Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൊമാലിയയെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ മോദി

by സ്വന്തം ലേഖകൻ
modi ഇടംവലം നോക്കരുത്: ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചരണയോഗത്തിൽ പങ്കെടുക്കാൻ തൃപ്പൂണിത്തുറയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുഷ്പഹാരം അണിയിക്കുന്ന ജില്ലാ ജനറൽ സെക്രട്ടറി എം.എൻ. മധുവും എറണാകുളം ജില്ലാ പ്രസിഡന്റും സ്ഥാനാർഥിയുമായ എൻ.കെ. മോഹൻദാസും. ചിത്രം: മനോരമ

തൃപ്പൂണിത്തുറ ∙ ‘സൊമാലിയ’ വിവാദത്തെക്കുറിച്ച് ഒരക്ഷരം പോലും പ്രതികരിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ തിരഞ്ഞെടുപ്പു പര്യടനത്തിനു തിരശീലയിട്ടു. കേരളത്തെ ആഫ്രിക്കയിലെ ദരിദ്രരാജ്യമായ സൊമാലിയയുമായി താരതമ്യം ചെയ്തു മോദി പ്രചാരണ വേദികളിൽ പ്രസംഗിച്ചതു വൻ പ്രതിഷേധവും വിവാദവും സൃഷ്ടിച്ചിരുന്നു. തുടർന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേരളത്തിന്റെയും സൊമാലിയയുടെയും അവസ്ഥകൾ താരതമ്യം ചെയ്തു പ്രധാനമന്ത്രിക്കു തുറന്ന കത്തുമെഴുതി.

തൃപ്പൂണിത്തുറയിലെ യോഗത്തിനെത്തുമ്പോൾ, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മോദി എന്തു മറുപടിയാകും നൽകുകയെന്നു പൊതുസമൂഹവും ആകാംക്ഷയോടെ കാത്തിരുന്നു. എന്നാൽ, അതെക്കുറിച്ച് ഒന്നും പ്രതികരിക്കാതെ മോദി പ്രസംഗ വേദി വിട്ടു.

കേരളത്തിലെ ആദിവാസി ദലിത് മേഖലകളിലെ ശിശുമരണ നിരക്ക് സൊമാലിയയിലേക്കാൾ കൂടുതലാണെന്നായിരുന്നു കഴിഞ്ഞ ദിവസം മോദി കുറ്റപ്പെടുത്തിയത്. ഇതിന് എതിരെ കേരളത്തിലെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ പ്രതിഷേധിച്ചു. സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ഇരമ്പി. എന്നാൽ, ആ വിവാദത്തെ പൂർണമായും അവഗണിച്ച പ്രധാനമന്ത്രി ഇടത്, വലതു മുന്നണികൾക്കെതിരെ ആഞ്ഞടിച്ചു കൊണ്ടാണു പുതിയകാവിലെ ക്ഷേത്ര മൈതാനത്തു തടിച്ചുകൂടിയ പതിനായിരങ്ങൾക്ക് ആവേശം പകർന്നത്.

പെരുമഴയുടെ ഇടവേളയിൽ, രാത്രി 7.45 നു പുതിയകാവിലെ വേദിയിലെത്തിയ അദ്ദേഹം ഇരു മുന്നണികൾക്കും നേർക്ക് ആക്ഷേപശരം തൊടുത്തു. കോൺഗ്രസ്, കമ്യൂണിസ്റ്റ് മുന്നണികൾ രണ്ടു മുന്നണികളല്ല, ഒരു പാർട്ടിയാണെന്ന് അദ്ദേഹം ആരോപിച്ചു. ‘‘മലയാളികൾ വിദ്യാസമ്പന്നരാണ്. ലോകത്ത് എവിടെപ്പോയാലും ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിക്കുന്നവർ. ഇന്ത്യയിൽ എവിടെപ്പോയാലും കേരളത്തിന്റെ അന്തസ് ഉയർത്തുന്നവർ.

പക്ഷേ, സ്വന്തം നാട്ടിൽ ഇടത്, വലതു മുന്നണികൾ നിങ്ങളെ വിഡ്ഢികളാക്കുകയാണ്. നിങ്ങൾ അതെന്തുകൊണ്ടാണു മനസ്സിലാക്കാത്തത്? എനിക്ക് അതിലാണു നിങ്ങളോടു പരാതിയുള്ളത്. ജനങ്ങളെ കബളിപ്പിക്കാൻ അവർ രണ്ടു പാർട്ടികളോ മുന്നണികളോ ആയി നാടകം കളിക്കുകയാണ്. കേരളത്തിൽ, അഞ്ചു വർഷം ഇടത്, അടുത്ത അഞ്ചു വർഷം വലത്. ഇരു കൂട്ടരും മാറി മാറി ഭരിക്കുകയാണ്. തകരുന്നതു നിങ്ങളുടെ ഭാവിയാണ്.

സിപിഎം സർക്കാർ വന്നാൽ മുൻ കോൺഗ്രസ് സർക്കാരിന്റെ അഴിമതിക്കെതിരെ നടപടിയെടുക്കാറുണ്ടോ? തിരിച്ച്, കോൺഗ്രസ് വരുമ്പോൾ ഇടതിന്റെ തെറ്റായ പ്രവൃത്തികൾക്കെതിരെ നടപടിയെടുക്കാറുണ്ടോ? തദ്ദേശ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിക്കു വലിയ പിന്തുണ നൽകി. അതു കണ്ട് ഇടതു, വലതു മുന്നണികൾ ബിജെപി മുന്നണിയെ ഭയപ്പെട്ടുതുടങ്ങിയിരിക്കുകയാണ്. നിയമസഭയിലേക്ക് ഒരവസരം തരൂ, ഇരു കൂട്ടരുടെയും ദുഷ്പ്രവൃത്തികൾ ബിജെപി മുന്നണി തുറന്നുകാട്ടും. പ്രകൃതിഭംഗിയുള്ള നാടാണു കേരളം. പക്ഷേ, ഇവിടുത്തെ ചെറുപ്പക്കാർക്കു തൊഴിൽ തേടി പുറംനാടുകളിൽ പോകേണ്ട സ്ഥിതിയാണ്. ചെറുപ്പക്കാർക്കു തൊഴിൽ കിട്ടാൻ ബിജെപി വരണം.’’ - മോദി പറഞ്ഞു.

മലയാളികൾക്കു സന്തോഷ വാർത്തയുണ്ടെന്നു പറഞ്ഞായിരുന്നു തുടക്കം. ലിബിയയിൽ കാണാതായ ആറു മലയാളികൾ ഉൾപ്പെടെ 29 ഇന്ത്യക്കാരെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാരിനു കഴിഞ്ഞുവെന്നും അവർ വൈകാതെ നാട്ടിലെത്തുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

Your Rating: