ടിയമ്മ. മുപ്പതാം വയസ്സിൽ കന്നി മത്സരത്തിൽ ഇവിടെ ജയിച്ച മേഴ്സിക്കുട്ടിയമ്മയ്ക്കു പിന്നീടിങ്ങോട്ടു രാഷ്ടീയത്തിൽ കുണ്ടറ വിട്ടൊരു ലോകമില്ല. രണ്ടു തവണ പരാജയപ്പെട്ടപ്പോഴും മറ്റെങ്ങും പോയില്ല. കന്നി എംഎൽഎയായിരിക്കെ, പെരുമണിൽ ട്രെയിൻ മറിഞ്ഞപ്പോൾ (നൂറിലേറെപ്പേർകൊല്ലപ്പെട്ട പെരുമൺ ദുരന്തം) വിവാഹവേദിയിൽനിന്നു രക്ഷാപ്രവർത്തനത്തിനോടിയ മേഴ്സിക്കുട്ടിയമ്മ പിന്നെ വീട്ടിൽ തിരിച്ചെത്തുന്നത് ഒരാഴ്ചകഴിഞ്ഞ്. ഹണിമൂൺ എങ്ങനെയുണ്ടായിരുന്നുവെന്നു ചോദിച്ചു പലരും കളിയാക്കാറുണ്ട് ഇന്നും ഈ അറുപതുകാരിയെ. സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കൂടിയായ മേഴ്സിക്കുട്ടിയമ്മ ഉള്ളത് ഉള്ളതുപോലെ മുഖത്തു നോക്കി പറയുന്നതിനാൽ പാർട്ടിയിലും തന്റേടക്കാരി എന്ന പേരെടുത്തു. മേഴ്സിക്കുട്ടിയമ്മയുടെ കുണ്ടറയോടുള്ള ആത്മബന്ധം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിലും നല്ല ഭൂരിപക്ഷത്തിൽ ജയിച്ച എം.എ.ബേബി ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏഴായിരത്തോളം വോട്ടുകൾക്ക് ഇവിടെ പിറകിൽപ്പോയതിന്റെ കണക്ക് പാർട്ടിക്കു മനസ്സിലായിട്ടില്ലെന്നു മാത്രം.

രാജ്മോഹൻ ഉണ്ണിത്താന്റെ വാക്ചാതുര്യവും മണ്ഡലം ഇളക്കിമറിക്കാനുള്ള ശേഷിയും വിജയം സമ്മാനിക്കുമെന്ന ഉറച്ച പ്രതീക്ഷയാണ് യുഡിഎഫ് ക്യാംപിൽ. 2006 ൽ തലശേരിയിൽ കോടിയേരി ബാലകൃഷ്ണനെ വിറപ്പിച്ചുവിട്ട പോരാട്ടശേഷി അസലായി വിനിയോഗിക്കുന്നുണ്ട് ഉണ്ണിത്താൻ ഇക്കുറിയും. പഴയ കുണ്ടറ മണ്ഡലത്തിൽപ്പെട്ട പുന്തലത്താഴം സ്വദേശികൂടിയായ ഉണ്ണിത്താനു മണ്ഡലത്തിന്റെ മുക്കും മൂലയും സുപരിചിതം. ഉണ്ണിത്താന്റെ ഈ മെയ്‌വഴക്കം കോൺഗ്രസിൽ ഏറെക്കാലത്തിനുശേഷം ഐക്യത്തിന്റെ അന്തരീക്ഷവും സൃഷ്ടിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനാണ് ഉണ്ണിത്താൻ ഇപ്പോൾ.

പൊലീസ് വകുപ്പിൽ അക്കൗണ്ട്സ് ഓഫിസറായി വിരമിച്ച എം.എസ്.ശ്യാംകുമാർ ആർഎസ്എസിലൂടെയാണ് പൊതുരംഗത്തെത്തിയത്. എൻജിഒ സംഘിന്റെ സംസ്ഥാന പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ച ശ്യാംകുമാറിന്റെ സംഘടനാശേഷി മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. മൂന്നു മുന്നണികളും അടവുകൾ പതിനെട്ടും പുറത്തെടുത്ത യുദ്ധം മുറുകുമ്പോൾ, വിളംബരം നടത്തി വേലുത്തമ്പി ദളവ പേരു കേൾപിച്ച മണ്ണിലെ ക്ലൈമാക്സ് സൂപ്പർ ഹിറ്റാകുമെന്ന് എന്തായാലും തീർച്ച.

Your Rating: