Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വേഷം മാറി’ വിഎസും പിണറായിയും; ഉപദേശം, പരിതാപം, വിശദീകരണം

vs-cartoon

വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം എന്നു വി.എസ്. അച്യുതാനന്ദൻ ഉപദേശിക്കുന്നു; ചിലതു പറയാതെ വിട്ടുപോയി എന്നു പിണറായി വിജയൻ പരിതപിക്കുന്നു. കണ്ടിരുന്ന കളിയിലെ കഥാപാത്രങ്ങൾ ആകെ വേഷവും ശൈലിയും മാറിയതിന്റെ ഉദ്വേഗത്തിൽ സിപിഎം. ഇരുനേതാക്കളും വിശദീകരിച്ചു കുഴയുകയും ചെയ്യുന്നു.

വിഎസിന്റെ വാക്കും നോക്കും പാർട്ടിയെ ആകെ ഉഴുതുമറിച്ചുവന്നിരുന്നതാണു ചരിത്രം. അവ കുത്തിമുറിവേൽപ്പിച്ചപ്പോഴും പ്രതികരണങ്ങളിൽ സൂക്ഷ്മത പാലിക്കുകയാണു പിണറായി ചെയ്തുവന്നത്. ഒരിക്കൽ മാത്രം ഇരുവരും ഏറ്റുമുട്ടി. അതിന്റെ പേരിൽ ഇരുവരെയും പൊളിറ്റ്ബ്യൂറോയിൽ നിന്നു സസ്പെൻഡ് ചെയ്തു. ശേഷം അതീവജാഗ്രത പുലർത്തിപ്പോന്ന പിണറായിയുടെ പ്രതികരണമാണ് പക്ഷേ, ഇക്കുറി വിവാദത്തിനു വഴിതുറന്നത്.

മറ്റൊരു സാഹചര്യത്തിലാണ് ഈ പ്രമേയത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചതെങ്കിൽ ഈ നിലയ്ക്കു വിവാദത്തിനു കാരണമാകണമെന്നില്ല. എന്നാൽ, തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഇരുനേതാക്കളും പടക്കളത്തിലിറങ്ങിയ നിർണായകദിനത്തിലാണ് അതു സംഭവിച്ചത്. പ്രമേയം നിലനിൽക്കുന്നു എന്ന പിണറായിയുടെ അഭിപ്രായം വിഎസ് അംഗീകരിക്കുന്നതല്ല. അദ്ദേഹം അതിനെതിരെ പിബിക്കു പരാതി നൽകിയിട്ടുണ്ട്. കേരളത്തിലെ സംഘടനാപ്രശ്നങ്ങൾ പരിശോധിക്കുന്ന പിബി കമ്മിഷൻ പരിശോധിക്കും എന്ന ഒത്തുതീർപ്പിലാണ് ആ വിവാദം അവസാനിപ്പിച്ചത്.

അപ്പോൾ തനിക്കു പാർട്ടിവിരുദ്ധ മാനസികാവസ്ഥ ഉണ്ട് എന്ന് ആരോപിക്കുന്ന പ്രമേയം പാർട്ടി രേഖയായി നിലനിൽക്കുന്നില്ലെന്നു സാങ്കേതികമായി വിഎസിനു കരുതാം. തിരഞ്ഞെടുപ്പിന്റെ നിർണായകവേളയിൽ, പഴുതുകളുള്ള ആക്ഷേപം തനിക്കെതിരെ പിണറായി ഉന്നയിച്ചു എന്ന പ്രതിഷേധത്തിലായി അതോടെ വിഎസ്. പിണറായിക്കു മറുപടി നൽകാൻ വിഎസ് തുനിഞ്ഞാൽ കാര്യങ്ങൾ കൈവിട്ടുപോകും എന്ന നിഗമനത്തിലേക്കു കേന്ദ്ര, സംസ്ഥാനനേതൃത്വങ്ങൾ നീങ്ങി.

പിണറായി തന്നെ തിരുത്തിയിട്ടുണ്ടല്ലോ എന്ന മറുപടി വിഎസിൽ നിന്നുണ്ടായാലേ പ്രശ്നം തീരൂ എന്നുമായി. ധർമടത്തു തനിക്കായി വിഎസ് വോട്ട് തേടാനിരിക്കെ തിരുത്താൻ പിണറായി മടികാട്ടിയില്ല. താൻ പറഞ്ഞതിന് ഉദ്ദേശിക്കാത്ത വ്യാഖ്യാനമാണു വന്നത് എന്ന ചിന്തയിലുമായി അദ്ദേഹം. മാധ്യമങ്ങളെ അതിനു പഴിച്ച പിണറായി പാർട്ടിവിരുദ്ധനായി വിഎസിനെ കാണുന്നില്ലെന്നു മണിക്കൂറുകൾക്കകം സ്പഷ്ടമാക്കി.

അപ്പോഴും വിഎസ് പൂർണതൃപ്തനായില്ല. തനിക്കെതിരെയുള്ള പ്രമേയം തന്നെ ഇപ്പോൾ നിലനിൽക്കുന്നില്ലെന്നു കരുതുന്ന അദ്ദേഹം അക്കാര്യത്തിൽ കൂടുതൽ വ്യക്തത വേണമെന്ന് ആഗ്രഹിച്ചു. കേന്ദ്രനേതൃത്വത്തിൽ നിന്ന് ഈ അഭിപ്രായം വന്നതായാണു വിവരം. ഇതോടെയാണു പ്രമേയം കമ്മിഷന്റെ പരിഗണനയിലാണെന്നു പറയാൻ താൻ വിട്ടുപോയി എന്നു ചോദ്യങ്ങൾ ഉയരുംമുൻപു തന്നെ പിണറായി കൊല്ലത്തു വ്യക്തമാക്കിയത്.

പിണറായിക്കെതിരെ നേരിട്ടൊന്നും പറഞ്ഞില്ലെങ്കിലും വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിച്ചുവേണമെന്ന ഉപദേശം ഇതിനിടയിൽ വിഎസ് ഫെയ്സ്ബുക്കിൽ കൂടി നൽകി. വിഎസിൽ നിന്ന് ഇങ്ങനെ ഉപദേശം ലഭിച്ചതിന്റെ അന്ധാളിപ്പിലായി അതോടെ ഔദ്യോഗികചേരി. അതിലുള്ള അനിഷ്ടം കൊല്ലത്തെ പ്രതികരണത്തിൽ പിണറായി പ്രകടിപ്പിച്ചതിനു പിന്നാലെ തന്റെ ഉപദേശം വ്യക്തിപരമല്ലെന്നായി വിഎസ്. സിപിഎമ്മിന്റെ ഉന്നതനേതാക്കളാണു ഫെയ്സ്ബുക്കിൽ മുഖാമുഖം നിന്നത് എന്നതും കൗതുകമായി. പിണറായി എഫ്ബിയിൽ ഏറെക്കാലമായി സജീവമാണെങ്കിൽ വിഎസ് അക്കൗണ്ട് തുടങ്ങിയിട്ടു ദിവസങ്ങളേ ആയിട്ടുള്ളൂ.

പ്രസ്താവനകൾ വിശദീകരിച്ചു കുഴങ്ങിയ ഇരുവരും തുടർപ്രശ്നങ്ങളിലേക്കു നീങ്ങില്ല എന്ന ഉറച്ച പ്രതീക്ഷയാണു പാർട്ടി കേന്ദ്രങ്ങൾക്ക്. ഈ ഘട്ടത്തിൽ ഐക്യം കാത്തേ തീരൂ എന്നു കണ്ടുള്ള രക്ഷാപ്രവർത്തനമാണു നടക്കുന്നതും.ജീവന്മരണപ്പോരാട്ടത്തിനിടയിൽ പഴയ കണക്കുതീർക്കലുകൾക്കു പ്രസക്തിയില്ലെങ്കിലും അവയുടെ കനലുകൾ കെട്ടിട്ടില്ല എന്നതിന്റെ ഞെട്ടലുണ്ടു സിപിഎമ്മിന്.

Your Rating: