Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പട നയിച്ച് കുഞ്ഞൂഞ്ഞ്; പയറ്റി നോക്കാൻ ജെയ്ക്കും

Oommen Chandy-Jaik C Thomas

പുതുപ്പള്ളി മണ്ഡലം 1956ൽരൂപം കൊള്ളുമ്പോൾ ഉമ്മൻ ചാണ്ടിക്ക് പ്രായം 13. അല്ലായിരുന്നെങ്കിൽ മണ്ഡലം അന്നു മുതൽ ഉമ്മൻ ചാണ്ടിയിലൂടെ കോൺഗ്രസിലെത്തുമായിരുന്നെന്ന് രാഷ്ട്രീയ എതിരാളികൾ പോലും സമ്മതിക്കും. ആദ്യമായി മത്സരിച്ച 1970 മുതൽ ഇതുവരെ പുതുപ്പള്ളിക്കാരുടെ സ്വന്തം ‘കു‌‍ഞ്ഞൂഞ്ഞായ’ ഉമ്മൻ ചാണ്ടിയെ മണ്ഡലം കൈവിട്ടിട്ടില്ല, ഉമ്മൻ ചാണ്ടി മണ്ഡലത്തെയും.

ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യം തന്നെയാണ് പുതുപ്പള്ളിയെ കേര‌ളത്തിലെ ‘മുഖ്യമണ്ഡല’മാക്കുന്നതും. കേരളം മുഴുവൻ ഓടിനടക്കുന്ന മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോട്ടയത്തിലെത്തിയതിന്റെ ആവേശത്തിലായിരുന്നു യുഡിഎഫ് പ്രവർത്തകർ.

യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ നടക്കുന്ന ഹാളിൽ വലിയ ആൾകൂട്ടം. മുഖ്യമന്ത്രിയെത്തിയോ എന്ന് പലതവണ അന്വേഷിച്ച്, സദസിന്റെ മുൻനിരയിൽതന്നെ സ്‌ഥാനം പിടിച്ചിരിക്കുകയാണ് 80 വയസുകാരനായ ഫ്രാൻസിസ്. കുഞ്ഞൂഞ്ഞ് വലിയ ഭൂരിപക്ഷത്തിൽ ജയിക്കും ആവേശത്തോടെ ഫ്രാൻസിസ് ഇടയ്ക്കിടെ വിളിച്ചു പറയുന്നു.

Oommen Chandy

എണീറ്റാൽ ഇരിപ്പിടം പോകുമെന്നതിനാൽ പ്രാദേശിക നേതാക്കളെല്ലാം കസേരവിട്ടുള്ള കളിക്ക് പോകാതെ നേരത്തെ വേദിയിലുണ്ട്. നാലു മണിയോടെ മുഖ്യമന്ത്രി ഹാളിലേക്കെത്തി. നിവേദനങ്ങളും സ്നേഹപ്രകടനങ്ങളുമായി ജനങ്ങളുടെ വലിയ കൂട്ടം ചുറ്റും. പിന്നാലെ കെ.എം.മാണിയും ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിയും ഉൾപ്പെടെയുള്ള നേതാക്കളുമെത്തി.

‘ഉമ്മൻ ചാണ്ടി നവകേരള ശിൽപ്പിയാണ്. ഇത്രയും കർമനിരതനായ മുഖ്യമന്ത്രിയെ കേരളത്തിന് കിട്ടിയിട്ടില്ലെന്ന്’ ആദ്യം പ്രസംഗിച്ച കെ.എം.മാണി എംഎൽഎ പറയുമ്പോൾ പ്രവർത്തകർക്ക് ആവേശം. ഒരു കാര്യം കൂടി മാ‌ണി കൂട്ടിച്ചേർത്തു. ‘നമ്മുടെ കളി ഒന്നും ഉമ്മൻ ചാണ്ടിയുടെ അടുത്ത് നടക്കില്ല. അത് എനിക്കു നല്ലതുപോലെ അറിയാം. മാണിയുടെ തമാശ സദസിൽ കൂട്ടച്ചിരിയുണർത്തി. മുഖ്യമന്ത്രിയും ചിരിച്ചുപോയി.

‘മുഖ്യമന്ത്രി മനസിൽ ഒന്നു വിചാരിച്ചാൽ അത് നടത്തിയിരിക്കും, പക്ഷേ ആർക്കും പരിഭവം ഉണ്ടാകില്ല. എല്ലാവരെയും കോർത്തിണക്കുന്ന കണ്ണിയായി പ്രവർത്തിക്കാനുള്ള അസാമാന്യ കഴിവുള്ള കോഓർഡിനേറ്ററാണദ്ദേഹം മാണി പറഞ്ഞുനിർത്തിയപ്പോൾ വലിയ കയ്യടി.

സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും ഒരാവശ്യം വന്നാൽ സർക്കാർ കൂടെയുണ്ടെന്ന ആത്മവിശ്വാസം വളർത്താൻ സാധിച്ചതാണ് ഏറ്റവും വലിയ നേട്ടമായി കരുതുന്നതെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു. വികസനരംഗത്ത് വലിയനേട്ടം കൈവരിക്കാനായി. വികസനകാര്യങ്ങളിലെല്ലാം എൽഡിഎഫ് മാറി നിൽക്കുകയായിരുന്നു. യുഡിഎഫ് ചരിത്രം സൃഷ്ടിക്കുന്ന തിരഞ്ഞടുപ്പാണ് വരാൻ പോകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞപ്പോൾ മുദ്രാവാക്യം വിളികളുയർന്നു.

Oommen Chandy

സിപിഎം സ്ഥാനാർഥി ജെയ്ക് സി. തോമസിന്റെ മണർക്കാട്ടെ വീട്ടിലെത്തുമ്പോൾ സമയം എട്ട്. രാത്രി രണ്ടുവരെ നീണ്ട തലേദിവസത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കഴിഞ്ഞ് പ്രചാരണത്തിനിറങ്ങാൻ ഒരുങ്ങുകയാണ് ജെയ്ക്. തലപ്പാടി ജംക്‌ഷനിൽനിന്നായിരുന്നു പ്രചാരണത്തിന് തുടക്കം. തലപ്പാടി പൗരസമിതിയുടെ വെയിറ്റിങ് ഷെഡിന് സമീപം കുറച്ച് ചെറുപ്പക്കാർ. ‘പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥിയാണ്. വോട്ടു തരണം’ ചുരുങ്ങിയ വാക്കുകളിൽ വോട്ടഭ്യർഥന നടത്തി വേഗത്തിൽ അടുത്ത സ്ഥലത്തേക്ക് നീങ്ങുകയാണ് ജെയ്ക്.

‘യുവാക്കളിലും പുതിയ വോട്ടർമാരിലുമാണ് പ്രതീക്ഷ. സർക്കാർ പറയുന്ന വികസനമൊന്നും മണ്ഡലത്തിൽ കൊണ്ടുവരാൻ സാധിച്ചിട്ടില്ല’ ജെയ്ക് പറയുന്നു. ജെയ്ക്കിന്റെ പ്രചാരണത്തിനായി തോമസ് ഐസക് ഉൾപ്പെടെയുള്ള നേതാക്കൾ മണ്ഡലത്തിലെത്തുന്നുണ്ട്. പുതുപ്പള്ളിയിലെ വായനശാലകളിലേക്ക് പുസ്തകം ശേഖരിക്കാനുള്ള പദ്ധതിക്കും എൽഡിഎഫ് തുടക്കമിടുന്നുണ്ട്.

Jaik C Thomas

1965 മുതലുള്ള തിരഞ്ഞെ‌ടുപ്പ് ചരിത്രമെടുത്താൽ ആദ്യ രണ്ടുതവണ പുതുപ്പള്ളിയിൽ വിജയിച്ചത് എൽഡിഎഫാണ്. ഇ.എം.ജോർജിലൂടെ. 1970ൽ ഉമ്മൻ ചാണ്ടി മണ്ഡലം പിടിച്ചു. 7288 വോട്ടിന്. പിന്നീടുള്ളത് ചരിത്രം. മുന്നണികൾ മാറിമാറി ഭരിച്ചിട്ടും പുതുപ്പള്ളി ഉമ്മൻ ചാണ്ടിയോടൊപ്പം നിന്നു. 2006ൽ എസ്എഫ്ഐ നേതാവ് സിന്ധു ജോയി മത്സരിക്കാനെത്തിയപ്പോൾ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 19,863 ആയി‌ ഉയർന്നു. കഴിഞ്ഞവർഷം സുജ സൂസൺ ജോര്‍ജായിരുന്നു എതിരാളി. ഭൂരിപക്ഷം 33,255 ആയി ഉയർന്നു. ‘ഇത്തവണ റെക്കോർഡ് ഭൂരിപക്ഷത്തിൽ ഉമ്മൻ ചാണ്ടി വിജയിക്കും’ പുതുപ്പള്ളിയിലെ കോൺഗ്രസ് പ്രവർത്തകനായ സുനിൽ പറയുന്നു.

പ്രധാന കവലകളിലെ ഫ്ലക്സ് ബോർഡുകൾ ഒഴിച്ചാൽ മുഖ്യമന്ത്രിക്കായി വലിയ പ്രചാരണ കോലാഹലമൊന്നും പുതുപ്പള്ളിയിലില്ല. എപ്പോഴും ജനസമ്പർക്കത്തിലായതിനാൽ തിരഞ്ഞെടുപ്പിന് ഒരാഴ്ച മുൻപ്, കേരളത്തിലെ ഒട്ടുമിക്ക യുഡിഎഫ് സ്ഥാനാർഥികൾക്കും വോട്ടഭ്യർഥിച്ചശേഷമായിരിക്കും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലെത്തുക. ലോകത്ത് എവിടെയായായും ഞായറാഴ്ചകളിൽ പുതുപ്പള്ളിയിലെത്തി ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുന്ന മുഖ്യമന്ത്രിക്ക് കാടിളക്കിയുള്ള പ്രചാരണം വേണ്ടെന്നാണ് പ്രവർത്തകരുടെ പക്ഷം.

എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായ ജെയ്ക്കിനായി കേന്ദ്ര സംസ്ഥാന എസ്എഫ്ഐ നേതാക്കൾ പ്രചരണത്തിനെത്തുന്നുണ്ട്. വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണത്തിലാണ് ഇപ്പോൾ ജെയ്ക്. കോട്ടയം സിഎംഎസ് കോളജിൽനിന്ന് ബിരുദം നേടിയ 26കാരനായ ജെയ്ക് ഇപ്പോൾ ഇന്റർനാഷണൽ റിലേഷനിൽ എംഎ വിദ്യാർഥിയാണ്.

Jaik C Thomas

ബിജെപി സംസ്ഥാനപ്രസിഡന്റായ ജോർജ് കുര്യനാണ് ബിജെപി സ്ഥാനാർഥി. 1991, 1998 എന്നീ വർഷങ്ങളിൽ കോട്ടയത്തുനിന്നും, 1996ൽ മൂവാറ്റുപുഴയിൽനിന്നും ലോക്സഭയിലേക്ക് മത്സരിച്ചു. ഇത്തവണ ജനങ്ങൾ മാറി ചിന്തിക്കും ജോർജ് കുര്യൻ പറയുന്നു.

പുതുപ്പള്ളി മണ്ഡലത്തിന് രൂപമാറ്റംവന്നശേഷം നടക്കുന്ന രണ്ടാമത്തെ തിര‍ഞ്ഞെടുപ്പാണിത്. പുതുപ്പള്ളി, മീനടം, പാമ്പാടി, കൂരോപ്പട, അയർക്കുന്നം, അകലക്കുന്നം, പള്ളിക്കത്തോട്, പനച്ചിക്കാട് പഞ്ചായത്തുകൾ ചേർന്നതായിരുന്നു പുതുപ്പള്ളി. ഇതിൽ പള്ളിക്കത്തോടും പനച്ചിക്കാടും മാറി മണർകാടും വാകത്താനവും പുതുപ്പള്ളിയിലേക്ക് വന്നു. വാകത്താനമൊഴികെ എല്ലാ പഞ്ചായത്തിലും ഭരണം യുഡിഎഫിനാണ്.

Your Rating: