Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയിക്കാൻ വേണ്ടി മാത്രമല്ല ഈ പോര്

uduma-porkkalam

കെ. സുധാകരന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ, വൈകുന്നേരം ഒറ്റയ്ക്ക് സൈക്കിളിൽ ഒന്നു വട്ടംകറങ്ങിയാൽ മാത്രം മതി പാട്ടുംപാടി ജയിച്ചുകയറാമെന്ന് ഉറപ്പുള്ള കണ്ണൂർ മണ്ഡലം വിട്ട് സിപിഎമ്മിന്റെ പൊന്നാപുരം കോട്ടയായ ഉദുമയിലേക്ക് പോരിനിറങ്ങിയത് സ്വയം തീരുമാനിച്ചാണ്. കാരണം ലളിതം, കോൺഗ്രസിന്റെ കയ്യിൽനിന്നു വഴുതിപ്പോയി കാൽനൂറ്റാണ്ടിലേറെ പിന്നിട്ടിട്ടും കിട്ടാക്കനിയായി തുടരുന്ന ഉദുമ മണ്ഡലം തിരിച്ചുപിടിക്കുക.

വിജയ സാധ്യതയേറിയ മണ്ഡലം ഉള്ളംകയ്യിലുണ്ടായിട്ടും ഉദുമയിലേക്കുള്ള സുധാകരന്റെ അപ്രതീക്ഷിത വരവിനെ പാർട്ടി നേതൃത്വത്തിനും മറ്റെങ്ങനെ കാണാനാകും? എന്നാൽ, രാഷ്ട്രീയ തന്ത്രങ്ങളുടെ ചാണക്യനായ കെ. സുധാകരൻ ഉദുമയിൽ നോട്ടമിടുന്നത് വെറുമൊരു മൽസരവും വിജയവും മാത്രമല്ലെന്ന് എതിരാളികൾ പോലും പറയുന്നുണ്ട്.

അതിർത്തികൾ പലതവണ മാറ്റിവരച്ചിട്ടും യുഡിഎഫിന് ജയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന ചരിത്രത്തിലും വർത്തമാനത്തിലുമാണ് സിപിഎമ്മിന്റെ ആത്മവിശ്വാസം. മണ്ഡലത്തിൽ രണ്ടാംവരവിന് കോപ്പുകൂട്ടുന്ന സിറ്റിങ് എംഎൽഎ കെ. കുഞ്ഞിരാമൻ, എതിരാളി കരുത്തനാണെന്നതു കാര്യമാക്കുന്നില്ല. കർഷകനായ കുഞ്ഞിരാമന് രാഷ്ട്രീയപ്പാടത്തും വിത്തിറക്കാനും വിളവെടുക്കാനുമറിയാമെന്ന് അണികളും വിശ്വസിക്കുന്നിടത്ത് ഉദുമയുടെ തിരഞ്ഞെടുപ്പിന് മുൻപില്ലാത്ത ആവേശം നൽകുന്നു.

uduma-porkkalam-votevazhi

2014–ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് കാസർകോട് മണ്ഡലത്തിലേക്ക് സുധാകരന്റെ പേര് കേട്ടതാണ്. എന്നാൽ കന്നിക്കാരനായ ടി. സിദ്ദീഖിനായിരുന്നു നറുക്ക്. കടുത്ത മൽസരത്തിനൊടുവിൽ ആറായിരത്തിൽപ്പരം വോട്ടുകൾക്ക് പിന്നിൽ മാത്രമാണ് സിദ്ദീഖ് വീണത്. എന്നാൽ, കണ്ണൂരിൽ ജയം ഉറപ്പിച്ചിരുന്ന സുധാകരൻ പി.കെ. ശ്രീമതിക്കു മുന്നിൽ അടിയറവ് പറഞ്ഞത് അപ്രതീക്ഷിതമായിരുന്നു.

സുധാകരനായിരുന്നു കാസർകോട് എങ്കിൽ വിജയം ഉറപ്പാക്കാമായിരുന്നുവെന്ന തരത്തിൽ കോൺഗ്രസ് നേതൃത്വങ്ങളിൽ പിന്നീട് ഗൗരവമായ ചർച്ചയും നടന്നു. കളംപിടിച്ച് നിൽക്കേ, പുതുതായി രൂപീകരിച്ച കണ്ണൂർ കോർപറേഷൻ തിരഞ്ഞെടുപ്പിലും യുഡിഎഫിന് അടിതെറ്റിയതും കടുത്ത ക്ഷീണമായി. തോറ്റതു കോൺഗ്രസാണെങ്കിലും പോയത് സുധാകരന്റെ പേരായിരുന്നു.

ലോക്സഭയിലേക്ക് തോറ്റപ്പോഴും 8057 വോട്ടിന്റെ ഭൂരിപക്ഷം നൽകിയ കണ്ണൂർ നിയമസഭാ മണ്ഡലം വിട്ട് ഉദുമയിലേക്ക് മാറാൻ സുധാകരനെ പ്രേരിപ്പിച്ച ഘടകങ്ങളിൽ ഇവയെല്ലാമുണ്ടെന്ന് വിശ്വസിക്കുന്നവർ ഏറെ. തിരിച്ചുവരവിന് നേതാവിന് വെറുമൊരു വിജയം പോരെന്നും അവർ പറയുന്നുണ്ട്. ഉദുമയിലേക്ക് വണ്ടികയറാൻ സതീശൻ പാച്ചേനിയും കെ.പി. കുഞ്ഞിക്കണ്ണനും അബ്ദുല്ലക്കുട്ടിയും വരെ പെട്ടിയൊരുക്കിയപ്പോഴായിരുന്നു കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് സുധാകരൻ സന്നദ്ധത അറിയിച്ചത്.

കാര്യമെന്തായാലും, കണ്ണൂർകോട്ടയിൽ സിപിഎമ്മിനെതിരെ ഒറ്റയ്ക്ക് പടനയിച്ച് ജയവും തോൽവിയും മാറി മാറി രുചിച്ച പോരാളിയുടെ പരിവേഷമാണ് ഉദുമയിലും സുധാകരനുള്ളത്. ഐ ഗ്രൂപ്പിലെ പ്രമുഖനെങ്കിലും കടുത്ത ഗ്രൂപ്പ് വിശ്വാസികളെയും ഘടകകക്ഷികളെയും ഒരുമിച്ച് നിർത്താനും വോട്ട് വീഴ്‍ത്താനും കഴിയുമെന്നത് നേട്ടമായി കോൺഗ്രസ് നേതൃത്വം കരുതുന്നു. സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപുതന്നെ സുധാകരനായി മണ്ഡലത്തിൽ ആദ്യം പോസ്റ്റർ ഒട്ടിച്ചത് യൂത്ത് ലീഗ് പ്രവർത്തകരാണെന്നത് ഇതിന്റെ ലക്ഷണമായി നേതൃത്വം വിലയിരുത്തുന്നുമുണ്ട്. വാക്കും പ്രവൃത്തിയും കൊണ്ട് വോട്ടർമാരെ ആരാധകരാക്കുന്ന സുധാകരശൈലിയിലാണ് മുന്നണിയുടെ വിജയപ്രതീക്ഷ.

മറുവശത്ത് സിപിഎമ്മിന്റെ സംഘടനാ കരുത്തിലും മണ്ഡലപരിചരണത്തിലും വിശ്വാസമർപ്പിച്ചാണ് കെ. കുഞ്ഞിരാമന്റെ പുറപ്പാട്. സെലിബ്രിറ്റി താരം മറുവശത്തുണ്ടെങ്കിലും ഹോംഗ്രൗണ്ടിൽ കളിക്കുന്നതിന്റെ ആവേശം കുഞ്ഞിരാമന് ആവോളമുണ്ട്. അ‍ഞ്ചു തവണയായി സിപിഎം ജയിക്കുന്ന മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തെ വികസനനേട്ടങ്ങൾ അക്കമിട്ടു നിരത്തുന്നതാണ് കുഞ്ഞിരാമന്റെ തുറുപ്പ് ചീട്ട്.

പാർട്ടിയിൽ വി.എസ്. അച്യുതാനന്ദന്റെ ആരാധകനാണെങ്കിലും പിണറായിയുടെ ഇഷ്ടക്കാരനാണ് കുഞ്ഞിരാമൻ. ഭരണമേതായാലും നാട്ടിലേക്ക് പദ്ധതികൾ വാശിയോടെ ചോദിച്ചുവാങ്ങാൻ കുഞ്ഞിരാമന് അറിയാം. കിട്ടിയില്ലെങ്കിൽ കിട്ടുന്നതുവരെ പിന്നാലെയുണ്ടാകും.

കുഞ്ഞിരാമൻ പ്രാദേശിക പാർട്ടി നേതൃത്വം പറയുന്നത് തീരെ അനുസരിക്കുന്നില്ലെന്ന ആരോപണം സ്ഥാനാർഥി നിർണയ കാലത്ത് ഉയർന്നിരുന്നു. പാർട്ടി നേതൃത്വത്തിനു പലപ്പോഴും കീഴടങ്ങാൻ തക്ക മെയ്‌വഴക്കം ഇല്ലാത്തതാണ് കാരണമെന്ന് കുഞ്ഞിരാമനെ അറിയുന്നവർ പറയും. രണ്ടാമതൊരവസരം നൽകേണ്ട എന്ന നിലയിൽ വരെ ചർച്ചകൾ മുറുകിയെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ടിക്കറ്റ് നൽകുകയായിരുന്നു.

കഴിഞ്ഞ ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ ഉദുമ മണ്ഡലത്തിൽ ലഭിച്ച 24,584 വോട്ടുകളിലാണ് ബിജെപി കേന്ദ്രങ്ങളുടെ ശ്രദ്ധ. മൽസരിക്കാൻ കെ. സുധാകരൻ എത്തിയതോടെ ബിജെപി ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ കെ. ശ്രീകാന്തിനെ പാർട്ടി രംഗത്തിറക്കി മൽസരം കടുപ്പമാക്കാനുള്ള തയാറെടുപ്പിലാണ്.

ഉദുമയുടെ വോട്ട്ചരിത്രം വിചിത്രമാണ്. 1971ലും 77ലും യുഡിഎഫ് സ്‌ഥാനാർഥിയായി വിജയിച്ച എൻ.കെ. ബാലകൃഷ്‌ണൻ മന്ത്രിയായിരുന്നു. 1982ൽ എം. കുഞ്ഞിരാമൻ നമ്പ്യാർ കോൺഗ്രസ് വിട്ട് ഇടതു സ്വതന്ത്രനായി മൽസരിച്ചു ജയിച്ചു. രണ്ടുവർഷത്തിനു ശേഷം മനസ്സുമാറിയ നമ്പ്യാർ എംഎൽഎ സ്‌ഥാനം രാജിവച്ച് കോൺഗ്രസിലേക്കു പോയെങ്കിലും ഉപതിരഞ്ഞെടുപ്പിൽ തോറ്റു. 87ൽ കെ.പി. കുഞ്ഞിക്കണ്ണന്റേതാണ് മണ്ഡലത്തിലും ജില്ലയിലുമായി ഒരു കോൺഗ്രസ് സ്ഥാനാർഥിയുടെ അവസാനത്തെ വിജയം.

പിന്നീട് അഞ്ച് തവണയും നേടിയത് എൽഡിഎഫ്. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉദുമ മണ്ഡലം 835 വോട്ടിന്റെ ഭൂരിപക്ഷം നൽകി യുഡിഎഫിൽ പ്രതീക്ഷയുണർത്തി. പക്ഷേ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എട്ടിൽ അഞ്ചിലും പഞ്ചായത്തിലും അധികാരത്തിലെത്തി അവസാന റൗണ്ടിൽ ഇടത് മുന്നണി വീണ്ടും കരുത്തറിയിച്ചിട്ടുണ്ട്. വോട്ടുകളിലെ ഇൗ അനിശ്ചിതത്വമാണ് കൊതിപ്പിച്ച് നിർത്തുന്നത്.

Your Rating: