Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താരങ്ങൾ വോട്ട് തേടാനൊരുങ്ങുന്ന പത്തനാപുരം

by ഉല്ലാസ് ഇലങ്കത്ത്
Pathanapuram

സിനിമാക്കാരുടെ പോരാട്ടത്തിന് പത്താനാപുരം സാക്ഷിയാകുമോ? ആകുമ‌‌െന്നാണ് ഒടുവിൽ പുറത്തുവരുന്ന വാർത്തകൾ. എൽഡിഎഫ് പിന്തുണയോടെ നടൻ ഗണേഷ്കുമാർ മത്സരത്തിന് തയ്യാറെടുക്കുമ്പോൾ നടൻ ജഗദീഷിനെ രംഗത്തിറക്കി മണ്ഡലം പിടിക്കാനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്. ജഗദീഷ് ഇതുവരെ മനസു തുറന്നിട്ടില്ല. പാർട്ടി തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് അദ്ദേഹം.

എൽഡിഎഫിൽനിന്ന് സിപിഐ സ്ഥിരമായി മത്സരിക്കുന്ന മണ്ഡലമായിരുന്നു പത്തനാപുരം. എതിർപക്ഷത്ത് കേരള കോൺഗ്രസും. 1982ൽ കേരള കോൺഗ്രസിലെ എ. ജോർജ് സിപിഐയിലെ കെ.കൃഷ്ണപിള്ളയെ 3,928 വോട്ടുകൾക്ക് പരാജയപ്പെടുത്തി. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ സിപിഐ മണ്ഡലം പിടിച്ചു. സിപിഐയിലെ ഇ.ചന്ദ്രശേഖരൻനായർ 12,603 വോട്ടുകൾക്ക് കേരള കോൺഗ്രസ് എമ്മിലെ എ. ജോർജിനെ പരാജയപ്പെടുത്തി. പ്രകാശ്ബാബുവിലൂടെ 1991ലും 1996ലും സിപിഐ മണ്ഡലം നിലനിർത്തി. 1991ൽ പ്രകാശ്ബാബു കേരള കോൺഗ്രസ് എമ്മിലെ വി. രാധാകൃഷ്ണനെ 12,603 വോട്ടുകൾക്കും 1996ൽ കേരള കോൺഗ്രസ് ബിയിലെ തോമസ് കുതിരവട്ടത്തെ 4,487 വോട്ടുകൾക്കുമാണ് പരാജയപ്പെടുത്തിയത്.

ബാലകൃഷ്ണപിള്ളയുടെ പിൻഗാമിയായി രാഷ്ട്രീയത്തിലേക്കെത്തിയ ഗണേഷ്കുമാർ 2001ൽ സിപിഐയിലെ പ്രകാശ്ബാബുവിനെ 9,931 വോട്ടുകൾക്ക് തോൽപിച്ചു മണ്ഡലം പിടിച്ചു. മന്ത്രിയുമായി. 2006ൽ കെബി ഗണേഷ്കുമാർ സിപിഐയിലെ കെ.ആർ. ചന്ദ്രമോഹനെ 11,814 വോട്ടുകൾക്ക് തോൽപിച്ചു മണ്ഡലം നിലനിർത്തി. 2011ലും ഗണേഷ് വിജയം ആവർത്തിച്ചു.

മേലില, വെട്ടിക്കവല,പട്ടാഴി, പട്ടാഴി വടക്കേക്കര,പിറവൻതൂർ,തലവൂർ, വിളക്കുടി പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് മണ്ഡലം. പത്തനാപുരത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തരംഗമായിരുന്നു. പത്തനാപുരം,പട്ടാഴി,പട്ടാഴി വടക്കേക്കര,തലവൂർ,വിളക്കുടി പഞ്ചായത്തുകളിൽ എൽഡിഎഫ് മേധാവിത്വം നേടി. പിറവന്തൂരിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചില്ല. മിക്ക പഞ്ചായത്തുകളിലും യുഡിഎഫിന് വലിയ തിരിച്ചടിയുണ്ടായി. പരമ്പരാഗത യുഡിഎഫ് കോട്ടകൾ തകർന്നു.

യുഡിഎഫിന്റെ കൈവശമുണ്ടായിരുന്ന ജില്ലാ പഞ്ചായത്ത് സീറ്റിൽ അവർ തോറ്റു. വിജയിച്ചത് എൽഡിഎഫിലെ എസ്. വേണുഗോപാൽ. പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിൽ മൂന്ന് സീറ്റിൽ മാത്രമേ യുഡിഎഫിന് വിജയിക്കാൻ കഴിഞ്ഞുള്ളൂ. എൽഡിഎഫ് പത്തു സീറ്റ് േനടി. തിരഞ്ഞെടുപ്പ് ഏകോപിപ്പിക്കാൻ കോൺഗ്രസിൽ നേതാക്കൾ ഉണ്ടായിരുന്നില്ല എന്നത് പ്രശ്നമായി. തമ്മിലടിയും വിമതശല്യവും തോൽവിയുടെ ആഘാതംകൂട്ടി. യുഡിഎഫിന് ക്ഷീണം സംഭവിച്ചപ്പോൾ പിറവന്തൂരിൽ രണ്ടും പട്ടാഴിവടക്കേക്കരയിലും തലവൂരിലും ഓരോ സീറ്റുവീതവും നേടി ബിജെപി കരുത്തുകാട്ടി. പല സീറ്റുകളിലും ബിജെപി രണ്ടാമതെത്തി.

Pathanapuram-vote

പെരുന്തച്ചന്റെ കഥയുമായി പത്താപുരം നിയമസഭാ മണ്ഡലത്തിന് ബന്ധമൊന്നുമില്ലെങ്കിലും ബാലകൃഷ്ണപിള്ളയെന്ന അച്ഛന്റെയും ഗണേഷ്കുമാറെന്ന മകന്റെയും ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ പത്തനാപുരം കാരണമാകാൻ സാധ്യതയേറെയാണ്. എൽഡിഎഫ് കൂട്ടുകെട്ട് ആഗ്രഹിക്കുന്ന കേരളകോൺഗ്രസ് ബിയോട് പത്തനാപുരം സീറ്റു കൊണ്ട് തൃപ്തിപെടാൻ സിപിഎം ആവശ്യപ്പെട്ടാൽ ബാലകൃഷ്ണപിള്ളയ്ക്ക് കൊട്ടാരക്കരയെന്ന മോഹം ഉപേക്ഷിക്കേണ്ടിവരും. മുന്നണിപ്രവേശം സാധ്യമായാലും പത്തനാപുരവും, കൊട്ടാരക്കരയും - രണ്ടു മണ്ഡലങ്ങൾ കേരളകോൺഗ്രസ് ബിക്ക് ലഭിക്കാൻ സാധ്യത കുറവാണ്. മത്സരിക്കണമെന്ന നിലപാടിൽ പിള്ള ഉറച്ചുനിന്നാൽ പാർട്ടി പ്രതിസന്ധിയിലാകും. അല്ലെങ്കിൽ പിള്ളയ്ക്ക് മത്സരിക്കാൻ സിപിഎം ഏതെങ്കിലും മണ്ഡലം വിട്ടുനൽകണം.

പത്തനാപുരം ആർക്കുവേണ്ടിയും ഒഴിയാൻ ഗണേഷിന് താൽപര്യമില്ല. മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഗണേഷ് തുടക്കമിട്ടു കഴിഞ്ഞു. മണ്ഡലത്തിലെ വ്യക്തി ബന്ധങ്ങളാണ് ഗണേഷിന്റെ കരുത്ത്. പാർട്ടിയുടേയോ മുന്നണിയുടേയോ സ്വാധീനത്തെക്കാൾ ഈ ബന്ധങ്ങളാണ് തിരഞ്ഞെ‌ടുപ്പിൽ വിജയഘടകമാകുന്നതും.

കോൺഗ്രസിന്‍റെ പ്രാഥമിക പട്ടികയിൽ ജഗദീഷ് ഇടംപിടിച്ചിട്ടുണ്ട്. ഗണേഷിനെ നേരിടാൻ ജഗദീഷാണ് മികച്ച സ്ഥാനാർഥിയെന്ന് കോൺഗ്രസ് നേതൃത്വത്തിലെ ചിലർ അവകാശപ്പെ‌ടുന്നു. എന്നാൽ, ജഗദീഷിന്റെ സ്ഥാനാർഥിത്വത്തിനെതിരെ യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയത് തിരിച്ചടിയായിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.