Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൈനീട്ടി തൊടാം; പക്ഷേ അറിയണം ഹൃദയത്തിലെ ചുവപ്പ്; പിണറായിക്കൊപ്പം ഒരു ദിനം

pinarayi ധർമടം പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ പിണറായി പഞ്ചായത്തിലെ പാറപ്രത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ. ചിത്രം: സജീഷ് ശങ്കർ

പിണറായി ഇന്നൊരു ഗ്രാമമല്ല, നേതാവാണ് എന്നെഴുതിയത് എം.മുകുന്ദനാണ്. എഴുത്തുകാർക്കിടയിൽ സംഭവിക്കുന്നതു പോലെ ഒരു വ്യക്തി ഒരു ദേശമായി മാറുന്ന കാഴ്ച. തന്മാത്രയെന്നാൽ ദ്രവ്യത്തിന്റെ എല്ലാ സ്വഭാവവും ചേർന്ന ഏറ്റവും സൂക്ഷ്മമായ കണമാണ്. പിണറായി എന്ന പാർട്ടി ഗ്രാമത്തിന്റെ എല്ലാ സൂക്ഷ്മാംശവും ചേർന്ന തന്മാത്രയാണ് പിണറായി വിജയൻ. കമ്യൂണിസ്റ്റ് പാർട്ടി വിത്തായും മുളയായും മരമായും പടർന്നു പന്തലിച്ച മണ്ണിൽ പിണറായി നടത്തുന്നതു പോരാട്ടമോ തേരോട്ടമോയെന്നേ സംശയമുള്ളൂ.
പിണറായിയിലെ ചുവന്ന മണ്ണിൽ പ്രചാരണത്തിനിറങ്ങുമ്പോൾ വിപ്ലവസൂര്യൻ തീക്കനലായി ജ്വലിക്കുന്നില്ല. ആർക്കും തൊടാവുന്ന നിഴലകലത്തിൽ പിണറായി ഇവിടെ വിജയേട്ടനായി മാറുന്നു. കേരളചരിത്രത്തിലെ ഏറ്റവും പ്രവചനാതീതമായ ഒരു തിരഞ്ഞെടുപ്പു പോരാട്ടം അതിന്റെ അവസാന ലാപ്പിലേക്കു കടക്കുമ്പോൾ ഇടതുപക്ഷത്തിന്റെ അമരക്കാരൻ അക്ഷോഭ്യനാണ്.

കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ പേരിന്റെ ഭംഗി നോക്കിയൊരു മൽസരം നടത്തിയാൽ ആദ്യ പത്തിൽ ധർമടവുമുണ്ടാകും. തൂണിലും തുരുമ്പിലും ബീഡിപ്പുകയിലും കനലിലുമെല്ലാം കമ്യൂണിസമുറങ്ങുന്ന പിണറായിയും പാർട്ടി പിറന്ന പാറപ്രവുമെല്ലാമുൾപ്പെടുന്ന കമ്യൂണിസ്റ്റു കോട്ടയ്ക്കു ധർമടമെന്ന പേരു വന്നതു ചരിത്രത്തിന്റെ വൈചിത്ര്യം. ബുദ്ധപട്ടണമായ ധർമപട്ടണത്തിൽ നിന്നാണു ധർമടമുണ്ടായതെന്നു നാട്ടുകാർ പറയും.

ഇരുപതു വർഷത്തിനുശേഷം പിണറായി വിജയൻ തിരഞ്ഞെടുപ്പു പോരിനിറങ്ങിയതിന്റെ ആവേശത്തിലാണ് ധർമടം. 1978ൽ കൂത്തുപറമ്പ് എംഎൽഎ ആകുമ്പോൾ പിണറായിക്ക് ഇരുപത്തിയാറു വയസ്സായിരുന്നു. വർഷം നാൽപ്പത്തിയാറു കടന്നുപോയിരിക്കുന്നു. ഈ കാലയളവിൽ 16 വർഷം പാർട്ടി സെക്രട്ടറിയായി. പിണറായി തന്നെ ഒരു ബ്രാൻഡായി. കേരള രാഷ്ട്രീയത്തിലെ മിന്നൽപ്പിണരായി.

പിണറായി വിജയനു ചുറ്റും അദൃശ്യമായൊരു മുള്ളുവേലിയുണ്ടെന്നു ചിലപ്പോൾ തോന്നും. അതു പിണറായി സ്വയം സൃഷ്ടിച്ചതല്ല. കാർക്കശ്യവും ഗൗരവവും ജീവിതത്തിന്റെ കണിശമായ ചിട്ടകളും പിണറായിക്ക് അങ്ങനെ ചില രൂപങ്ങൾ സമ്മാനിച്ചിരിക്കുന്നു. എന്നാൽ, സ്നേഹിക്കുന്നവർക്ക് ഈ കമ്യൂണിസ്റ്റുകാരന്റെ ചുവന്ന ഹൃദയം കൈ നീട്ടിയാൽ തൊടാവുന്നത്ര അടുത്താണ്.

പിണറായി പഞ്ചായത്തിലെ ഓലായിക്കര ദേശസ്നേഹി വായനശാലയിൽ നിന്നു തുടങ്ങിയ മണ്ഡലത്തിലെ പ്രചാരണത്തിനു വെള്ളിനിറമുള്ള ഇന്നോവയിൽ പിണറായി എത്തുമ്പോൾ മുന്നിൽ വന്നിറങ്ങിയതു പ്രചാരണത്തിന്റെ ചുക്കാൻ പിടിക്കുന്ന കെ.കെ.രാഗേഷ് എംപിയാണ്. കോഴിക്കോട് ഭാരതീയ വിദ്യാഭവനിലെ സ്കൂൾ വിദ്യാർഥിനി ദേവപ്രിയ തകർപ്പൻ ആമുഖപ്രസംഗം നടത്തുകയാണ്. തലശേരി വർഗീയ കലാപത്തിൽ ഉറഞ്ഞുതുള്ളിയപ്പോൾ അവിടെ സാധാരണ ജീവിതം പുനഃസ്ഥാപിക്കാൻ ഓടിനടന്ന പിണറായിയെക്കുറിച്ച്, കലാപത്തെക്കുറിച്ചന്വേഷിച്ച കമ്മിഷൻ റിപ്പോർട്ടിൽ പറയുന്ന കാര്യംവരെ ദേവപ്രിയയ്ക്കു നിശ്ചയം.

‘സ്വകാര്യതയല്ല സ്വീകാര്യതയാണ്’ സൗഹൃദത്തിന്റെ മുഖമുദ്ര എന്നെഴുതിയ ഇന്നോവയിൽ പിണറായിക്കൊപ്പം നാട്ടുകാരൻ കൂടിയായ സിപിഐ ദേശീയ കൗൺസിലംഗം സി.എൻ.ചന്ദ്രനുമുണ്ട്. വണ്ടിയൊന്നു തിരിച്ചിട്ടപ്പോൾ മറ്റൊരു വാചകവും കൂടി –നേരാണ് വോട്ട്...നേരിനാണ് വോട്ട്...

സമയത്തിന്റെ കണിശതയിൽ സെക്കൻഡ് സൂചിയുടെ കൂട്ടുകാരനാണു പിണറായി. അത്രമേൽ ഹ്രസ്വമാണ് പ്രസംഗം. ‘നടുവു വളഞ്ഞ സമൂഹത്തിനു നട്ടെല്ലിന്റെ കരുത്തു പകർന്ന പിണറായി’ എന്ന കമ്യൂണിസ്റ്റ് അനൗൺസ്മെന്റിലെ ആയിരം ഡെസിബൽ തീപ്പൊരിയൊന്നും പിണറായിയെ സ്പർശിക്കുന്നില്ല. നാട്ടുകാർക്കു നടുവിൽ ശാന്തമായ പ്രസംഗം.
പതികാലത്തിൽ തുടങ്ങി പതികാലത്തിൽ അവസാനിക്കുന്ന താളം. സിംഹത്തിനു സ്വന്തം മടയിൽ ഗർജിക്കേണ്ടല്ലോ എന്നു ന്യായം. പ്രാദേശിക നേതാക്കളെ പേരുപറഞ്ഞു വിളിക്കുന്ന പൊടിക്കൈകളൊന്നുമില്ല. സമയം ലാഭിക്കാൻ ആരെയും അഭിസംബോധന പോലും ചെയ്യുന്നില്ല – ‘നമ്മുടെ വീട് എത്ര ദുർബലമാണെങ്കിലും ഉരുക്കുകോട്ടയുടെ സുരക്ഷയുണ്ടായിരുന്നു അതിന്. അതൊരു സംസ്കാരമായിരുന്നു. ഇന്നു പെൺകുട്ടികൾ മുതൽ വൃദ്ധകൾ വരെ വീടുകളിൽ പീഡിപ്പിക്കപ്പെടുന്നു. കേരളം പിന്നോട്ടു പോവുകയാണ്. ഇതനുവദിച്ചു കൂടാ... ഈ തകർച്ച തടയണം. മാറ്റം വരണം. ആ മാറ്റത്തിന് ഇടതുപക്ഷത്തിനേ കഴിയൂ... ജനപ്രതിനിധിയായും അല്ലാതെയും നാടിന്റെ പ്രശ്നങ്ങളിൽ ഞാൻ എങ്ങനെ പ്രവർത്തിച്ചുവെന്നു നിങ്ങൾക്കറിയാം. തിരഞ്ഞെടുക്കപ്പെട്ടാൽ മണ്ഡലം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ എന്നാലാവുന്ന സഹായം ചെയ്യാനുള്ള പരിശ്രമം ഉണ്ടായിരിക്കും’. നിങ്ങൾക്കീപ്പാർട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയില്ല എന്നു മാധ്യമങ്ങളോടു പറഞ്ഞ പിണറായിയുടെ മുഖത്തു നോക്കിയിരിക്കുന്ന നാട്ടുകാരുടെ മുഖത്തെ ഭാവം ഞങ്ങൾക്കീ പാർട്ടിയെക്കുറിച്ചു നല്ല ധാരണയുണ്ടെന്നാണ്.

അടുത്ത യോഗത്തിൽ സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണന്റെ പ്രസംഗത്തിൽ കടുത്ത ഐക്യദാർഢ്യത്തിന്റെ സ്വരം. കമ്യൂണിസ്റ്റ് അപചയങ്ങളുടെ പ്രതിനായക സ്ഥാനത്ത് പിണറായിയെ പ്രതിഷ്ഠിക്കുന്നവരോട് ഉണ്ണി വാക്കുകൾകൊണ്ടു പോരാടുന്നു... ഒട്ടും സിനിമാറ്റിക് ആകാതെതന്നെ...

സേട്ടുപീടികയിലെ ഉച്ചയോഗത്തോടെ ചെറിയൊരു ബ്രേക്ക്. വഴിയൊന്നു തിരിഞ്ഞാൽ പാറപ്രമായി. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പരസ്യപ്രവർത്തനത്തിന് ആഹ്വാനം ചെയ്ത 1939ലെ ചരിത്രസമ്മേളനം ചേർന്ന മണ്ണ്. സഖാവ് പി.കൃഷ്ണപിള്ളയും എകെജിയും ഇഎംഎസുമുൾപ്പെടെ 42 നേതാക്കൾ ഒത്തുചേർന്ന ഭൂമിക. ഇവിടെനിന്നാണ് പിണറായി പ്രചാരണം തുടങ്ങിയത്. തലശേരി–അഞ്ചരക്കണ്ടി റൂട്ടിൽ വണ്ടി തിരിയുമ്പോഴേ കാണാം 300 മീറ്റർ നീളമുള്ള ഫ്ലക്സ്. പിണറായിയുടെ പിന്നിട്ട രാഷ്ട്രീയ വഴികളിലൂടെയുള്ള യാത്രയാണത്.

വണ്ടി പാണ്ഡ്യാലമുക്കിലെ പിണറായിയുടെ വസതിയായ പ്രവിക്കിലേക്ക്. വീട്ടിൽ ഭാര്യ കമല എല്ലാവരെയും ജ്യൂസ് നൽകി സ്വീകരിച്ചു. അബുദാബിയിലുള്ള മകൻ വിക്കിയെന്ന വിവേക് വീട്ടിലെത്തിയിട്ടുണ്ട്. മകൾ വീണ അടുത്തദിവസമെത്തും.

മടിയിൽ മുറവുമായിരിക്കുന്ന ബീഡിത്തൊഴിലാളികളുടെ നാടായിരുന്നു പിണറായി. കാലം ഒരു ഫിൽറ്റർ സിഗരറ്റ് പോലെ എരിഞ്ഞു തീർന്നപ്പോൾ ബീഡി വ്യവസായം തന്നെ കെട്ടുപോയിരിക്കുന്നു. എങ്കിലും രാഷ്ട്രീയ പ്രബുദ്ധരായ ബീഡിത്തൊഴിലാളികൾക്കു പത്രം വായിച്ചുകൊടുത്ത കാലം പിണറായി ഓർത്തെടുത്തു– ‘ ജോലി ചെയ്യുന്നതുകൊണ്ട് തൊഴിലാളികൾക്കു പത്രം വായിക്കാൻ കഴിയില്ല. എന്നാൽ എല്ലാ കാര്യവും അറിയണം. അങ്ങനെയാണ് ചെറുപ്പത്തിൽ അവർക്കു നടുവിലിരുന്നു ഞാൻ പത്രം വായിച്ചുകൊടുത്തത്. ആദ്യമായി തിരഞ്ഞെടുപ്പിൽ മൽസരിക്കുമ്പോൾ പോസ്റ്ററിൽ വെറും പേരു മാത്രമാണുണ്ടായിരുന്നത്. ഇന്നോ? 1996ൽ മൽസരിക്കുമ്പോൾ പോലും ഫോട്ടോ അധികമില്ല. ചുവരെഴുത്തുതന്നെ ഇപ്പോൾ പലയിടത്തും ഇല്ലാതായി... നവമാധ്യമങ്ങൾ പുതിയ റോളിലെത്തി...’ – മാറ്റമില്ലാത്തതു മാറ്റത്തിനു മാത്രമാണെന്നു പറഞ്ഞ കാൾമാർക്സിന്റെ പിൻമുറക്കാരൻ മാറ്റത്തെക്കുറിച്ചു വാചാലനായി.

LDF-7-6-2016 Advertisement
Your Rating: