Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആറന്മുളയുടെ നേർക്കുപിടിച്ച കണ്ണാടിയാകാൻ വീണ

veena-george

ബ്രിട്ടീഷ് മ്യൂസിയത്തിൽവരെ സ്ഥാനം പിടിച്ച ആറൻമുള കണ്ണാടിയുടെ നാട്ടിൽ മറ്റൊരു പുതുമയായി നീണ്ടു നിവർന്നു കിടക്കുകയാണ് എൽഡിഎഫ് സ്ഥാനാർഥിയും മാധ്യമ പ്രവർത്തകയുമായ വീണ ജോർജിനുവേണ്ടിയുള്ള ചുവരെഴുത്ത്്. ട്രയിനിന്റെ രൂപത്തിലുള്ള ചുവരെഴുത്ത് കേരളത്തിലെ ഏറ്റവും നീളമേറിയതാണെന്ന് പാർട്ടി പ്രവർത്തകരുടെ സാക്ഷ്യം. കണ്ണാടിയുടെ ലോഹക്കൂട്ടുകൾ രഹസ്യമായ നാട്ടിൽ, അതിലും കഠിനമായ രാഷ്ട്രീയക്കൂട്ടുകളുടെ കുരുക്കഴിക്കാനാണ് വീണയിലൂടെ എൽഡിഎഫിന്റെ ശ്രമം. ആറൻമുളയുടെ നേർക്കുപിടിച്ച കണ്ണാടിയാകാൻ വീണയും..

സമയം രാവിലെ 7.00. തിരഞ്ഞെടുപ്പ് തിരക്കിനിടെ വീണ ആദ്യം പോയത് ഇലന്തൂർ സ്വദേശിനി ആനി മാത്യുവിനെ കാ‌ണാനാണ്. എട്ടാം വാർഡിൽ കെ.എം. മത്തായിയുടേയും ജോളി മാത്യുവിന്റെയും മകളാണ് മുപ്പത്തിയഞ്ചുകാരിയായ ആനി. എട്ടാം വയസിൽ പോളിയോ ബാധിച്ചതിനെത്തുടർന്ന് കിടപ്പിലാണ്. എഴുന്നേറ്റ് നടക്കാനാകില്ല.

ടെലിവിഷനിലൂടെ പരിചയമുള്ള വീണ മണ്ഡലത്തിൽ സ്ഥാനാർഥിയായതറിഞ്ഞ് കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു ആനി. പാർട്ടി പ്രവർത്തകരിൽനിന്ന് വിവരമറിഞ്ഞാണ് വീണ എത്തിയത്. വീട്ടിലേക്കെത്തിയ വീണയെ ചുവന്ന പുഷ്പം നൽകിയാണ് കൊച്ചുമോളെന്ന ആനി സ്വീകരിച്ചത്.

കുളനടയിലെ പ്രചരണത്തിന് കൊട്ടാരപ്പടിയിൽ നിന്നായിരുന്നു തുടക്കം. മണ്ഡലത്തിലെ വികസന പ്രശ്നങ്ങൾ അക്കമിട്ട് നിരത്തുകയാണ് എൽഡിഎഫ് നിയോജക മണ്ഡലം സെക്രട്ടറിയായ പത്മകുമാർ. സ്ഥാനാർഥിക്കു മുന്നിൽ ദുരിതങ്ങളുടെ കെട്ടഴിച്ചുകൊണ്ട് കു‌ടുംബശ്രീ പ്രവർത്തകയായ തങ്കമ്മ.

‘കുടിവെള്ളം കിട്ടാനില്ല, റോഡൊക്കെ തകർന്നു കിടക്കുന്നു’- വീണയുടെ കൈപിടിച്ച് തങ്കമ്മ പറയുന്നു. ‘എൽഡിഎഫ് വരട്ടെ’ എന്ന വീണയുടെ വാക്കുകൾക്ക് ‘എന്നാലേ എല്ലാം ശരിയാകൂ’ എന്ന് തങ്കമ്മയുടെ കൂട്ടിച്ചേർക്കൽ.

പോസ്റ്ററുകളുടെ വലിയ യുദ്ധമാണ് ആറൻമുളയിൽ. ‘വരും’ ‘ശരിയാകും’ എന്നീ വാക്കുകൾക്കാണ് ഡിമാന്റ്. ‘വീണ വരും എല്ലാം ശരിയാകും’ എന്ന പോസ്റ്ററിന്, ‘എം.ടി. രമേശ് വരും ആറൻമുള മാറും’ എന്നാണ് ബിജെപി മറുപടി നൽകിയത്. ‘വീണ ജോർജ് ആറൻമുളയുടെ പ്രതീക്ഷ’ എന്ന എൽഡിഎഫിന്റെ പോസ്റ്ററിനെ ‘വികസനവഴിയിൽ ശിവദാസൻ നായർ’ എന്ന തലക്കെട്ടിൽ പോസ്റ്ററിറക്കിയാണ് യുഡിഎഫ് നേരിട്ടത്. ഇടതുമുന്നണി ഇതിനെ നേരിടാൻ ‘നേരിന്റെ യൗവ്വനം, നാടിന്റെ പ്രതീക്ഷ’ എന്ന പോസ്റ്ററിറക്കിയിട്ടുണ്ട്.

veena-george-7-6-2016

ആറൻമുള കണ്ണാടിയുടെ നാടായതിനാൽ കണ്ണാടി ഇല്ലാത്ത ഒരു കളിയുമില്ല. വികസനത്തിന്റെ കണ്ണാടി, നേരിന്റെ കണ്ണാടി.. കണ്ണാടി ആവശ്യാനുസരണം പോസ്റ്റിലും പ്രചരണത്തിലും കടന്നുകൂടുന്നുണ്ട്.

ആലവട്ട കോളനിയിലായിരുന്നു വീണയുടെ അടുത്ത സന്ദർശനം. കുടിവെള്ളമാണ് എല്ലായിടത്തേയും പ്രശ്നം. കിണറുകളിൽ വെള്ളമില്ല. പൈപ്പുവഴി വെള്ളമെത്തിക്കാമെന്നത് വർഷങ്ങളായുള്ള വാഗ്ദാനം മാത്രം. എല്ലാ പ്രശ്നത്തിനും പരിഹാരമുണ്ടാകുമെന്ന് വീണയുടെ ഉറപ്പ്. പ്രചരണം പനങ്ങാട് എൽപി സ്കൂളിന് മുന്നിലെത്തിപ്പോൾ നാടക കളരിക്കെത്തിയ കുട്ടികൾ വീണയെകാണാൻ റോഡിലേക്കെത്തി. തെക്കേക്കുറ്റി, ഉള്ളന്നൂർ എന്നിവിടങ്ങളിലെ പ്രചരണത്തിനുശേഷം കുളനടയിലെ സ്വീകരണ പരിപാടി പുന്നകുന്നിൽ അവസാനിക്കുമ്പോൾ രാത്രി വൈകിയിരുന്നു. വീണ ജോർജിന്റെ വാക്കുകൾ കേൾക്കാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വലിയ സംഘം. ഈ സർക്കാർ മാറി എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുകയാണ് വീണ.

‘ഈ സർക്കാരിന്റെ നടപടികളെല്ലാം അഴിമതിയിലാണ് അവസാനിച്ചത്. വികസനത്തിലല്ല, അഴിമതി നടത്തുന്നതിലായിരുന്നു സർക്കാരിന്റെ ശ്രദ്ധ’-വീണ പറയുന്നു. കോൺഗ്രസിനോട് ആഭിമുഖ്യം പുലർത്തിയ ഭൂതകാലമാണ് മണ്ഡലത്തിനുള്ളത്. 1996ൽ കവി കടമ്മനിട്ട രാമകൃഷ്ണനിലൂടെ എൽഡിഎഫ് മണ്ഡലം പിടിച്ചു. മണ്ഡലങ്ങൾ മാറിവന്ന സിഎംപി നേതാവ് എം.വി. രാഘവനെ 2687 വോട്ടുകൾക്കാണ് കടമ്മനിട്ട പരാജയപ്പെടുത്തിയത്. 2001ൽ മാളേത്ത് സരളാ ദേവിയിലൂടെ കോൺഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. 2006ൽ സിപിഎമ്മിലെ കെ.സി. രാജഗോപാലൻ 14,620 വോട്ടുകൾക്ക് വിജയിച്ചു. 2011ൽ പത്തനംതിട്ട മണ്ഡലം ഇല്ലാതായതിനെത്തുടർന്നാണ് ആറൻമുളയിൽ മത്സരിക്കാൻ കെ. ശിവദാസൻനായർ എത്തിയത്. 6511 വോട്ടുകൾക്കായിരുന്നു ജയം.

കുളനടയിലെ പരിപാടി അവസാനിക്കുമ്പോഴാണ് കുട്ടിക‌ളുടെ ഒരു സംഘം വീണയുടെ അടുത്തേക്ക് എത്തിയത്. താൻവരച്ച വീണയുടെ ചിത്രവുമായാണ് രണ്ടാം ക്ലാസുകാരി നന്ദന എത്തിയിരിക്കുന്നത്. നന്ദനയെ ചേർത്തുപിടിച്ച് അഭിനന്ദിക്കുമ്പോൾ വീണ ജോർജിന് ചുറ്റും കയ്യടി ഉയരുന്നു. ആറൻമുളയിലെ മറ്റൊരു അത്ഭുതമായി വീണ മറുമോയെന്നറിയാൻ 19വരെ കാത്തിരിക്കേണ്ടിവരും.
 

LDF-7-6-2016 Advertisement
Your Rating: