Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിണറായി ‘നായകൻ’; സത്യപ്രതിജ്ഞ 25ന്

by സ്വന്തം ലേഖകൻ
pinarayi-minister

 തിരുവനന്തപുരം∙ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി. പിണറായിയെ മുഖ്യമന്ത്രി പദവിയിലേക്കു നിയോഗിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഇരുവശത്തും ഇരുത്തിയാണു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

വിഎസിന് എന്തെങ്കിലും പദവി നൽകുമോ എന്ന കാര്യം പാർട്ടി ഔദ്യോഗികമായി ചർച്ചയ്ക്കെടുത്തില്ല. ഇത്തരം കാര്യങ്ങൾ സർക്കാർ രൂപീകരണശേഷം വേണ്ടിവന്നാൽ ആലോചിക്കുമെന്നായിരുന്നു യച്ചൂരിയുടെ പ്രതികരണം. പുതിയ മന്ത്രിസഭ 25നു സത്യപ്രതിജ്ഞ ചെയ്യാനാണു ധാരണ. നാളെ നാലിനു ചേരുന്ന ഇടതുമുന്നണി യോഗം ഇക്കാര്യം ഔപചാരികമായി തീരുമാനിക്കും. 23നു സിപിഎം നിയമസഭാകക്ഷി യോഗം ചേർന്നു പിണറായിയെ നേതാവായി തിരഞ്ഞെടുക്കും. അന്നുതന്നെ സിപിഎം സംസ്ഥാന കമ്മിറ്റി യോഗം പാർട്ടിയുടെ മന്ത്രിമാരെയും നിശ്ചയിക്കും. ഈ തിരക്കുകൾ കൂടി കണക്കിലെടുത്ത് 22നു ഡൽഹിയിൽ ചേരാനിരുന്ന പൊളിറ്റ്ബ്യൂറോ യോഗം വേണ്ടെന്നുവച്ചു.

രാവിലെ തലസ്ഥാനത്തെത്തിയ യച്ചൂരിയും പിബി അംഗം പ്രകാശ് കാരാട്ടും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു മുൻപായി വിഎസിനെ എകെജി സെന്ററിലേക്കു വിളിച്ചുവരുത്തി സംസാരിച്ചു. കോടിയേരിയും സന്നിഹിതനായിരുന്നു. പിണറായിയെ മുഖ്യമന്ത്രിയാക്കണമെന്ന അഭിപ്രായമാണു പിബിയുടേതെന്നു യച്ചൂരി വ്യക്തമാക്കി. ഈ നീക്കത്തെക്കുറിച്ചു ബോധവാനാണെന്ന നിലയ്ക്കായിരുന്നു വിഎസിന്റെ പ്രതികരണം. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ തന്റെ സംഭാവനകൾ വിഎസ് വിവരിച്ചു.

വീണ്ടും മൽസരിക്കുകയും ജയിക്കുകയും ചെയ്ത സാഹചര്യവും ഓർമിപ്പിച്ചു. തന്റെ അനിഷ്ടം വാക്കുകളിലൊതുക്കി പാർട്ടിക്ക് എന്തു തീരുമാനം വേണമെങ്കിലും എടുക്കാമെന്നും വ്യക്തമാക്കി. മറ്റെന്തെങ്കിലും പദവികൾ ഏറ്റെടുത്തു പിന്മാറുമെന്ന സൂചന അവിടെ വിഎസ് നൽകിയില്ല. അതുകൊണ്ടുതന്നെ അക്കാര്യം നേതാക്കൾ അദ്ദേഹത്തോടു സംസാരിച്ചുമില്ല. തുടർന്നു ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പിണറായിയുടെ പേര് വളരെ പെട്ടെന്നുതന്നെ തീരുമാനിച്ചു. ഈ വേദിയിൽ അംഗമല്ലാത്ത സാഹചര്യത്തിൽ വിഎസ് അതിനുമുൻപേതന്നെ കന്റോൺമെന്റ് ഹൗസിലേക്കു മടങ്ങി. സെക്രട്ടേറിയറ്റിൽ പിബി നിർദേശം എന്ന നിലയിൽ യച്ചൂരി പിണറായിയുടെ പേരു വയ്ക്കുകയും ഏകകണ്ഠമായി അംഗീകരിക്കുകയുമായിരുന്നു.

മൂന്നിനു ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ പക്ഷേ വിയോജിപ്പ് ഉയർന്നു. ഒരു ടേം എങ്കിലും വിഎസിനു നൽകിക്കൂടേ എന്നു തിരുവനന്തപുരത്തുനിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം പിരപ്പൻകോട് മുരളി ചോദിച്ചു. വിഎസ് എംഎൽഎ ആയി മാത്രം തുടരുന്ന സാഹചര്യം ഒഴിവാക്കണം. അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് എൽഡിഎഫിനെയും സർക്കാരിനെയും നയിക്കാൻ ഒരു അവസരം കൂടി നൽകണമെന്നും പറഞ്ഞു. വിഎസ് പക്ഷക്കാരായ എസ്.ശർമ, ജെ.മേഴ്സിക്കുട്ടിയമ്മ എന്നിവരും വിഎസിനു മതിയായ പരിഗണന ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ എൺപതിലേറെ അംഗങ്ങളുള്ള കമ്മിറ്റിയിൽ അതു ദുർബലശബ്ദം മാത്രമായി. പിണറായിയെ അനുകൂലിക്കുന്നവരാണു വൻഭൂരിപക്ഷമെന്നു വ്യക്തമാക്കപ്പെട്ടു. വിഎസ് മൗനം പാലിച്ചു.

അരമണിക്കൂറിനകം പിണറായിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചു യോഗം പിരിഞ്ഞു. പ്രചാരണരംഗത്തെ വിഎസിന്റെ സംഭാവനകൾ തുടർന്നു വാർത്താസമ്മേളനത്തിൽ യച്ചൂരി എടുത്തുപറഞ്ഞു. അദ്ദേഹത്തിന്റെ പ്രായവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്തു പിണറായി വിജയനെ നിയമസഭാകക്ഷിയുടെ നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുത്തിരിക്കുന്നു–യച്ചൂരി പറഞ്ഞു. വിഎസോ കോടിയേരിയോ വാർത്താസമ്മേളനത്തിൽ സംസാരിച്ചില്ല. സർക്കാർ ഉപദേശകസമിതി നേതൃപദവിയോ എൽഡിഎഫ് അധ്യക്ഷപദമോ കാബിനറ്റ് റാങ്കോടെ വിഎസിനു നൽകാൻ പാർട്ടി സന്നദ്ധമാണെന്നാണു വിവരം.

പക്ഷേ അങ്ങനെ ആലങ്കാരിക പദവി ഏറ്റെടുക്കാൻ സന്നദ്ധനാണെന്ന സൂചന വിഎസ് നൽകുന്നില്ല. അതു വിഎസിനു വേണ്ട എന്ന സന്ദേശമാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ നൽകുന്നത്. ഇന്ന് അദ്ദേഹം മാധ്യമങ്ങളെ കണ്ടേക്കും. നിലവിലെ നിയമസഭ ഇല്ലാതാകുന്നതോടെ പ്രതിപക്ഷ നേതൃസ്ഥാനവും ഇല്ലാതാകും. വൈകാതെ കന്റോൺമെന്റ് ഹൗസ് അദ്ദേഹത്തിനു വിടേണ്ടിവരും. മന്ത്രിമാരെ നിശ്ചയിക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തോടനുബന്ധിച്ച് വിഎസ് ആഗ്രഹിച്ചാൽ, അദ്ദേഹത്തിന്റെ പദവിയുടെ കാര്യത്തിലും പാർട്ടി തീരുമാനം ഉണ്ടായേക്കും.

Your Rating: