Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊല്ലത്തെ ഏറ്റുമുട്ടൽ പിണറായി, സുധീരൻ പ്രതിനിധികൾ തമ്മിൽ

kollam-election

ആരു തോറ്റാലും സന്തോഷിക്കാൻ ആ പാർട്ടിയിൽ ഏറെപ്പേരുണ്ടാകുമെന്നു കൊല്ലത്തെ ചൂടുകാറ്റ് രഹസ്യം പറയുന്നു. കാറ്റും കോളും ഒടുങ്ങാത്ത അറബിക്കടലിൽ നിന്ന് അടിയൊഴുക്കുകളും ചുഴികളും കരയിലെത്തി മണ്ഡലത്തിൽ ചുറ്റിയടിക്കുന്നു. തുഴയെറിയുന്ന കരുത്തോടെ അതൊക്കെ മറികടക്കാൻ കഴിയുന്നത് ആർക്കാവും? സിപിഎമ്മും കോൺഗ്രസും തമ്മിലാണ് മത്സരമെങ്കിലും ഇവിടെ ഏറ്റുമുട്ടുന്നത് പിണറായി വിജയനും വി.എം. സുധീരനുമാണ്. സിറ്റിങ് എംഎൽഎ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ഗുരുദാസനു സീറ്റ് നൽകാതെ പാർട്ടിക്കമ്മിറ്റികൾ മറ്റു പല പേരുകളും ഹരിച്ചും ഗുണിച്ചും നോക്കുന്നതിനിടയിൽ നടൻ മുകേഷിന്റെ പേരുമായി വന്നു പാർട്ടി തീരുമാനം നടപ്പാക്കിയത് പൊളിറ്റ് ബ്യൂറോ അംഗം പിണറായിയാണ്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിട്ടും കേൾക്കാത്ത പാർട്ടി കമ്മിറ്റിയെ വരുതിയിലാക്കാൻ പിണറായി നേരിട്ടെത്തേണ്ടിവന്നു.

മറുഭാഗത്ത് കോൺഗ്രസിൽ സീറ്റ് ആഗ്രഹിച്ചു നിന്നവരുടെ ക്യൂ ഏതാണ്ട് കൊല്ലം മുതൽ ഡൽഹി വരെ നീണ്ടു. മുതിർന്ന നേതാക്കൾ മുതൽ വനിതാ നേതാക്കൾ വരെ രാജ്യ തലസ്ഥാനത്തു ക്യാംപ് ചെയ്യുമ്പോൾ, സൂരജ് രവിക്കുവേണ്ടി സുധീരൻ വാശി പിടിച്ചു. പാർട്ടിയിലെ പ്രഖ്യാപിത ഗ്രൂപ്പുകൾ പിന്നീട് അധികം തർക്കിക്കാൻ പോയില്ല. ഐ യുടെ സിറ്റിങ് സീറ്റിൽ എ യുടെ അവകാശവാദവും തള്ളിയാണ് സുധീരൻ സൂരജിന്റെ പേര് നറുക്കിട്ടെടുത്തത്.

ഇടതുമുന്നണിയിൽ നിന്നു രണ്ടാനമ്മയായ യുഡിഎഫിലെത്തി പിന്നീട് എൻഡിഎ എന്ന ‘മൂന്നാനമ്മ’ യുടെ മടിയിലെത്തിയ ജെഎസ്എസ് – രാജൻബാബു വിഭാഗം മത്സരിക്കുന്ന സംസ്ഥാനത്തെ ഏക സീറ്റ് കൂടിയാണിത്. മുൻ എസ്എൻ കോളജ് പ്രിൻസിപ്പൽ പ്രഫ. കെ. ശശികുമാറിനെ രംഗത്തിറക്കി പോര് കൊഴുപ്പിക്കുകയാണ് ബിജെപി മുന്നണി.

ആദ്യത്തെ കാറ്റും കോളുമൊടുങ്ങിയപ്പോൾ പുറമെയെങ്കിലും കൊല്ലം വീണ്ടും ഉശിരൻ രാഷ്ട്രീയ പോരാട്ടങ്ങളുടെ നാടായി. നാട്ടുകാരനും ഇടതുപക്ഷ കുടുംബാംഗവുമായ നടൻ മുകേഷിന്റെ സ്വീകാര്യത മുതലാക്കി സീറ്റ് നിലനിർത്താമെന്ന വിശ്വാസത്തിലാണ് സിപിഎം. പി.കെ. ഗുരുദാസന്റെ വികസന നേട്ടങ്ങൾ വോട്ടാകുമെന്ന കണക്കും തുണ. സിപിഎം അംഗമല്ലെങ്കിലും പാർട്ടിയും പാർട്ടി നേതൃത്വവുമായുള്ള അടുത്ത ബന്ധമാണ് മുകേഷിന്റെ കൈമുതൽ. ഒ. മാധവന്റെയും വിജയകുമാരിയുടെയും മകന് കിട്ടുന്ന പ്രത്യേക പരിഗണനയുമുണ്ട്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സിപിഎം അക്കൗണ്ടിൽ കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാനായിരുന്നു മുകേഷ്. സിനിമാക്കാരന്റെ തിരക്കും തമാശകളുമായി കറങ്ങി നടക്കുമ്പോഴും ജനിച്ച നാടിനോടുള്ള കൂറും സ്നേഹവും കൈവിടാതെ സൂക്ഷിച്ചിട്ടുണ്ട് ഈ സസ്യശാസ്ത്ര ബിരുദധാരി. കൊല്ലം കേന്ദ്രമാക്കി മുകേഷ് ഫൗണ്ടേഷൻ രൂപീകരിച്ചു കാൻസർ രോഗികൾ ഉൾപ്പെടെയുള്ളവർക്കു സഹായം നൽകുന്നത് അധികം ആരുമറിയാത്ത രഹസ്യം.

കോൺഗ്രസിന്റെ തീപ്പൊരി പ്രാസംഗികനായിരുന്ന മുൻ എംഎൽഎ തോപ്പിൽ രവി സുധീരന്റെ രാഷ്ട്രീയ ഗുരുക്കളിൽ പ്രഥമ സ്ഥാനത്താണ്. സൂരജ് രവിയുടെ സ്ഥാനാർഥിത്വം തോപ്പിൽ രവിക്കുള്ള സുധീരന്റെ ഗുരുദക്ഷിണയത്രെ. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും കെപിസിസി എക്സിക്യൂട്ടീവ് അംഗമായും പിന്നീട് ഡിസിസി വൈസ് പ്രസിഡന്റായും വളർന്ന ഈ ഇംഗ്ലിഷ് സാഹിത്യ ബിരുദ ധാരിയുടെ രാഷ്ട്രീയ തട്ടകം മുകേഷ് പഠിച്ച അതേ എസ്എൻ കോളജ് തന്നെയായിരുന്നു. തോപ്പിൽ രവി മരിക്കുമ്പോൾ പതിനാലു വയസ്സ് മാത്രമുണ്ടായിരുന്ന സൂരജ്, അച്ഛന്റെ ഓർമകൾ മുറുകെപ്പിടിച്ചു പൊതുരംഗത്തെത്തി. മുതിർന്നവർക്കുള്ള സീറ്റ് എന്ന കൊല്ലത്തിന്റെ ‘പെരുമ’ മാറ്റി ഈ ചെറുപ്പക്കാരനെ രംഗത്തിറക്കിയത് കാൽ നൂറ്റാണ്ടിനുശേഷം സീറ്റ് തിരിച്ചു പിടിക്കാമെന്ന വാശിയോടെയാണ്. 1991ലെ കടവൂർശിവദാസന്റെ വിജയത്തിനുശേഷം കൊല്ലം മണ്ഡലത്തിൽ കോൺഗ്രസ് പതാക പാറിയിട്ടില്ല.

മുകേഷും സൂരജും പഠിച്ച അതേ എസ്എൻ കോളജിൽ പഠിച്ച് അവിടെ തന്നെ പ്രിൻസിപ്പലായി വിരമിച്ച പ്രഫ. കെ. ശശികുമാറും കൂടി ചേരുമ്പോൾ കൊല്ലത്ത് പോരിനു വീര്യമേറും. ജന്മനാടായ പത്തനംതിട്ടയിലെ മൂലൂർ സ്മാരകത്തിന്റെ പ്രസിഡന്റ്, കേരള സെൽഫ് ഫിനാൻസിങ് എൻജിനീയറിങ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ശശികുമാർ അഞ്ചു പതിറ്റാണ്ടിലേറെയായി കൊല്ലത്താണ് താമസം.

കന്നിമത്സരമാണ് മൂന്നുപേർക്കും. സിപിഎമ്മിലും കോൺഗ്രസിലും സീറ്റ് മോഹിച്ചവരുടെ ആശാഭംഗത്തിന്റെ ആഴം മാത്രമല്ല, ആർഎസ്പിയുടെ എല്ലുറപ്പ് കൂടി ഉരച്ചു നോക്കും ഈ തിരഞ്ഞെടുപ്പ്. ഇടതായും വലതായും പതിനാലു തിരഞ്ഞെടുപ്പുകളിൽ എട്ടിലും വിജയക്കൊടി പാറിച്ച ആർഎസ്പിയുടെ തട്ടകത്തിൽ അവരുടെ സ്വാധീനം എത്രയെന്ന് എണ്ണിയെടുക്കാനും മേയ് 19 വരെ കാക്കാം.

Your Rating: