Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാത്രകൾ അവസാനിക്കുന്നു; പോരാട്ടത്തിന്റെ വില്ലുകുലച്ച് മുന്നണികൾ

കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ ജനരക്ഷാ യാത്ര പുരോഗമിക്കുന്നതിനിടെ എല്ലാ ഡിസിസികൾക്കും കെപിസിസിയുടെ രസകരമായ ഒരു നിർദേശം പോയി: പ്രസിഡന്റിന് പടക്കങ്ങൾ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ ഒഴിവാക്കണം. പടക്കം കെപിസിസി നിരോധിച്ചപ്പോൾ സരിതാ നായർ ആരോപണങ്ങളുടെ മാലപ്പടക്കത്തിനു തിരികൊളുത്തുകയായിരുന്നു. ആ പ്രതികൂല സാഹചര്യങ്ങൾക്കിടയിലൂടെ സുധീരന്റെ യാത്ര നാളെ തിരുവനന്തപുരത്ത് സമാപിക്കുന്നു. ഇരുമുന്നണികളിൽ നിന്നുമുള്ള മോചനലക്ഷ്യവുമായി ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ യാത്രയുടെ സമാപ്തി വ്യാഴാഴ്ച.

നവകേരളം വാഗ്ദാനം ചെയ്തു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ മാർച്ച് ഞായറാഴ്ച ശംഖുമുഖം തീരമണയും. സമാപനസമ്മേളനങ്ങളിൽ യഥാക്രമം രാഹുൽ ഗാന്ധിയും രാജ്നാഥ് സിങ്ങും സീതാറാം യച്ചൂരിയും നിയമസഭാ തിരഞ്ഞെടുപ്പു പോരാട്ടത്തിന്റെ വില്ലു കുലയ്ക്കും.
കണ്ണൂരിൽ നിന്ന് അന്നത്തെ മദിരാശിയിലേക്ക് 1937ൽ എ.കെ.ജി. നയിച്ച ഐതിഹാസികമായ പട്ടിണിജാഥയാകാം കേരളത്തിൽ ഒരുപക്ഷേ രാഷ്ട്രീയയാത്രകളുടെ പ്രചോദനകേന്ദ്രം. 700 കിലോമീറ്ററോളം നടന്നുള്ള ആ യാത്രയിൽ നിന്ന് എത്രയോ ഭിന്നമാണ് ഇന്നത്തെ കാഴ്ചയുടെ ആഘോഷം.

യാത്രകൾ രാഷ്ട്രീയമാറ്റത്തിനു ചാലകശക്തിയാകും എന്നാണു പൊതു അവകാശവാദം. സരിതയും ബിജുവും തകർക്കുന്നതിനിടെ എന്തു മാറ്റമെന്നു സുധീരനോട് ചോദിച്ചു. നാലു കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. ഗ്രൂപ്പ് ഭേദമന്യേ കോൺഗ്രസ് പ്രവർത്തകർ ഭാഗഭാക്കാകുക വഴി സംഘടനാപരമായ ആത്മവിശ്വാസം ലഭിച്ചു, യുഡിഎഫ് നേതാക്കളുടെ അകമഴിഞ്ഞ പിന്തുണയും സാന്നിധ്യവും മുന്നണിയുടെ കെട്ടുറപ്പ് വീണ്ടെടുത്തു, ലാവ്‌ലിൻ കേസ് ചർച്ചാവിഷയമാക്കിയതോടെ ഇടതുപക്ഷം പ്രതിരോധത്തിലായി, ബിജെപിയുടെ വർഗീയ സമീപനത്തെ തുറന്നു കാണിച്ചതിനാൽ ഇക്കാര്യത്തിൽ ദൗർബല്യമുണ്ട് എന്ന വിമർശനം അസ്ഥാനത്തായി.

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു കാരണമായ ഈ നാലുകാര്യങ്ങളിലെ മാറ്റം യുഡിഎഫിന്റെ കരുത്ത് വീണ്ടെടുക്കാൻ പോന്നതാണ്. സംഘടനാ ദൗർബല്യങ്ങളുള്ള കൊല്ലത്തടക്കം കണ്ട ആവേശം ആക്ഷേപങ്ങൾ ബാധിക്കാത്തതിനു തെളിവായും സുധീരൻ കണക്കാക്കുന്നു.

പിണറായി വിജയന്റെ യാത്രയ്ക്കു ലഭിക്കുന്ന പങ്കാളിത്തം എതിരാളികൾ പോലും അംഗീകരിക്കുന്നു. സംഘടനാശക്തിക്ക് ഇതിലപ്പുറവും സാധിക്കും എന്ന അവരുടെ പ്രചാരണത്തെപ്പറ്റി പിണറായിയോടു ചോദിച്ചു. വീടുകളിൽ നിന്നു പുറത്തിറങ്ങി ആശംസയ്ക്കു തിക്കിത്തിരക്കുന്നത് പാർട്ടിയുടെ പ്രേരണയാൽ അല്ലല്ലോ എന്നായിരുന്നു മറുചോദ്യം.

തന്റെ മുൻകാല കേരളയാത്രകളെക്കാൾ വർധിച്ച ആവേശം നാടിന്റെ വികാരമായി പിണറായി കണക്കാക്കുന്നു. യാത്ര തുടങ്ങുകയും ലാവ്‌ലിൻ ഉയരുകയും ഒരുമിച്ചാണ് എന്നതിൽ നിന്നുതന്നെ യുഡിഎഫിന്റെ രാഷ്ട്രീയലക്ഷ്യം വ്യക്തം. ഇപ്പോൾ സംശയത്തിന് അതീതവുമായി. ഇക്കാര്യത്തിൽ വ്യക്തിപരമായ പ്രതിസന്ധിക്കു പ്രസക്തിയില്ല. മുഖ്യമന്ത്രിയാകാനുള്ള യാത്രയാണ് എങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പുകൾക്കു മുമ്പും താൻ യാത്രകൾ നയിച്ചതോ എന്നു മറുയുക്തി.

യുഡിഎഫിന്റെ ശൈഥില്യം പ്രവചിക്കുന്ന പിണറായി അതിന് ആക്കം കൂട്ടുന്ന രാഷ്ട്രീയവും സംഘടനാപരവുമായ ഇടതുമുന്നേറ്റമായി യാത്രയെ കാണുന്നു. ‘പ്രശസ്തിയോടു പരാങ്മുഖനായ വ്യക്തി’ എന്നു സ്വയം വിശേഷിപ്പിക്കുന്ന കുമ്മനത്തിനു രാഷ്ട്രീയശ്രദ്ധാകേന്ദ്രമായി സ്വീകരണങ്ങളേറ്റുവാങ്ങേണ്ട മാറ്റത്തിനാണ് പൊടുന്നനെ വിധേയനാകേണ്ടിവന്നത്.

മിക്കദിവസവും മണിക്കൂറുകൾ ആ യാത്ര വൈകിയോടുകയാണ്. ഓരോ മണ്ഡലത്തിലുമുള്ള എല്ലാ ബൂത്ത് പ്രസിഡന്റുമാരുടെയും കരം ഗ്രഹിച്ചേ അടുത്ത സ്ഥലത്തേക്കുളളൂവെന്ന തന്റെ തീരുമാനവും ആഗ്രഹവും ഒരു കാരണമായി കുമ്മനം കാണുന്നു.

എംഎൽഎ ഉണ്ടായിട്ടില്ലെങ്കിലും 71 പ്ലസ് എന്ന ലക്ഷ്യത്തിൽ നിന്നു പിന്നോട്ടില്ല. മാറ്റത്തിന്റെ വിത്തുപാകലായിക്കഴിഞ്ഞു എന്ന വിശ്വാസത്തിനു മലപ്പുറത്തും തലശേരിയിലും പോലും കണ്ട ആവേശം അടിത്തറയാകുന്നുവെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മുസ്‌ലിം ലീഗ് യാത്രയുടേതാണ് ഒരുപക്ഷേ ഏറ്റവും ലളിതസുന്ദര മുദ്രാവാക്യം. സൗഹൃദം, സമത്വം, സമന്വയം. ചുണ്ടിനും കപ്പിനും ഇടയിൽ പദവികൾ പലതും നഷ്ടപ്പെട്ടശേഷം സിപിഐയുടെ അമരക്കാരനായ കാനം രാജേന്ദ്രൻ, ആ പാർട്ടിയുടെ കേരളയാത്ര നയിക്കുന്ന ആദ്യത്തെ സംസ്ഥാന സെക്രട്ടറിയായി.

പി.കെ. വാസുദേവൻ നായർക്കോ വെളിയം ഭാർഗവനോ സാധിക്കാതെ പോയത്. തൊണ്ണൂറ്റിമൂന്നാം വയസ്സിലും കേരളമാകെ ഓടിനടക്കുന്ന വി.എസ്. അച്യുതാനന്ദനും ഒരു കേരളയാത്ര നയിക്കാൻ ഭാഗ്യമുണ്ടായില്ല. 1969 ഡിസംബർ 14ന് ആലപ്പുഴ അറവുകാട് ക്ഷേത്രമൈതാനിയിൽ മിച്ചഭൂമി സമരം പ്രഖ്യാപിച്ച ചരിത്രപ്രസിദ്ധമായ സമ്മേളനത്തിനു മുന്നോടിയായായിരുന്നു വിഎസ് നയിച്ച ഏക യാത്ര. കാസർകോട്ടു തുടങ്ങി ആലപ്പുഴയിൽ പക്ഷേ പര്യവസാനിച്ചു.

അന്നു കർഷകത്തൊഴിലാളി യൂണിയൻ സെക്രട്ടറിയായിരുന്ന വിഎസിനൊപ്പം ജാഥ നയിച്ച കർഷകസംഘം പ്രസിഡന്റ് പി.വി. കുഞ്ഞിക്കണ്ണൻ പിന്നീട് സിപിഎം തന്നെ വിട്ടുപോകുമെന്നു ഭയപ്പെടുത്തി.പിണറായിയുടെ ജാഥ 14നു ശംഖുമുഖത്ത് സമാപിക്കുമ്പോൾ സസ്പെൻസ് ഒന്നുമില്ലാതെ വിഎസ് ഇത്തവണ വേദിയിലുണ്ടാകും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.