Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളം മുഴുവനും റേഞ്ച്; 100% കണക്ടിവിറ്റി

Kunhalikutty വേങ്ങര മണ്ഡലത്തിലെ പറപ്പൂർ പാലാണി ഇരിങ്ങല്ലൂരിൽ കുടുംബസംഗമത്തിനെത്തിയ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വോട്ടർമാർക്കിടയിൽ. ചിത്രം: സമീർ എ. ഹമീദ്

രാവിലെ മലപ്പുറം വേങ്ങര പാണ്ടിക്കടവത്തു വീടിനോടുചേർന്നുള്ള കൃഷിയിടത്തിൽ പണിക്കാരുടെ വിശേഷം പറച്ചിൽ. കള്ളിമുണ്ടുടുത്ത്, മൺവെട്ടിയേന്തി, കാലാവസ്ഥാ നിരീക്ഷണം നടത്തിയും കളപറിച്ചും ഉറക്കെച്ചിരിച്ചും നടക്കുന്ന മൂന്നുനാലുപേരിൽ ഒരാൾ മന്ത്രിയാണ്. വ്യവസായമാണു വകുപ്പെങ്കിലും പച്ചിലകൾക്കിടയിലെ പുലർവെയിൽ കണ്ട് ഓരോ ദിവസവും തുടങ്ങുന്ന കൃഷിക്കാരന്റെ പേര് പി.കെ. കുഞ്ഞാലിക്കുട്ടി.

അരഞ്ഞാണം കെട്ടാത്ത റോഡുകൾ മലപ്പുറം ജില്ലയിലില്ലെന്ന് മുസ്‌ലിം ലീഗുകാർ പറയും. അതിലൊന്ന് കു‍ഞ്ഞാലിക്കുട്ടിയുടെ വേങ്ങര കാരാത്തോടിലെ വീടിനു മുൻപിലൂടെ കടന്നുപോകുന്നു. മലപ്പുറം മുതൽ ഇപ്പോഴത്തെ മണ്ഡലമായ വേങ്ങരയുടെ അതിർത്തിവരെ നീളുന്ന റോഡ്. അതിന്റെ അരികുചേർന്നൊരു പ്രഭാതനടത്തമില്ലെങ്കിൽ അന്നത്തെ ദിവസം, മധുരമിടാൻ മറന്ന സുലൈമാനി പോലെയാണ്.

രണ്ടാം നമ്പർ സ്റ്റേറ്റ് കാറിന്റെ യാത്ര തുടങ്ങുന്നത് വേങ്ങര കാരാത്തോടിലുള്ള പാണ്ടിക്കടവത്ത് വീട്ടിൽനിന്നാണെങ്കിലും കേരളമെമ്പാടും ഓടിയെത്തണം. സംസ്ഥാന രാഷ്ട്രീയത്തിന്റെ ഓട്ടം തടസപ്പെടുമ്പോൾ തന്ത്രപരമായി ഇടപെടാനും പച്ചക്കൊടി കാട്ടി ‘അതൊന്നും വല്ല്യ ഇഷ്യൂ ആക്കണ്ട’ എന്നു പറയാനും കുഞ്ഞാലിക്കുട്ടി വേണം. നാട്ടുകാർക്കെല്ലാം കുഞ്ഞാലിക്കുട്ടി അവരുടെ കുഞ്ഞാപ്പയാണ്. വേങ്ങര മണ്ഡലത്തിൽ നിരന്ന ബോർഡുകളിലും പോസ്റ്ററുകളിലും കുഞ്ഞാലിക്കുട്ടിയുടെ പടവും ‘കുഞ്ഞാപ്പയെ വിജയിപ്പിക്കുക’ എന്ന അഭ്യർഥനയുമാണു കാണുക. ചുറുചുറുക്കോടെ, വണ്ടിയിൽനിന്നു ചാടിയിറങ്ങി, വേദിയിലേക്ക് ആഞ്ഞുനടക്കുകയും ചിലപ്പോൾ ഓടിക്കയറുകയും ചെയ്യുമ്പോൾ വർഷങ്ങളുടെ കരുത്തുള്ള ‘കുഞ്ഞാലിക്കുട്ടി പുലിക്കുട്ടീ’ എന്ന മുദ്രാവാക്യമാണുയരുക.

മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയത്തറവാടായ പാണക്കാട് കൊടപ്പനയ്ക്കൽ വീട്ടിൽനിന്ന് പടി‍ഞ്ഞാറോട്ട് നടന്നാൽ കുഞ്ഞാലിക്കുട്ടിയുടെ വീടായി. തങ്ങൾ കുടുംബവുമായി വർഷങ്ങളുടെ ആത്മബന്ധമുണ്ട്. ഇത്തവണയും പ്രചാരണം തുടങ്ങിയത് ആ തറവാടിന്റെ പൂമുഖത്തു നടന്ന പ്രാർഥനയോടെയാണ്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും പോളിങ്ങിനുമിടയിൽ രണ്ടുമാസത്തിലേറെ ഉണ്ടായിട്ടും സ്വന്തം മണ്ഡലത്തിൽ കുഞ്ഞാലിക്കുട്ടിയുടെ പ്രചാരണം മൂന്നുദിവസം മാത്രം. ‘‘കേരളം മുഴ്‌വൻ വേങ്ങരയായി പരന്ന് കിടക്ക്വല്ലേ, കുഞ്ഞാപ്പ ഇവിടെത്തന്നെ വേണമെന്ന് ഞങ്ങക്ക് വാശ്യൊന്നൂല്ല്യ’’ എന്ന വേങ്ങരക്കാരുടെ സമ്മതം ആ യാത്രകൾക്കുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് കേരളയാത്രയായും പ്രഖ്യാപനശേഷം പേരിടാത്ത യാത്രകളായും കാസർകോട് മുതൽ തിരുവനന്തപുരം വരെ പല തവണ ഓടിയെത്തി. യുഡിഎഫിന്റെ എല്ലാ ഘടകകക്ഷികൾക്കും വേണ്ടി കുഞ്ഞാലിക്കുട്ടി പ്രസംഗിക്കാനിറങ്ങുന്നു. ‘ഇങ്ങള് വരണം, ഒന്നു കൈവീശിക്കാട്ടീട്ടെങ്കിലും പൊയ്ക്കോളീ’ എന്ന് മറ്റു മണ്ഡലങ്ങളിലെ ലീഗ് സ്ഥാനാർഥികൾ വിളിച്ചുപറയും.

അയഞ്ഞ കുപ്പായങ്ങളാണ് കുഞ്ഞാലിക്കുട്ടിക്ക് ഇഷ്ടം. ഇളംനിറത്തിൽ, നേർത്ത വരകളുള്ള ലിനൻ ഷർട്ടുകളെല്ലാം തിരഞ്ഞെടുക്കുന്നത് ഭാര്യ കുൽസുവാണ്. തിരഞ്ഞെടുപ്പ് ദിവസങ്ങളിൽ രാവിലെ 7.30ന് പുറത്തുപോകാൻ തയാറാകും. ‘ എല്ലാവരും കഴിക്കുന്ന ചായയും ചോറുമൊക്കെയാണ് ഞാനും കഴിക്കുന്നത്. ഡയറ്റിങ് എന്നൊന്നുമില്ല. പക്ഷേ, എല്ലാം കുറച്ചേ കഴിക്കൂ എന്നു മാത്രം’.

ഇന്നലെയാണ് സ്വന്തം മണ്ഡലത്തിലെ പര്യടനം തുടങ്ങുന്നത്. കുടുംബസംഗമങ്ങളാണ് കരുത്ത്. ഐടി മന്ത്രി അങ്കത്തിനിറങ്ങുന്ന മണ്ഡലത്തിലെ പ്രചാരണം ഹൈടെക് ആണ്. കണക്കുകൾ പഠിക്കാനും പ്രചാരണം ആസൂത്രണം ചെയ്യാനും യുവസംഘമുണ്ട്. നേട്ടങ്ങൾ വ്യക്തമാക്കുന്ന ഹ്രസ്വചിത്രം വലിയ എൽഇഡി സ്ക്രീനിൽ മണ്ഡലത്തിലുടനീളം പ്രദർശിപ്പിക്കുന്നു.

ഒതുക്കങ്ങലിലെ പുത്തൂർ, പറപ്പൂരിലെ പാലാണി ഇരിങ്ങല്ലൂർ എന്നിവിടങ്ങളിലെ കുടുംബസംഗമങ്ങളിൽ പൊതുയോഗത്തിന്റെ ആളുണ്ട്. അവിടെയൊക്കെ ഒരു മിനിറ്റിൽ താഴെ മാത്രം പ്രസംഗിച്ചു. കൂടുതൽ സമയം വോട്ടർമാർക്കിടയിൽ ചെലവിട്ടു. തിരക്കെന്നു പറഞ്ഞ് മാറ്റിനിർത്താതെ എല്ലാവരോടും നേരിട്ടു സംസാരിച്ചു. തിരക്കും ബഹളവുമുണ്ടായപ്പോൾ ആംഗ്യംകൊണ്ടു വിലക്കി. ശബ്ദം കുറഞ്ഞവർക്കു വേണ്ടി കാത് അടുപ്പിച്ചുകൊടുത്തു. കുട്ടികളോടൊപ്പം മൊബൈൽചിരി ചിരിച്ചു. ചിലർ നിവേദനങ്ങൾ നൽകി. മറ്റുചിലർ കൈപിടിച്ച് നന്ദി പറഞ്ഞു. അപ്പോഴേക്കും എംഎസ്എഫിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പടമെത്തി, ‘കുഞ്ഞാപ്പ ഈസ് എ ഗുഡ് ലിസണർ!’

∙ യുഡിഎഫ് നേതാക്കളുമായുള്ള ബന്ധമെങ്ങനെ? പ്രശ്നങ്ങളിൽ മധ്യസ്ഥന്റെ റോൾ ഏറ്റെടുക്കാറുണ്ടല്ലോ.

ഒരു ക്ലാസിൽ പഠിക്കുന്ന കുട്ടികളെപ്പോലെയാണ് ഞങ്ങളെല്ലാം. എല്ലാ ദിവസവും എല്ലാ കക്ഷിനേതാക്കളെയും വിളിക്കാറുണ്ട്. സുഖദുഃഖങ്ങളിലെല്ലാം കൂടെ നിന്നവരാണ് എല്ലാ നേതാക്കളും; കെ.എം. മാണി പ്രത്യേകിച്ചും. മാണിയെ പാലായുടെ യശസ്സ് ആയാണ് അവിടത്തെ വോട്ടർമാർ കാണുന്നത്. പ്രതിപക്ഷത്തെ പല നേതാക്കളുമായും മികച്ച ബന്ധമുണ്ട്.

∙ തിരഞ്ഞെ‍ടുപ്പ് പ്രസംഗങ്ങളിൽ വരാറുള്ള വിഷയങ്ങളെന്തൊക്കെയാണ്?

സാക്ഷരതയും ഇ–സാക്ഷരതയും പിന്നിട്ട് ഡിജിറ്റൽ സംസ്ഥാനമായി മാറിയ കേരളത്തിൽ ജനം ഇലക്ട്രോണിക്സ് ജീവിതത്തിലേക്കു കടന്നുകഴിഞ്ഞു. അത് അടുത്ത ഘട്ടത്തിലേക്കു കൊണ്ടുപോകാൻ രാഷ്ട്രീയപരമായ കാഴ്ചപ്പാടും ശ്രമവും വേണം. കേരളത്തിൽനിന്ന് ഏറ്റവുമധികം പ്രവാസികളുള്ള സൗദിയിൽ ഇലക്ട്രോണിക്സ് മേഖലയിൽ സ്വദേശിവൽക്കരണം നടക്കുകയാണ്. മൊബൈൽ ഷോപ്പ് നടത്തുന്നവർ മുതൽ യുവ എൻജിനീയർമാർ വരെ തിരിച്ചെത്തും. അവർക്ക് അവസരങ്ങളുണ്ടാക്കണം. നിസാരമായ ആരോപണങ്ങളുന്നയിച്ച് ഭരണപ്രക്രിയ തടസ്സപ്പെടുത്തുന്നവർ, വരാൻ പോകുന്ന കാലത്തെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് വ്യക്തമാക്കട്ടെ.

∙ബിജെപിയുടെ സാധ്യത? ബിജെപി – യുഡിഎഫ് ധാരണയുണ്ടെന്ന് ഇടതുപക്ഷം ആരോപിക്കുന്നു.

ബിജെപി അക്കൗണ്ട് തുറക്കില്ല. ബിജെപിക്കു ബദൽ കോൺഗ്രസ് മാത്രമാണ്. കോൺഗ്രസിനെയും അതിന്റെ നേതാക്കളെയും കടന്നാക്രമിക്കുന്ന അവരുമായി യുഡിഎഫ് കൂട്ടുകൂടുമെന്നു പറയുന്നത് മണ്ടത്തരമാണ്. തോൽവി മണക്കുമ്പോഴെല്ലാം സിപിഎം അഴിച്ചുവിടുന്ന ആരോപണമാണത്. അരുവിക്കര ഉപതിരഞ്ഞെടുപ്പിലും ഇതേ ആരോപണമാണ് അവർ ഉയർത്തിയത്.

∙അവസാന നിമിഷത്തെ സംഭവവികാസങ്ങൾ ജനവിധിയെ സ്വാധിനീക്കുമോ?

ജനങ്ങളെ പറ്റിക്കാൻ ആർക്കും കഴിയില്ല. പെരുമ്പാവൂരിൽ ജിഷ കൊല്ലപ്പെട്ട സംഭവത്തിൽ സമൂഹത്തിന് കൂട്ടുത്തരവാദിത്തമാണുള്ളത്. കേസിൽ പൊലീസ് സത്യം കണ്ടെത്തും. അതിന് അവരെ അനുവദിക്കണം. ഇടതുപക്ഷക്കാരായ പഞ്ചായത്ത് അംഗവും എംഎൽഎയും എംപിയുമുൾപ്പെടെയുള്ള ജനപ്രതിനിധികൾ ജിഷയുടെ കുടുംബത്തെ പ്രയാസത്തിൽ സഹായിക്കാതെ, കൊലപാതകക്കുറ്റം യുഡിഎഫിനു മേൽ വച്ചുകെട്ടുകയാണ്. മെട്രോയും മോണോ റെയിലും പോലുള്ള ഗതാഗത സൗകര്യങ്ങൾ, പുതിയ വിമാനത്താവളം, 100 % ഐടി കണക്ടിവിറ്റി തുടങ്ങി അടിസ്ഥാന സൗകര്യത്തിൽ സമാനതകളില്ലാത്ത അഞ്ചുവർഷമാണ് കേരളം പിന്നിടുന്നത്.

Your Rating: