Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട നിവരുമ്പോഴേ അറിയൂ, നിറമെന്തെന്ന്

thrissur

തകർന്നു തരിപ്പണമായ മനസ്സുമായി രാത്രി എറണാകുളത്തു മകളുടെ വീട്ടിലേക്കു പോകവെ അരികിലിരുന്നു സമാധാനിപ്പിക്കാൻ ശ്രമിച്ച മകളോടു കെ. കരുണാകരൻ പറഞ്ഞു, ‘തോൽക്കാം, എന്നാൽ കൂടെയുള്ളവർ കുത്തുന്നതിലും വലിയ വേദന ഇല്ല.’ അന്നു കെ. കരുണാകരൻ ലോക്സഭ തിരഞ്ഞെടുപ്പിൽ തോറ്റ ദിവസമായിരുന്നു. അന്നാണു പത്മജ തീരുമാനിച്ചത് കൂടെനിൽക്കുന്നവരെ മാത്രമല്ല കുത്തിയവരെയും തട്ടിയവരെയും തിരിഞ്ഞുപോയവരെയും വാക്കുകൊണ്ടുപോലും നോവിക്കില്ല എന്ന്. സൗമ്യമായി മാത്രം പെരുമാറുന്ന മനസ്സുമായി തിരിച്ചെത്തിയ പത്മജ വേണുഗോപാൽ, വാക്കിൽ വെടിമരുന്നു സൂക്ഷിക്കുന്ന വി.എസ്. സുനിൽകുമാർ, എതിരാളി എത്ര ശക്തനായാലും നെഞ്ചൂക്കോടെ നേരിടുന്ന അഡ്വ. ബി.ഗോപാലകൃഷ്ണൻ എന്നിവർ തമ്മിലുള്ള പോരാണ് തൃശൂരിലേത്.

സുനിൽകുമാറിന്റേത് തികച്ചും രാഷ്ട്രീയ പോരാട്ടമാണ്. സ്വന്തമായാലും ബന്ധമായാലും പറയാനുള്ളതു മുഖത്തു നോക്കി പറയും. ഇതിനിടയിൽ ബിജെപി നിയോഗിച്ചത് അട്ടിമറിക്കുപോലും കെൽപ്പുണ്ടെന്നു പാർട്ടി കരുതുന്ന സംസ്ഥാന സെക്രട്ടറി അഡ്വ. ബി.ഗോപാലകൃഷ്ണനെയാണ്. മൂന്നു പേർക്കും മണ്ഡലത്തിൽ നല്ല ജനകീയ ബന്ധമുണ്ട്. പത്മജ ജനിച്ചതും വളർന്നതും ഇവിടെയാണ്. സുനിൽ എന്നും ഈ നഗരത്തോടു ചേർന്നുനിന്നാണു പ്രവർത്തിച്ചിട്ടുള്ളത്. ഗോപാലകൃഷ്ണന്റെ തട്ടകമാണിത്.

പത്മജ പഠിച്ചതു പൂങ്കുന്നം ഗവൺമെന്റ് ഹൈസ്കൂളിലും പിന്നീടു സേക്രട്ട്ഹാർട്ട് ഹൈസ്കൂളിലുമാണ്. വിവാഹത്തോടെ മുടങ്ങിയ പഠനം പുനരാരംഭിച്ച് ഹിന്ദിയിൽ ബിരുദം നേടി. സീറ്റു കിട്ടാൻ അതു വലിയ ഗുണമൊന്നും ചെയ്തില്ല. കാരണം പത്മജ ഡൽഹിയിൽ പോകാതെ സീറ്റുവാങ്ങിയവരുടെ കൂട്ടത്തിൽപ്പെട്ടതാണ്. 2000 മുതൽ ഏഴുവർഷം കെപിസിസി എക്സിക്യൂട്ടീവ് അംഗമായ പത്മജ 2001ൽ മുതൽ കെപിസിസി ജനറൽ സെക്രട്ടറിയാണ്. പ്രിയദർശിനി– രാജീവ്ഗാന്ധി കൾച്ചറൽ ഫോറം, കെ. കരുണാകരൻ ട്രസ്റ്റ് തുടങ്ങിയവയുടെ ചുമതല പത്മജയ്ക്കാണ്. 2004ൽ ചാലക്കുടിയിൽ മത്സരിച്ചശേഷം പത്മജ ഇതുവരെ പാർട്ടിയോടു സീറ്റു ചോദിച്ചിട്ടില്ല. ഏറെക്കുറെ നിശ്ശബ്ദമായ പാർട്ടി പ്രവർത്തനമായിരുന്നു. 12 വർഷത്തെ ഇടവേളയ്ക്കുശേഷം പാർട്ടി പത്മജയെ വിളിക്കുകയായിരുന്നു. ചാവക്കാട് കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പാർട്ടിയിലുണ്ടായ ഉരുൾപൊട്ടൽ വളരെ സൗമ്യമായി തീർത്തതാണു പത്മജയെ ശ്രദ്ധേയയാക്കിയത്.

സംസ്ഥാനതല ഗ്രൂപ്പുവഴക്കിലേക്കു നീങ്ങുകയായിരുന്ന സംഭവം നേതാക്കളുടെ യോഗം പോലും വിളിക്കാതെ ബന്ധപ്പെട്ടവരുമായി താഴെത്തട്ടിൽ നീണ്ട ചർച്ചകൾ നടത്തി പത്മജ പരിഹരിച്ചു. ദിവസങ്ങളോളം അതിനുവേണ്ടി അവിടെ താമസിച്ചു. ഇരു ഗ്രൂപ്പും പത്മജയുടെ ഒത്തുതീർപ്പുകൾക്കു സമ്മതിക്കുകയും ചെയ്തു. മണ്ഡലം പ്രസിഡന്റിനെ പുറത്താക്കിയിട്ടുപോലും ആരും ഉറക്കെ സംസാരിച്ചതുപോലുമില്ല. ഈ മിടുക്കിനുള്ള സമ്മാനംകൂടിയാണു സീറ്റ്.

കയ്പമംഗലത്തുനിന്നും എംഎൽഎയായ വി.എസ്.സുനിൽകുമാർ ഇത്തവണ അപ്രതീക്ഷിതമായാണു തൃശൂരിലെത്തിയത്. മണ്ഡലം പിടിക്കാനായി പാർട്ടി അദ്ദേത്തെ നിയോഗിച്ചുവെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ കത്തിക്കയറുന്ന സുനിൽകുമാർ പലപ്പോഴും സീനിയർ നേതാക്കൾക്കുണ്ടാക്കിയ തലവേദനയാണ് മണ്ഡലമാറ്റത്തിനു പിന്നിലെന്നു പറയുന്നവരുമുണ്ട്. സിപിഐ നിയമസഭാ കക്ഷി സെക്രട്ടറിയും നിയമസഭാ അഷ്വറൻസ് കമ്മിറ്റി ചെയർമാനുമാണ്.

ബാലവേദിയിലൂടെ പ്രവർത്തിച്ച് എഐഎസ്എഫിന്റെയും എഐവൈഎഫിന്റെയും സംസ്ഥാന സെക്രട്ടറി പദം വരെയെത്തി. 1998ൽ എഐഎസ്എഫ് ദേശീയ സെക്രട്ടറിയായി. വിദ്യാർഥി, യുവജനനേതാവായിരിക്കെ നവോദയ, പ്രീഡിഗ്രി ബോർഡ്, ഇലക്ട്രിസിറ്റി, മെഡിക്കൽ കോളജ് തുടങ്ങിയ സമരങ്ങൾക്കു നേതൃത്വം നൽകി. സംസ്ഥാനത്ത് ആദ്യമായി ഇലക്ട്രിക് ലാത്തി ഉപയോഗിച്ച് പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ‍ തലതകർന്ന് മാസങ്ങളോളം ആശുപത്രിയിലായിരുന്നു. തൃശൂർ ശ്രീകേരളവർമ കോളജ് വിദ്യാർഥിയായിരുന്നു. നഗരവുമായുള്ള ബന്ധം ശക്തമായതും പഠനകാല പ്രവർത്തനത്തിലൂടെത്തന്നെ.

ഇവരിൽ രണ്ടുപേരിലും ശദ്ധ കേന്ദ്രീകരിക്കുമ്പോഴും ബിജെപിയുടെ അഡ്വ. ബി.ഗോപാലകൃഷ്ണൻ കറുത്ത കുതിരയെപ്പോലെ കാത്തിരിപ്പുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടറിയായ ഗോപാലകൃഷ്ണൻ ജില്ലയിലെ അറിയപ്പെടുന്ന അഭിഭാഷകനാണ്. പാർട്ടിബന്ധത്തിനു പുറമെ അതിവിപുലമായ ബന്ധങ്ങളുമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ പാർട്ടി 20,000 വോട്ടു മറികടന്നതോടെ ദേശീയ നേതൃത്വം പ്രത്യേകം പരിഗണിച്ച മണ്ഡലമാണിത്. സംസ്ഥാനത്തെ 10 മികച്ച ബിജെപി മണ്ഡലങ്ങളിൽ ഒന്നിതാണെന്നു പാർട്ടി വിലയിരുത്തുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കൊടുങ്ങല്ലൂരിലായിരുന്നു ഗോപാലകൃഷ്ണനു ചുമതല. ഇവിടെ ബിജെപി മികച്ച പ്രകടനം നടത്തുകയും ചെയ്തു.

ഗോപാലകൃഷ്ണൻ ആർഎസ്എസ് തൃശൂർ ജില്ലാ ബൗദ്ധിക് പ്രമുഖായിരുന്നു. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട്, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ പ്രസിഡന്റ് എന്നീ പദവികളും വഹിച്ചു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ വോട്ട് ഇരട്ടിപ്പിച്ചാണു ഗോപാലകൃഷ്ണൻ ശ്രദ്ധേയനായത്.

Your Rating: