Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂഞ്ഞാറിൽ ചങ്കിൽക്കൊണ്ടവരുടെ പോരാട്ടം

poonjar

കേരള കോൺഗ്രസിന്റെ ചങ്കാണു പൂഞ്ഞാറെങ്കിൽ പി.സി. ജോർജിന്റെ ചങ്കും കരളുമെല്ലാമാണത്. ചങ്കു പറിച്ചുകാട്ടിയിട്ടും ചെമ്പരത്തിപ്പൂവാണെന്നു പറഞ്ഞു ജോർജിനെ മടക്കിയ ഇടതുമുന്നണിക്കാണെങ്കിൽ പൂഞ്ഞാറിൽ പുതിയ കൂട്ടുകാരെ പരീക്ഷിക്കാനുള്ള ചങ്കുറപ്പുണ്ടുതാനും. ആരുടെ ചങ്കു പിളരുന്ന കാഴ്ചയ്ക്കാവും ഇത്തവണ പൂഞ്ഞാർ വേദിയൊരുക്കുക എന്നത് മലയാളിയുള്ള ലോകം മുഴുവൻ ഉറ്റുനോക്കുന്നു.

ചായകൊടുക്കുന്ന സപ്ലെയർക്കും നന്ദി പറയുന്ന രാഷ്ട്രീയമാണ് ജോർജുകുട്ടി ആഗസ്തിയുടേത്. ഒറ്റയ്ക്കു പടയ്ക്കിറങ്ങേണ്ടിവന്ന പി.സി.ജോർജിന്റെ കൂസലില്ലായ്മയ്ക്ക് കെ.എം.മാണി നിയോഗിച്ച സൗമ്യമായ മറുപടി. ഇടതിന്റെ രാഷ്ട്രീയ പരീക്ഷണത്തിന് സാധൂകരണം തേടുകയാണ് പി.സി.ജോസഫ്. എൻഡിഎ ബിഡിജെഎസിന്റെ എം.ആർ.ഉല്ലാസിനു സീറ്റു കൊടുത്തതും കണക്കുകൂട്ടി തന്നെ. കളം നിറഞ്ഞ ചതുഷ്കോണ മൽസരത്തിൽ മണ്ഡലം എരിപൊരി കൊള്ളുന്നു. കേരളരാഷ്ട്രീയത്തിൽ പുതിയൊരു അധ്യായം ‘പൂഞ്ഞാറിന്റെ’ തീരത്ത് എഴുതപ്പെടുകയാണ്.

Read: പേയ്മെന്റ് സീറ്റ് മുതൽ പാതിരാ ഫോൺ വരെ: ഉരുളയ്ക്കുപ്പേരിയുമായി മുകേഷും ജഗദീഷും

പൂഞ്ഞാറിലെത്തി പി.സി.ജോർജിനെ ഫോണിൽ വിളിക്കുമ്പോൾ പരിധിക്കു പുറത്താണ്. കോരുത്തോട് വനമേഖലയിൽ പര്യടനത്തിലായിരുന്നു ജോർജ്. 12,000 വോട്ടുകൾ ആദിവാസി–മലയോര മേഖലയിലുണ്ട്. തനിക്ക് വോട്ടിന്റെ ഉറവിടങ്ങൾ പൂഞ്ഞാറിൽ പലതാണെന്നു പി.സി.ജോർജ് കണക്കുകൂട്ടുന്നു.

കേരള കോൺഗ്രസിന്(എം) ഇത് അഭിമാനപോരാട്ടമാണ്. പാർട്ടിയെയും തന്നെയും െവല്ലുവിളിച്ച് പുറത്തുപോയ ജോർജിനെ നേരിടാൻ കെ.എം.മാണി കണ്ടുപിടിച്ചത് പഴയ സഹയാത്രികനെ. ദീർഘമായ രാഷ്ട്രീയ പാരമ്പര്യവും ഒപ്പം ജനകീയാടിത്തറയുള്ള ജനപ്രതിനിധിയായും കഴിവ് തെളിയിച്ചയാളുമാണ് ജോർജ്കുട്ടി ആഗസ്തി. 2006 നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് (ജെ) ഇടതുപക്ഷത്തിൽ സീറ്റ് കിട്ടാതെ വന്നപ്പോൾ പാർട്ടിക്കു വേണ്ടി ഒറ്റയ്ക്ക് കാഞ്ഞിരപ്പള്ളിയിൽ നിന്ന് 14000 വോട്ടുനേടി. പിന്നീട് സജീവരാഷ്ട്രീയത്തിൽ നിന്നു കുറെക്കാലം വിട്ടുനിന്നു. ജയിലിൽ കഴിയുന്നവരുടെ പുനരധിവാസം ഉൾപ്പെടെ സാമൂഹികസേവന രംഗത്ത് നിറഞ്ഞുനിൽക്കുമ്പോഴാണ് നിർണായകമായ പോരിന് ചുറുചുറുക്കുള്ള ഇൗ നേതാവിനെ കെ.എം.മാണി തിരികെ വിളിച്ച് ഗ്രൗണ്ടിലിറക്കുന്നത്. ഭാര്യ ഡെയ്സി പാറത്തോട് ഗ്രാമപഞ്ചായത്ത് കോൺഗ്രസ് അംഗമാണ്. പൂഞ്ഞാർ പ്രതീക്ഷിച്ചിരുന്ന കോൺഗ്രസിനെയും അനുനയിപ്പിച്ച് കൂടെ നിർത്താൻ കെ.എം.മാണിയുടെ ഇരട്ടമുനയുള്ള അസ്ത്രം.

poonjar-6-4-2016-1

Read: തിരഞ്ഞെടുപ്പ് സമഗ്രചിത്രം

സഭയുടെ നിയന്ത്രണത്തിലുള്ള കർഷക രക്ഷാസമിതിയുൾപ്പെടെയുള്ള സംഘടനകളുടെ പിന്തുണയോടെയാണ് പി.സി.ജോസഫ് ഇടതിനായി രംഗത്തുള്ളത്. സീറ്റ് നിഷേധിച്ചപ്പോൾ താനാണ് ഇടതുപക്ഷപ്രവർത്തകരുടെ സ്ഥാനാർഥിയെന്ന് പ്രഖ്യാപിച്ച പി.സി.ജോർജിനെ മറികടന്ന് പിസി.ജോസഫിന് മണ്ഡലത്തിന്റെ മുഴുവൻ ഇടതു വോട്ടുകൾ എത്തിക്കുകയെന്ന കഠിനമായ ദൗത്യമാണ് സിപിഎമ്മിന്. പി.സി. ജോർജിന്റെ തോൽവി സിപിഎം സംസ്ഥാന നേതൃത്വം ജില്ലാനേതൃത്വത്തിൽ നിന്ന് കാത്തിരിക്കുന്ന വാർത്തയുമാണ്.

എസ്എൻഡിപി യോഗത്തിനു ശക്തമായ പ്രവർത്തനമുള്ള മണ്ഡലമായതിനാൽ എൻഡിഎ മുന്നണിക്കു വേണ്ടി ബിഡിജെഎസ് മൽസരിക്കുന്നു. എസ്എഫ്ഐയിലൂടെ പൊതുരംഗത്തു വന്ന എസ്എൻഡിപി താലൂക്ക് യൂണിയൻ അംഗമാണ് ബിഡിജെഎസ് സ്ഥാനാർഥി എം.ആർ.ഉല്ലാസ്.

പൂഞ്ഞാറിൽ ഇൗ തിരഞ്ഞെടുപ്പ് പ്രമുഖ പാർട്ടികൾക്ക് വാശിയും കണക്കും തീർക്കാനുള്ളതാണ്. അതുകൊണ്ടു തന്നെ വോട്ടിന്റെ കണക്കുനോക്കേണ്ടത് രാഷ്ട്രീയ സമവാക്യങ്ങളിലൂടെയല്ല; അടിയൊഴുക്കുകളിലാണ്.

Your Rating: