Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോഷ്യൽ മീഡിയ ചതിച്ചോ അതോ സഹായിച്ചോ?

by നവീൻ മോഹൻ
election-social-media-logo

കഴി‍ഞ്ഞ ദിവസം ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ(ഐഎഎംഎഐ)യുടെ ഒരു പഠനറിപ്പോർട്ട് പുറത്തു വന്നു. കേരളത്തിലെ 71 നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പുഫലം സമൂഹമാധ്യമങ്ങൾ സ്വാധീനിക്കുമെന്നതായിരുന്നു അത്. എല്ലാ ജില്ലകളിലും ഇത്തരം മണ്ഡലങ്ങളുണ്ടെങ്കിലും ആലപ്പുഴ, കോഴിക്കോട്, വയനാട്, എറണാകുളം, കാസർകോട് എന്നീ ജില്ലകളിലായിരുന്നു ഏറെയുള്ളത്. പക്ഷേ ഈ റിപ്പോർട്ട് വരുന്നതിനും മാസങ്ങൾക്കു മുൻപേ, ചിലർ വർഷങ്ങൾക്കും മുൻപേ തന്നെ, സമൂഹമാധ്യമങ്ങളുടെ ‘സ്വാധീന ശക്തി’ തിരിച്ചറിഞ്ഞതാണ്. മാത്രമല്ല കിണറ്റിലിറങ്ങിയാൽ തിരിച്ചു കയറാമെങ്കിലും അതിന്റെ ഫലമായുണ്ടാകുന്ന ‘ട്രോൾകുഴി’യിൽ വീണാൽ കുടുങ്ങിയതു തന്നെ എന്ന തിരിച്ചറിവും പല സ്ഥാനാർഥികൾക്കും ഇത്തവണ ലഭിച്ചു. ഫെയ്സ്ബുക്കിൽ ഉൾപ്പെടെ സജീവമായിരുന്ന സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പു ഫലം ഇത്തവണ എങ്ങനെയായിരുന്നു?

ലൈവ് വിഡിയോകളായും വാർത്താ റിപ്പോർട്ടുകളായും ആഹ്വാനങ്ങളും പോസ്റ്റുകളുമായും ഫെയ്സ്ബുക്കിൽ നിറഞ്ഞു നിന്ന നികേഷ് കുമാറാണ് കൃത്യമായി ആ സമൂഹമാധ്യമത്തെ ഇത്തവണ ഉപയോഗപ്പെടുത്തിയതിൽ മുൻപന്തിയിൽ. തന്റെ അഭിപ്രായങ്ങൾ തുറന്നുപറയാനുള്ള ഏകമാർഗം അതാണെന്നു കൂടി അദ്ദേഹം പറഞ്ഞുവച്ചു. പക്ഷേ തൊട്ടിയുണ്ടായിട്ടും കിണറ്റിലിറങ്ങി വെള്ളമെടുത്ത നികേഷിനെ സൈബർ ലോകം നിരന്തരം ‘ട്രോളി’. അതൊന്നും കൂസാതെ ഫെയ്സ്ബുക്ക് പോരാട്ടം തുടങ്ങിയ അദ്ദേഹത്തിനു പക്ഷേ അഴീക്കോട്ട് കെ.എം.ഷാജിക്കു മുന്നിൽ കാലിടറി. എഫ്ബിയിൽ 1.16 ലക്ഷം പിന്തുണക്കാരുള്ള നികേഷ്കുമാർ വീണത് 77,000ത്തോളം ലൈക്ക് മാത്രമുള്ള, സമൂഹമാധ്യമങ്ങളിൽ അത്രയേറെ സജീവമല്ലാത്ത ഷാജിക്കു മുന്നിൽ.

എന്നാൽ നികേഷ്കുമാറിനെ മാത്രമേ എഫ്ബി കൈവിട്ടുള്ളൂ. ബാക്കിയെല്ലാവരും മികച്ച ഭൂരിപക്ഷത്തിൽത്തന്നെ ജയിച്ചു. എൽഡിഎഫ് വരും, എല്ലാം ശരിയാകും എന്ന കാര്യം ഉറപ്പാക്കാനായി ഇത്തവണ സിപിഎമ്മിന്റെ മുന്നണിപ്പോരാളികൾത്തന്നെ സൈബർ പടവെട്ടിനിറങ്ങിയിരുന്നു. പിണറായി വിജയൻ പെട്രോൾ വിലവർധന ഉൾപ്പെടെ വളരെ ഗൗരവതരമായ കാര്യങ്ങൾ 2.34 ലക്ഷം പേർ പിന്തുടരുന്ന തന്റെ എഫ്ബി അക്കൗണ്ടിലൂടെ പോസ്റ്റു ചെയ്തപ്പോൾ ഉമ്മൻചാണ്ടിയുമായി നിരന്തരം ‘യുദ്ധം’ ചെയ്യുന്നതിലായിരുന്നു വി.എസ്.അച്യുതാനന്ദനു താൽപര്യം. 1.47 ലക്ഷത്തിലേറെ ലൈക്കുകളുള്ള വി.എസിന്റെ പേജില്‍ ഒരിക്കൽ അദ്ദേഹം ഷെയർ ചെയ്തത് ഇങ്ങനെ: ‘ഇനിയും വരില്ലേ ഉമ്മൻചാണ്ടീ ഇതുവഴി ഉഡായിപ്പുകളെയും തെളിച്ചു കൊണ്ട്...’.

എന്തായാലും ഇലക്‌ഷൻ കാലത്ത് ഫെയ്സ്ബുക്കിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട രണ്ടാമത്തെ വ്യക്തിയെന്ന ഖ്യാതിയോടെ ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ നിന്നു ജയിച്ചു കയറി. ഏറ്റവമധികം ‘പോസിറ്റീവ്’ കമന്റ്സ് ഫെയ്സ്ബുക്കിൽ സ്വന്തമാക്കിയ വി.എസിനും അനായാസ ജയം. വോട്ടെടുപ്പിനു തൊട്ടുപിറകെ സമൂഹമാധ്യമങ്ങളിൽ പതിയിരിക്കുന്ന പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടി മികച്ച കുറിപ്പെഴുതിയ പിണറായി വിജയനും സ്വന്തമാക്കി വമ്പൻ വിജയം.

ഇവർക്കെല്ലാം മുൻപേ തന്നെ ‘ഫെയ്സ്ബുക്ക് എംഎൽഎ’മാരെന്ന പേര് സ്വന്തമാക്കി വച്ചിരുന്ന വി.ടി.ബൽറാമിനും ഷാഫി പറമ്പിലിനും ഹൈബി ഈഡനും ഇത്തവണയും അടിതെറ്റിയില്ല. ലഭിക്കുന്ന ഭൂരിപക്ഷത്തിന്റെ അത്രയും മരങ്ങൾ മണ്ഡലത്തിൽ നട്ടുപിടിപ്പിക്കുന്ന തിരക്കിലാണിപ്പോൾ ഡോ.ടി.എം.തോമസ് ഐസക്ക്. അച്യുതാനന്ദനും പിണറായിക്കും മുൻപേ ഫെയ്സ്ബുക്കിന്റെ ‘വില’ മനസിലാക്കിയ അദ്ദേഹം എഫ്ബിയിലെ രാഷ്ട്രീയ സെലിബ്രിറ്റികളിലൊരാളുമാണ്. മരം നടുന്ന ചിത്രവും ഒരു ചെറുകുറിപ്പുവായി വിജയാഘോഷം 3.56 ലക്ഷത്തിലേറെ ഫോളോവർമാരുള്ള തന്റെ പേജിൽ തുടങ്ങിക്കഴിഞ്ഞു തോമസ് ഐസക്ക്.

തൃപ്പൂണിത്തുറയിൽ സ്വരാജും അരുവിക്കരയിൽ ശബരീനാഥനും ആറന്മുളയിൽ വീണാജോർജും പട്ടാമ്പിയിൽ മുഹമ്മദ് മൊഹ്സിനുമെല്ലാം ഫെയ്സ്ബുക്കിൽ അത്രയ്ക്ക് സജീവമല്ലെങ്കിലും ‘സൈബർ വോട്ടർമാരെ’ പിണക്കാതിരിക്കാനുള്ള പ്രചാരണ പ്രവർത്തനങ്ങളെല്ലാം തങ്ങളുടെ ഔദ്യോഗിക പേജിലൂടെ കൃത്യമായി നടത്തിയിരുന്നു.

ഇങ്ങനെ ഫെയ്സ്ബുക്കിനെ സ്നേഹിച്ചവരെയെല്ലാം അത് തിരിച്ചു സ്നേഹിച്ചു വിജയിപ്പിച്ചപ്പോൾ ചെറുതായെങ്കിലും തിരിച്ചടി കിട്ടിയത് ബിജെപിക്കായിരുന്നു. ഐഎഎംഎഐയുടെ റിപ്പോർട്ട് പ്രകാരം കേരളത്തിലെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ 56 ശതമാനവും ബിജെപിയെപ്പറ്റിയായിരുന്നു. 34% യുഡിഎഫിനെപ്പറ്റിയും 10% എൽഡിഎഫിനെപ്പറ്റിയും. എൽഡിഎഫ്, യുഡിഎഫ് പേജുകളെക്കാൾ ഫെയ്സ്ബുക്കിൽ ‘ഇഷ്ടക്കാർ’ കൂടുതലും ബിജെപിയുടെ ഔദ്യോഗിക പേജിനായിരുന്നു–3.57 ലക്ഷത്തിലേറെപ്പേർ. പക്ഷേ സമൂഹമാധ്യമങ്ങളിൽ ആകെ വന്ന കമന്റുകളിൽ ഏറ്റവുമധികം ‘നെഗറ്റീവ്’ ലഭിച്ചതും ബിജെപിക്കായിരുന്നു–19%. ബിജെപി സ്ഥാനാർഥികളായ കെ.സുരേന്ദ്രന്‍, കുമ്മനം രാജശേഖരൻ, എസ്.ശ്രീശാന്ത്, മുരളീധരൻ തുടങ്ങിയവരായിരുന്നു ഫെയ്സ്ബുക്കിൽ സജീവമായിരുന്നത്. പക്ഷേ എല്ലാവരും തോറ്റു. എഫ്ബിയിൽ അത്രയൊന്നും സജീവമല്ലാത്ത ഒ.രാജഗോപാൽ ഇതാദ്യമായി ബിജെപിയുടെ അഭിമാനഎംഎൽഎയെന്ന നേട്ടവും സ്വന്തമാക്കി. അതേസമയം യൂട്യൂബിലും ട്വിറ്ററിലും ഫെയ്സ്ബുക്കിലുമുൾപ്പെടെ നടത്തിയ സജീവമായ പ്രചാരണത്തിലൂടെയാണ് ഇത്തവണ കേരളത്തിലെ ‘വോട്ടിങ് ഷെയർ’ കൂട്ടിയതെന്ന ആശ്വാസം പങ്കുവയ്ക്കാം ബിജെപിക്ക്. കിട്ടിയ വോട്ടുകൾ തട്ടിക്കിഴിച്ചു നോക്കുമ്പോൾ വരുംനാളുകളിൽ ആ നിഗമനം ശരിയാകാനുമിടയുണ്ട്.

എന്തൊക്കെയാണെങ്കിലും വോട്ടിങ് ശതമാനം കൂടിയതിലും പല വിജയങ്ങൾക്കു പിന്തുണയായതിലും സമൂഹമാധ്യമങ്ങൾ ചെറുതല്ലാത്ത സ്വാധീനം ഇത്തവണ ചെലുത്തിയെന്നത് അവഗണിക്കാൻ പറ്റാത്ത കാര്യമാണ്. ഇലക്‌ഷൻ കഴിഞ്ഞാലും ഇനിയും എഫ്ബി യുദ്ധത്തിൽ എൽഡിഎഫ്–യുഡിഎഫ്–എൻഡിഎ മുന്നണിപ്പോരാളികള്‍ സജീവമാകുമെന്നു തന്നെ കരുതാം. ഇനി അഞ്ചു കൊല്ലം കഴിഞ്ഞ് കാണാം എന്ന് സമൂഹമാധ്യമങ്ങളോട് പറയാനാവില്ലല്ലോ, കാരണം, സെക്കൻഡു വച്ചുള്ള അപ്ഡേഷനല്ലേ ഇവിടത്തെ ജീവവായു.

Your Rating: