Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരുവട്ടം കൂടി മഞ്ഞളാംകുഴി അലി; പെരിന്തൽമണ്ണ തിരിച്ചുപിടിക്കാനൊരുങ്ങി ശശികുമാർ

manjalamkuzhi-ali1

പെരിന്തൽമണ്ണ ആനമങ്ങാട്ടെ ലീഗ് ഓഫീസിനുപുറത്തു വരച്ചിരിക്കുന്ന കോണി ചിഹ്നത്തിൽ അഞ്ചുപടികൾ. ആ ഓഫീസിലേക്ക്, അഞ്ചാംതവണ നിയമസഭയിലേക്ക് മത്സരിക്കുന്ന ലീഗുകാരുടെ അഞ്ചാം മന്ത്രിയായ മഞ്ഞളാകുഴി അലി എത്തുമ്പോൾ സമയം രാവിലെ 10. ആലിപ്പറമ്പ് പഞ്ചായത്തിലെ യുഡിഎഫ് ബൂത്ത് കൺവീനർമാരുടെയും ചെയർമാൻമാരുടെയും യോഗം നടക്കുന്നു. സിനിമാനിർമാണം നിർത്തിയെങ്കിലും മഞ്ഞളാംകുഴി അലിയുടെ താരപരിവേഷത്തിന് കുറവൊന്നുമില്ല. കിങ് സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രമായ ജോസഫ് അലക്സ് തിരശീലയിൽതീർത്ത ആവേശം പെരിന്തൽമണ്ണയിൽ നിറയ്ക്കുകയാണ് സിനിമയുടെ നിർമാതാവായ അലി.

പെരിന്തൽമണ്ണയിലെ മാർക്കറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു വോട്ടഭ്യർഥന. സ്ഥാനാർഥി പോകുന്നയിടങ്ങളിലെല്ലാം മികച്ച പ്രതികരണം. മാർക്കറ്റ് റോഡിൽ ഹോട്ടൽനടത്തുന്ന സെയ്താലിയെ ചേർത്തുപിടിച്ച് വോട്ടഭ്യർഥിച്ചു കടന്നുപോകുമ്പോ‌ൾ സെയ്താലിയുടെ കമന്റ്- മൂപ്പര് ജയിച്ചില്ലേ പിന്നെ ആര് ജയിക്കാനാ, സ്റ്റൈലനല്ലേ..

ജനങ്ങളുമായുള്ള പ്രവർത്തനരീതിയിലുമുണ്ട് അലി സ്റ്റൈൽ. അധികാരത്തിലേറിയ ഉടനെ ജനങ്ങളു‌െട പ്രശ്നങ്ങൾ മനസിലാക്കാൻ ഒരു യാത്ര നടത്തി. സ്നേഹ സംഗമയാത്രയെന്നു പേരിട്ട പര്യടനത്തിന്റെ ഭാഗമായി മണ്ഡലത്തിന്റെ മുക്കിലും മൂലയിലും കുടുംബയോഗങ്ങൾ വിളിച്ചുകൂട്ടി ജനങ്ങളു‌ടെ പ്രശ്നങ്ങൾകേട്ടു. മിക്കവയ്ക്കും പരിഹാരമുണ്ടാക്കി.

ഒരുകാലത്ത് മലപ്പുറത്തെ ഇടതുപക്ഷത്തിന്റെ മുഖമായിരുന്നു അലി. 1996ൽ മങ്കടയിൽ സിപിഎം സ്വതന്ത്രനായി മത്സരിച്ച് 1056 വോട്ടുകൾക്ക് പരാജയപ്പെട്ടു. പിന്നീട് രണ്ടുതവണ മങ്കടയിൽനിന്നും ഒരു തവണ പെരിന്തൽമണ്ണയിൽനിന്നും വിജയിച്ചു. പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായഭിന്നതകളെത്തുടർന്ന് സിപിഎം വിട്ട് ലീഗിലെത്തിയശേഷമാണ് പെരിന്തൽമണ്ണയിൽ മത്സരിക്കുന്നത്. 9589 വോട്ടിന്റെ ഭൂരിപക്ഷം നേടാനായി. ലീഗിന്റെ ശക്തമായ മണ്ഡലമാണ് പെരിന്തൽമണ്ണ. 1980നുശേഷം ഒരുതവണ മാത്രമാണ് മണ്ഡലം ലീഗിന് നഷ്ടമായത്. 

മണ്ഡലത്തിലെ പരിചിതമുഖമായ ശശികുമാറിനെയാണ് അലിയെ തളയ്ക്കാൻ സിപിഎം നിയോഗിച്ചിരിക്കുന്നത്. 2006ൽ മണ്ഡലത്തിൽ വിജയിച്ചയാളാണ് ശശികുമാർ. ലീഗിലെ അബ്ദുൽ ഹമീദായിരുന്നു എതിരാളി. ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സിഐടിയു ജില്ലാ പ്രസിഡന്റുമായ ശശികുമാർ നാലാം തവണയാണ് മത്സരിക്കുന്നത്. പള്ള്യേലിൽ എന്ന സ്‌ഥലത്തെ വീട്ടുമുറ്റത്താണ് സ്ഥാനാർഥിക്ക് സ്വീകരണം ഒരുക്കിയിരിക്കുന്നത്. മുറ്റത്ത് പാർട്ടിപ്രവർത്തകരും കർഷക തൊഴിലാളികളും. തൊട്ടടുത്ത് ‘ശശിയേട്ടൻ വരും എല്ലാം ശരിയാകുമെന്ന’ ബോർഡ്. പ്രചരണവാഹനത്തിൽ അറിയിപ്പെത്തിയതിനുപിന്നാലേ സ്ഥാനാർഥിയെത്തി. അഞ്ചുമിനിട്ട് പ്രസംഗം. പിന്നീട് പ്രവർത്തകരോടൊപ്പം ഭക്ഷണം. ഇത്തവണ നല്ല ഭൂരിപക്ഷത്തിൽ ജയിക്കും-ശശികുമാർ ആത്മവിശ്വാസത്തോടെ പറയുന്നു. മണ്ഡലം സെക്രട്ടറിയും പുലാമന്തോൾ സ്വദേശിയുമായ എം.കെ. സുനിലിനെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. 

പെരിന്തൽമണ്ണ നഗരസഭ, ആലിപ്പറമ്പ്, ഏലംകുളം, പുലാമന്തോൾ, താഴെക്കോട്, വെട്ടത്തൂർ, മേലാറ്റൂർ പഞ്ചായത്തുകൾ ചേർന്നതാണ് മണ്ഡലം. പെരിന്തൽമണ്ണ, ഏലംകുളം, പുലാമന്തോൾ, മേലാറ്റൂർ (നറുക്കടുപ്പിലൂടെ വിജയം) എന്നിവിടങ്ങളിൽ എൽഡിഎഫ് ഭരിക്കുന്നു. മണ്ഡലത്തിലെ ലീഗ്-കോൺഗ്രസ് തർക്കവും ലീഗിലെ ഭിന്നതകളും മുതലാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം. എംഎൽഎആയിരിക്കെ ശശികുമാർ നടത്തിയ വികസനപ്രവർത്തനങ്ങളും തുണയാകുമെന്ന് അവർ കരുതുന്നു. 

അലി നടത്തിയ വികസനപ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന് ലീഗ് നേതൃത്വം പറയുന്നു. എസ്ഡിപിഐയും വെൽഫെയർപാർട്ടിയും പിടിക്കുന്ന വോട്ടുകൾ നിർണായകമാകും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച 1982 വോട്ടുകൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ 7‍356 ആയി ഉയർത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. ബിഡിജെഎസിന്റെ പിൻതുണയും അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.

Your Rating: