Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലാ വഴിയൊഴുകും കാരുണ്യപ്പുഴ!

by എ.എസ്.ഉല്ലാസ്
km-mani-election വീട്ടിൽ പറയണം, രണ്ടിലക്കാര്യം... പാലായിലെ യുഡിഎഫ് സ്ഥാനാർഥി കെഎം മാണി പ്രചാരണത്തിനിടെ രണ്ടിലകളുമായി തന്നെ സ്വീകരിക്കാനെത്തിയ കുട്ടികളോട് സംസാരിക്കുന്നു. ചിത്രം: റിജോ ജോസഫ്

പാലാ ഒന്നു മനസ്സിൽ കണ്ടാൽ കെ.എം.മാണി അതു മാനത്തു കാണും. അൻപതു വർഷം കൊണ്ട് ഉൗട്ടിയുറപ്പിച്ച ബന്ധമാണത്. വൈഫൈയും മറ്റും എത്തുന്നതിനു മുൻപു പാലായുടെ മനസ്സുമായി മാണിസാറുണ്ടാക്കിയ കണക്ടിവിറ്റി... 50 വർഷത്തിനിപ്പുറം പാലായിൽ കരിങ്ങോഴയ്ക്കൽ വീടും മുറ്റവും ഇപ്പോൾ ഒരു ഫ്രീ വൈഫൈ സോണാണ്. കേരള രാഷ്ട്രീയത്തിന്റെ ഓരോ സ്പന്ദനവും അപ്പപ്പോൾ‌ അറിയുന്ന ഈ വീട്ടിൽ, വൈഫൈ ഇല്ലാത്തതുകൊണ്ട് അതിനു കുഴപ്പം വരരുതല്ലോ!

എല്ലാവരും വിളിച്ചു വിളിച്ച് ഇപ്പോൾ മാണിസാറും സ്വന്തമായി അങ്ങനെ തന്നെയാണു പറയാറ്. കാണാനെത്തുന്നവരുടെയൊക്കെ കൈപിടിച്ച് അടുപ്പത്തോടെ ചോദിക്കുന്നു... ‘പറഞ്ഞേ പറഞ്ഞേ മാണിസാർ എന്നാ െചയ്യേണ്ടത്... പ്ലസ് വൺ അഡ്മിഷൻ മുതൽ മെഡിക്കൽ കോളജിലെ ഓപ്പറേഷൻ തീയതി നേരത്തേയാക്കാൻ വരെ മാണിസാർ അവർക്കു വേണ്ടി വിളിക്കുന്നുണ്ട്.

കെ.എം.മാണി ഇത്തവണ പാലായും കോട്ടയവും വിട്ട് അധികം യാത്ര ചെയ്യുന്നില്ലെന്നാണു പരാതി. പരാതിയിൽ കഴമ്പില്ലെന്നു വീടിന്റെ മുറ്റത്തെ വിശകലനം കേൾക്കുമ്പോഴറിയാം. പാലായിലെ പൾസ് മാത്രമല്ല, പാർട്ടിയുടെ സ്ഥാനാർഥികൾ മൽസരിക്കുന്ന 15 സ്ഥലത്തെയും കാര്യങ്ങൾ രാവിലെ വിശകലനം ചെയ്യുന്നുണ്ട്. യുഡിഎഫിന്റെ മിക്കവാറും മണ്ഡലങ്ങളുടെ വോട്ട് മിച്ചവും കമ്മിയുമൊക്കെ കെ.എം.മാണിക്കു പാലായിൽ ഇരുന്നറിയാം. രാവിലെ തിരുവല്ല മണ്ഡലത്തിൽ നേരിട്ടുവിളിക്കേണ്ടവരുടെ ചില പട്ടികയുമായി തിരുവല്ലയിൽ നിന്നു പാർട്ടി ദൂതൻ ഏബ്രഹാം പി.സണ്ണിയും സംഘവും വന്നിട്ടുണ്ട്. അവരുമായി അടച്ചിട്ട മുറിയിൽ ദീർഘമായ തിരുവല്ല കണക്കെടുപ്പ്. ശക്തമായ പോരാട്ടം നടക്കുന്ന പൂഞ്ഞാറിലും ഇടുക്കിയിലുമൊക്കെ ഇത്തരത്തിൽ കെ.എം.മാണി നിയോഗിച്ച നേതാക്കൾ വന്നിരിപ്പുണ്ട്, പ്രതിദിന റിപ്പോർട്ടുകളുമായി. പാർട്ടിക്കു സീറ്റു വർധിപ്പിക്കണം. അതുറപ്പുവരുത്താൻ ഇൗ തിരഞ്ഞെടുപ്പിനെ ആസൂത്രിതമായി കൈകാര്യം ചെയ്യുകയാണ് കെ.എം. മാണി. കേരള കോൺഗ്രസിന്റെ തിരക്കഥ ദിവസവും എഴുതുന്നത് പാലായിലെ ഇൗ വീടുതന്നെയാണെന്നു തെളിയുന്നു. പുറത്തിറങ്ങുമ്പോൾ ചാനലുകാരോടു മറുപടി– ‘തിരുവല്ലയിൽ നല്ല ഭൂരിപക്ഷം കിട്ടും. പൂഞ്ഞാറിലും ഇടുക്കിയിലും ഒന്നും പേടിക്കാനില്ല’.

പാലാ നഗരത്തിലെ ഹാളിൽ ‘കായിക സംഗമം’ നടക്കുന്നു. പാലായുടെ മറ്റൊരു താരം പോൾവോൾട്ടിലെ രാജ്യാന്തര താരം മരിയ ജയ്സൺ എല്ലാവിഷയത്തിനും എ പ്ലസ് വാങ്ങിയിരിക്കുന്നു. പഞ്ചഗുസ്തി ലോകചാംപ്യൻ ജോബി മാത്യുവിനും കൂടി സ്വീകരണം. പാലായിലെ പഴയകാല ചാംപ്യൻമാരും സംഗമിക്കുന്നു. കെ.എം.മാണിയെന്ന രാഷ്ട്രീയത്തിലെ ദീർഘദൂര ഓട്ടക്കാരനെ ആശംസപറയാൻ വിളിച്ചിരിക്കുന്നു. കായികസംഗമം കെഎം.മാണിയോടു തിരഞ്ഞെടുപ്പ് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. പാലായിൽ രാജ്യാന്തരസ്റ്റേഡിയം കൊണ്ടുവന്ന കാര്യം ഉദ്ഘാടകനായ ജോസ് കെ.മാണി എംപി ഓർമിപ്പിക്കുന്നു. പാലായുടെ കായിക മേഖലയ്ക്ക് ഇനിയും ചെയ്യാനുണ്ടെന്നു പറഞ്ഞ് പ്രസംഗം കഴിഞ്ഞ് അവരോടൊപ്പം സെൽഫിയെടുത്ത് ഇറങ്ങാനൊരുങ്ങുമ്പോൾ ചായ വന്നു. 12 മണിക്കിടെ ഇതു പത്താമത്തെ ചായയാണെന്നുപറഞ്ഞ് അതു വാങ്ങിക്കുടിക്കുന്നു.

പിന്നെ, നേരെ പാലായിലെ ചില മഠങ്ങളിലേക്കും അനാഥാലയങ്ങളിലേക്കും. പാലായിൽ വോട്ടിന്റെ ഉറവിടങ്ങളിലേക്ക് അധികം ആളെക്കൂട്ടാതെ പോകുന്നതാണു ശൈലി. ഒരു അനാഥാലയത്തിൽ അന്തേവാസികളോടു കുശലം പറഞ്ഞിറങ്ങുമ്പോൾ മാണിസാറെ ഒന്നു നിൽക്കണേ...ഒന്നു പ്രാർഥിക്കട്ടെയെന്നു പറഞ്ഞു വിളിച്ചുനിർത്തി പ്രാർഥന. കരൂർ പഞ്ചായത്തിലെ ചില വീടുകളിലേക്കാണു യാത്ര. നഷ്ടപ്പെട്ട സമയം നികത്തുന്നതു കാറിന്റെ വേഗം കൂട്ടിയാണ്. ഓരോ ശുപാർശക്കാർ കാറിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ട്. സഹായികളായി കൂടെയുള്ളവർ ആരെയാണോ വിളിക്കേണ്ടത് അവരെ വിളിച്ചുകൊടുക്കും. ശുപാർശ കഴിയുമ്പോൾ ആളെ അവിടെ ഇറക്കും. അടുത്ത ജംക്‌ഷനിൽ നിന്നു മറ്റൊരാൾ കൈകാണിക്കും, കയറും. ഇതിനിടയിൽ വിശാലമായ റബർ തോട്ടങ്ങൾക്കിടയിലെ ചില പഴയ തറവാട്ടുവീടുകളിലേക്കു മാണിസാറിന്റെ വണ്ടികയറും. പഴയനേതാക്കളാണവർ.

ഉച്ചയ്ക്കു ശേഷം, തുറന്ന വാഹനത്തിൽ പ്രചാരണം. തലപ്പലം പഞ്ചായത്തിലെ ചിറ്റാനപ്പാറയിലെത്തുമ്പോൾ നല്ല മഴ, അത്രയും തന്നെ ആവേശം. നൂറു ബൈക്കും പാലായിലെ മാണിക്യമെന്ന അനൗൺസ്മെന്റുമൊക്കെയായി ആഘോഷം. ആവേശത്തെ പ്രായം വച്ച് അഡ്ജസ്റ്റുചെയ്യാനൊന്നും മാണിസാറിനുകഴിയില്ല. കുടയുമായി മഴയിലേക്ക്, ജനങ്ങളിലേക്ക്. ഇടയ്ക്കൊരു അമ്മ മഴനനഞ്ഞുകൊണ്ട് ഓടിവന്നു. കാരുണ്യയിൽ ചികിൽസാ സഹായം കിട്ടിയ കാര്യം പറഞ്ഞു കെട്ടിപ്പിടിക്കുന്നു.
കാരുണ്യലോട്ടറിയിലൂടെ 1200 കോടി രൂപ പാവങ്ങൾക്കു ചികിൽസാ സഹായം നൽകിയതിനെക്കുറിച്ചാണ് മിക്കയിടത്തും പ്രസംഗം.

കാറിലിരിക്കുമ്പോഴാണു പൊതുരാഷ്ട്രീയം സംസാരിച്ചത്. യുഡിഎഫ് ഒരു വള്ളപ്പാടു മുന്നിലാണെന്ന് ആന്റണി പറഞ്ഞതു ശരിയല്ല, രണ്ടു വള്ളപ്പാടു മുന്നിലാണ് എന്നാണു തിരുത്തൽ. കേരളം മുഴുവൻ വികസനമെത്തിയതിൽ മുൻ ധനകാര്യമന്ത്രിയായിരുന്ന തന്റെ പങ്കും ചൂണ്ടിക്കാട്ടി. റോഡുകളുടെ നിർമാണത്തിനു പണം വാരിക്കോരി കൊടുത്തു. ഭരണപക്ഷവും പ്രതിപക്ഷവും ഏതാണ്ടു തുല്യ എംഎൽഎമാരായിരുന്നതിനാൽ 140 മണ്ഡലങ്ങളിലും ഒരു വ്യത്യാസവും നോക്കാതെ പണം നൽകി. പ്രധാനമന്ത്രിക്കു പ്രതിപക്ഷബഹുമാനമില്ല, രാജ്യത്തിനായി ജീവാർപ്പണം നടത്തിയ ഒരു കുടുംബത്തിന്റെ മരുമകളാണ് സോണിയ. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കും, അതു ബാങ്ക് അക്കൗണ്ട് ആയിരിക്കും. സിപിഎം ആഭ്യന്തര പ്രശ്നത്തിൽ ഉഴലുകയാണ്. തിരഞ്ഞെടുപ്പു തോൽവിയോടെ അത് ഇരട്ടിയാകും.

രാജപാതയെന്നൊക്കെയാണു മുന്നിൽ പോകുന്ന വാഹനത്തിൽ അനൗൺസ്മെന്റ് വാക്യം. രാജപാതയെ ഓർമിപ്പിക്കുന്നു, പാലായിലെ പാതകൾ. ചെറിയ ഉപവഴികൾ പോലും മികച്ച രീതിയിലാക്കിയിരിക്കുന്നു. കെ.എം.മാണിയുടെ ജനമനസ്സുകളിലേക്കുള്ള സഞ്ചാരത്തിന്റെ രഹസ്യം. ആ പാതയിലൂടെ പാലായുടെ മാണിസാർ അടുത്ത വേദിയിലേക്ക്.

Your Rating: