Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൃഷിയിറക്കി; മടവീഴാതിരിക്കാൻ ജാഗ്രത

Kuttanad

സംസ്ഥാനത്തു സമുദ്രനിരപ്പിനു താഴെ നടക്കുന്ന ഏക നിയമസഭാ തിരഞ്ഞെടുപ്പാണു കുട്ടനാട്ടിലേത്. കരയും കായലും കൈകോർത്തു നിൽക്കുന്ന കുട്ടനാട്ടിലെ തിരഞ്ഞെടുപ്പിൽ ഇരുമുന്നണികളും കരകയറിയിട്ടുണ്ട്; മുങ്ങിപ്പോയിട്ടുമുണ്ട്.

ആറു തിരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിച്ചപ്പോൾ ഏഴു തവണ എൽഡിഎഫും വിജയിച്ചിട്ടുണ്ട്. ഏഴു പഞ്ചായത്തുകൾ എൽഡിഎഫ് ഭരിക്കുമ്പോൾ ആറിൽ യുഡിഎഫിനു ഭരണമുണ്ട്. ഇരുമുന്നണികളും ഇതുവരെ ഒപ്പത്തിനൊപ്പമായിരുന്നെങ്കിൽ, ഇക്കുറി എൻഡിഎയും കരുത്തുകാട്ടുന്നു എന്നൊരു വ്യത്യാസമുണ്ട്.

വെള്ളവും വെള്ളപ്പാച്ചിലും ഇഷ്ടംപോലെ കണ്ടതിനാലാകാം, രാഷ്ട്രീയത്തിലെ ഓളവും തിരയും കുട്ടനാട്ടിനെ ബാധിക്കില്ല. കാറ്റും മഴയും വെള്ളവും മണ്ണും നോക്കി വിത്തിടുന്നതുപോലെ ആളും തരവും നോക്കിയാണു വോട്ടിടുന്നതെന്നു പറയാം. കുട്ടനാടിനെ അടുത്തറിയാവുന്ന രാഷ്ട്രീയ പാർട്ടികൾക്ക് ഇക്കാര്യം നന്നായി അറിയാം.

ഒന്നിനും തിട്ടമില്ലായ്മയാണു കുട്ടനാടിന്റെ സ്വഭാവം. മഴക്കാലത്തു വെള്ളത്തിലാകുന്ന കുട്ടനാട്ടിൽ വേനലിൽ കുടിവെള്ളം കിട്ടാനുമില്ല. പനിപോലും മാരക പകർച്ചവ്യാധിയാകും. കൃഷിയും നിർമാണവും വെള്ളവും പരിസ്ഥിതിയും ആരോഗ്യവും ടൂറിസവും...എന്നുവേണ്ട, പ്രചാരണ വിഷയങ്ങൾ ധാരാളം. പക്ഷേ, കുട്ടനാടൻ മനസ്സിന്റെ അടിയൊഴുക്കു മാത്രം മുൻകൂട്ടി പറയാനാവില്ല. മുന്നണികളിലെ പ്രധാന കക്ഷികളല്ല, ഘടകകക്ഷികളാണ് ഇവിടെ മൽസരിക്കുന്നത്. എൽഡിഎഫിൽ എൻസിപിയും യുഡിഎഫിൽ കേരള കോൺഗ്രസ്–എമ്മും എൻഡിഎയിൽ ബിഡിജെഎസും.

Kuttanadu-vote

സ്ഥാനാർഥികളെല്ലാം കേന്ദ്ര – സംസ്ഥാന നേതാക്കളാണെന്നതു മറ്റൊരു കൗതുകം. എൻസിപി ദേശീയ വർക്കിങ് കമ്മിറ്റി അംഗമാണ് എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാണ്ടി. കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയാണ് യുഡിഎഫ് സ്ഥാനാർഥി ജേക്കബ് ഏബ്രഹാം. ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ് എൻഡിഎ സ്ഥാനാർഥി സുഭാഷ് വാസു.

ഹാട്രിക് വിജയമാണ് തോമസ് ചാണ്ടിയുടെ ലക്ഷ്യം. 2006ൽ ഡിഐസി സ്ഥാനാർഥിയായി യുഡിഎഫിൽ കന്നിമൽസരം നടത്തിയ തോമസ് ചാണ്ടി 5381 വോട്ടുകൾക്കു വിജയിച്ചു. തുടർച്ചയായി നാലുവട്ടം എൽഡിഎഫിനു വിജയം നൽകിയ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ ഡോ. കെ.സി.ജോസഫിനെയാണു പരാജയപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസ്–എമ്മിൽ ലയിച്ചതോടെ ഡോ. കെ.സി.ജോസഫ് യുഡിഎഫ് സ്ഥാനാർഥിയായി രംഗത്തു വന്നു. എന്നാൽ, എൻസിപിയിലൂടെ എൽഡിഎഫ് സ്ഥാനാർഥിയായി വന്ന തോമസ് ചാണ്ടി സീറ്റ് നിലനിർത്തി.

കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കുന്നതിനു കേരള കോൺഗ്രസിലെ ജേക്കബ് ഏബ്രഹാമിനെയാണു യുഡിഎഫ് രംഗത്തിറക്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗമെന്ന നിലയിൽ മണ്ഡലത്തിൽ സുപരിചിതനാണു ജേക്കബ് ഏബ്രഹാം. വ്യക്തിബന്ധങ്ങളും തുണയാകുമെന്നു യുഡിഎഫ് കരുതുന്നു.

ബിഡിജെഎസ് മുൻനിര നേതാവായ സുഭാഷ് വാസുവിനെ രംഗത്തിറക്കി കടുത്ത മൽസരത്തിനാണ് എൻഡിഎ ഒരുങ്ങുന്നത്. നരേന്ദ്ര മോദി അടക്കം കുട്ടനാട്ടിൽ പ്രചാരണത്തിന് എത്തുമെന്ന് അറിയിച്ചുകഴിഞ്ഞു. പരിസ്ഥിതിപ്രാധാന്യമുള്ള കുട്ടനാടിനു രാഷ്ട്രീയപ്രാധാന്യവുമുണ്ടെന്നു ചുരുക്കം. മൂന്നു മുന്നണികൾക്കും പ്രതീക്ഷ നൽകുന്നതു തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകളാണ്. യുഡിഎഫ് – 48218, എൽഡിഎഫ് – 45116 എന്നിങ്ങനെ വോട്ടുകൾ നേടിയപ്പോൾ, 31312 വോട്ടുകൾ നേടി ശക്തി തെളിയിക്കാനായത് എൻഡിഎ മുന്നണിക്കും ആത്മവിശ്വാസം പകരുന്നു.

കേരളത്തിന്റെ നെല്ലറയാണു കുട്ടനാട്. മടകെട്ടി മലവെള്ളം തടുത്തു കൃഷിയിറക്കുന്ന അന്നുമുതൽ കർഷകർ കാത്തിരിക്കും. മഴയും കാറ്റും കീടബാധയും എല്ലാം കൃഷിയെ ബാധിക്കും. വിത്തെറിഞ്ഞാൽ പിന്നെ വിളവെടുപ്പുവരെ ഒന്നും പറയാനാകില്ല. അതുപോലെയാണ് ഇവിടത്തെ തിരഞ്ഞെടുപ്പും. എവിടെ വിളവു നേടും, എവിടെ വെള്ളം കയറും, എവിടെ മടവീഴും – ആർക്കും അറിയില്ല.

Your Rating: