Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാന്യതയുടെ ‘പൊക്കത്തിൽ’ ഈ പോര്

thiruvalla

പൊക്കത്തിലും തൂക്കത്തിലും പൊതുവായൊന്നുമില്ല മാത്യു ടി. തോമസിനും ജോസഫ് എം. പുതുശേരിക്കും. മത്സരക്കളത്തിൽ നേർക്കുനേർ നിൽക്കുകയുമാണ്. പക്ഷേ, പണ്ടൊരു കാലം അവർ ഒരേ സംഘടനയിൽ പ്രവർത്തിച്ചിരുന്നു. വിദ്യാർഥി ജനതയിൽ. അക്കാലത്തു സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി തിരുവല്ലയിലെത്തിയ പുതുശേരിയെ എടുത്തു പൊക്കാൻ പൊക്കക്കാരനായ മാത്യു ടി.യുണ്ടായിരുന്നു. മാത്യു ടി. അന്ന് സംഘടനയുടെ തിരുവല്ല മാർത്തോമ്മാ കോളജ് യൂണിറ്റ് സെക്രട്ടറി. അന്നു തുടങ്ങി ‘മാന്യൻ ബന്ധ’മാണ് രണ്ടുപേരും തമ്മിൽ. സ്വന്തം മുന്നണിയിൽനിന്നു തന്നെ പുതുശേരിക്കു നൊന്തപ്പോൾ, പുതുശേരിയോടീ ചെയ്യുന്നതു നീതിയല്ല എന്നു സ്വകാര്യമായെങ്കിലും പറഞ്ഞിരുന്നു മാത്യു ടി. തോമസ്. കലക്കങ്ങൾ നീങ്ങിയ തിരുവല്ലയിലെ മത്സരം അങ്ങനെ മാന്യതയുടെ തെളിമയുള്ളതാകുന്നു.

ഇരുവരും വിദ്യാർഥി ജനതയിൽ ഒന്നിച്ചായിരുന്നു. ജനതാ പാർട്ടി 1977ൽ കേന്ദ്രത്തിൽ അധികാരം പിടിച്ചപ്പോൾ ആർ. ബാലകൃഷ്ണപിള്ളയുടെ കേരള കോൺഗ്രസ് ജനതാ പാർട്ടിയിൽ ലയിച്ചതു മുതലാണത്. പിള്ളയുടെ വിദ്യാർഥി വിഭാഗത്തിലൂടെ പുതുശേരിയുമെത്തി. 1978ൽ വിദ്യാർഥി ജനത പുനഃസംഘടിപ്പിച്ചപ്പോൾ പുതുശേരി സംസ്ഥാന പ്രസിഡന്റായി. തിരുവല്ലയിലെത്തിയ പുതുശേരിക്കു മാർത്തോമ്മാ കോളജിൽ സ്വീകരണത്തിനു പിരിവു നടത്തിയതും സ്വാഗതം പറഞ്ഞതും മാത്യു ടി. യാണ്. പുതുശേരി അന്നു മാർത്തോമ്മായിൽ ഡിഗ്രി രണ്ടാം വർഷവും മാത്യു ടി. പ്രീഡിഗ്രി രണ്ടാം വർഷവും.

ഇടക്കാലത്തു വിദ്യാർഥി ജനത പിളർന്നപ്പോൾ മാത്യു ടി. പുതുശേരിക്കൊപ്പം നിലയുറപ്പിച്ചു. പിള്ളയും കൂട്ടരും പിന്നീടു ജനതാ പാർട്ടി വിട്ടു കേരള കോൺഗ്രസ് പുനരുജ്ജീവിപ്പിച്ചപ്പോൾ പുതുശേരിയും പോയി. സഹപ്രവർത്തകനെ മാത്യു ടി. മാന്യമായി യാത്രയാക്കി. അന്നുമിന്നും മാത്യു ടി. ജനതാ കുടുംബക്കാരനായി തുടരുന്നു.

thiruvalla-constituency

മാത്യു ടി. ആദ്യമായി എംഎൽഎ ക്വാർട്ടേഴ്സിൽ താമസിച്ചതു പിള്ളയുടെ മുറിയിലായിരുന്നു. റൂം നമ്പർ 25. പുതുശേരിയുമുണ്ടായിരുന്നു അവിടെ. അങ്ങനെ രണ്ടുപേരും എംഎൽഎയാകുന്നതിനു മുൻപേ എംഎൽഎ ക്വാർട്ടേഴ്സിൽ ഒന്നിച്ചു പൊറുതിയായി! മന്ത്രിയായപ്പോൾ മാത്യു ടി. സ്റ്റേറ്റ് കാറിന്റെ നമ്പരായി 25 തിരഞ്ഞെടുത്തത് ആ മുറിയുടെ ഓർമയിലാണ്.

രണ്ടുപേർക്കും ഇങ്ങനെയൊരു പശ്ചാത്തലമുണ്ടെങ്കിലും വീറിന്റെയും വാശിയുടെയും തീച്ചൂട് വമിപ്പിക്കുന്നുണ്ട് തിരുവല്ല. എൻ‍ഡിഎ സ്ഥാനാർഥിയായി യോഗക്ഷേമസഭ നേതാവ് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് എത്തിയത് അപ്രതീക്ഷിതമായിരുന്നു. രാഷ്ട്രീയത്തിൽ ഇടപെട്ടിട്ടേയില്ലാത്ത അദ്ദേഹം ബിഡിജെഎസ് പ്രതിനിധിയാണ്. താന്ത്രികനാണെങ്കിലും രാഷ്ട്രീയ തന്ത്രങ്ങളല്ല അദ്ദേഹത്തിനു വഴക്കം. മാന്യതയുടെ മത്സരത്തിൽ മൂന്നാമത്തെ കൂട്ടിച്ചേർക്കലാകുന്ന പ്രതിച്ഛായ.

കാറും കോളും നീങ്ങി, ഇനിയൊരു കുതിപ്പാണ് എന്നാണ് യുഡിഎഫ് നേതാക്കൾ ഇപ്പോൾ ആത്മവിശ്വാസത്തോടെ പറയുന്നത്. സംസ്ഥാനത്തു ഭരണത്തുടർച്ച, തിരുവല്ലയ്ക്കു വികസനത്തളർച്ചയിൽനിന്നു മോചനം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് യുഡിഎഫ് ജനത്തിനു മുന്നിൽ വയ്ക്കുന്നത്. നന്നായി വേരോടിയിരുന്ന യുഡിഎഫിനു രണ്ടു തവണ കടപുഴകിയത് എതിരാളികളുടെ മിടുക്കു കൊണ്ടല്ലെന്നും സ്വന്തക്കാരിൽ ചിലരുടെ പിണക്കം കാരണമാണെന്നും അവർ സമ്മതിക്കും. മന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷത്തിരുന്നപ്പോഴും എംഎൽഎയെന്ന നിലയിൽ മാത്യു ടി. തിരുവല്ലയെ നന്നായി പരിപാലിച്ചെന്ന ആത്മവിശ്വാസം എൽഡിഎഫിനെ പ്രചാരണത്തിൽ ഉഷാറാക്കുന്നു. തിരുവല്ല കെഎസ്ആർടിസി കോംപ്ലക്സും ഒട്ടേറെ ഗ്രാമീണ റോഡുകളും പാലങ്ങളുമൊക്കെ അടിസ്ഥാന വികസനത്തിന്റെ മാതൃകകളായി അവർ ചൂണ്ടിക്കാട്ടും.

രണ്ടു മുന്നണിയുടെയും ജയാപജയങ്ങൾക്കിടയിലൂടെ ഒരു വഴി തുറക്കാനാണ് എൻഡിഎ ശ്രമിക്കുന്നത്. അതിനുള്ള ശക്തിയൊക്കെ പ്രവർത്തകർ തിരുവല്ലയിൽ കാണുന്നുണ്ട്. മുന്നണിയിലെ പുതിയ പാർട്ടിയായ ബിഡിജെഎസും അതിന്റെ സമുദായ അടിത്തറയുമൊക്കെ ബലം പകരുമെന്നാണ് അവരുടെ വിശ്വാസം.

എട്ടാം നിയമസഭ (1987) യിലെ ‘ബേബി’യിരുന്നു മാത്യു ടി. തോമസ്. അന്ന് 25 വയസ്സ്. അടുത്ത തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിലെ മാമ്മൻ മത്തായിയോടു തോറ്റു. പതിനഞ്ചു വർഷത്തിനു ശേഷം വീണ്ടും തിരുവല്ല തുണച്ചപ്പോൾ രണ്ടര വർഷം മന്ത്രിയായി. കഴിഞ്ഞ തവണയും ജയിച്ചു. നിയമസഭയിലേക്ക് ഇത് അഞ്ചാം മത്സരം. കഴിഞ്ഞ തവണ ലോക്സഭയിലേക്കു കോട്ടയത്തു മത്സരിച്ചു പരാജയപ്പെടുകയും ചെയ്തു. തിരുവല്ലയിൽ ഭാഗികമായി ലയിച്ച കല്ലൂപ്പാറ മണ്ഡലത്തിന്റെ മുൻ എംഎൽഎയാണ് പുതുശേരി. അദ്ദേഹത്തിനും നിയമസഭയിലേക്ക് അഞ്ചാമങ്കമാണിത്. മൂന്നു തവണ കല്ലൂപ്പാറയുടെ എംഎൽഎയായി. ഒരിക്കൽ തുച്ഛമായ വോട്ടിനു തോറ്റു. എണ്ണൂറിലേറെ ക്ഷേത്രങ്ങളുടെ താന്ത്രിക പൗരോഹിത്യമുള്ള അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് വിവിധ ആത്മീയ, സാമൂഹിക സംഘടനകളുടെ തലപ്പത്തുമുണ്ട്.

Your Rating: