Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഷ്ട്രീയമല്ല, വിഎസാണ് മലമ്പുഴയിലെ സംസാര വിഷയം

by ഉല്ലാസ് ഇലങ്കത്ത്
vs-achuthanandan-campain-malampuzha-2 വി.എസ്.അച്യുതാനന്ദൻ മലമ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ.

പാലക്കാട്ടെ ചൂടിനെ നാൽപ്പത് ഡിഗ്രിയിൽനിന്ന് മുപ്പതുകളിലേക്കിറക്കി മഴ പെയ്തിറങ്ങി. മിന്നൽ നേരത്തെ എത്തിയിരുന്നു. വി.എസ്. എന്ന രണ്ടക്ഷരങ്ങളിൽ തൂവെള്ള നിറത്തിൽ അതു മലമ്പുഴയിൽ താഴ്ന്നിറങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലെ പ്രചരണ പരിപാടികൾ അവസാനിപ്പിച്ച് രണ്ടുദിവസമായി വി.എസ്. മലമ്പുഴയിലുണ്ട്. വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കുടുംബയോഗങ്ങളിലാണ് പ്രധാന ശ്രദ്ധ.

വിഎസിനൊപ്പം നിഴലുപോലെ ചിറ്റൂർ ഏരിയ സെക്രട്ടറി ഗോകുൽദാസ്.‘ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥിയായി ഞാൻ മത്സരിക്കുകയാണ്. ചുറ്റിക അരിവാൾ നക്ഷത്രമാണ് ചിഹ്നം. അഴിമതി സർക്കാരിനെ പുറത്താക്കാൻ നിങ്ങൾ വോട്ടു ചെയ്യണം’-വി.എസ്. പറയുന്നു.

വിഎസിന്റെ കാർ കടന്നുപോകുന്ന പാലക്കാട് - കോഴിക്കോട് ദേശീയ പാതയ്ക്കരികിലായി എഐഎഡിഎംകെയുടെ പാർട്ടി ഓഫീസ്. വലിയ അലങ്കാരപ്പണികളാണ് പാതയോരത്ത് പാർട്ടി നടത്തിയിരിക്കുന്നത്. തമിഴ്നാട് സ്വദേശികൾ കൂടുതലായുള്ള സ്ഥലങ്ങളിൽ വോട്ട് കണ്ടെത്താനുള്ള ശ്രമത്തിലാണ് പാർട്ടി.

vs-achuthanandan-campain-malampuzha-1 പ്രചാരണയോഗത്തിൽ സിപിഎം പ്രവർത്തകന്‍.

നടക്കാവ് റെയിൽവേ േഗറ്റ് കഴിയുമ്പോൾ സിപിഎം പാർട്ടി ഓഫീസ്. അഞ്ചിൽ താഴെവരുന്ന പാർട്ടി പ്രവർത്തകർ ഓഫീസിലുണ്ട്. ‘ഓരോ തിരഞ്ഞെടുപ്പിലും വിഎസിന്റെ ജനപിന്തുണകൂടുകയാണ്. അതിനിയും വർധിക്കും’-പാർട്ടി പ്രവർത്തകനായ മുരുകൻ പറയുന്നു. തൊട്ടടുത്ത്, ആണ്ടി മഠത്തിലേക്ക്പോകുന്ന റോഡിൽ എകെജി നഗറിലാണ് അടുത്തയോഗം. ഏരിയ സെക്രട്ടറിയുടെ പ്രസംഗത്തിനുശേഷം ചുരുങ്ങിയ വാക്കുകളിൽ വിഎസിന്റെ വോട്ടഭ്യർഥന. കേരള രാഷ്ട്രീയത്തിന്റെ ഒന്നാന്തരം ‘സെൽഫിയായ’ വിഎസിനൊപ്പം സെൽഫിയെടുക്കാൻ വിദ്യാർഥികളുടെ കൂട്ടം. ചിരിച്ചും തമാശകൾ പറഞ്ഞും അവർക്കൊപ്പം കൂടുകയാണ് വിഎസ്. ഇതിനിടെ മകൾക്ക് പേരിടണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് ദമ്പതിമാർ. മേഖ്നാ.. കുട്ടിയെ ചേർത്തുപിടിച്ച് വിഎസ് നീട്ടിവി‌ളിക്കുമ്പോൾ ചുറ്റും ഫ്ലാഷുകൾ മിന്നുന്നു.

അകത്തേത്തറയിലെ പിഎസ്എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് അടുത്ത യോഗം. ഇടുങ്ങിയവഴികളിലൂടെ വിഎസിന്റെ വാഹനം കടന്നുപോകുമ്പോൾ വേലിക്കരികിലും വഴിയരികിലും സ്ത്രീകളുടേയും കുട്ടികളുടേയും ചെറുസംഘങ്ങൾ. യോഗ സ്ഥലത്തോട് ചേർന്ന് സംഭാരം വിൽക്കുന്ന കടയിൽ തിരക്കേറുന്നു.

രാഷ്ട്രീയമല്ല വിഎസാണ് വിഷയം. മറ്റുള്ള വിഷയങ്ങളും വിവാദവുമൊക്കെ അതിനുശേഷം മാത്രം. ബൈക്കുകളിൽ വിഎസിനെ അനുഗമിച്ചെത്തിയ ചെറുപ്പക്കാർ മൊബൈലിൽ കണ്ണുംനട്ട് കടയുടെ പുറത്തിരിക്കുന്നു. വിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റുകളുടെ ആരാധകരാണ് മിക്കവരും. ഏപ്രിൽ 23നാണ് എൽഡിഎഫിന്റെ പ്രചരണ പരിപാടികൾക്കായി വിഎസ് മലമ്പുഴയിൽനിന്ന് പോയത്. രണ്ടു ദിവസം മുൻപ് തിരുവനന്തപുരത്തെ പരിപാടിയോടെയാണ് സംസ്ഥാനതല പ്രചരണത്തിന് അവസാനമായത്. 64 സമ്മേളനങ്ങൾ, 2400 കിലോമീറ്റർ സഞ്ചാരം. എല്ലാ സ്ഥാനാർഥികൾക്കും വിഎസിന്റെ സാന്നിധ്യം ആവശ്യമാണ്.

വിഎസ് മണ്ഡലത്തിൽ സജീവമല്ലെന്ന രാഷ്ട്രീയ എതിരാളികളുടെ പ്രചരണമെന്നും കാര്യമായി ഏശിയിട്ടില്ലെന്ന് നാട്ടുകാരനായ സുബ്രമണ്യൻസ്വാമി പറയുന്നു. ‘കേരളം മുഴുവൻ ജനകീയ പ്രശ്നങ്ങളുമായി ഓടി നടക്കുന്ന നേതാവിനെ കാണാനില്ലെന്നു പറയുന്നതിൽ എന്തു അർഥമാണുള്ളത്? മണ്ഡലത്തിലെ ഓരോ ചെറിയ പ്രശ്നത്തിലും വിഎസിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ട്- സ്വാമി പറയുന്നു.

പ്രചരണവഴിയിൽ ഇടുക്കിക്കാരനായ സജീവ് നിൽക്കുന്നു. വി.എസ്. ഗാനങ്ങളുടെ കാസറ്റുമായാണ് സഞ്ചാരം. കാസറ്റുകൾ നന്നായി വിറ്റുപോകുന്നതിലെ സന്തോഷം മുഖത്ത്. സമയം ഉച്ചയോടടുക്കുന്നു. രാഷ്ട്രീയത്തിലെപോലെ കണിശമായ നിലപാടുകളാണ് ഭക്ഷണ കാര്യത്തിലും വിഎസിനുള്ളത്. രാവിലെ അഞ്ചര മണിക്കുള്ള നടത്തത്തിനുശേഷം എട്ടുമണിക്ക് മുൻപായി ഭക്ഷണം. ഇഡലിയോ ദോശയോ ആണ് പ്രിയം. ചെറിയ അളവിൽ കടലക്കറി. ഉച്ചയ്ക്ക് ചോറും മീൻകറിയും. വൈകിട്ട് പപ്പായയും പഴവും. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ദാഹം ശമിപ്പിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളവും കരിക്കിൻവെള്ളവും. വിഎസിനൊപ്പം കുടുംബവും പാലക്കാടെത്തിയിട്ടുണ്ട്. ചന്ദ്രനഗറിലെ സഹ്യാദ്രി കോളനിയിലാണ് താമസം.

മലമ്പുഴയിൽ 2001ലാണ് വിഎസ് മത്സരിക്കാനെത്തുന്നത്. മണ്ഡലത്തിലെ ആദ്യ മത്സരത്തിൽ കോൺഗ്രസിലെ സതീശൻ പാച്ചേനിയെ 4703 വോട്ടുകൾക്ക് തോൽപിച്ചു. 2006ൽ പാച്ചനിക്കെതിരെ ഭൂരിപക്ഷം 20,017ആയി ഉയർന്നു. 2011ൽ ലതികാ സുഭാഷായിരുന്നു ‌എതിരാളി. വിഎസിന്റെ ഭൂരിപക്ഷംകൂടി- 23,440 വോട്ട്. എസ്എൻഡിപിക്ക് ശക്തിയുള്ള ജില്ലയാണ് പാലക്കാട്. വെള്ളാപ്പള്ളിയുടെ വിഎസ് വിരുദ്ധ നിലപാട് തിരിച്ചടിയാകില്ലെന്ന വിശ്വാസത്തിലാണ് പ്രവർത്തകർ.

ഉച്ചഭക്ഷണത്തിനുശേഷം വൈകിട്ട് മന്തക്കാട്നടന്ന മലമ്പുഴ പഞ്ചായത്ത് റാലിയിൽ പങ്കെടുക്കാൻ വിഎസ് വേദിയിലേക്കെത്തുമ്പോൾ മുഖ്യമന്ത്രിക്കെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് കേരളം ചർച്ച ചെയ്യുകയായിരുന്നു. മഴപെയ്യാനൊരുങ്ങി നിൽക്കുന്നു. രാഷ്ട്രീയ എതിരാളികൾക്കെതിരെ ഇനിയും പ്രയോഗിക്കാത്ത ആയുധങ്ങൾക്ക് മൂർച്ച കൂട്ടി വിഎസ് വേദിയിൽ. മിന്നലുകൾ എത്തുന്നത് അപ്രതീക്ഷിതമായാണ്, വിഎസ് പ്രതികരിക്കുന്നതും.

ldf-campaign-09052016 Advertisement
Your Rating: