Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേർക്കുനേർ എംഎൽഎമാർ

nedumangad-candidates

ഇപ്പോഴത്തെ നിയമസഭയിൽ വി.എസ്.അച്യുതാനന്ദന്റെ ഇരുവശങ്ങളിലായി ഇരിക്കുന്ന രണ്ടു പ്രമുഖ നേതാക്കളുണ്ട്. വിഎസ് തിരഞ്ഞെടുപ്പു വിജയിച്ച് അടുത്ത നിയമസഭാ സമ്മേളനത്തിന് എത്തിയാൽ ഇതിൽ ഒരാളെ മാത്രമേ കാണാൻ കഴിയൂ. കാരണം, നെടുമങ്ങാട് ഇത്തവണ ‘സിറ്റിങ് എംഎൽഎമാരുടെ പോരാട്ടഭൂമി’ ആണ്. വലതുവശത്തുള്ള ഡപ്യൂട്ടി സ്പീക്കർ പാലോട് രവിയോ ഇടതുവശത്ത് രണ്ടാമത്തെ ഇരിപ്പിടത്തിലുള്ള സിപിഐയുടെ നിയമസഭാകക്ഷിനേതാവ് സി. ദിവാകരനോ എന്നതാണ് നെടുമങ്ങാട്ട് ഉയരുന്ന ചോദ്യം. രണ്ടുപേരെയും നിയമസഭ കാണിക്കില്ലെന്നു പ്രതിജ്ഞയെടുത്ത് ഒരു മൂന്നാമൻകൂടിയുണ്ട് പോരാട്ടത്തിന്റെ വീറു കൂട്ടാൻ – ബിജെപിയുടെ സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ്.

‘നെടുമങ്ങാട് മാർക്കറ്റ്’ പത്രങ്ങളുടെ വ്യാപാരനിലവാര പംക്തിയിൽ പണ്ടേ ഇടംപിടിച്ചതാണ്. റബറും ജാതിക്കയും കൊപ്രയുമൊക്കെ ഈ പഴയ മലഞ്ചരക്കു വ്യാപാരകേന്ദ്രത്തിൽ വിറ്റഴിക്കപ്പെടുന്നു. എന്നും നോക്കുന്ന മലഞ്ചരക്കുവിലയിലെ ഏറ്റക്കുറച്ചിലുകൾ വിട്ട് ഏതു സ്ഥാനാർഥിയുടെ ഗ്രാഫാണ് ഉയർന്നിരിക്കുന്നത് എന്നാണു സംസ്ഥാനമെമ്പാടുമുള്ള ജനങ്ങൾ കൗതുകപൂർവം ശ്രദ്ധിക്കുന്നത്. ഇക്കാര്യം നിർണയിക്കുന്നതിലും വോട്ടർമാരിലെ വലിയ വിഭാഗമായ കർഷകർക്കുതന്നെയാണു പ്രധാന പങ്ക്.

അടിസ്ഥാനപരമായി ഇടതുമണ്ഡലമാണു നെടുമങ്ങാട്. ചരിത്രം ചികഞ്ഞാൽ കോൺഗ്രസ് ബാനറിൽ ആകെ ജയിച്ചതു രണ്ടുപേർ മാത്രം – 1965ൽ കെ.വരദരാജൻനായരും ശേഷം മൂന്നുതവണ പാലോട് രവിയും. രണ്ടുതവണ തപാൽ വോട്ടുകൾ എണ്ണിയപ്പോഴാണ് അതുവരെ ജയിച്ചുനിന്ന രവി തോറ്റത്. രവി എന്ന വ്യക്തിയുടെ ഇടപെടലുകൾക്കും ബന്ധങ്ങൾക്കും മണ്ഡലത്തിന്റെ ചരിത്രം മാറ്റിയെഴുതിയതിൽ പങ്കുണ്ട്. നെടുമങ്ങാട് നഗരസഭയും അഞ്ചിൽ നാലു പഞ്ചായത്തുകളും എൽഡിഎഫിനായിരിക്കെ സി.ദിവാകരൻ എന്ന കരുത്തൻ സ്ഥാനാർഥികൂടിയാകുമ്പോൾ എൽഡിഎഫിന്റെ പ്രതീക്ഷ വർധിക്കേണ്ടതാണ്.

nedumangad-constituency

നിയമസഭയിൽ വിഎസിനു രണ്ടുവശമായി ഇരിക്കുന്നതിൽ ഒതുങ്ങുന്നതല്ല ഇരുസ്ഥാനാർഥികളുടെയും താരതമ്യം. ഐഎൻടിയുസിയുടെയും എഐടിയുസിയുടെയും ഈ നേതാക്കൾ ട്രേഡ് യൂണിയൻ മൂശയിൽ കുരുത്തവർ. എപ്പോഴും ചിരിച്ചു കാണുന്ന രവി 42–ാം വയസ്സിൽ എംഎൽഎ ആയി. എന്തും തുറന്നടിക്കുന്ന ഗൗരവപ്രകൃതക്കാരനായ ‘സിഡി’ക്ക് 58 വരെ കാക്കേണ്ടിവന്നു. ഈ ചരിത്രം ഇങ്ങനെ വിവരിക്കുമ്പോൾ വി.വി.രാജേഷിന്റെ വക തിരുത്തുണ്ട്. 57ൽ സിപിഐ ടിക്കറ്റിൽ ആദ്യം നെടുമങ്ങാട് എംഎൽഎ ആയ എൻ.എൻ.പണ്ടാരത്തിലിന്റെ മകൻ സതീഷ് പണ്ടാരത്തിൽ ഇപ്പോൾ ബിജെപിയിലാണ്. ഡിസിസി പ്രസിഡന്റായിരുന്ന കാവിയാട് ദിവാകരപ്പണിക്കരുടെ പുത്രൻ അരുണും ബിജെപിയിൽ ചേർന്നത് ഈയിടെ. കോൺഗ്രസിനെയും കമ്യൂണിസ്റ്റ് പാർട്ടിയെയും വിട്ടു നെടുമങ്ങാട് കാവിയണിഞ്ഞുതുടങ്ങുകയാണെന്നു സ്ഥാപിക്കാനാണു ശ്രമം.

തദ്ദേശതിരഞ്ഞെടുപ്പിൽ മുപ്പതിനായിരത്തിലേറെ വോട്ടു ലഭിച്ച മണ്ഡലത്തിൽ പതിനായിരംകൂടി കിട്ടിയാൽ അത്ഭുതം സംഭവിക്കുമെന്നു പ്രതീക്ഷിക്കുന്നു ബിജെപി. മൂവരും തിരുവനന്തപുരത്തുകാർക്ക് ഒരുപോലെ പരിചിതരാണ്. നഗരത്തിലാണ് എല്ലാവരും താമസം. കഴിഞ്ഞതവണ കരുനാഗപ്പള്ളിയിൽനിന്നു പതിനാറായിരത്തിലേറെ വോട്ടിനു വിജയിച്ച ദിവാകരൻ നെടുമങ്ങാട്ട് എത്തിയതിനു പിന്നിൽ സിപിഐയിലെ ഉൾപ്പാർട്ടി പ്രശ്നങ്ങളും കാരണമാണ്. പാലോട് രവിയുടെ ‘പാലോട്’ തൊട്ടടുത്തുള്ള വാമനപുരം മണ്ഡലത്തിലാണ്. പക്ഷേ, താൻ നെടുമങ്ങാട്ടെ ഓരോ കുടുംബത്തിലെയും അംഗത്തെപ്പോലെയാണെന്നു രവി സ്ഥാപിച്ചെടുക്കും. മലപ്പുറത്തു മാത്രമല്ല, ഇവിടെയും ഒരു കരിപ്പൂരുണ്ട്. ആ കരിപ്പൂർവാസിയായ രാജേഷ് സ്വന്തം മണ്ഡലത്തിൽ മത്സരിക്കുന്നു എന്നതിന്റെ മുൻതൂക്കം മോഹിക്കുന്നു. അച്ഛൻ വി.വേലായുധൻ നായർ എന്ന സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിയുടെ നേതാവായ സി.ദിവാകരനെതിരെയാണു രാജേഷ് ഒരുകൈ നോക്കുന്നതും.

അഞ്ചു വർഷത്തിനിടെ 500 കോടിയുടെ വികസനം വന്നു എന്ന് അക്കമിട്ടു ലഘുലേഖയിലൂടെ സ്ഥാപിച്ചാണു പാലോട് രവി വോട്ടുതേടുന്നത്. റോഡുകളും പാലങ്ങളും മാത്രമല്ല വികസനം എന്ന ഇടതുപക്ഷനിരീക്ഷണം ഉന്നയിച്ച് അതു ഖണ്ഡിക്കാൻ നോക്കുന്നു ദിവാകരൻ. കേന്ദ്രസർക്കാരിന്റെ സഹായത്തോടെ വികസനത്തിന്റെ തേരോട്ടംതന്നെ തെളിക്കുമെന്നു രാജേഷും. റബർ കർഷകരേറെയുള്ള ഇവിടെ കാർഷികപ്രശ്നങ്ങൾ പ്രധാന ചർച്ചാവിഷയംതന്നെയാണ്.

കഴിഞ്ഞതവണത്തെ എൽഡിഎഫ് സ്ഥാനാർഥി ഇപ്പോഴും എൽഡിഎഫിൽത്തന്നെ ഉണ്ടെങ്കിലും അദ്ദേഹത്തിനു ‘പ്രവേശനമില്ലാത്ത’ മണ്ഡലം എന്ന പ്രത്യേകതയും നെടുമങ്ങാടിനുണ്ട്. സിപിഐയിൽനിന്നു പുറത്തായ പി.രാമചന്ദ്രൻനായർ സിപിഎമ്മിൽ ചേർന്നതു സിപിഐക്ക് ഒട്ടും ദഹിക്കാഞ്ഞതിനാൽ അവർ അദ്ദേഹത്തെ നേമത്തിന്റെ ചുമതലക്കാരിലൊരാളാക്കി. രാമചന്ദ്രൻനായർക്കൊപ്പം തിരുവനന്തപുരം ലോക്സഭാ സീറ്റ് വിവാദത്തിൽപ്പെട്ടയാളാണ് അദ്ദേഹത്തിന്റെ പിൻഗാമിയായി നെടുമങ്ങാട്ടെത്തിയിരിക്കുന്നത് എന്നതും മറ്റൊരു പ്രത്യേകത.

അതെല്ലാം അപ്രസക്തമാക്കി നെടുമങ്ങാട് സീറ്റ് ഉറപ്പിക്കാനുള്ള സ്വാധീനവും കരുത്തും ദിവാകരൻ തെളിയിച്ചപ്പോൾ പരിചയസമ്പന്നനായ രവിക്ക് ഒപ്പം പോന്ന പോരാളിയായി.
യുഡിഎഫ് അധികാരത്തിലേറിയാൽ രവി മന്ത്രിയാകാം. മുൻമന്ത്രിയും നിയമസഭാകക്ഷി നേതാവുമായ സി.ദിവാകരനും എൽഡിഎഫ് അധികാരത്തിലേറിയാൽ മന്ത്രിസഭയിലെത്താം. അപ്പോൾ രണ്ടു ഭാവിമന്ത്രിമാരുടെ പോരാട്ടംകൂടിയാണ് ഇത്. അടുത്ത തലമുറയിൽപ്പെട്ട രാജേഷ് ബിജെപിയുടെ ഭാവി പ്രതീക്ഷകളിലൊരാളും.

Your Rating: