Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്രത്തെ തിരുത്തുന്നു, ഭൂമിശാസ്ത്രം

Mohan

ചരിത്രത്തിൽ എൽഡിഎഫിനും ഭൂമിശാസ്ത്രത്തിൽ യുഡിഎഫിനും മേൽക്കൈയുള്ള മണ്ഡലമാണ് കൂത്തുപറമ്പ്. അതുകൊണ്ടു പരീക്ഷ കടുപ്പം.

കൂത്തുപറമ്പെന്നു കേട്ടാൽ ചോര തിളയ്ക്കും, കണ്ണൂരിലെ ഇടതു ഞരമ്പുകളിൽ. ഓർമയിൽ വെടിയൊച്ചകൾ മുഴങ്ങും. പക്ഷേ ചോരതുടിക്കുന്ന പഴയ ചുവപ്പു മണ്ണല്ല ഇന്നു കൂത്തുപറമ്പ്. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു ജനതാദളിലെ ഒരു വിഭാഗം മുന്നണിവിട്ടുപോയപ്പോൾ കൂടെക്കൊണ്ടുപോയത് ഇടതുനെഞ്ചിലെ ഈ തുടിപ്പാണ്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനായി കളത്തിലിറങ്ങിയ സോഷ്യലിസ്റ്റ് ജനതയിലെ കെ.പി. മോഹനൻ കൂത്തുപറമ്പിനു ചുറ്റുമുള്ള ചുവന്ന വേലി പൊളിച്ചു.

മണ്ഡലപുനർനിർണയത്തിലൂടെ കരുത്തുചോർന്ന ഇടതുകോട്ട ജനതാദളിന്റെ മുന്നണിമാറ്റത്തോടെ പക്ഷം മാറി. പിണറായി വിജയൻ മുതൽ പി.ജയരാജൻ വരെയുള്ള നേതാക്കളെ പതിനായിരക്കണക്കിനു വോട്ടിനു ജയിപ്പിച്ചുവിട്ട കൂത്തുപറമ്പിലെ 31 വർഷത്തെ ഇടതുമേധാവിത്വമാണ് മോഹനൻ തകർത്തത്. മോഹനൻ വീണ്ടും അങ്കം കുറിക്കാനെത്തുമ്പോൾ സിപിഎമ്മിന് ഇത് അഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടമാണ്. കാരണം ഇത്തവണ ജനതാദളിന്റെ (യു) ഇടതുമുന്നണിയിലേക്കുള്ള മടങ്ങിവരവിനു തടയിട്ടതു മോഹനന്റെ അടവുകളാണ്. അതിനാലാണ് കോട്ട തിരിച്ചുപിടിക്കാൻ കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജയെ തന്നെ സിപിഎം നിയോഗിച്ചത്. ബിജെപി വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ ആർഎസ്എസ് നേതാവ് സി. സദാനന്ദനാണു സ്ഥാനാർഥി. രാഷ്ട്രീയ ആക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട സദാനന്ദൻ കളത്തിലിറങ്ങുമ്പോൾ കണ്ണൂരിലെ അക്രമരാഷ്ട്രീയം പ്രചാരണവിഷയമാകുന്നത് സ്വാഭാവികം.

Kooth-prmp

വികാരം കൊണ്ടളന്നാൽ കമ്യൂണിസ്റ്റുകാർക്കും സോഷ്യലിസ്റ്റുകൾക്കും ഒരുപോലെ പ്രിയപ്പെട്ട മണ്ണാണു കൂത്തുപറമ്പ്. ആദ്യ നാലു തിരഞ്ഞെടുപ്പുകളിൽ സോഷ്യലിസ്റ്റു പാർട്ടികൾ മാത്രം വിജയിച്ചതാണ് ഈ മണ്ഡലം. 1970 മുതലാണു സിപിഎമ്മിന്റെ ഉരുക്കുകോട്ടയായത്. 2011ലെ പുനർനിർണയത്തിൽ പാർട്ടിഗ്രാമങ്ങൾ കൊഴിഞ്ഞുപോവുകയും പകരം സോഷ്യലിസ്റ്റ് കേന്ദ്രമായ പെരിങ്ങളം മണ്ഡലത്തിന്റെ ഭാഗങ്ങൾ കൂടിച്ചേരുകയും ചെയ്തു. പെരിങ്ങളത്തെ സിറ്റിങ് എംഎൽഎയായിരുന്ന കെ.പി. മോഹനൻ അങ്ങനെയാണു കൂത്തുപറമ്പിലേക്കെത്തുന്നത്. കൂത്തുപറമ്പിന്റെ ആദ്യ എംഎൽഎയായിരുന്ന അച്ഛൻ പി.ആർ. കുറുപ്പിന്റെ ഓർമകളായിരുന്നു കൂട്ട്.

വീണ്ടും മൽസരത്തിനിറങ്ങുമ്പോൾ കൃഷിമന്ത്രിയെന്ന നിലയിൽ കൂത്തുപറമ്പിലിട്ട വികസനവിത്തുകൾ വിളവെടുപ്പിനു പാകമായി നിൽക്കുന്നു. അഞ്ചുവർഷം കൊണ്ടു 264 കോടി രൂപയുടെ പദ്ധതികളാണു മണ്ഡലത്തിൽ നടപ്പാക്കിയത്. ഒട്ടേറെ സർക്കാർ സ്ഥാപനങ്ങൾ മണ്ഡലത്തിൽ ആരംഭിച്ചതും ജലാശയങ്ങളുടെ സംരക്ഷണത്തിനായി പദ്ധതികൾ നടപ്പാക്കിയതുമാണ് നേട്ടമായി കെ.പി. മോഹനൻ എടുത്തുപറയുന്നത്.

ആദ്യമായി നിയമസഭാംഗമാക്കിയ മണ്ഡലത്തിലേക്കുള്ള തിരിച്ചുവരവാണു കെ.കെ. ശൈലജയ്ക്ക് ഈ മൽസരം. പേരാവൂരിൽ മത്സരിപ്പിക്കാൻ പാർട്ടി നിശ്ചയിച്ച ശൈലജയ്ക്ക് കൂത്തുപറമ്പിലെ അങ്കക്കുറി ലഭിക്കുന്നത് അവസാനനിമിഷമാണ്. കേന്ദ്രകമ്മിറ്റിയംഗം എന്ന നിലയിൽ കുറച്ചുകൂടി ജയസാധ്യതയുള്ള മണ്ഡലം വേണമെന്ന ആവശ്യം പാർട്ടി അംഗീകരിക്കുകയായിരുന്നു. 1996ൽ കൂത്തുപറമ്പിൽ നിന്നും 2006ൽ പേരാവൂരിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശൈലജ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പേരാവൂരിൽ പരാജയപ്പെട്ടു. പഴയ തട്ടകത്തിലെ ബന്ധങ്ങളിലാണു ശൈലജയുടെ പ്രതീക്ഷ.

ആർഎസ്എസ് നേതാവും ദേശീയ അധ്യാപക പരിഷത് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി. സദാനന്ദനും പഴയ കർമമണ്ഡലത്തിലേക്കുള്ള തിരിച്ചുവരവാണ്. കണ്ണൂർ സ്വദേശിയായ സദാനന്ദൻ 19 വർഷമായി തൃശൂർ ജില്ലയിലെ പേരാമംഗലം ദുർഗവിലാസം സ്കൂളിലെ അധ്യാപകനാണ്. ആർഎസ്എസിന്റെ തൃശൂർ ജില്ലാ പ്രചാർപ്രമുഖും ഭാരതീയ വിചാരകേന്ദ്രം തൃശൂർ ജില്ലാ സെക്രട്ടറിയും ആയിരുന്നു. 1994ൽ കണ്ണൂരിലെ ഉരുവച്ചാലിൽ രാഷ്ട്രീയ എതിരാളികളുടെ വെട്ടേറ്റ സദാനന്ദന് ഇരുകാലുകളും മുട്ടിനു താഴെ വച്ചു നഷ്ടമായി. കട്ടിലിലായിപ്പോകേണ്ട ജീവിതത്തെ കൃതിമക്കാലിലേറിയാണു സദാനന്ദൻ തിരിച്ചുപിടിച്ചത്. ഇരുകാലുമില്ലാത്തയാളാണു മുന്നിലെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാകില്ല. മുട്ടിനു താഴെ കൃതിമക്കാലുറപ്പിച്ച് പാന്റ്സും ജൂബയുമിട്ട്– നടക്കുമ്പോൾ ചിലപ്പോൾ ചെറുതായൊന്നു വേച്ചുപോകുമെന്നു മാത്രം.

കഴിഞ്ഞ തവണ 3303 വോട്ടുകൾക്ക് കെ.പി. മോഹനൻ ജയിച്ച മണ്ഡലത്തിൽ ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ നേടിയ മുന്നേറ്റത്തിലാണു ഇടതുപ്രതീക്ഷ. എന്നാൽ മണ്ഡലത്തിലെ ഓരോരുത്തരെയും പേരെടുത്തു വിളിക്കാവുന്നത്ര അടുപ്പമുള്ള കെ.പി. മോഹനൻ കളത്തിലിറങ്ങുമ്പോൾ ഈ കണക്കുകൾ അപ്രസക്തമാകുമെന്നു യുഡിഎഫ് കരുതുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ പാനൂർ നഗരസഭയിലും മൂന്നു പഞ്ചായത്തുകളിലും സാന്നിധ്യമറിയിച്ച ബിജെപിയും കരുത്തറിയിക്കാനാണ് ഉറച്ചിട്ടുള്ളത്.

കൂത്തുപറമ്പെന്ന പേര് ഇടതുപക്ഷത്തിന്റെ വികാരമാക്കി മാറ്റിയത് 1994ൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ പൊലീസ് വെടിവയ്പ്പാണ്. പക്ഷേ ഈ വെടിവയ്പ്പിനെക്കുറിച്ചും രക്തസാക്ഷികളെക്കുറിച്ചും ഇപ്പോൾ കൂത്തുപറമ്പിലെ സിപിഎമ്മുകാരെക്കാൾ കൂടുതൽ സംസാരിക്കുന്നത് അഴീക്കോട്ടെ യുഡിഎഫുകാരാണെന്നത് പുതിയ രാഷ്ട്രീയചിത്രം.

Your Rating: