Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാർ, സോളർ, ബിജെപി... ബോഗികൾ രാഷ്ട്രീയം പറയുന്നു

by ശിവശൈലം ശരത്കുമാർ
election-at-story

മേടച്ചൂടിനൊപ്പം ഉയർന്നു തിളയ്ക്കുന്ന തിരഞ്ഞെടുപ്പ് പോരിനിടെ മലയാളക്കരയിലൂടെ ചലിക്കുന്ന തീവണ്ടികളിലെ ബോഗികളെ തീപിടിപ്പിക്കുകയാണ് രാഷ്ട്രീയചർച്ചകൾ. രാഷ്ട്രീയ കൂട്ടുകെട്ടുകളുടെ ഉള്ളറകളും മുന്നണി സമവാക്യങ്ങളും ചർച്ചചെയ്ത് ടിവി ചാനലുകൾ മൽസരിക്കുമ്പോൾ, സമകാലിക പ്രശ്നങ്ങളിൽ നിലപാടുകളും കാഴ്ചപ്പാടുകളും പങ്കുവച്ച് മുന്നേറുകയാണ് സ്ഥിരം ട്രെയിൻ യാത്രക്കാർ. യാത്രയ്ക്കിടയിലെ നേരമ്പോക്കായി മാത്രമല്ല രാഷ്ട്രീയ സംഭവവികാസങ്ങളെ ജീവിതയാഥാർഥ്യങ്ങളുടെ ഇഴയിൽ കോർത്താണ് ബോഗിക്കുള്ളിലെ വിശകലനം.

തിരഞ്ഞെടുപ്പിന്റെ ചൂടും ചൂരും പുകയൂതുന്ന തീവണ്ടിച്ചർച്ചകൾക്ക് കാതോർക്കാൻ വൈകിട്ട് കായംകുളത്തു നിന്ന് എറണാകുളത്തേക്കുള്ള പാസഞ്ചറിലാണ് കയറിയത്. കോട്ടയം വഴിയുള്ള ഈ ട്രെയിനിന്റെ അവസാന ബോഗികളിലേക്ക് അധികമാരും വരാറില്ല. ഇത് സ്ഥിരം യാത്രക്കാരുടെ കുത്തകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഈ ബോഗികളിലെ സീറ്റുകൾ അക്ഷരാർഥത്തിൽ രാഷ്ട്രീയസംവാദങ്ങളുടെ ‘ഹോട്ട് സീറ്റു’കളാണ്. ചൂടേറിയ വാദപ്രതിവാദങ്ങളും അൽപം രാഷ്ട്രീയ നേരംപോക്കുകളുമായി അവ സ്റ്റേഷനുകളിൽ നിന്ന് സ്റ്റേഷനുകളിലേക്ക് കൂടുമാറുന്നു. അടിപൊട്ടുന്നില്ലെങ്കിലും മൂർച്ചയേറിയ സംവാദങ്ങളിലാണ് പലരും. മറുഭാഗത്തിന്റെ ചോദ്യശരങ്ങൾക്കു മറുപടിയില്ലാതെ മറ്റുചിലർ മൗനംപൂകുന്നു. അതുകൊണ്ട് തന്നെയാണ് തിരഞ്ഞെടുപ്പ് വിശേഷങ്ങൾ തേടിയുള്ള യാത്രയ്ക്ക് ഈ ട്രെയിൻതന്നെ തിരഞ്ഞെടുത്തത്.

ട്രെയിനുകളിലെ രാഷ്ട്രീയ ചർച്ചകൾക്ക് കൊടിതോരണങ്ങളുടെ നിറഭേദങ്ങൾക്കപ്പുറം വൈകാരിക തലങ്ങൾ കൂടിയുണ്ട്. പ്രത്യേകിച്ച് പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകാത്ത മധ്യകേരളത്തിൽ. തിരഞ്ഞെടുപ്പു കാലത്തും അല്ലാത്തപ്പോഴും റയിൽപാതയിലെ പ്രശ്നങ്ങൾ യാത്രയ്ക്കിടയിൽ മുഖ്യ ചർച്ചാവിഷയമാണ്. ഇവിടെയാണ് നേരത്തെ പറഞ്ഞ വൈകാരിക തലം. രാഷ്ട്രീയപരമായി എതിർപ്പുകളുണ്ടെങ്കിലും ഒ.രാജഗോപാൽ എന്ന വ്യക്തിക്കു മുൻപിൽ താൽകാലികമായെങ്കിലും ട്രെയിൻ യാത്രക്കാരിലെ രാഷ്ട്രീയവ്യത്യാസങ്ങൾ വഴിമാറും. കേരളത്തിന്റെ റയിൽവേ വികസനത്തിന് രാജഗോപാൽ കാണിച്ച ശ്രദ്ധയാണ് ഇന്നും യാത്രക്കാരുടെ മനസ്സിൽ. ആശയങ്ങൾകൊണ്ട് പോരടിക്കുന്ന ഇടതു–വലതു മുന്നണികളുടെ സഹയാത്രികർക്കും നേമത്തെ രാജഗോപാലിന്റെ സാധ്യത ആരായുമ്പോൾ വാചാലത നിറയുന്ന മൗനം.

ഇത്തവണ രാഷ്ട്രീയ സമവാക്യങ്ങളിൽ വന്നമാറ്റം ഇവിടെയും പ്രകടമാണ്. അങ്ങനെ യാത്ര തുടങ്ങവേയാണ് ഒരു മുഖം ശ്രദ്ധയിൽപ്പെട്ടത്. റവന്യൂ വകുപ്പ് ജീവനക്കാരൻ അജയൻ; കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചർച്ചയ്ക്കിടെ കടുത്ത ഇടതു സഹയാത്രികനായി കാര്യങ്ങൾ തല്ലിന്റെ വക്കോളം എത്തിച്ച വ്യക്തി. എന്നാൽ ഇത്തവണ ആശാൻ കളം മാറ്റിയിരിക്കുകയാണ്. ബിഡിജെഎസിനൊപ്പം എൻഡിഎയോടാണ് അനുഭാവം. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലൂടെയാണ് ഈ ട്രെയിനിന്റെ യാത്ര. ഇത്തവണ കാവിക്കൊടി പാറിക്കുമെന്ന് അവകാശപ്പെടുന്ന ചെങ്ങന്നൂരും ആറന്മുളയും കുട്ടനാടും എല്ലാം ഈ ജില്ലകളിലാണെന്നതിനാൽ അജയൻ ചേട്ടന് ആവേശം അൽപം കൂടുതലാണ്.

സമുദായ അംഗങ്ങളായ ഇടതു സഹയാത്രികരുടെ വോട്ടുകൾ ബിജെപിയുടെ പാളയത്തിലേക്ക് എത്തിക്കാൻ സാധിക്കുമോ എന്നായി ചോദ്യം. ചോദിച്ചുതീരും മുൻപേ അജയൻ ചേട്ടന്റെ ഉത്തരമെത്തി; "എസ്എൻഡിപിക്കുള്ളിലെ പരമ്പരാഗത ഇടതുവോട്ടുകളിൽ ഇത്തവണ വിള്ളൽ വീഴും. കുറച്ച് പേർ ഇടതുചേരിയിൽ നിന്നേക്കാം. എന്നാൽ സ്ത്രീകളുടെ വോട്ട് ഇത്തവണ പാർട്ടിയെ തുണയ്ക്കില്ല. ''. കാലാകാലങ്ങളായി ബിജെപി ഉയർത്തുന്ന ഒരു വാദമുണ്ടല്ലോ? ഇടതും വലതും ഭായി ഭായി ആണെന്ന വാദം. അജയൻചേട്ടനോടുള്ള ചോദ്യത്തിനു മറുപടി പക്ഷേ ബോഗിയുടെ വിവിധ മൂലകളിൽ നിന്നായിരുന്നു - "അജയന്റെ വിശ്വാസം അജയനെ രക്ഷിക്കട്ടെ; മേയ് 19 വരെയെങ്കിലും".

''ഇത്തവണ പ്രചരണത്തിൽ എന്താണ് മുഖ്യ ചർച്ചാ വിഷയം? ബാറോ – സോളറോ വിഎസ്സോ – പിണറായിയോ? ഇതൊക്കെയാണോ ചർച്ചചെയ്യപ്പെടേണ്ടത് ? വിലക്കയറ്റമെവിടെ ചർച്ചയായി? സാധാരണക്കാരനെ ബാധിക്കുന്ന എന്തെങ്കിലും ചർച്ചയാകുന്നുണ്ടോ? " - ഇങ്ങനെ ഒരു കൂട്ടം ചോദ്യങ്ങളുമായാണ് സ്വകാര്യ ബാങ്ക് ജീവനക്കാരനായ ജേക്കബിന്റെ രോഷപ്രകടനം. സാധാരണക്കാരന്റെ അടിസ്ഥാന പ്രശ്നങ്ങൾ ചർച്ചയാകുന്നില്ല എന്ന ആരോപണത്തിന് ഭൂരിപക്ഷ പിന്തുണയുണ്ട്. ബാറും സോളറും സംസ്ഥാനം കണ്ട അഴിമതികളുടെ പട്ടികയിൽ മുൻപന്തിയിലാണെന്നായി ഇടത് അനുഭാവി മനോജ്. എന്നാൽ സോളർ പാവപ്പെട്ടവന് എന്തു നഷ്ടപ്പെടുത്തി എന്ന ചോദ്യത്തിൽ മനോജിന് ഉത്തരം മുട്ടി.

ഇതിനിടെ ട്രെയിൻ ചെങ്ങന്നൂർ സ്റ്റേഷൻ വിട്ടു. ഓരോ സ്റ്റേഷൻ പിന്നിടുമ്പോഴും ചർച്ചാ സീറ്റുകളിലെ അംഗബലം വർധിക്കുകയാണ്. യുഡിഎഫ് വന്നാൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നതിൽ എതിരുണ്ടാകില്ല. എന്നാൽ എൽഡിഎഫ് വന്നാൽ വിഎസ്സോ – പിണറായിയോ? അതായി അടുത്ത ചർച്ചാ വിഷയം. "അതിനു വിഎസ് ജയിക്കാൻ ഇവർ സമ്മതിക്കില്ലല്ലോ സുരേഷെ. പോരാത്തതിന് വിഎസിനെ തോൽപ്പിക്കാൻ ചിലർ മലമ്പുഴയിൽ തമ്പടിച്ച് പ്രവർത്തിക്കുന്നുമുണ്ട്" - യുഡിഎഫ് അനുഭാവികൾ തട്ടിവിട്ടു.
"വിഎസ് സീനിയർ നേതാവാണ്. പിണറായി കരുത്തനായ സാരഥിയും. ഇവരിൽ ആരുവേണമെന്ന് പാർട്ടി തീരുമാനിക്കും. അതോർത്ത് ആരും ഉറക്കം കളയേണ്ട'' - മുൻപത്തെ വിഷയത്തിൽ പറ്റിയ ക്ഷീണം മനോജ് താത്വികമായ ഒരു അവലോകനത്തിൽ തീർത്തുവിട്ടു.

ആരുവന്നാലാണ് കൃഷിയെ പ്രോൽസാഹിപ്പിക്കുക എന്നാണ് കോടതി ജീവനക്കാരിയായ മിനിയുടെ ചോദ്യം. ഈ തൊഴിലുറപ്പ് പദ്ധതിയുടെ തന്നെ രൂപം മാറ്റി കൃഷിയെ പ്രോൽസാഹിപ്പിച്ചുകൂടെ? - മിന്നിമറയുന്ന തരിശുപാടങ്ങളുടെ പശ്ചാത്തലത്തിൽ ജനാലസീറ്റിനരികെയിരുന്ന് മിനി. "തരിശുനിലങ്ങളിൽ കൃഷിയിറക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കണം. തൊഴിലുറപ്പെന്നാൽ പറമ്പു വൃത്തിയാക്കലും തെങ്ങിനു തടംവെട്ടലുമാണെന്ന ധാരണ മാറണം" - മിനിയുടെ അഭിപ്രായത്തിന് ഏകപക്ഷീയമായ പിന്തുണ.

"വെറുതേ തമ്മിലടിക്കാൻ വരട്ടെ. തിരഞ്ഞെടുപ്പ് ചർച്ചകളിലെ മുഖ്യ വിഷയങ്ങൾ അനുദിനം മാറുകയല്ലേ? ആദ്യം കത്തിനിന്ന സോളർ ഇന്ന് എവിടെ? മിക്കവരും അത് വിട്ടു. ബാറായി, ഫേസ്ബുക്കായി, പരസ്പരം ചെളിവാരിയെറിയലായി. ഇനി തിരഞ്ഞെടുപ്പിനു തലേദിവസം മറ്റേതെങ്കിലും വിഷയം ഉയർന്നുവന്നാൽ അതാകും ഫലം നിർണയിക്കുക"- ജേക്കബിന്റെ അഭിപ്രായത്തോട് പൂർണമായും വിയോജിക്കാനുമാകില്ല.

ഏതായാലും കേരളത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുന്ന തിരഞ്ഞെടുപ്പാണ് വരുന്നത് എന്നതിൽ ആർക്കും സംശയമില്ല. ഇടതോ വലതോ എന്ന് 19 ന് അറിയാം. ചൂടുപിടിച്ച ചർച്ച ട്രെയിനിനൊപ്പം മുന്നേറുകയാണ്. ട്രെയിനിലെ ചർച്ചാക്കൂട്ടങ്ങളോട് യാത്രപറഞ്ഞ് കോട്ടയം സ്റ്റേഷനിൽ ഇറങ്ങി. അപ്പോഴും അവർ തുടരുകയാണ്; ഇരുപാളങ്ങളിലൂടെ, ട്രെയിനിനൊപ്പം ചർച്ചയും യാത്രയും. 

Your Rating: