Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൽനൂറ്റാണ്ട് കടന്നിട്ടും വിള്ളൽ വീഴാത്ത കോട്ടകൾ, വിശ്വാസം വോട്ടാക്കി നേതാക്കളും

oommen-mani-babu

തിരുവനന്തപുരം∙ മണ്ഡലം നിലനിർത്താനും സീറ്റുകിട്ടാനും നേതാക്കൾ നെട്ടോട്ടമോടുമ്പോൾ കാൽനൂറ്റാണ്ടിലേറെ ഒരേ നേതാക്കളെ മാത്രം വിജയിപ്പിച്ച മണ്ഡലങ്ങളുണ്ട് കേരളത്തിൽ. ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയും കെ.എം. മാണിയുടെ പാലായും കെ.സി. ജോസഫിന്റെ ഇരിക്കൂറുമെല്ലാം അക്കൂട്ടത്തിൽപ്പെടും. നേതാക്കളും ജനങ്ങളുമായുള്ള വിശ്വാസം തകരാതെ കാക്കുന്ന ഏഴു മണ്ഡലങ്ങൾ പരിചയപ്പെടാം.

∙ ചങ്ങനാശേരി

സി.എഫ്. തോമസിന്റെ ഉറച്ച മണ്ഡലമാണ് ചങ്ങനാശേരി. 35 വർഷമായി കേരള കോൺഗ്രസ് സ്ഥാനാർഥിയായി സി.എഫ്. തോമസ് ചങ്ങനാശേരിയിൽനിന്ന് വിജയിക്കുന്നു. 2001ൽ നേടിയ 13,041 വോട്ടാണ് ഉയർന്ന ഭൂരിപക്ഷം.

∙ പുതുപ്പള്ളി

പുതുപ്പള്ളിയെന്നാൽ ഉമ്മൻ ചാണ്ടിയാണ്. ഏത് രാഷ്ട്രീയ കാലാവസ്ഥയിലും ഉമ്മൻ ചാണ്ടിയെ കൈവിടാത്ത മണ്ഡലം. 1970 മുതൽ ഉമ്മൻ ചാണ്ടി പുതുപ്പള്ളിയെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നു. ഏതു സ്ഥലത്തായാലും ഞായറാഴ്ച ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലെത്തും. തിരുവനന്തപുരത്ത് ജഗതിയിലുള്ള വീടിന്റെ പേരുപോലും പുതുപ്പള്ളി ഹൗസ് എന്നാണ്. മണ്ഡലത്തിലെ ഓരോ വ്യക്തിയുമായുള്ള ആത്മബന്ധമാണ് വിജയരഹസ്യം. ഈ അടുപ്പത്തിന് കഴിഞ്ഞതവണ പുതുപ്പള്ളിക്കാർ നൽകിയത് 33,225 വോട്ടെന്ന റെക്കോർഡ് ഭൂരിപക്ഷം.

∙ പാല

ദീർഘകാലം ഒരു മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചതിന്റെ റെക്കോർഡ് കെ.എം. മാണിയുടെ പേരിലുള്ളതാണ്. 1965 മുതൽ പാലായിൽനിന്ന് തുടർച്ചയായി വിജയിക്കുന്നു. പന്ത്രണ്ട് തിരഞ്ഞെടുപ്പുകൾ, പന്ത്രണ്ട് മന്ത്രിസഭകളിൽ അംഗം. ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച മന്ത്രി, 51 വർഷമായി നിയമസഭാ സാമാജികൻ.. റെക്കോർഡുകൾ ഏറെയാണ്. മുന്നണി ബന്ധങ്ങൾ മാറിയെങ്കിലും പാലാക്കാർ മാണിയെ കൈവിടാത്തതിനു കാരണം അദ്ദേഹത്തിന്റെ ജനകീയ ഇടപെടലുകളാണ്. ബാർ കോഴവിവാദം പ്രതിച്ഛായയെ ബാധിച്ചെങ്കിലും പാലാക്കാരുടെ കരുത്തിൽ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് കേരള കോൺഗ്രസ് (എം).

∙ തൃപ്പൂണിത്തുറ

കെ. ബാബുവിലൂടെ കോൺഗ്രസ് 1991 മുതൽ തുടർച്ചയായി നിലനിർത്തുന്ന മണ്ഡലം. ബാർ കോഴയിൽ ആരോപണങ്ങളുടെ നിഴലിലായെങ്കിലും ജനസ്വാധീനത്തിൽ കാര്യമായ ഇളക്കം തട്ടിയിട്ടില്ല. 1966ൽ കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിലെത്തി. അങ്കമാലി മുനിസിപ്പാലിറ്റിയുടെ ആദ്യ ചെയർമാനായിരുന്നു.

∙ തൃശൂർ

തേറമ്പിൽ രാമകൃഷ്ണൻ കോൺഗ്രസ് സ്ഥാനാർഥിയായി തൃശൂരിൽ മത്സരിക്കുന്നത് 1982ൽ. അന്ന് 1841 വോട്ടുകൾക്ക് സിപിഎമ്മിലെ എം.കെ. കണ്ണനെ തോൽപിച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. എന്നാൽ, 1991 മുതലിങ്ങോട്ട് തൃശൂരിൽനിന്ന് തുടർച്ചയായി വിജയം. 1995 ജൂൺ 27 മുതൽ 96 മേയ് 28 വരെയും, 2004 സെപ്റ്റംബർ 16 മുതൽ 2006 മേയ് 23വരെയും നിയമസഭാ സ്പീക്കറായി സേവനമുഷ്ഠിച്ചു.

∙ ഇരിക്കൂർ

മന്ത്രി കെ.സി. ജോസഫ് 1982 മുതൽ തുടർച്ചയായി ജയിക്കുന്ന മണ്ഡലം. കോട്ടയത്താണ് ജനനമെങ്കിലും പ്രവർത്തകരുടെ പ്രിയപ്പെട്ട കെസിക്ക് പ്രിയം ഇരിക്കൂറാണ്. ഇരിക്കൂറുക്കാർക്ക് കെസിയും. യൂത്ത് കോൺഗ്രസിന്റെ നേതൃസ്ഥാനത്തിരിക്കുമ്പോഴാണ് കെ.സി. ജോസഫ് ഇരിക്കൂറിൽ മത്സരിക്കാനെത്തുന്നത്. പിന്നീട് പരാജയമറിഞ്ഞിട്ടില്ല. മലയോര പ്രദേശമായ ഇരിക്കൂരിൽ നടപ്പിലാക്കിയ വികസന പദ്ധതികൾ തിരഞ്ഞെടുപ്പിൽ ഗുണകരമാകുന്ന പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം.

∙ നിലമ്പൂർ

വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ് 1987 മുതൽ തുടർച്ചയായി വിജയിക്കുന്ന മണ്ഡലം. ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന സൂചനയാണ് ആര്യാടൻ നൽകുന്നത്. പകരം മകൻ ആര്യാടൻ ഷൗക്കത്ത് സ്ഥാനാർഥിയായേക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.