Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവനന്തപുരം: വിഐപി മണ്ഡലം

thiruvananthapuram-map

അങ്കം ജയിച്ചു വരുന്ന 140 സാമാജികർക്കും, വസിക്കാൻ കൂരയും ഭരിക്കാൻ കസേരയും ഒരുക്കി കാത്തിരിക്കുന്ന വിഐപി മണ്ഡലമാണ് തിരുവനന്തപുരം. വോട്ടു ചോദിക്കുന്നയാൾ യോഗ്യനെന്നു കണ്ടാൽ പാർട്ടി നോക്കാതെ ജയിപ്പിക്കാൻ സന്മനസു കാട്ടുന്ന തിരുവനന്തപുരത്തിന്റെ പൊതു സ്വഭാവം ഇൗ മണ്ഡലത്തിലാണ് കൂടുതൽ പ്രകടവും. സെക്രട്ടേറിയറ്റും നിയമസഭാ മന്ദിരവും വിമാനത്താവളവും റയിൽവേ സ്റ്റേഷനും ഒക്കെ ഈ മണ്ഡലത്തിനു സ്വന്തം. തലസ്ഥാന ജില്ലയുടെ ഹൃദയം.

ഗ്ലാമർ പോരാളികൾ വാഴുകയും വീഴുകയും ചെയ്തിട്ടുണ്ട് ഇവിടെ. മൂന്നു മുന്നണികളുടെയും സ്ഥാനാർഥികളുടെ മുഖം തെളിഞ്ഞതോടെ മണ്ഡലത്തിൽ ആരവമുയർന്നുകഴിഞ്ഞു.

പഴയ തിരുവനന്തപുരം വെസ്റ്റിലെ കൂടുതൽ പ്രദേശങ്ങളും ഇൗസ്റ്റിലെ ചെറിയ മേഖലയും കൂട്ടിച്ചേർത്താണ് കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുൻപ് തിരുവനന്തപുരത്തെ ഇപ്പോൾ കാണുന്ന പരുവത്തിലാക്കിയെടുത്തത്.

മുക്കാൽ പങ്കും നഗരപ്രദേശങ്ങളും ബാക്കി കടലോര മേഖലയും ചേരുന്ന മണ്ഡലം പൊതുവെ യുഡിഎഫ് അനുകൂലമെങ്കിലും ഇത്തവണ ഫലം തീർത്തും പ്രവചനാതീതമാകാൻ കാരണങ്ങൾ ഏറെ. സിറ്റിങ് എംഎൽഎയും മന്ത്രിയുമായ വി.എസ്. ശിവകുമാറും, കഴിഞ്ഞ രണ്ടുവട്ടം മൽസരത്തിനൊരുങ്ങിയെങ്കിലും സീറ്റുറപ്പിക്കാൻ കഴിയാതെ പോയ ജനാധിപത്യ കേരള കോൺഗ്രസിന്റെ ആന്റണി രാജുവും ക്ലൈമാക്സിൽ സസ്പെൻസ് പൊളിച്ചെത്തിയ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തും (ബിജെപി) തിരുവനന്തപുരം പിടിക്കാൻ ഇറങ്ങിയതോടെ മണ്ഡലം വാർത്തകളിൽ നിറഞ്ഞു.

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ മുൻ വിജയി കൂടിയായ വി.എസ്. ശിവകുമാർ, രണ്ടാം വട്ടവും മൽസരത്തിനിറങ്ങുമെന്നതിൽ തർക്കം ആർക്കുമില്ലായിരുന്നു. കന്നിവിജയത്തിൽ തന്നെ മന്ത്രിയായി തിളങ്ങിയതിന്റെ മെച്ചം ശിവകുമാറിനുണ്ട്. പുതിയ മെഡിക്കൽ കോളജ്, എംജി റോഡിൽ മേൽപ്പാലം തുടങ്ങി കഴിഞ്ഞ അഞ്ചു വർഷം നഗരത്തിൽ നടപ്പാക്കിയ വികസനങ്ങൾക്കുള്ള വോട്ടാണ് ശിവകുമാർ ചോദിക്കുന്നത്. ഐ ഗ്രൂപ്പിലാണു ശിവകുമാറിന്റെ നിൽപ്പെങ്കിലും എ ഗ്രൂപ്പ് നേതാക്കളോടും സൂക്ഷിക്കുന്ന അടുപ്പം അടിയൊഴുക്കുകളെ ചെറുക്കാൻ ഗുണം ചെയ്യും. പക്ഷേ, തദ്ദേശ തിരഞ്ഞെടുപ്പിൽ 27 കോർപറേഷൻ വാർഡുകളിൽ ആറിടത്തു മാത്രമേ മുന്നിലെത്താൻ കഴിഞ്ഞുള്ളൂവെന്നത് കോൺഗ്രസിന്റെ നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്.

ആന്റണി രാജുവും വി. സുരേന്ദ്രൻ പിള്ളയും മുൻപും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. 2006ൽ വെസ്റ്റ് മണ്ഡലത്തിൽ എൽഡിഫിന്റെ സീറ്റു കിട്ടിയശേഷം കേസിൽ ഉൾപ്പെട്ടതിനാൽ വി. സുരേന്ദ്രൻ പിള്ളയെ പകരക്കാരനാക്കി മാറേണ്ടി വന്നയാളാണ് ആന്റണി രാജു. പിന്നീട് യുഡിഎഫിലേക്കു മാറിയെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിലും മൽസരിക്കാനായില്ല. ഇത്തവണ, കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗത്തോടു പോരാടിയാണ് അവസാന നിമിഷം ആന്റണി രാജു എൽഡിഎഫിന്റെ സീറ്റു നേടിയെടുത്തത്. അപ്പോൾ മോഹഭംഗമുണ്ടായത് 2006ൽ ജയിക്കുകയും മന്ത്രിയാവുകയും ചെയ്ത വി. സുരേന്ദ്രൻപിള്ളയ്ക്കു തന്നെയാണ്. പിള്ളയുടെ തുടർനിലപാട് എന്തായാലും ഭാവിഫലത്തെ കുറച്ചെങ്കിലും സ്വാധീനിക്കുമെന്നുറപ്പ്.

പക്ഷേ, കടലോര മേഖലയിൽ ആന്റണി ചാകര പ്രതീക്ഷിക്കുന്നുണ്ട്. അൻപതോളം ബൂത്തുകളിൽ ശക്തമായ മേൽക്കൈ ലഭിക്കുമെന്ന് ആന്റണി വിശ്വസിക്കുന്നു. തിരഞ്ഞെടുപ്പുകളിൽ നിന്നു മാറി നിൽക്കേണ്ടി വന്നെങ്കിലും ആന്റണി രാജു കേരള കോൺഗ്രസ് രാഷ്ട്രീയത്തിലും തലസ്ഥാനത്തും എന്നും സജീവമായിരുന്നു. പക്ഷേ, കഴിഞ്ഞ അഞ്ചു വർഷക്കാലം സർക്കാരിനെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരുന്ന കേരള കോൺഗ്രസുകാരന്റെ മലക്കംമറിച്ചിൽ ജനത്തെ ബോധ്യപ്പെടുത്തുകയാവും വെല്ലുവിളി.

തലസ്ഥാന മണ്ഡലമല്ലേ, തലയെടുപ്പുള്ള ആൾ വേണമെന്ന ആശയോടെയാണ് ബിജെപി കുറേക്കാലം നടൻ സുരേഷ് ഗോപിക്കു പിന്നാലെ നടന്നത്. ഒടുവിൽ നിരാശയാണുണ്ടായത്. പകരം, കേന്ദ്രം നേരിട്ടിടപെട്ട് എസ്. ശ്രീശാന്തിനെ സമ്മാനിച്ചത് യുവാക്കളുടെ വലിയ പിന്തുണയോടെ വിക്കറ്റെടുക്കാമെന്ന കണക്കുകൂട്ടലോടെയാണ്. 27 കോർപറേഷൻ വാർഡുകളിൽ പത്തെണ്ണം കൈക്കലാക്കി എൽഡിഎഫിനു പിന്നാലെ രണ്ടാമതെത്തിയ ബിജെപിയുടെ തിളങ്ങുന്ന പ്രകടനം ഇത്തവണയും ക്രീസിൽ കണ്ടാൽ ശ്രീശാന്തിനു താരമാകാം. ക്രിക്കറ്റ്, സിനിമാ താരങ്ങൾ കൂടി പ്രചാരണത്തിനെത്തുന്നതോടെ തിരുവനന്തപുരത്തെ മൽസരം തിളങ്ങും.

പഴയ വെസ്റ്റ് മണ്ഡലത്തിൽ സുരേന്ദ്രൻ പിള്ളയ്ക്കു വിജയമൊരുക്കിയത് കോൺഗ്രസിലെ തമ്മിലടിയായിരുന്നു. അന്ന്, ശോഭനാ ജോർജിനു റിബലായി ടി. ശരത്ചന്ദ്ര പ്രസാദും കളത്തിലിറങ്ങി. ഇന്ന് കോൺഗ്രസ് പ്രതീക്ഷ വയ്ക്കുന്നത് എൽഡിഎഫിലെ അഭിപ്രായ വ്യത്യാസങ്ങളിൽ എന്നതാണ് കൗതുകകരം.

Your Rating: