Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എം.എം. മണിയെ സേനാപതി വേണു നേരിടുമ്പോൾ ഉടുമ്പൻചോലയിൽ മത്സരം തീവ്രം

Mani

പറഞ്ഞുവരുമ്പോൾ ഉടുമ്പൻചോല പിറന്ന കഥയ്ക്ക് രാമായണകാലത്തോളം പഴക്കമുണ്ട്. ഹിഡുംബൻ എന്ന പേരുള്ള രാക്ഷസൻ ഉടുമ്പൻചോലയിലാണത്രെ താമസിച്ചിരുന്നത്. പിൽക്കാലത്ത് ഹിഡുംബൻചോല ‘ഉടുമ്പൻചോല’യ്ക്കു വഴിമാറിയെന്നാണ് ഐതിഹ്യം.
പേരിലൊരു ‘ഉടുമ്പു’ണ്ടെങ്കിലും ഇടുക്കി ജില്ലയിലെ ഭൂപടത്തിൽ ഉടുമ്പൻചോലയുടെ ആകൃതി ചപ്പാത്തിക്കു മാവു കുഴച്ചുവച്ചതു പോലെയാണ്. ഈ മണ്ഡലത്തിന് ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ മണ്ഡലമെന്ന പെരുമയുമുണ്ട്.

ഒരിക്കലും തുറക്കാത്ത ഹൃദയരഹസ്യങ്ങളുറങ്ങുന്ന ഈ മണ്ണു പിടിച്ചെടുക്കാനുള്ള തീവ്ര സമരത്തിലാണ് ഇരു മുന്നണികൾ. ശക്തമായ ത്രികോണ മത്സരത്തിന് അടിവരയിട്ട് കളം പിടിക്കാനുള്ള ചൂണ്ടക്കൊളുത്തുമായി എൻഡിഎയും ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്.

എതിരാളിയെ നിലംപരിചാക്കാൻ വാക്കുകളുടെ തീക്കുടുക്കയുമായാണു യുഡിഎഫ് സ്ഥാനാർഥി സേനാപതി വേണുവും ഇടതു മുന്നണിയിലെ എം.എം. മണിയും മണ്ഡലത്തിൽ പോരിനിറങ്ങിയിരിക്കുന്നത്. ‘വെട്ടൊന്ന് തുണ്ടം രണ്ട്’ എന്ന പോലെയാണു വേണുവിന്റെയും മണിയുടെയും നാവ്. വാക്കുകളിലൂടെ ‘കൊണ്ടും കൊടുത്തും’ വേണുവും മണിയും കത്തിക്കയറുമ്പോൾ ചുട്ടെടുത്ത വാചകങ്ങളുടെ തീക്ഷ്ണതയിൽ മൈക്കുകൾക്കു സൂര്യാതപമേൽക്കുന്നു.

1965 മുതലുള്ള ചരിത്രം പരിശോധിച്ചാൽ കേരള കോൺഗ്രസും സിപിഎമ്മും നാലു തവണ വീതം വിജയം നേടി ആധിപത്യം തെളിയിച്ച മണ്ഡലമാണ് ഉടുമ്പൻചോല. രണ്ടു തവണ വീതം കോൺഗ്രസും, സിപിഐ സ്ഥാനാർഥികളും ഇവിടെനിന്നു വിജയിച്ചു. 2001 മുതൽ തുടർച്ചയായി മൂന്നു തവണ വിജയം നേടി സിപിഎം ജില്ലാ സെക്രട്ടറി കൂടിയായ കെ.കെ. ജയചന്ദ്രൻ റെക്കോർഡുമിട്ടു. പാർട്ടിയുടെ ‘പെരുമാറ്റച്ചട്ട’ത്തെ തുടർന്നു ജയചന്ദ്രൻ മത്സരരംഗത്തുനിന്നു പിൻമാറിയപ്പോൾ മണ്ഡലം നിലനിർത്താൻ ജില്ലയിലെ അതികായനായ എം.എം. മണിയെ തന്നെയാണു സിപിഎം നിയോഗിച്ചത്. തിരഞ്ഞെടുപ്പു കാലത്ത് മണ്ഡലത്തിനു പുറത്തുള്ള കെട്ടിയിറക്കു സ്ഥാനാർഥികളെ പരീക്ഷിച്ച് പടിക്കൽ കുടമുടയ്ക്കുന്ന പതിവു തന്ത്രം ഉപേക്ഷിക്കാനും കോൺഗ്രസ് ഇതോടെ നിർബന്ധിതരായി. മണ്ഡലം തിരിച്ചുപിടിക്കാൻ മണ്ഡലത്തിലെ ഏറ്റവും കരുത്തനായ സേനാപതി വേണുവിനെ കോൺഗ്രസ് നിയോഗിച്ചു.

Udumpanchola

കരസേനയിലെ അധ്യാപകന്റെ പട്ടാളച്ചിട്ടയാണു യുഡിഎഫ് സ്ഥാനാർഥി സേനാപതി വേണുവിന്റെ ജീവിതത്തിന്. പഠിച്ചതു കൊമേഴ്സാണെങ്കിലും പ്രസംഗത്തിലാണു വേണു ബിരുദമെടുത്തത്. 21ാം വയസ്സിൽ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോൺഗ്രസ് മണ്ഡലം പ്രസിഡന്റായി സേനാപതിയിൽ പ്രവർത്തിച്ചു. എംകോമിനൊപ്പം നിയമത്തിൽ ബിരുദാനന്തര ബിരുദവും നേടി.

എട്ടു വർഷം കരസേനയിൽ പ്രവർത്തിച്ച വേണുവിനു ഹിന്ദി പച്ചവെള്ളം. അധ്യാപക കുപ്പായം അഴിച്ചുവച്ച് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങി. അളന്നുകുറിച്ച് ഉരുളയ്ക്കുപ്പേരി പോലെ വേണു കത്തിക്കയറുമ്പോൾ പ്രസംഗത്തിൽ ഇംഗ്ലിഷും തമിഴും മറാഠിയും പഞ്ചാബിയുമൊക്കെ തിരതല്ലും. 2009 ഫെബ്രുവരി ഒൻപതിന് ഡൽഹി രാംലീലാ മൈതാനത്ത് ചേർന്ന കോൺഗ്രസ് മഹാസമ്മേളനത്തിൽ ‘എഐസിസി ഓഫിസിൽ ചായ വാങ്ങി കൊടുക്കുന്നവരെയും അടിച്ചുവാരുന്നവരെയും സ്ഥാനാർഥികളായി കെട്ടിയിറക്കിയാൽ ഇനി കേരളത്തിൽ കോൺഗ്രസിനു ജയിക്കാനാവില്ലെന്നു’ തുറന്നടിച്ച വേണു, ഒറ്റ പ്രസംഗത്തിലൂടെ രാഹുൽ ഗാന്ധിയുടെ ഇഷ്ടക്കാരനായി.

രാഹുലുമായുള്ള അടുത്ത ബന്ധംതന്നെയാണു വേണുവിന് ഇത്തവണ മറ്റുള്ളവരെ പിന്തള്ളി സീറ്റ് ലഭിക്കാൻ കാരണമായതും. ദേശീയ, സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങൾ രാഹുൽ ഗാന്ധിയുമായി ഫോണിലൂടെയും ട്വിറ്ററിലൂടെയും ചർച്ച ചെയ്യുന്ന കേരളത്തിലെ അപൂർവം നേതാക്കളിലൊരാളാണ് സേനാപതി വേണു. പതിമൂവായിരത്തോളം വേദികളിൽ പ്രഭാഷണം നടത്തിയിട്ടുള്ള വേണു, ഇന്ത്യൻ ദേശീയതയും ഇന്ത്യൻ നാഷനൽ കോൺഗ്രസും എന്ന വിഷയത്തിൽ തുടർച്ചയായി പന്ത്രണ്ടര മണിക്കൂർ മെഗാപ്രഭാഷണം നടത്തിയതിന്റെ റെക്കോർ‍ഡുമിട്ടു.

പ്രസംഗത്തിൽ ബിരുദമെടുത്തിട്ടില്ലെങ്കിലും 60 വർഷത്തെ പാർട്ടി പ്രവർത്തനത്തിന്റെ തീച്ചൂളയിൽ തിളച്ചു കിട്ടിയ വാക്കുകളാണ് എൽഡിഎഫ് സ്ഥാനാർഥിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ എം.എം. മണിയുടെ തുറുപ്പുശീട്ട്. മൈക്കു കണ്ടാൽ ഇടുക്കിക്കാരുടെ ‘മണിയാശാന്’ എന്നും ആവേശമാണ്. കയ്യടി കിട്ടിയാൽ മണിയുടെ സിരകളിൽ ആവേശപ്പൂക്കളൊഴുകും. ഷർട്ടിന്റെ കൈകൾ തെറുത്തു കയറ്റി, കൈകൾ കൂട്ടിത്തിരുമ്മും, മണിയുടെ ശരീരഭാഷ മാറുമ്പോൾ അന്നൊരു ‘ബോംബു’ പൊട്ടും. തൊടുപുഴയ്ക്കു സമീപം മണക്കാട് 2012 മേയിൽ നടത്തിയ ‘വൺ..ടൂ...ത്രീ പ്രസംഗം പിറന്നതും വാക്കുകൾ കേട്ട് കേരളം നടുങ്ങിയതും ഇത്തരമൊരു കൈ കൂട്ടിത്തിരുമ്മലിനെ തുടർന്നായിരുന്നു.
ചോദ്യം ചെയ്യലും ജയിൽവാസവുമൊക്കെ കഴിഞ്ഞു പുറത്തിറങ്ങിയ മണി, തിരഞ്ഞെടുപ്പിൽ മത്സരാർഥിയുടെ കുപ്പായമണിഞ്ഞതോടെ പ്രസംഗത്തിലെ പഴയ ശൈലിക്കു സഡൺ ബ്രേക്കിട്ടു. 27 വർഷം ഇടുക്കി ജില്ലയിൽ സിപിഎമ്മിന്റെ അമരക്കാരനായിരുന്ന മണി പാർട്ടിയുടെ ‘ക്രൗഡ് പുള്ള’റിലൊരാൾ കൂടിയാണ്. 1996ൽ ഇതേ മണ്ഡലത്തിൽ മത്സരിക്കാനിറങ്ങിയ മണി കോൺഗ്രസിലെ ഇ.എം. ആഗസ്തിയോടു 4667 വോട്ടുകൾക്കു പരാജയപ്പെട്ടിരുന്നു.

രാജകുമാരി എൻഎസ്എസ് കോളജിൽനിന്നു ബിബിഎ പാസായ ശേഷം കന്നിയങ്കത്തിനിറങ്ങുന്ന സജി പറമ്പത്താണ് എൻഡിഎ സ്ഥാനാർഥി. എസ്എൻഡിപി യോഗം നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റുകൂടിയായ സജി വിജയത്തിൽ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ല. മണ്ഡലത്തിൽ ഇരു മുന്നണികളെയും വെല്ലുന്ന പ്രചാരണമാണ് സജിയുടേത്.

തലമുറകളുടെ പോരാട്ടമായും ഇവരുടെ അങ്കത്തെ വിശേഷിപ്പിക്കാം. മണിക്ക് 71 വയസ്സ്. സേനാപതി വേണുവിന് 51ഉം സജിക്ക് 37 വയസ്സും.
ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ വൻ ശക്തി കേന്ദ്രങ്ങളിലൊന്നാണ് ഉടുമ്പൻചോല. ലോക്സഭാ തിരഞ്ഞെടുപ്പിൽ കസ്തൂരിക്കാറ്റ് ആഞ്ഞു വീശിയ മണ്ഡലങ്ങളിലൊന്നായ ഉടുമ്പൻചോലയിൽ യുഡിഎഫ് കോട്ടകൾ നിലംപൊത്തി. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനും ഹൈറേഞ്ച് സംരക്ഷണ സമിതിക്കും വൻ തിരിച്ചടി കിട്ടി. മണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ ഏഴെണ്ണവും യുഡിഎഫ് സ്വന്തമാക്കി പഴയ പ്രതാപം തിരിച്ചെടുത്തു. ഇതിന്റെ ആത്മവിശ്വാസവുമായാണു യുഡിഎഫ് ഇത്തവണ വോട്ടർമാരെ സമീപിക്കുന്നത്.

ദേശീയ നേതാക്കൾ ഉൾപ്പെടെയുള്ളവരെ മണ്ഡലത്തിലെത്തിക്കാനുള്ള മത്സരമാണു പാർട്ടികളിൽ. സേനാപതി വേണുവിനു വോട്ടു ചോദിക്കാൻ രാഹുൽ ഗാന്ധി 12ന് മണ്ഡലത്തിലെത്തും. മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലിന്റെ പേരിൽ വി.എസ്. അച്യുതാനന്ദനുമായി അകന്ന മണി, വൈരം മറന്ന് വിഎസിനെ ഒരാഴ്ച മുൻപു മണ്ഡലത്തിലെത്തിച്ചു. പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ് കാരാട്ടും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മണിക്കു വോട്ടു ചോദിച്ചു മണ്ഡലത്തിലെത്തി.

ഇരട്ട വോട്ടു ചെയ്യുന്ന സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന മണ്ഡലത്തിൽ അണ്ണാ ഡിഎംകെയും സ്വന്തം സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്. തോട്ടം മേഖലയിൽ ഇവർക്കും സ്വാധീനമേറെ.

സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രചാരണമാണു യുഡിഎഫ് നടത്തുന്നത്. കസ്തൂരിരംഗൻ–പട്ടയ വിഷയങ്ങൾ വീണ്ടും ആളിക്കത്തിച്ചും ഏലമുൾപ്പെടെയുള്ള കാർഷികോൽപന്നങ്ങളുടെ വിലത്തകർച്ചയും മുൻനിർത്തിയാണ് എൽഡിഎഫിന്റെ പ്രചാരണം.

മണ്ഡലത്തിൽ വികസനമെത്തിക്കാൻ പുതിയ പരീക്ഷണം നടത്താനുള്ള ആഹ്വാനമാണ് എൻഡിഎയ്ക്ക്. വാക്കിന്റെ വാൾപ്പയറ്റിലൂടെ വേണുവും മണിയും അങ്കക്കൊത്തു തുടരുമ്പോൾ ഉടുമ്പൻചോലയിലെ മത്സരം ഫോട്ടോ ഫിനിഷിലേക്കു നീങ്ങുന്നു.  

Your Rating: