Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജനഗരി ഒരു ജനകീയ കോട്ട

Babu

കാൽ നൂറ്റാണ്ടു മുൻപ്, കെ. ബാബു തൃപ്പൂണിത്തുറയുടെ മനസ്സിലേക്കൊരു പാലമിടും വരെ രാജനഗരിയൊരു ചുവന്ന കോട്ടയായിരുന്നു; ഇടതുപക്ഷത്തിന്. അതുവരെ ഒറ്റപ്പെട്ട ചില വിജയങ്ങളുടെ തിളക്കമേയുണ്ടായിരുന്നുള്ളൂ കോൺഗ്രസിന്. എന്നാൽ, 1991ൽ ബാബു മണ്ഡലത്തിന്റെ രാഷ്ട്രീയജാതകം തിരുത്തിയെഴുതി. തുടർച്ചയായി അഞ്ചു ജയങ്ങൾ.

എന്നിട്ടും ആറാമങ്കത്തിനു സ്ഥാനാർഥിത്വം ഉറപ്പിക്കാൻ അദ്ദേഹത്തിനു ഡൽഹിയിലേക്കു കണ്ണുംനട്ടു കാത്തിരിക്കേണ്ടിവന്നു. മൽസര രംഗത്തു നിന്നു മാറിനിൽക്കണമെന്ന അഭിപ്രായം പക്ഷേ, അദ്ദേഹത്തിനു വിലങ്ങുതടിയായില്ല. വിജയസാധ്യതയെന്ന ആയുധം വെറുതെ ഉറയിലിടേണ്ടെന്ന നിലപാടിനു കോൺഗ്രസ് ഹൈക്കമാൻഡിന്റെ പച്ചക്കൊടി. അങ്ങനെ ബാബു ആറാം തവണയും തൃപ്പൂണിത്തുറയുടെ ആശീർവാദം തേടുകയാണ്.

ബാബുവിന് എതിരെ ഉയർന്ന ആരോപണങ്ങൾ തങ്ങൾക്ക് അനുകൂലമായ ജനവിധിയാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. അതുകൊണ്ടുതന്നെ ബാബുവിന്റെ കോട്ടയിൽ വിള്ളലുണ്ടാക്കാൻ സിപിഎം കണ്ടെത്തിയതു യുവനേതാവിനെയാണ്; ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജിനെ. തദ്ദേശ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ നഗരസഭ പിടിച്ചെടുത്തതും എൽഡിഎഫിനു പ്രതീക്ഷയേറ്റുന്ന ഘടകമാണ്.

നഗരസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്നിലാക്കി രണ്ടാമതെത്തിയ ആവേശത്തിലാണു ബിജെപി മുന്നണി പ്രഫ. തുറവൂർ വിശ്വംഭരനെ കളത്തിലിറക്കുന്നത്. പാർട്ടിക്കപ്പുറം പടർന്ന വ്യക്തിബന്ധങ്ങളുടെ വേരുറപ്പാണ് എക്കാലവും ബാബുവിനെ തുണയ്ക്കുന്നത്. മണ്ഡലത്തിന്റെ മുക്കും മൂലയും അടുത്തറിയുന്ന അദ്ദേഹത്തിന്റെ ജനകീയതയിലാണു യുഡിഎഫിന്റെ വിശ്വാസം. ആരോപണശരങ്ങളുടെ പെരുവെള്ളപ്പാച്ചിലിലും ആത്മവിശ്വാസമാണു ബാബുവിന്റെ കൈമുതൽ.

Thripunithura

വിജിലൻസ് കോടതിയിൽ നിന്നുണ്ടായ പ്രതികൂല പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ രാജി പ്രഖ്യാപിച്ചതും ഹൈക്കോടതിയിൽ നിന്ന് അനുകൂല പരാമർശങ്ങളുണ്ടായപ്പോൾ പിൻവലിച്ചതുമെല്ലാം അദ്ദേഹത്തെ വാർത്താപുരുഷനാക്കിയ നാളുകളാണു കടന്നുപോയത്. അന്ന് അദ്ദേഹം പറഞ്ഞതിങ്ങനെ: ‘‘മൽസരിക്കാൻ ഭയമില്ല. പാർട്ടി പറഞ്ഞാൽ മൽസരിക്കും. പല പ്രാവശ്യം ജയിച്ചതു കുറ്റമായി കാണുന്നില്ല. തൃപ്പൂണിത്തുറ ഉപേക്ഷിച്ച് ഒളിച്ചോടേണ്ട കാര്യമില്ല’’ - ആ ആത്മവിശ്വാസത്തിനുള്ള പ്രതിഫലം കൂടിയാണു സ്ഥാനാർഥിത്വം.

പറ്റിയ സ്ഥാനാർഥിയെത്തേടി സിപിഎം വലയുന്നതായിരുന്നു ഇക്കുറി തൃപ്പൂണിത്തുറയിലെ ആദ്യ രാഷ്ട്രീയക്കാഴ്ച. മണ്ഡലം തിരിച്ചുപിടിക്കണമെന്ന വാശിയോടെ ജില്ലാ സെക്രട്ടറി പി. രാജീവിനെ കളത്തിലിറക്കാനായിരുന്നു ആദ്യ തീരുമാനം. ജില്ലാ നേതൃത്വം ഏകസ്വരത്തിൽ നിർദേശിച്ച പേരു സംസ്ഥാന നേതൃത്വം മടക്കി. ജില്ലാ സെക്രട്ടറിയായി ഒരു വർഷം പോലും പൂർത്തിയാക്കുംമുൻപ് അദ്ദേഹത്തെ മൽസരത്തിനിറക്കുന്നതിനോടു സംസ്ഥാന നേതൃത്വത്തിനു യോജിപ്പുണ്ടായില്ല. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം പ്രതിഷേധത്തോടെയാണ് അണികൾ സ്വീകരിച്ചത്. രാജീവിനായി പോസ്റ്ററുകൾ ഉയർന്നു. ജില്ലാ നേതൃത്വം ഉറച്ചുനിന്നെങ്കിലും മറ്റൊരു പേരു നിർദേശിക്കാൻ വീണ്ടും സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. അങ്ങനെ, കഴിഞ്ഞവട്ടം ബാബുവിനോടു പരാജയപ്പെട്ട സി.എം. ദിനേശ്മണിക്കു നറുക്കുവീണു. അതിനെതിരെ കലാപം പോസ്റ്ററുകളായി നിറഞ്ഞപ്പോൾ അദ്ദേഹവും പിൻവാങ്ങി.

ഒടുവിൽ, സിപിഎം എം. സ്വരാജിനെ രംഗത്തിറക്കുകയായിരുന്നു. മലപ്പുറം സ്വദേശിയെങ്കിലും എസ്എഫ്ഐയുടെയും പിന്നീടു ഡിവൈഎഫ്ഐയുടെയും സംസ്ഥാന നേതാവായ സ്വരാജിനു പ്രത്യേക പരിചയപ്പെടുത്തൽ ആവശ്യമില്ലെന്നു പാർട്ടി കണക്കുകൂട്ടുന്നു. യുവനേതാവിന്റെ ഊർജസ്വലത വോട്ടാകുമെന്നും അവർ കരുതുന്നു. എന്നാൽ, വി.എസ്. അച്യുതാനന്ദന് എതിരെ സ്വരാജ് നടത്തിയ രൂക്ഷമായ വിമർശനങ്ങളുടെ പൂർവചരിത്രം ഒരു വിഭാഗം പാർട്ടി പ്രവർത്തകരുടെ ഓർമകളിൽ ഇപ്പോഴുമുണ്ട്. എന്നാൽ, താനും സ്വരാജും തമ്മിൽ ഒരു പ്രശ്നവുമില്ലെന്നും തന്റെ പേരുപയോഗിച്ചു സ്വരാജിനെ താഴ്ത്തിക്കെട്ടാൻ യുഡിഎഫ് നടത്തുന്ന ശ്രമം തരംതാണ രാഷ്ട്രീയമാണെന്നുമാണു വിഎസിന്റെ പുതിയ നിലപാട്.

വിഭാഗീയതയുടെ ആഴം കുറഞ്ഞെങ്കിലും ഉദയംപേരൂർ പോലുള്ള ചില മേഖലകളിൽ നീറ്റൽ ബാക്കിയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉദയംപേരൂർ എൽഡിഎഫിനെ കൈവിട്ടതു ശുഭസൂചനയല്ല. ദീർഘകാലം മഹാരാജാസ് കോളജിൽ അധ്യാപകനായിരുന്ന പ്രഫ. തുറവൂർ വിശ്വംഭരന്റെ ശിഷ്യസമ്പത്ത് അദ്ദേഹത്തിനു തുണയാകുമെന്നു ബിജെപി കരുതുന്നു. വേദപണ്ഡിതൻ കൂടിയായ അദ്ദേഹത്തിനു മണ്ഡലത്തിൽ വ്യക്തിബന്ധങ്ങളുമേറെ. ഘടകകക്ഷിയായ ബിഡിജെഎസിന്റെ സ്വാധീനവും നിർണായകമാകുമെന്നാണു ബിജെപിയുടെ പ്രതീക്ഷ. യുഡിഎഫ്, എൽഡിഎഫ് മുന്നണികൾ സ്ഥാനാർഥികളെ തീരുമാനിക്കുംമുൻപു രംഗത്തിറങ്ങിയ പ്രഫ. വിശ്വംഭരൻ പ്രചാരണരംഗത്തും സജീവം.

Your Rating: