Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമ്പത്തിനു തിരികൊളുത്തി വെള്ളാപ്പള്ളി നടേശൻ

by ജയചന്ദ്രൻ ഇലങ്കത്ത്
vellappally-election എരുമേലിയിൽ ഹിന്ദുമത സംഗമം ഉദ്ഘാടനം ചെയ്ത ശേഷം വെള്ളാപ്പള്ളി നടേശൻ. ചിത്രം: രാജൻ എം. തോമസ്

അഞ്ചിനു വെള്ളാപ്പള്ളിയുടെ മുറിയിൽ വെട്ടം വീണു. ഉണർന്നപ്പോൾ കട്ടിലിലാണോ ഹെലികോപ്റ്ററിലാണോ എന്നൊരു ശങ്ക. കഴിഞ്ഞ രാത്രി ഹെലികോപ്റ്ററിൽ നിന്നിറങ്ങി ഉറങ്ങാൻ കിടന്നതാണ്. വിമാനത്തിൽ പലകുറി കയറിയിട്ടുണ്ടെങ്കിലും കോപ്റ്ററിൽ ഇതാദ്യം. അതിന്റെ ‘ഒരിത്’ ഉണ്ട് ഉറക്കച്ചടവിനും.

മൂന്നിഞ്ചു വീതിയുള്ള സ്വർണക്കസവുമുണ്ടും സിൽക്ക് ഖദർ ഷർട്ടും ധരിച്ചു വെള്ളാപ്പള്ളി റെഡി. ഉഗ്രമൂർത്തിയായ കണിച്ചുകുളങ്ങരയമ്മയുടെ ശ്രീകോവിലിൽ നിന്നു പൂജിച്ചുവാങ്ങിയ ചുവപ്പു ചരട് ഇടം കയ്യിൽ വട്ടംചുറ്റി കിടന്നു. പുരികങ്ങൾ കൂട്ടിമുട്ടിച്ചു നെറ്റിയിലൊരു കുങ്കുമപ്പൊട്ട്. കണ്ണാടിയിൽ നോക്കിയപ്പോൾ കണ്ടതു പ്രീതി നടേശനെ. പച്ചപ്പട്ടും മണിമാലയുമണിഞ്ഞു പ്രീതിയും ഓക്കെ. ഉദ്ഘാടനത്തിനു ഭദ്രദീപം വീട്ടിൽ നിന്നു കൊണ്ടുപോകുന്നതു പോലെ വെള്ളാപ്പള്ളി പ്രീതിയെയും ഒപ്പംകൂട്ടി.

പേട്ടതുള്ളലിന്റെ നാട്ടിൽ, പൂഞ്ഞാർ മണ്ഡലത്തിൽപ്പെട്ട എരുമേലിയിൽ പത്തിന് ആദ്യ പരിപാടി. ഹിന്ദു മഹാസംഗമം ഉദ്ഘാടനം. ഒൻപതിനു മുൻപേ വേദിയിലേക്ക് ആളൊഴുക്ക്. മഞ്ഞസാരിയും ബ്ലൗസും ധരിച്ചു സ്ത്രീക്കൂട്ടങ്ങൾ, വെള്ളാപ്പള്ളിയുടെ ‘നാക്കിലിരിപ്പു’ കേൾക്കാൻ കൊതിച്ചു പുരുഷന്മാർ, സന്യാസി വേഷക്കാർ, ഷർട്ടിൽ ബിഡിജെഎസിന്റെ കുടം ചിഹ്നം പതിച്ച ന്യൂ ജനറേഷൻ പിള്ളേർ, സദസ്സിൽ കാവി നിറത്തിൽ പ്ലാസ്റ്റിക് കസേരകൾ, ആളു നിറയുന്നതനുസരിച്ചു ലോറിയിൽ അതു വന്നുകൊണ്ടിരിക്കുന്നു.


കൃത്യം പത്തിനു തവിട്ടു ബെൻസ് കാർ ചീറിപ്പാഞ്ഞുവന്നു. തൊഴുകൈകളോടെ വെള്ളാപ്പള്ളി പുറത്ത്. നിഴലായി പ്രീതി. നിലയ്ക്കാത്ത കയ്യടികൾക്കിടയിലൂടെ മുന്നോട്ടു നടക്കുമ്പോൾ വെള്ളാപ്പള്ളിയുടെ കാലിൽ തൊട്ടുതൊഴാൻ സ്ത്രീകളുടെ തിരക്ക്. ദൈവദശകം കീർത്തനം ഉയർന്നു. ഗുരുദേവന്റെ ഛായാചിത്രത്തിനു മുന്നിൽ പ്രീതി നടേശൻ ഭദ്രദീപം കൊളുത്തി. വേദിയിലെ കൂറ്റൻ നിലവിളക്കിൽ ഏഴുതിരികളും വെള്ളാപ്പള്ളി തന്നെ കൊളുത്തി. ഓരോ തിരിയും ഓരോരുത്തർ കൊളുത്തുന്ന പതിവിനു വെള്ളാപ്പള്ളി എതിരാണ്.

മൈക്കിനു പിന്നിൽ വെള്ളാപ്പള്ളി പിന്നെയും കൊളുത്തി. ‘പൂഞ്ഞാർ മണ്ഡലത്തിൽ 71 ശതമാനം ഹിന്ദുക്കളുണ്ട്. എന്നിട്ടിതുവരെ ഒരു ഹിന്ദുവിനെ ഇരുമുന്നണികളും സ്ഥാനാർഥിയാക്കിയിട്ടില്ല. ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്നു പ്രാർഥിക്കുന്ന ഹിന്ദുക്കൾ പടുകുഴിയിലായി. ഇതു പറയുന്ന ഞാൻ ജാതിഭ്രാന്തനാകുന്നു. എന്തു ചെയ്താലും എനിക്കാണു കുഴപ്പം. പാവപ്പെട്ട സ്ത്രീകളെ സഹായിക്കാൻ മൈക്രോ ഫിനാൻസ് തുടങ്ങി. അതിന് അച്യുതാനന്ദൻ ഇതിൽപ്പരം ചീത്ത പറയാനുണ്ടോ? പെണ്ണുങ്ങൾ എണീറ്റുനിന്നു പറയട്ടെ. ഒരു കട്ടൻചായയുടെ പൈസ ഞാൻ എടുത്തെന്നു തെളിയിച്ചാൽ ഇപ്പണി നിർത്താം. ഗുരുദേവനെ കുരിശിൽ തറച്ചവർക്കും കഴുത്തിൽ കയറിയിട്ടു വലിച്ചവർക്കും ഇനി വോട്ടില്ല. ഇക്കുറി നമ്മുടെ വോട്ട് ഗുരുദേവനാണ്. നമ്മുടെ സ്ഥാനാർഥി എം.ആർ.ഉല്ലാസ്. ഈ മാസം 19 മുതൽ ഉല്ലാസ് എംഎൽഎയാണ്...’ കയ്യെടുത്തു തൊഴുത ഉല്ലാസിന്റെ മുഖത്തു വെള്ളകീറി.

മുണ്ടക്കയം പൂഞ്ഞാർ മണ്ഡലത്തിലെങ്കിലും അവിടെ എസ്എൻഡിപി യോഗം ഹൈറേഞ്ച് യൂണിയന്റെ മൈക്രോ ഫെസ്റ്റിൽ വെള്ളാപ്പള്ളിയുടെ ഇര പീരുമേട്ടിലെ എൽഡിഎഫ് സ്ഥാനാർഥി ഇ.എസ്.ബിജിമോൾ ആയിരുന്നു. ‘മഹാകവി കുമാരനാശാൻ ഇരുന്ന കസേരയിലാണു വെള്ളാപ്പള്ളി ഇരിക്കുന്നതെന്ന് ഓർമ വേണം’ എന്നു പറഞ്ഞു ബിജിമോൾ ഇറക്കിയ നോട്ടിസ് ഉയർത്തി വെള്ളാപ്പള്ളി ഉറഞ്ഞുതുള്ളി. ‘പള്ളിയിലെ കപ്യാരെക്കുറിച്ചു പോലും ഇങ്ങനെ നോട്ടിസ് ഇറക്കാൻ ബിജിമോൾ ധൈര്യം കാട്ടുമോ?... ഹിന്ദുക്കൾ ഒന്നിച്ചു നിൽക്കാത്തതുകൊണ്ടാണു നമ്മളോട് ഈ അഹങ്കാരം...’

വെള്ളാപ്പള്ളി ഒന്നടങ്ങിയപ്പോൾ പ്രീതി തുടങ്ങി: ‘എസ്എൻഡിപി യോഗത്തിൽ വന്നതിനു ശേഷം തെറിയല്ലാതെ എന്റെ ഭർത്താവിന് ഒന്നും കിട്ടിയിട്ടില്ല. അറുപതു വർഷമായി ഇടതിനെയും വലതിനെയും നമ്മൾ പരീക്ഷിച്ചു. അച്യുതാനന്ദനും ഒരിക്കൽ വോട്ടു കൊടുത്തു. അതേക്കുറിച്ചു കൂടുതൽ പറയുന്നില്ല. പലരും പറയുന്നു, നമ്മുടെ ചിഹ്നം കള്ളുകുടമാണെന്ന്. കള്ളുകുടവും കലശക്കുടവും അല്ല, ഇതു പൊന്നിൻകുടമാണ്. പൊന്നിൻകുടത്തിൽ നിറയുന്ന വെള്ളത്തിൽ താമര വിരിയും...’ ബിഡിജെഎസിലെ ‘സ്മൃതി ഇറാനി’യെ നോക്കാൻ വെള്ളാപ്പള്ളി കണ്ണട ഊരി.

ചുരം കയറുമ്പോൾ വേണമെങ്കിൽ കാറിൽ പിന്നോട്ട് അലസം ചാഞ്ഞിരിക്കാം. വെള്ളാപ്പള്ളി മുന്നോട്ടാഞ്ഞു തന്നെയിരുന്നു. പൂഞ്ഞാർ മണ്ഡലത്തിലെ മൂന്നാമത്തെ പരിപാടിക്കുള്ള പോക്കാണ്. പൂഞ്ഞാറിനെ ഇങ്ങനെ വളഞ്ഞുവയ്ക്കാൻ എന്തേ കാരണം? തേയിലത്തോട്ടത്തിലേക്കു കണ്ണെറിഞ്ഞ് വെള്ളാപ്പള്ളി പറഞ്ഞു: ‘മെയിൻ കേരള കോൺഗ്രസിൽ നിന്നു കൂറുമാറിപ്പോയ ഏഴുപേർക്കും എൽഡിഎഫ് ഇടംകൊടുത്തു. അവർ നിർത്തിയ സ്ഥാനാർഥികളെ നോക്കൂ, ഹിന്ദുക്കൾ എത്ര പേരുണ്ട്...? മറ്റെങ്ങും ഇടം കിട്ടാത്തവർക്ക് ഇടം നൽകാൻ സിപിഎമ്മിന് ഒരു ഉളുപ്പുമില്ല. ഞങ്ങളെ നോക്കൂ, ബിഡിജെഎസിൽ നായാടി മുതൽ നമ്പൂതിരി വരെയുണ്ട്...’

എങ്കിൽപ്പിന്നെ മത്സരിച്ച് എംഎൽഎയും മന്ത്രിയും കേന്ദ്രമന്ത്രിയുമൊക്കെ ആകാൻ ആഗ്രഹമില്ലേ...?
‘അങ്ങനെ ഈ ജന്മം ഉണ്ടാകില്ല. പാർലമെന്ററി വ്യാമോഹം എനിക്കില്ലേയില്ല.’
നമുക്കു കിട്ടാത്ത ഭാഗ്യം നമ്മുടെ മക്കൾക്കു കിട്ടുമെങ്കിൽ അതൊരു സന്തോഷമല്ലേ...?
എനിക്കു കിട്ടാത്ത ഭാഗ്യക്കുറി മകനോ ഭാര്യയ്ക്കോ ആർക്കടിച്ചാലും സന്തോഷം.
തുടർ ചോദ്യങ്ങൾക്കു നാക്കെടുക്കുംമുൻപേ വിലങ്ങു വീണു: ‘വിട്ടു പിടി അനിയാ...’

പൂഞ്ഞാർ 108–ാം നമ്പർ എസ്എൻഡിപി ശാഖയുടെ ഹിന്ദു കുടുംബസംഗമത്തിൽ എം.ആർ.ഉല്ലാസിനൊപ്പം പാലായിലെ ബിജെപി സ്ഥാനാർഥി എൻ. ഹരിയെയും വേദിയിലിരുത്തി വെള്ളാപ്പള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുണഗണങ്ങൾ വാഴ്ത്തി.

സന്ധ്യയ്ക്കു വെള്ളാപ്പള്ളിയും പ്രീതിയും കുമളിയിൽ ഉൽസവത്തിനു പോയി. ഡൈമുക്ക് എസ്എൻഡിപി ശാഖ വക വെള്ളാരംകുന്ന് അന്നപൂർണേശ്വരീ ക്ഷേത്രത്തിലെ പ്രതിഷ്ഠാമഹോൽസവത്തിന് അതിഥിയായി. ബൈക്കുകളുടെയും ജീപ്പുകളുടെയും അകമ്പടിയോടെ സ്ത്രീകളടക്കം ആയിരങ്ങൾ അണിനിരന്ന റോഡ് ഷോ ഒരു മണിക്കൂർ പട്ടണം നിശ്ചലമാക്കി. തുറന്ന ജീപ്പിൽ കൈവീശി വെള്ളാപ്പള്ളി നീങ്ങി. ‘കണ്ണേ കരളേ വെള്ളാപ്പള്ളി...’ എന്നു തുടങ്ങുന്ന മുദ്രാവാക്യത്തിന്റെ ഭാഷയും ഈണവും വേറെങ്ങോ മുൻപു കേട്ട പോലെ.

മത്സരക്കമ്പത്തിനൊടുവിൽ ‘ആശാന്റെ ഇഷ്ടം പോലെ’ എന്നൊരു പതിവുണ്ട്. ബാക്കി വന്ന വെടിമരുന്ന് ആശാന് ഇഷ്ടം പോലെ കത്തിക്കാം. വേദിയിൽ വെള്ളാപ്പള്ളി വീണ്ടും പൊട്ടിച്ചു. ഫ്ലാഷ് മിന്നിയതു ചാനലുകളിൽ. മുണ്ടക്കയത്ത് ബിജിമോൾക്കെതിരെ പറഞ്ഞതു പരാതിയായി. ഇടയ്ക്കൊരെണ്ണം കയ്യിലിരുന്നു പൊട്ടിയെങ്കിലും വെള്ളാരംകുന്നിന്റെ ആകാശത്തു വെള്ളാപ്പള്ളിയുടെ ശബ്ദം ഇടിവെട്ടി.

Your Rating: