Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രിസ്ഥാനം: വിഎസ് പറഞ്ഞുകുടുങ്ങി

vs-achuthanandan..

കോഴിക്കോട്∙ ഒരിക്കൽക്കൂടി മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ പ്രകടിപ്പിച്ചതു വിവാദത്തിനു വഴിതുറന്നു. ‘ഇന്ത്യൻ എക്സ്പ്രസി’നു നൽകിയ അഭിമുഖത്തിലെ ബന്ധപ്പെട്ട വിവാദ ഭാഗം വിഎസ് രാവിലെ നിഷേധിച്ചു. എന്നാൽ അഭിമുഖത്തിന്റെ ഓഡിയോ പത്രം വെബ്സൈറ്റിലിട്ടതോടെ അഭിമുഖത്തെ ന്യായീകരിച്ചുകൊണ്ടുതന്നെ തനിക്ക് അബദ്ധം പറ്റിയെന്നു വിഎസ് ഏറ്റുപറ‍ഞ്ഞു. മാധ്യമ പ്രവർത്തകർ തെമ്മാടിത്തരം കാട്ടി എന്ന അതിരുവിട്ട പ്രയോഗവും വിഎസ് പിൻവലിച്ചു.

താൻ മുഖ്യമന്ത്രിയാകാൻ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നു വിഎസ് പറഞ്ഞതായ വാർത്തയാണു പുറത്തു വന്നത്. എൽഡിഎഫിന്റെ സ്ഥാനാർഥിപ്പട്ടിക കുറ്റമറ്റതല്ലെന്ന അദ്ദേഹത്തിന്റെ പരാമർശവും വിവാദമായി. കോഴിക്കോട്ടു പ്രചാരണത്തിനെത്തിയ വിഎസ് വാർത്ത ശുദ്ധ അസംബന്ധമാണെന്നു ക്ഷുഭിതമായി പ്രതികരിച്ചു. മിനിറ്റുകൾക്കകം അഭിമുഖത്തിന്റെ ശബ്ദരേഖ പുറത്തുവന്നു.

വിഎസിന്റെ പൊതുയോഗത്തിൽ പങ്കെടുത്തപ്പോൾ വിഎസാണ് മുഖ്യമന്ത്രിയാകേണ്ടതെന്നു ജനങ്ങൾ പറയുന്നതു കേട്ടല്ലോ എന്ന ചോദ്യമാണു ലേഖകൻ ഉന്നയിച്ചത്. ‘ജനങ്ങൾക്കും ബുദ്ധിജീവികൾക്കും ഇടയിൽ അങ്ങനെ ഒരു ചിന്തയുണ്ട് എന്നതു ശരിയാണ്. പാർട്ടിയും മുന്നണിയുമാണു തീരുമാനമെടുക്കേണ്ടത്. വി.എസ്.അച്യുതാനന്ദന്റേതായ ഒരു അഭിപ്രായം ഇതിൽ പ്രതീക്ഷിക്കേണ്ട’ – ഇതായിരുന്നു വിഎസിന്റെ മറുപടി.

അഴിമതിക്കാരായവർക്കെതിരെ ശക്തരായ സ്ഥാനാർഥികളെ നിർത്തുന്നതിൽ പാർട്ടിക്കു ചില കുറവുകൾ സംഭവിച്ചിട്ടുണ്ടെന്നും വിഎസ് അഭിപ്രായപ്പെട്ടു. ചില മണ്ഡലങ്ങളിൽ ഇടതുസ്ഥാനാർഥികൾ ദുർബലരല്ലേ എന്ന ചോദ്യത്തിന്, അതിൽ ചില കുറവുകളൊക്കെ സംഭവിച്ചു കാണാമെന്നുമായിരുന്നു വിഎസിന്റെ മറുപടി.

എൽഡിഎഫ് അധികാരത്തിലേറിയാൽ വിഎസോ പിണറായി വിജയനോ മുഖ്യമന്ത്രി എന്ന ആശയക്കുഴപ്പം നിലനിൽക്കെ തന്റെ ആഗ്രഹം വിഎസ് ദ്യോതിപ്പിച്ചു എന്ന വ്യാഖ്യാനത്തിനാണ് ഇതു വഴിതുറന്നത്. ആരാണു മുഖ്യമന്ത്രി എന്ന കാര്യത്തിൽ അഭിപ്രായ ഭിന്നത അരുത് എന്നാണു സംസ്ഥാന നേതൃത്വത്തോടു സിപിഎം കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പിനുശേഷം അക്കാര്യം ആലോചിക്കാം എന്ന പാർട്ടി നയത്തിനു വിരുദ്ധമായി ആ കുടം വിഎസ് തുറന്നു എന്ന സ്ഥിതിയായി.

വിഎസ് എന്താണു പറ‍ഞ്ഞതെന്ന് അറിയില്ലെന്നും മാധ്യമ പ്രവർത്തകർ ആശയക്കുഴപ്പത്തിനു ശ്രമിക്കുകയാണെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. ഇതേത്തുടർന്നാണു തനിക്കു പിഴവു പറ്റിയെന്നു വിഎസ് ഫെയ്സ്ബുക്കിൽ വ്യക്തമാക്കിയത്. ‘ഈ മാസം 18നു രണ്ടു പത്രലേഖകരോട് അഞ്ചു മിനിറ്റ് സംസാരിച്ചു എന്നാണ് ഓർമ.

അതിലൊരാൾ കേരളത്തിലെ ജനങ്ങൾ താങ്കൾ മുഖ്യമന്ത്രിയാകണം എന്നാണ് ആഗ്രഹിക്കുന്നത് എന്നു ചോദിച്ചു. അങ്ങനെ ആഗ്രഹിക്കുന്നുണ്ടാവാം പക്ഷേ പാർട്ടിയാണ് അതു തീരുമാനിക്കുന്നത് എന്നു പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥിപ്പട്ടികയെക്കുറിച്ച് ആക്ഷേപമുണ്ടല്ലോ എന്നായിരുന്നു മറ്റൊരു ചോദ്യം. ആക്ഷേപമുണ്ടാകാം എന്നാണു മറുപടി നൽകിയത്. പക്ഷേ അച്ചടിച്ചു വന്നത് കേരളത്തിലെ ജനങ്ങൾ താൻ മുഖ്യമന്ത്രിയാകണം എന്നാഗ്രഹിക്കുന്നുവെന്നു താൻ പറഞ്ഞു എന്നാണ്. സ്ഥാനാർഥിപട്ടികയിൽ തനിക്ക് ആക്ഷേപം ഉണ്ടെന്നും അച്ചടിച്ചു വന്നു. ഇതിൽ ആരെയെങ്കിലും കുറ്റപ്പെടുത്തുന്നുണ്ടെങ്കിൽ അതു തന്നെത്തന്നെയാണ്.

വാർത്തകൾക്കായി പരക്കം പായുന്ന പത്രലേഖകരുടെ മുന്നിൽ എൽഡിഎഫ് നേതാക്കൾ അഭിപ്രായ പ്രകടനങ്ങൾ നടത്തേണ്ടതിനെക്കുറിച്ച് ഉപദേശ രൂപേണ സ്വയം പറ‍ഞ്ഞിരുന്നു. ഫലത്തിൽ എനിക്കുതന്നെ അബദ്ധം പറ്റി– വിഎസ് കുറിച്ചു.

Your Rating: