Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അത്ഭുതം ഒളിപ്പിച്ച് നേമം

rajagopal

നേമം എന്നു കേട്ടാൽ കേരളത്തിലെമ്പാടുമുള്ള ബിജെപിക്കാരുടെ മുഖം താമര പോലെ തുടുക്കും. തിരുവനന്തപുരം നഗരത്തോടു ചേർന്നുകിടക്കുന്ന ഈ മണ്ഡലത്തിലും ഒരിക്കൽ കൂടി ജനവിധി തേടുന്ന ഒ. രാജഗോപാലിലും ആണ് അവരുടെ പ്രതീക്ഷകൾ. പക്ഷേ ഇവിടത്തെ സിറ്റിങ് എംഎൽഎ വി. ശിവൻകുട്ടിയാണ്. നേമം അടങ്ങുന്ന തിരുവനന്തപുരം പാർലമെന്റിന്റെ എംപിയോ കോൺഗ്രസിന്റെ ‘കില്ലാഡി’ ശശി തരൂരും. കേരളമാകെ ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന മണ്ഡലം ആരെ അനുഗ്രഹിക്കും എന്നത് വൻ വിലയുള്ള ചോദ്യം.

കോൺഗ്രസ് ക്യാംപിൽ നിന്ന് ആരു സ്ഥാനാർഥിയാകും എന്നു രാജഗോപാലും ശിവൻകുട്ടിയും നോക്കിനിൽക്കുന്നതിനിടയിൽ ഇടതുചവിട്ടി വലതുമാറി കടന്നുവന്നത് വി. സുരേന്ദ്രൻപിള്ള. ഇന്നലെ വരെ തൊട്ടുചേർന്നുള്ള തിരുവനന്തപുരം മണ്ഡലത്തിൽ ഇടതുസ്ഥാനാർഥിയാകുമെന്നു കരുതിയിരുന്ന പിള്ള യുഡിഎഫ് ബാനറിൽ വോട്ടുതേടുന്ന അത്ഭുതത്തിനു നേമം വേദിയായിക്കഴിഞ്ഞു.

എൽ‍ഡിഎഫ് സീറ്റു നിഷേധിച്ചപ്പോൾ സുരേന്ദ്രൻപിള്ള കേരള കോൺഗ്രസിന്റെ പദവികൾ ആദ്യം ഉപേക്ഷിച്ചു. ഇടതുമുന്നണി വിടാനുറച്ചപ്പോൾ ജനതാദളിൽ(യു) നിന്നു ക്ഷണമുണ്ടായി. പക്ഷേ സീറ്റ് മോഹിച്ചാണെങ്കിൽ പ്രയാസമുണ്ട് എന്നു ദൾ സംസ്ഥാനപ്രസിഡന്റ് എം.പി. വീരേന്ദ്രകുമാർ വ്യക്തമാക്കി. ഒരു കുഞ്ഞു പ്രതീക്ഷ മാത്രം ഉള്ളിലൊതുക്കി പിള്ള ഇരിക്കുമ്പോഴാണ് ഡൽഹിയിൽ നിന്നു മുഖ്യമന്ത്രിയുടെ സന്ദേശം എത്തുന്നത്– നേമത്ത് മത്സരിക്കാൻ തയാറാകുക. യുഡിഎഫിനു നേമത്തു കിട്ടാവുന്നതിൽ നല്ല സ്ഥാനാർഥിയാണ് പിള്ള.

Nemam

ഇതെല്ലാം കണ്ട ബിജെപിക്കാർ പറയുന്നത് എൽഡിഎഫിനു രണ്ടു സ്ഥാനാർഥികളായല്ലോ എന്നാണ്. ശിവൻകുട്ടിക്കു വോട്ടു നൽകേണ്ടെന്നു തീരുമാനിക്കുന്നവർക്കു പിള്ളയ്ക്കു കൊടുക്കാമല്ലോ എന്നു വ്യംഗ്യം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവിടെ രാജഗോപാലും ശിവൻകുട്ടിയും മാത്രമേ കളത്തിലുണ്ടായിരുന്നുള്ളൂ എന്നതാണ് യാഥാർഥ്യം. ആവേശകരമായ മത്സരത്തിൽ ശിവൻകുട്ടി 50,076 വോട്ടും രാജഗോപാൽ 43,661 വോട്ടും വാങ്ങിയപ്പോൾ ദളിന്റെ പാർലമെന്ററി ബോർഡ് ചെയർമാൻ കൂടിയായ ചാരുപാറ രവിക്കു കിട്ടിയത് 20,248 വോട്ട് മാത്രം.

അധികാരം കിട്ടിയെങ്കിലും യുഡിഎഫിനു തന്നെ നാണക്കേടായ മൂന്നാംസ്ഥാനം തിരുത്താൻ ഇക്കുറി നിയോഗിച്ചിരിക്കുന്നത് ഇന്നലെ വരെ ഇടതുമുന്നണിക്കാരനായ സുരേന്ദ്രൻപിള്ളയെയോ എന്നു ചോദിക്കാൻ വരട്ടെ. 1984ൽ പുനലൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായാണ് പിള്ള ജയിച്ചത്. തറവാട്ടിൽ മടങ്ങിയെത്തിയല്ലേ എന്നായിരുന്നു കണ്ടപ്പോൾ മുഖ്യമന്ത്രി ചോദിച്ചതും.

നിയമസഭയിൽ മേശകളിൽ നിന്നു മേശകളിലേക്കു വരെ കുതിച്ചുപായാൻ മടിയില്ലാത്ത ശിവൻകുട്ടി പക്ഷേ പൊടുന്നനെ വീൽ ചെയറിലാണ് ഇപ്പോൾ സഞ്ചാരം. എന്തു ചെയ്യാനാണെങ്കിലും സ്പീഡ് അദ്ദേഹത്തിന്റെ രീതിയാണ്. 26നായിരുന്നു വീട്ടിൽ തെന്നിവീണത്. കോളജ് പഠനകാലത്തെ ഈ ഫുട്ബോൾ ഗോൾകീപ്പറുടെ ഇടതുകാൽ പ്ലാസ്റ്ററിലാണ്. പഠനകാലത്ത് ജില്ലാ ടീമിലും സൗത്ത് സോൺ ടീമിലും അംഗമാവുകയും ഇപ്പോൾ ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പദവി അലങ്കരിക്കുകയും ചെയ്യുന്ന ശിവൻകുട്ടിയിലെ സ്പോർട്സ്മാൻ സ്പിരിറ്റ് തിരഞ്ഞെടുപ്പിൽ മുന്നണിക്കു മുതൽക്കൂട്ടാണ്. ആദ്യം തിരുവനന്തപുരം ഈസ്റ്റിന്റെയും ശേഷം അൽപം വേഷം മാറിയ നേമത്തിന്റെയും എംഎൽഎ ആയി പത്തുവർഷം പിന്നിടുന്ന ഈ സംസ്ഥാനകമ്മിറ്റി അംഗത്തിന് മണ്ഡലത്തിലുടനീളമുള്ള ബന്ധങ്ങൾ തന്നെ വലിയ കരുത്ത്. രാഷ്ട്രീയം നോക്കാതെ (അതിനുപോലും ക്ഷമയില്ല!) ആരുടെയും എന്താവശ്യത്തിനും മുൻപിൻനോക്കാതെ ശിവൻകുട്ടി ഇറങ്ങും.

കരമന–കളിയിക്കാവിള പാതയടക്കമുള്ള വികസനനേട്ടങ്ങളും എംഎൽഎയ്ക്കു പറയാനുണ്ട്. രാജഗോപാൽ വിജയിക്കാൻ ഏറ്റവും സാധ്യതയുണ്ടായിരുന്ന 2011ൽ അദ്ദേഹത്തെ അതിജീവിക്കാൻ കഴിഞ്ഞുവെങ്കിൽ ഇക്കുറി കുറെക്കൂടി എളുപ്പമാകും എന്നാണ് ശിവൻകുട്ടിയുടെ വിശ്വാസം. ഇന്നലെവരെ എൽഡിഎഫുകാരനായിരുന്ന പിള്ള വേഷം മാറുന്നത് അവസരവാദം മാത്രമെന്നു വോട്ടർമാർ കരുതുമെന്നും. രാജഗോപാലും നേമവും തമ്മിലെ ബന്ധത്തിന് ബിജെപിയും നേമവും തമ്മിലെ അടുപ്പത്തെക്കാൾ ദൃഢത കൂടും. കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിൽ 18000ൽപരം വോട്ടാണ് ശശി തരൂരിനെക്കാൾ കൂടുതൽ ബിജെപിയുടെ ഈ പ്രമുഖനേതാവ് നേമത്തു മാത്രം നേടിയത്.

കോർപറേഷൻ തിരഞ്ഞെടുപ്പിൽ 26ൽ 13 വാർഡും ബിജെപി ജയിച്ചു. സിപിഎമ്മിനെക്കാൾ കൂടുതൽ തങ്ങൾക്കു പ്രവർത്തകരുള്ള മണ്ഡലം എന്നാണ് ബിജെപിയുടെ അവകാശവാദം. ബിഡിജെഎസ് കൂടെയുള്ളതിനാൽ വിജയത്താമര വിരിയും എന്നു തന്നെ പ്രതീക്ഷ. നേമത്തു രാജഗോപാൽ ജയിച്ചില്ലെങ്കിൽ കേരളത്തിൽ പിന്നെ ആര് എന്ന ചോദ്യം ഉണർത്തുന്ന ആവേശത്തോടെയാണ് ഇവിടെ പാർട്ടിയുടെ പ്രവർത്തനവും. ആറ്റുകാൽ, വെള്ളായണി, നെടുങ്കാട് തുടങ്ങി ക്ഷേത്രങ്ങളുടെ പുണ്യഭൂമി ‘രാജേട്ടന്റെ’ ആദ്യ വിജയഭൂമിയാകുമെന്നു പാർട്ടിക്കു പ്രത്യാശ. ശിവൻകുട്ടിക്ക് 2011ലെ അതേ പ്രതിച്ഛായയില്ലെന്നും പിള്ളയ്ക്ക് യുഡിഎഫ് വോട്ടുകൾ തന്നെ മുഴുവൻ സമാഹരിക്കാനാകില്ലെന്നും ബിജെപി വിശ്വസിക്കുന്നു.

എൽഡിഎഫിലെ എല്ലാവർക്കും വ്യക്തിപരമായി സ്നേഹബന്ധമുണ്ട് എന്നത് പിള്ളയുടെ പ്രവർത്തനരീതിയുടെ സവിശേഷതയാണ്. സ്വാഭാവികനീതി നിഷേധിച്ചതുമൂലമാണ് ഇടതുമുന്നണി വിട്ട് യുഡിഎഫിൽ സ്ഥാനാർഥിയായത് എന്നാണ് അദ്ദേഹത്തിന്റെ ന്യായീകരണം. അത് ആന്റണി രാജു യുഡിഎഫ് വിട്ടതുപോലെ അല്ല എന്ന് ഉപമിച്ചുകൊണ്ട് തന്റെ തിരുവനന്തപുരം സീറ്റ് കൊണ്ടുപോയ പഴയ സ്നേഹിതനെ ഒന്നു ഞോടുകയും ചെയ്യുന്നു പിള്ള. എൽഡിഎഫ് കറിവേപ്പില പോലെ തന്നെ കളഞ്ഞുവെങ്കിൽ അതിനുള്ള മറുപടി ജനങ്ങൾ സമ്മാനിക്കുമെന്ന വിശ്വാസത്തിലാണ് വെള്ളാളമഹാസഭയുടെ മുൻ സംസ്ഥാനപ്രസിഡന്റ് കൂടിയായ സുരേന്ദ്രൻപിള്ള ചിരിച്ചു നീങ്ങുന്നത്.

Your Rating: