Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെരുമ്പാവൂരിന്റെ മനസ്സമ്മതം ആർക്ക് ?

by ജിജി പോൾ
Perumpavoor-candidates

ലെഫ്റ്റും റൈറ്റും പ്രശ്നമല്ല. പറയത്തക്ക രാഷ്ട്രീയ ശാഠ്യങ്ങളുമില്ല. ആളു നന്നായാൽ ഒപ്പം കൂട്ടും. കൂടെ കൂട്ടിയാൽ കൊണ്ടുനടക്കും, മടുത്താൽ പുതിയയാളെ വരവേൽക്കുകയും ചെയ്യും– ഇതു പെരുമ്പാവൂർ മണ്ഡലത്തിന്റെ പൊതുസ്വഭാവം, ചരിത്രം ശരിവയ്ക്കുന്ന ശീലം.

പെരുമ്പറ കൊട്ടിയല്ല പെരുമ്പാവൂരിൽ പ്രചാരണം. മുന്നണി സ്ഥാനാർഥികൾ മൂന്നുപേരും ബഹളക്കാരല്ല. വോട്ടർമാരെ ഓരോരുത്തരെയായി നേരിൽക്കണ്ടു സൗമ്യമായി വോട്ടുപിടിക്കുകയാണ്. എന്നുവച്ചു പോരിന്റെ ചൂടു കുറയുന്നില്ല. വിജയത്തിന്റെ ഹാട്രിക് പൂർത്തിയാക്കി നിൽക്കുന്ന സിറ്റിങ് എംഎൽഎ സാജു പോളിനെ അട്ടിമറിക്കാനുള്ള ആവേശത്തിലാണ് യുഡിഎഫ് സ്ഥാനാർഥി എൽദോസ് കുന്നപ്പിള്ളിയും കൂട്ടരും. അങ്ങനെ ഇടതുംവലതും മാത്രം ഏറ്റുമുട്ടി ഫലം നിർണയിക്കണ്ട എന്ന വാശിയിലാണ് എൻഡിഎയും അവരുടെ സ്ഥാനാർഥി ഇ.എസ്. ബിജുവും.
ഏറ്റവും കൂടുതൽ ഇതര സംസ്ഥാനക്കാർ വോട്ടു രേഖപ്പെടുത്തുന്ന മണ്ഡലമാണിത്.

ഇത്തവണ പെരുമ്പാവൂരിന്റെ മനസ്സുവരിക്കുന്നത് ആരെയാവും?

യുഡിഎഫിന്റെ ചുണക്കുട്ടിയായി മണ്ഡലം നിറയുന്ന എൽദോസ് കുന്നപ്പിള്ളിയെയോ, മൂന്നുവട്ടം മണ്ഡലം മനസ്സു നിറഞ്ഞനുഗ്രഹിച്ച സാജു പോളിനെയോ, അതോ പുതു ശക്തിയായാവാൻ കുതിക്കുന്ന എൻഡിഎ സ്ഥാനാർഥി ഇ.എസ്. ബിജുവിനെയോ? തിരയിളക്കമുള്ള പ്രചാരണങ്ങളിൽ പെരുമ്പാവൂരിന്റെ ആ മനസ്സമ്മതം ഒളിഞ്ഞു കിടക്കുന്നുണ്ട്.

Perumpavoor


നിയമസഭയിലേക്കു കന്നിയങ്കമാണെങ്കിലും എൽദോസ് കുന്നപ്പിള്ളി ജില്ലയിലെ ഏത് എംഎൽഎയെക്കാളും പ്രശസ്തനാണ്. കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിൽ വന്ന എൽദോസ് 32–ാം വയസ്സിൽ ജില്ലാ പഞ്ചായത്തു പ്രസിഡന്റു പദവിയിലെത്തി കഴിവു തെളിയിച്ചു. മികച്ച ജില്ലാ പഞ്ചായത്തു പ്രസിഡന്റിനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ എൽദോസിനു പെരുമ്പാവൂരിന്റെ മനസ്സു കീഴടക്കാനാവുമെന്നാണു യുഡിഎഫിന്റെ ഉറച്ച പ്രതീക്ഷ. പെരുമ്പാവൂരിലെ വോട്ടർമാർക്ക് എൽദോസിനെ ഇഷ്ടപ്പെടാതിരിക്കാൻ കാരണങ്ങളില്ല എന്നും യുഡിഎഫ് പ്രവർത്തകർ പറയുന്നു. യുവാക്കളുടെ പ്രചാരണ തരംഗത്തിലേറിയാണ് എൽദോസ് ജനങ്ങൾക്കു നടുവിലെത്തുന്നത്.

തുടർച്ചയായ മൂന്നു വിജയത്തിനു ശേഷം നാലാം മൽസരത്തിനിറക്കുമ്പോൾ എൽഡിഎഫിനു സാജുവിന്റെ കാര്യത്തിൽ ഉറപ്പുണ്ട്. പെരുമ്പാവൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച, കോൺഗ്രസുകാരനായിരുന്ന പി.ഐ. പൗലോസിന്റെ മകൻ സാജു പോൾ 2001ൽ ആണ് ആദ്യമായി എംഎൽഎയാവുന്നത്. തുടർന്നിങ്ങോട്ട് എതിരാളികൾ മാറിയതേയുള്ളൂ, എംഎൽഎ മാറിയില്ല. സ്ഥാനാർഥിക്കു രാഷ്ട്രീയത്തിനപ്പുറവും ബന്ധങ്ങളുണ്ടെന്നതും അതു വോട്ടായി മാറുമെന്നതുമാണ് സാജു പോൾ ക്യാംപിന്റെ പ്രതീക്ഷ.

എൻഡിഎ സ്ഥാനാർഥിയായി മൽസരിക്കുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജുവിന്റെ പ്രതീക്ഷ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എൻഡിഎക്കു മണ്ഡലത്തിൽ ലഭിച്ച സ്വീകാര്യതയിലാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിലും പെരുമ്പാവൂരിൽ എൻഡിഎ മികച്ച പ്രകടനം കാഴ്ചവച്ചു. കേരളത്തിലെ സാമുദായിക സംഘടനകളുടെ കൂട്ടായ്മയായ സാമൂഹിക നീതി കർമ സമിതിയുടെ സംസ്ഥാന കോഓർഡിനേറ്ററായ ബിജു ആർഎസ്എസിലൂടെയാണു പൊതു രംഗത്ത് എത്തിയത്.

കേരളപ്പിറവിക്കു മുൻപേയുണ്ടു പെരുമ്പാവൂരിൽ രാഷ്ട്രീയപ്പോര്, 1951 മുതൽ. ജില്ലയിൽ ഏറ്റവും വേഗത്തിൽ വികസിച്ചുവരുന്ന വ്യാപാര കേന്ദ്രമെന്നാണു പുറമേക്ക് അറിവെങ്കിലും പെരുമ്പാവൂരിന്റെ ഉൾക്കാമ്പെന്നും കാർഷിക മേഖലതന്നെയാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ഇതര സംസ്ഥാന തൊഴിലാളികളുള്ള പട്ടണമെന്ന പേരു പെരുമ്പാവൂരിനു നൽകിയതു മണ്ഡലത്തിലെ അസംഖ്യം പ്ലൈവുഡ് ഫാക്ടറികളാണ്.


കൊച്ചി നഗരത്തിൽ നിന്നു ഹൈറേഞ്ചിന്റെ മലമടക്കുകളിലേക്കു പോകുന്ന ആലുവാ– മൂന്നാർ റോഡും തിരുവിതാംകൂറിനെയും മലബാറിനെയും കൂട്ടിയിണക്കിയ എംസി റോഡും പെരുമ്പാവൂരിലൂടെ പോകുന്നതുകൊണ്ടായിരിക്കാം ഏതു ദേശത്തിന്റെയും രാഷ്ട്രീയം പെരുമ്പാവൂരിനു പ്രിയമാണ്.

ഏതെങ്കിലുമൊരു രാഷ്ട്രീയ പക്ഷത്തോടു സ്ഥിരമായി കൂറു പ്രഖ്യാപിക്കാത്തതും അതുകൊണ്ടാവാം.

കേരളപ്പിറവിക്കു മുൻപു രണ്ടും സംസ്ഥാന രൂപീകരണത്തിനു ശേഷം 14ഉം നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു വേദിയായ പെരുമ്പാവൂർ ഒൻപതുവട്ടം ഇടതുപക്ഷത്തെയും ഏഴുവട്ടം യുഡിഎഫിനെയും വിജയിപ്പിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റു സൈദ്ധാന്തികനായിരുന്ന പി. ഗോവിന്ദപ്പിള്ളയും ഇപ്പോഴത്തെ യുഡിഎഫ് കൺവീനർ പി.പി. തങ്കച്ചനും നാലുവട്ടം പെരുമ്പാവൂരിനെ പ്രതിനിധീകരിച്ചു. സാജു പോൾ മൂന്നു തിരഞ്ഞെടുപ്പുകളിൽ വിജയിച്ചു. പി.ആർ. ശിവൻ രണ്ടു വട്ടം പെരുമ്പാവൂർ എംഎൽഎയായിരുന്നു.  

Your Rating: