Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തെ ഞെട്ടിച്ച നെയ്യാറ്റിൻക്കരയും ശെൽവരാജും

by ഉല്ലാസ് ഇലങ്കത്ത്
Neyyatinkara-map

ഉപതിരഞ്ഞെടുപ്പിലൂടെ കേരളത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമായ മണ്ഡലമാണ് നെയ്യാറ്റിൻകര. ടി.പി. വധക്കേസിൽ പ്രതിസന്ധിയിലായിരിക്കേ സിപിഎമ്മിനേറ്റ മറ്റൊരു കനത്ത ആഘാതമായിരുന്നു നെയ്യാറ്റിൻകരയിലെ ജനപ്രതിനിധിയുടെ രാജി. അപ്രതീക്ഷിതമായിരുന്നു ശെൽവരാജിന്റെ രാജിയും കോൺഗ്രസിലേക്കുള്ള പ്രവേശനവും. പത്രസമ്മേളനം നടത്തി രാജി പ്രഖ്യാപിക്കുന്നതുവരെ ശെൽവരാജിന്റെ അടുത്ത സുഹൃത്തുക്കൾപോലും ഒന്നുമറിഞ്ഞില്ല.

പാർട്ടിയിലെ വിഭാഗീതയതയും പാറശാല മണ്ഡലത്തിൽനിന്ന് ശെൽവരാജിനെ മാറ്റിയതുമൊക്കെ രാജിക്ക് കാരണമായി. 2012 ജൂൺ 2ന് ന‌ടന്ന ഉപതെരഞ്ഞെടുപ്പിൽ ശെൽവരാജ് വിജയിച്ചു. ഉപതിരഞ്ഞെടുപ്പ് ദിവസം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ ടി.പി. ചന്ദ്രശേഖരന്റെ വീട് സന്ദർശിച്ചതും പാർട്ടിയിൽ അത് പുതിയ തർക്കങ്ങൾക്ക് തുടക്കമിട്ടതുമൊക്കെ ചരിത്രം.

നെയ്യാറ്റിൻകര മണ്ഡലം ആദ്യ ഉപതിരഞ്ഞെടുപ്പിനെ നേരിട്ടതും എംഎൽഎ രാജി വെച്ചതിനെ തുടർന്നായിരുന്നു. 1949ൽ തിരുക്കൊച്ചിയുടെ പ്രധാനമന്ത്രിയായിരുന്ന പട്ടം താണുപിള്ള സ്റ്റേറ്റ് കോൺഗ്രസ്സ് വിട്ട് പ്രജാ സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചതിനെ തുടർന്നായിരുന്നു നെയ്യാറ്റിൻകര മണ്ഡലത്തിൽ ആദ്യ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പട്ടം താണുപിള്ളക്ക് പിന്തുണ പ്രഖ്യാപിച്ച് അന്ന് രാജി വെച്ചത് പ്രമുഖ ഗാന്ധിയൻ ജി. രാമചന്ദ്രൻ.

സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ നെയ്യാറ്റിൻകര ഇടതുപക്ഷത്തോട് ശക്തമായ ആഭിമുഖ്യം പ്രകടിപ്പിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന ആര്‍. ജനാര്‍ദ്ദനന്‍ നായർ വിജയിച്ചു. പിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന എന്‍.കെ. കൃഷ്ണപിള്ളയെയാണ് ജനാര്‍ദ്ദനന്‍ നായര്‍ പരാജയപ്പെടുത്തിയത്. പിന്നീട് ഇടതും വലതും മാറിമാറി നെയ്യാറ്റിൻകര ഭരിച്ചു.

Neyyatinkara

1982 ല്‍ എൻഡിപിയിലെ സുന്ദരേശന്‍ നായരെ ജനതാപാർട്ടിയിലെ എസ്.ആര്‍. തങ്കരാജ് പരാജയപ്പെടുത്തി. 1987 ലും അദ്ദേഹം വിജയം ആവര്‍ത്തിച്ചു. കോണ്‍ഗ്രസിലെ കെ.സി. തങ്കരാജിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 1991, 1996,2001 വർഷങ്ങളിൽ കോൺഗ്രസിലെ തമ്പാനൂർ രവി വിജയിച്ചു. 2006ൽ സിപിഎമ്മിലെ വി.ജെ. തങ്കപ്പൻ തമ്പാനൂർ രവിയെ 7,46 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2011നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ. ശെൽവരാജ് തമ്പാനൂർ രവിയെ 6,702 വോട്ടുകൾക്ക് പരാജയപ്പെടുത്തി. ബിജെപി സ്ഥാനാർഥി അതിയന്നൂർ ശ്രീകുമാർ 6,730 വോട്ടുകള്‍ നേടി. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പിലും ശെൽവരാജ് വിജയം ആവർത്തിച്ചു.

നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി, അതിയന്നൂർ, ചെങ്കൽ, കാരോട്, കുളത്തൂർ, തിരുപുറം പ‍ഞ്ചായത്തുകൾ ചേർന്നതാണ് മണ്ഡലം. പുനര്‍നിര്‍ണ്ണയത്തെത്തുടര്‍ന്ന് പാടേ മാറിയ നിയോജക മണ്ഡലമാണ് നെയ്യാറ്റിന്‍കര. പഴയ നെയ്യാറ്റിന്‍കര മണ്ഡലത്തിലെ പഞ്ചായത്തുകള്‍ അധികവും ഇപ്പോള്‍ പാറശ്ശാല മണ്ഡലത്തിലാണ്. പഴയ പാറശ്ശാല മണ്ഡലത്തിലുണ്ടായിരുന്ന കാരോട്, കുളത്തൂര്‍, ചെങ്കല്‍, തിരുപുറം, എന്നീ പഞ്ചായത്തുകള്‍ പുതിയ നെയ്യാറ്റിന്‍കര മണ്ഡലത്തിന്റെ ഭഗമായപ്പോള്‍ പഴയ നെയ്യാറ്റിന്‍കരയുടെ ഭാഗമായിരുന്ന നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയും അതിയന്നൂര്‍ പഞ്ചായത്തും മാത്രമാണ് മണ്ഡലത്തില്‍ അവശേഷിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മണ്ഡലത്തിൽ മികച്ച വിജയം നേടാനായി. വർഷങ്ങൾക്കുശേഷം എൽഡിഎഫിൽനിന്നും സ്വന്തമാക്കിയ നെയ്യാറ്റിൻകര നഗരസഭയുടെ ഭരണം യുഡിഎഫിന് കൈവിടേണ്ടിവന്നു. നെയ്യാറ്റിൻകരയിൽ 44 അംഗ നഗരസഭയിൽ 22 സീറ്റിൽ സിപിഎം വിജയിച്ചു.

ജില്ലാ ബ്ലോക്ക് പഞ്ചായത്തിലും എൽഡിഎഫിന് നേട്ടമുണ്ടായി. നെയ്യാറ്റിൻകര മണ്ഡലത്തിൽ യുഡിഎഫിന് ആകെ നിലനിർത്താനായത് കുളത്തൂർ പഞ്ചായത്ത് മാത്രം. 55 വർഷമായി ഭരണത്തിലിരുന്ന കാരോട് പഞ്ചായത്ത് നഷ്ടമായി. തിരുപുറത്ത് ഭരണം നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. അതിയന്നൂരും ചെങ്കലും എൽഡിഎഫ് നിലനിർത്തി. വിമതശല്യമാണ് നഗരസഭയിൽ കോൺഗ്രസിന് പ്രശ്നമായത്. കോൺഗ്രസ് വിമതരായി മത്സരിച്ച അഞ്ചുപേരും വിജയിച്ചു. ഇതിൽ പുന്നക്കാട് നിന്ന് മത്സരിച്ചു വിജയിച്ച റിബലിന്റെ പിൻതുണയോടെ സിപിഎമ്മിലെ ഹീബ നഗരസഭാ അധ്യക്ഷയായി.

നെയ്യാറ്റിൻകരയിൽ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാക്കാനായി. നഗരസഭയിലെ 40 വാർഡുകളിൽ മത്സരിച്ച ബിജെപി അഞ്ചു വാർഡുകളിൽ ജയിച്ചു. 14 വാർഡുകളിൽ രണ്ടാം സ്ഥാനത്തെത്തി. ഒ. രാജഗോപാൽ ശെൽവരാജിനെതിരെ‌ മത്സരിച്ചപ്പോൾ എസ്എൻഡിപി, വിഎസ്ഡിപി, കെപിഎംഎസ് എന്നീ സംഘടനകളുടെ സഹായമുണ്ടായിരുന്നു. ഇത് വലിയ രീതിയിൽ വോട്ട് പിടിക്കുന്നതിന് ബിജെപിയെ സഹായിച്ചു. ഈ സഖ്യം നിലനിർത്തുകയും മികച്ച സ്ഥാനാർഥിയെ മത്സരിപ്പിക്കുകയും ചെയ്താൽ ബിജെപി മറ്റു പാർട്ടികൾക്കു വെല്ലുവിളിയാകും.

ശെൽവരാജിനെ തോൽപ്പിക്കാൻ എല്ലാ അടവും സിപിഎം പുറത്തെടുക്കും. മികച്ച സ്ഥാനാർഥിയെ കണ്ടെത്താനുള്ള തിരച്ചിൽ പാർട്ടി ജില്ലാ നേതൃത്വം ആരംഭിച്ചുകഴിഞ്ഞു. കോൺഗ്രസിൽനിന്ന് ശെൽവരാജ് തന്നെ മത്സരിക്കാനാണ് സാധ്യത. ഉപതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യമല്ല നിലവിലുള്ളതെന്നതിനാൽ വിജയം നേടണമെങ്കില്‍ വലിയ പ്രയത്നം വേണ്ടിവരും.

Your Rating: