Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാതലില്‍ തൊട്ട് ഈ പോര്

Nilamboor-2

രാഷ്ട്രീയത്തിലിറങ്ങുന്ന സിനിമാക്കാരുടെ കാലത്ത് രാഷ്ട്രീയ നിലപാടുമായി സിനിമയെടുത്തയാളാണ് യുഡിഎഫിന്റെ നായകൻ. കോൺഗ്രസുകാരനായി തുടങ്ങി ഇടത്തേക്കു പോയി സ്വതന്ത്ര വേഷം അണിഞ്ഞയാൾ എൽഡിഎഫ് നായകനും. മത്സരത്തിന് നല്ല കാതലുള്ള നിലമ്പൂർ തേക്കിന്റെ കടുപ്പം.

രാഷ്‌ട്രീയമായാലും വേനലായാലും മലപ്പുറത്ത് ഏറ്റവും കൂടിയ ചൂട് നിലമ്പൂരിലാണ്. ഇത്തവണ രാഷ്‌ട്രീയ ഉഷ്‌ണമാപിനിയിൽ താപനില പിന്നെയും ഉയർന്നതിനു കാരണക്കാർ നിലമ്പൂരിലെ സ്ഥാനാർഥികൾ തന്നെ.

ആര്യാടൻ മുഹമ്മദിന്റെ സംവിധാനത്തിൽ മകൻ ഷൗക്കത്ത്, നീണ്ടകാലം സിപിഎമ്മിന്റെ എതിർദിശയിൽ സഞ്ചരിച്ച് ഇപ്പോൾ സഹയാത്രികനായ പി.വി.അൻവർ, രാഷ്‌ട്രീയ പരീക്ഷണവുമായി ബിഡിജെഎസിനു വേണ്ടി ഗിരീഷ് മേക്കാട്ട്... ഇവർക്കു ചുറ്റും രാഷ്ട്രീയം ചൂടുപിടിക്കുന്നു.

നിലമ്പൂരിന്റെ പര്യായമാണ് ആര്യാടൻ മുഹമ്മദ്. മൂന്നര പതിറ്റാണ്ടായി മണ്ഡലത്തിന്റെ പ്രതിനിധി. ടൗണിലെ ആര്യാടൻ ഹൗസ് ആർക്കും എപ്പോഴും കയറിച്ചെല്ലാൻ പറ്റുന്ന അഭയകേന്ദ്രം. ഇനി മൽസരിക്കുന്നില്ലെന്നു തീരുമാനിച്ച് ആര്യാടൻ മുഹമ്മദ് മാറിനിന്നപ്പോൾ കോട്ട കാക്കാനുള്ള ചുമതല മകൻ ഷൗക്കത്തിനു കൈവന്നു. നിലമ്പൂർ പഞ്ചായത്ത് പ്രസിഡന്റായും പിന്നീടു നഗരസഭയുടെ അധ്യക്ഷനായും ഏറെ ജനക്ഷേമ പദ്ധതികൾ നടപ്പാക്കിയ പരിചയവുമായാണ് കെപിസിസി അംഗമായ ഷൗക്കത്തിന്റെ രംഗപ്രവേശം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും സ്വതന്ത്രനായിരുന്നു അൻവർ. അന്ന് ഏറനാട് മണ്ഡലത്തിൽ മൽസരിച്ച അൻവറിനെ സിപിഎം രഹസ്യമായി പിന്തുണച്ചിരുന്നു. അതോടെ ഇടതുമുന്നണി നിർത്തിയ സിപിഐ സ്‌ഥാനാർഥി നാലാം സ്‌ഥാനത്തായി. തുടർന്ന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ ഇരുമുന്നണികൾക്കും എതിരെയായിരുന്നു അൻവറിന്റെ മൽസരം. ഇത്തവണ സിപിഎം സ്വതന്ത്രനായും. ആര്യാടൻവിരുദ്ധ വോട്ടുകളിൽ കണ്ണുനട്ടാണ് കോൺഗ്രസ് പാരമ്പര്യമുള്ള പി.വി. അൻവറിനെ സ്വതന്ത്രനായി ഇടതുമുന്നണി അവതരിപ്പിക്കുന്നത്.

Nilamboor

കഥയൊരുക്കിയ മൂന്നു സിനിമയ്‌ക്കും സംസ്‌ഥാന പുരസ്‌കാരം നേടിയിട്ടുണ്ട് ആര്യാടൻ ഷൗക്കത്ത്. ഷൗക്കത്തിന്റെ മൂന്നു സിനിമകളിൽ രണ്ടെണ്ണം ടി.വി.ചന്ദ്രനും ഒന്നു ജയരാജുമാണു സംവിധാനം ചെയ്‌തതെങ്കിൽ തിരഞ്ഞെടുപ്പിന്റെ സംവിധാനം പൂർണമായും ആര്യാടൻ മുഹമ്മദിനാണ്. അതുകൊണ്ടു തന്നെ വിജയപുരസ്‌കാരം നേടാനാവുമെന്നതിൽ അണിയറപ്രവർത്തകർക്കു സംശയമില്ല. സിനിമയും രാഷ്‌ട്രീയവുമെല്ലാം ഷൗക്കത്തിനു സാമൂഹിക പ്രവർത്തനമാണ്. മൈസൂർ കല്യാണത്തിന്റെ കഥ സിനിമയിൽ പറഞ്ഞ ഷൗക്കത്ത് സ്‌ത്രീധനരഹിത ഗ്രാമമെന്ന പദ്ധതി നിലമ്പൂരിൽ നടപ്പാക്കി.

മന്ത്രിയെന്ന നിലയിൽ ആര്യാടനും തദ്ദേശഭരണ സാരഥിയെന്ന നിലയിൽ ഷൗക്കത്തും നടത്തിയ ജനക്ഷേമ വികസന പ്രവർത്തനങ്ങളാണ് യുഡിഎഫിന്റെ പ്രചാരണവിഷയം. ഇവയിൽ പലതും ഇടതു നേതാക്കളുടെ പ്രശംസയ്‌ക്കു പാത്രമായകാര്യം ഷൗക്കത്ത് പ്രചാരണത്തിനിടെ ഓർമപ്പെടുത്തുന്നു. മണ്ഡലത്തിൽ അഞ്ചുവർഷം കൊണ്ട് 1000 കോടിയുടെ വികസനം എത്തിച്ചതിന്റെ കണക്കുകൾ ആര്യാടൻ മുഹമ്മദും നിരത്തുന്നു. അൻവറിനെ സ്‌ഥാനാർഥിയാക്കിയതിൽ എതിർപ്പുള്ളവർ ഇടതു പാളയത്തിലുണ്ടെന്നുള്ളതു ഭൂരിപക്ഷം കൂട്ടുമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു.

നേർക്കുനേർ നിൽക്കുന്ന ഷൗക്കത്തും അൻവറും ബന്ധുക്കൾ കൂടിയാണ്. പ്രചാരണ രംഗത്ത് ഇക്കാര്യം രണ്ടാളും പറയുന്നില്ലെന്നു മാത്രം. ഷൗക്കത്തിന്റെ മാതൃപിതാവിന്റെ അർധസഹോദരന്റെ മകനാണ് അൻവർ. കോൺഗ്രസ് പാരമ്പര്യം ആവോളമുള്ള കുടുംബം. സ്വാഭാവികമായും അൻവറും കോൺഗ്രസുകാരനായിരുന്നു. ഇടക്കാലത്ത് വയലാർ രവി ഗ്രൂപ്പിനു വേണ്ടി നെഹ്‌റു യുവദർശൻ എന്ന സംഘടനയുണ്ടാക്കി ജനറൽ സെക്രട്ടറി സ്‌ഥാനം വഹിച്ചു. കെ.കരുണാകരന്റെ കൂടെ ഡിഐസിയിലും പോയി.

ഡിഐസിക്കാർ കോൺഗ്രസിലേക്കു പോയപ്പോൾ തിരിച്ചുപോകാതെ അൻവർ മാറിനിന്നു. ഇതിനു പിന്നാലെയാണു തിരഞ്ഞെടുപ്പുകളിൽ സ്വതന്ത്രവേഷത്തിൽ അൻവർ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ജില്ലയിൽ പത്രിക നൽകിയ ധനികരായ സ്‌ഥാനാർഥികളിൽ പ്രമുഖനുമാണ് അൻവർ. പശ്‌ചിമഘട്ട ജനസംരക്ഷണ സമിതിയുടെ സാരഥികൂടിയാണ്.

സ്‌ഥാനാർഥി പട്ടികയിൽ നിന്നു പുറത്തായ കെപിസിസി സെക്രട്ടറി വി.വി. പ്രകാശ് ഷൗക്കത്തിന്റെ പത്രികാ സർപ്പണത്തിന് എത്തിയതോടെ ഒറ്റക്കെട്ടെന്ന ആത്മവിശ്വാസം യുഡിഎഫിന് ഉണ്ടായിട്ടുണ്ട്. മുന്നണിയുടെയും പാർട്ടികളുടെയും കെട്ടുറപ്പിനെ ബാധിക്കുന്നതൊന്നും ഉണ്ടാവരുതെന്ന കരുതൽ ലീഗിന്റെയും കോൺഗ്രസിന്റെയും ഭാഗത്തുനിന്ന് ഉണ്ടായത് യുഡിഎഫിന് ആശ്വാസമായി. മലയോര കുടിയേറ്റ ജനങ്ങൾക്കും സാധാരണക്കാർക്കും വേണ്ടി ആര്യാടൻ ഒന്നും ചെയ്‌തില്ലെന്ന പ്രചാരണമാണ് എൽഡിഎഫിന്റേത്.

എസ്‌എൻഡിപിയുടെ ഭാരതീയ ധർമജന സേന (ബിഡിജെഎസ്) ജില്ലയിൽ മൽസരിക്കുന്ന ഒരേയൊരു മണ്ഡലമാണ് നിലമ്പൂർ. എസ്‌എൻഡിപി നിലമ്പൂർ യോഗം സെക്രട്ടറി ഗിരീഷ് മേക്കാട്ട് ആണ് സ്‌ഥാനാർഥി. എസ്‌എൻഡിപി വോട്ടുകൾ ഇരുമുന്നണികളും പങ്കിട്ടിരുന്ന നിലമ്പൂരിൽ ഗിരീഷിന്റെ സ്‌ഥാനാർഥിത്വത്തിന് ഏറെ പ്രസക്‌തിയുണ്ട്. എൻഡിഎയ്ക്കു കിട്ടുന്ന വോട്ടുകൾ ഏതു മുന്നണിയെ ക്ഷീണിപ്പിക്കുമെന്നതു പ്രധാനമാണ്.

Your Rating: